അഞ്ചുവർഷം മുമ്പ് ഒരു കേരളപ്പിറവിദിനത്തിലാണ് നീന ആദ്യമായി ലോ കോളജിൽ കാലെടുത്തു വെക്കുന്നത്. വക്കീൽ ഒാഫിസിലേക്കുള്ള ഓട്ടപ്പാച്ചിലിനിടയിൽ ഇടംകണ്ണിട്ട് എത്രയോ ത വണ കൊതിച്ച അതേ കലാലയത്തിൽ വിദ്യാർഥിയായാണ് കെ.ജി. നീന എത്തിയത്. വർഷങ്ങൾക്കുമുമ്പ് പത്താംക്ലാസിൽ പഠനം നിർത്തിയ, കൗമാരക്കാരിയായ മകളുടെ അമ്മയായ, വക്കീൽ ഓഫിസിൽ ടൈപ് പിസ്റ്റായി ജോലി നോക്കുന്ന നീന എന്ന നാൽപതുകാരി നിയമപഠനത്തിനിറങ്ങിയത് ജീവിതത് തോട് പടവെട്ടിയാണ്. തുല്യതാ പരീക്ഷയിലൂടെ നിയമകോളജിൽ പഠനം നടത്തിയ സംസ്ഥാനത്തെ ആദ ്യ വിദ്യാർഥിനികൂടിയായ നീനയുടെ ജീവിതം ചെറിയ വീഴ്ചകളിൽ തളർന്നുപോകുന്ന നൂറുകണക ്കിന് സ്ത്രീകൾക്ക് വെളിച്ചമാണ്.
എറണാകുളം വടുതല കണ്ണാട്ടുവീട്ടിൽ ജോർജിന്റെയും ഫ ്ലോറിയുടെയും മകൾ പത്താം ക്ലാസ് വരെ സ്കൂളിലെ മിടുമിടുക്കിയായ കുട്ടിയായിരുന്നു. കഥയി ലും കവിതയിലും നൃത്തത്തിലുമെല്ലാം ഒന്നാമത്. പത്താംക്ലാസിൽ പാതിവഴിയിൽ പഠനം നിർത്ത ി പോകുമ്പോൾ മനോഹരമായ ജീവിതം മാത്രമായിരുന്നു മനസ്സിൽ. വീട്ടുകാരുടെ എതിർപ്പുകളു ണ്ടായിട്ടും ഇഷ്ടപുരുഷന്റെ കൂടെ ജീവിതം ആരംഭിച്ചു. പ്രായത്തിന്റെ അപക്വതയെന്ന് ഇന് ന് പറയാമെങ്കിലും അന്നത് അറിയില്ലായിരുന്നു. സ്വപ്നം കണ്ടതുപോലൊരു ജീവിതം കൈയിൽ കിട്ട ിയെന്ന് കരുതി സന്തോഷിച്ചു. താമസിയാതെ അർജുന്റെയും ആതിരയുടെയും അമ്മയുമായി. കുടുംബി നിയായി കഴിയുമ്പോഴും കളിക്കൂട്ടുകാരെല്ലാം സ്കൂളിൽ പോകുന്നത് നീറുന്ന വേദനയോടെ എത് രയോ വർഷങ്ങൾ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്.
സ്വപ്നം കാണുന്നതല്ല ജീവിതമെന്ന് പതിയെ മനസ്സിലായിത്തുടങ്ങി. കുടുംബ ജീവിതത്തിലെ സന്തോഷങ്ങൾ അധികനാൾ നീണ്ടുനിന്നില്ല. ഒത്തുപോകാൻ പറ്റില്ലെന്ന് ഉറപ്പായതോടെയാണ് പിരിയാൻ തീരുമാനിച്ചത്. മകൾ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. മുന്നിൽ ശൂന്യത മാത്രമായിരുന്നെന്ന് നീന ഓർക്കുന്നു. തിരിച്ചുവന്നപ്പോൾ വീട്ടുകാർ രണ്ടുകൈയും നീട്ടി സ്വീകരിച്ചെങ്കിലും സ്വന്തമായൊരു ജോലിയുണ്ടെങ്കിൽ മാത്രമേ മുന്നോട്ടുനീങ്ങാൻ പറ്റൂ എന്ന് വൈകാതെ തിരിച്ചറിഞ്ഞു. മരക്കടയിലും മറ്റുമായി കുറച്ചുകാലം ജോലി ചെയ്തു. ഒടുവിൽ ഹൈകോടതിയിലെ അറിയപ്പെടുന്ന സിവിൽ ലോയറുടെ ഓഫിസിൽ ടൈപ്പിസ്റ്റായി ജോലി കിട്ടി.
സാക്ഷരത മിഷൻ തിരികെ നൽകിയ ജീവിതം
ജോലി ജീവിതത്തിൽ വലിയൊരു പിടിവള്ളിയായിരുന്നു. മകളുടെ വിദ്യാഭ്യാസവും വാടകകൊടുക്കലുമെല്ലാം പ്രയാസമില്ലാതെ മുന്നോട്ടുപോയി, എല്ലാവരുടെ മുന്നിലും ഡിഗ്രിയൊക്കെ ഉള്ള പോലെയായിരുന്നു അഭിനയിച്ചിരുന്നത്. പക്ഷേ, ഉള്ള് നീറിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് സാക്ഷരത മിഷന്റെ പ്രേരക്മാർ ഓരോ വീടുകളിലുമെത്തി പാതിവഴിയിൽ പഠനം നിർത്തിയവരെ കണ്ടെത്തുന്നുണ്ടായിരുന്നു. അവരാണ് മുടങ്ങിപ്പോയ സ്വപ്നത്തെ കണ്ടുപിടിച്ച് നീനക്ക് തിരികെ നൽകിയത്. ഒഴിവു വസങ്ങളിലാണ് ക്ലാസുണ്ടാകുക എന്നതിനാൽ ഓഫിസ് ജോലിക്കും തടസ്സമായില്ല. 2010ൽ 600ൽ 405 മാർക്കോടെ പത്താം ക്ലാസ് പരീക്ഷ പാസായി. എറണാകുളം ജില്ലയിൽ തന്നെ ഏറ്റവും മികച്ച മാർക്കായിരുന്നു അത്. മുന്നോട്ടുള്ള വഴിയിൽ ആ വിജയം വലിയൊരു കച്ചിത്തുരുമ്പായി.
പത്താം ക്ലാസ് പഠിക്കുമ്പോൾ തന്നെ വക്കീലാകണം എന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നു. റിസൽട്ട് വന്നതോടെ ആ ലക്ഷ്യം അകലയല്ലെന്ന് മനസ്സ് പറഞ്ഞുതുടങ്ങി. ദിവസവും കാണുന്നതും ഇടപഴകുന്നതും വക്കീലന്മാരെയാണ്. സ്വാഭാവികമായും ആ വേഷത്തോടും ജോലിയോടും വല്ലാത്തൊരു അടുപ്പം ആദ്യം മുതലേ ഉണ്ടായിരുന്നു. ഓപൺ സ്കൂൾ വഴിയാണ് പ്ലസ് വൺ, പ്ലസ്ടു പാസായത്. ഹ്യുമാനിറ്റീസായിരുന്നു തിരഞ്ഞെടുത്തത്. മൂന്നുമാസം മാത്രമാണ് ഓപൺ സ്കൂളുകാർക്ക് ക്ലാസ് കിട്ടുന്നത്. അതും ഒഴിവു ദിവസങ്ങളിൽ. പക്ഷേ, സ്റ്റേറ്റ് സിലബസ് പഠിക്കുന്ന കുട്ടികൾക്കൊപ്പം തന്നെയാണ് പരീക്ഷ എഴുതുന്നതും മൂല്യനിർണയം നടത്തുന്നതും. പ്ലസ് വണിന് 75 ശതമാനവും പ്ലസ്ടുവിന് 80 ശതമാനവും മാർക്ക് കിട്ടി.
കടമ്പകൾ കടന്ന് നിയമപഠനത്തിലേക്ക്
എൽഎൽ.ബിക്ക് അഡ്മിഷൻ കിട്ടണമെങ്കിൽ എൻട്രൻസ് പാസാകണം. ജോലിക്ക് പോകുമ്പോഴും വരുമ്പോഴുമെല്ലാം ഓരോ ബോർഡുകൾ നോക്കും. അങ്ങനെ പരസ്യബോർഡിൽ കണ്ട നമ്പറിൽ വിളിച്ചു. പരീക്ഷക്ക് 50 ദിവസംപോലും തികച്ചില്ലെന്ന് പറഞ്ഞ് അവർ ആദ്യം നിരുത്സാഹപ്പെടുത്തി. തുല്യതാ പരീക്ഷയൊക്കെ പാസായി വന്ന ആൾ. പിന്നെ ഡിഗ്രിയുമില്ല. എൻട്രൻസ് പരീക്ഷയിൽ ഒരാൾ തോറ്റാൽ അവരുടെ ക്രെഡിറ്റ് നഷ്ടപ്പെടുമെന്ന ഭയം വേറെയും. ഒരുവിധത്തിൽ കോച്ചിങ്ങിന് ചേർന്ന് പഠിക്കാൻ തുടങ്ങി. രാവിലെ എട്ടരമുതൽ 11 വരെ കോച്ചിങ് ക്ലാസിൽ വരും. അതിനുേശഷം ഓഫിസിൽ പോകും. അങ്ങെന എൻട്രൻസ് പരീക്ഷയുടെ റിസൽട്ട് വന്നപ്പോൾ 155ാം റാങ്ക്. കോച്ചിങ് സെന്ററുകാർക്ക് വലിയ സന്തോഷം. സാക്ഷരത മിഷനിലുള്ളവർക്ക് അതിലേറെ സന്തോഷം. പക്ഷേ, തടസ്സങ്ങൾ അതുകൊണ്ടും തീർന്നില്ല. 22 വയസ്സിനും മുകളിലുള്ളവർക്ക് നിയമപഠനം നടത്താൻ പറ്റില്ലെന്ന ഉത്തരവ് വന്നു.
പിന്നോട്ടുമാറാൻ ഒരുക്കമല്ലായിരുന്നു. പ്രായപരിധി നീക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ കൊടുത്തു. ഒടുവിൽ പ്രായപരിധി നീക്കംചെയ്ത് വിധിയുണ്ടായി. ഞാനടക്കം ഒരുപാട് പേർക്ക് ആ അപ്പീലു കൊണ്ട് നിയമപഠനം നടത്താൻ സാധിച്ചു. ഡിഗ്രിയില്ലാത്തതുകൊണ്ട് പഞ്ചവത്സര എൽഎൽ.ബിയാണ് ചെയ്തത്. പക്ഷേ, എറണാകുളം ലോ കോളജിൽ കിട്ടുമോ ഇല്ലയോ എന്ന പേടിയുണ്ടായിരുന്നു. കോഴിക്കോടോ തൃശൂരോ തിരുവനന്തപുരത്തോ കിട്ടിയാൽ പെട്ടുപോകുമായിരുന്നു. ഓഫിസിലെ ജോലി ഒഴിവാക്കാൻ പറ്റില്ല. മകൾ പഠിക്കുന്നുണ്ട്. അവളുടെ പഠനച്ചെലവെല്ലാം ഞാൻ തന്നെ നോക്കണം. ഒടുവിൽ എല്ലാവരുടെയും പ്രാർഥന കൊണ്ട് ആഗ്രഹിച്ച സ്ഥലത്തു തന്നെ പഠിക്കാൻ കഴിഞ്ഞു. കൂടാതെ സെബാസ്റ്റ്യൻ പോൾ ചെയർമാനായിട്ടുള്ള മൂഞ്ഞപ്പിള്ളി ഫൗണ്ടേഷന്റെ അമ്മമ്മപോൾ ബൂൺടോം പുരസ്കാരത്തിന് അർഹയായി. അത് ജീവിതത്തിലെ മറക്കാത്ത നിമിഷങ്ങളിലൊന്നാണ്.
ഓഫിസും കോളജും പഠനവും
രാവിലെ വീട്ടിലെ ജോലികളെല്ലാം തീർത്ത് ഓഫിസിലേക്ക് ഓടിയെത്തും. കോടതി തുടങ്ങുംമുമ്പേ കുറെ അപേക്ഷകളും മറ്റുമെല്ലാം പൂരിപ്പിക്കാനൊക്കെ ഉണ്ടാകും. അതൊക്കെ ചെയ്തു കൊടുത്ത ശേഷം ക്ലാസിലേക്ക് പോകും. ആദ്യമൊക്കെ ഓഫിസിൽനിന്ന് വീട്ടിൽ വന്ന് പിന്നീടാണ് കോളജിൽ പോയിരുന്നത്. ഇപ്പോൾ സ്കൂട്ടർ വാങ്ങിയിട്ടുണ്ട്. അതുള്ളതുകൊണ്ട് ഓഫിസിൽനിന്ന് നേരെ ക്ലാസിലോട്ട് പോകും. 10.30നാണ് അറ്റൻഡൻസ് എടുക്കുക. അതിനുമുമ്പ് എങ്ങനെയെങ്കിലും എത്താൻ ശ്രമിക്കും. അൽപം വൈകിയാലും അധ്യാപകർ ഒന്നും ചീത്തപറയാറില്ല. അവർക്കെല്ലാവർക്കും അറിയാം ഞാൻ ഓഫിസിൽ പോയിട്ടാണ് വരുന്നത് എന്നൊക്കെ. ലെഞ്ച് ബ്രേക്കിന് വീണ്ടും ഓഫിസിലേക്ക് പോകും. അവിടത്തെ ജോലി തീർത്ത് പിന്നെയും ക്ലാസിലേക്ക്. അങ്ങനെ ഓഫിസിലെ മേലുദ്യോഗസ്ഥന്റെയും കോളജിലെ അധ്യാപകരുടെയും സഹായത്തോടെ അഞ്ചുവർഷം പൂർത്തിയാക്കി. എൻെറ കൂടെ പഠിച്ചവരും സീനിയേഴ്സിലെ കുറെ പേരും വിവിധ കാരണങ്ങൾ കൊണ്ട് പാതിവഴിയിൽ നിർത്തിയിട്ടുണ്ട്. കോളജിൽ അഡ്മിഷൻ എടുത്തതു കൊണ്ട് മാത്രം കാര്യമില്ലലോ. അത് മുഴുമിക്കുക എന്നതാണ് പ്രധാന കാര്യം. ദൈവം അക്കാര്യത്തിൽ കൈവിട്ടില്ല.
ഈ അഞ്ചുവർഷം അമ്മ ചെയ്യേണ്ട കടമകൾ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. പഠിക്കാൻ കുന്നോളം ഉണ്ടാകും. അസൈൻമെന്റ്, പ്രോജക്ട് ഉണ്ടാകും. പഠനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പറ്റില്ല. ജോലിക്ക് പോകുന്ന ആളാണ്, പ്രാരബ്ധങ്ങളുണ്ട് എന്നൊന്നും പേപ്പർ മൂല്യനിർണയം ചെയ്യുന്നവർക്ക് നോക്കേണ്ട കാര്യമില്ല. മലയാള മീഡിയത്തിലാണ് പഠിച്ചത്. പ്ലസ് ടുവിനും മലയാളം ചെയ്യേണ്ടിവന്നു. കൂടെയുള്ള കുട്ടികളൊക്കെ മലയാളമാണ് തിരഞ്ഞെടുത്തത്. എനിക്കുവേണ്ടി മാത്രം ഇംഗ്ലീഷ് പറഞ്ഞുതരില്ല. ഒന്നാംവർഷത്തിൽ വലിയ പ്രശ്നമായിരുന്നു അത്. ഇന്നത്തെപ്പോലെ മൊബൈലുകൾ അന്ന് വ്യാപകമല്ലായിരുന്നു. ഓഫിസിലെ കമ്പ്യൂട്ടറിൽ അടിച്ചുനോക്കിയൊക്കെയാണ് അറിയാത്ത വാക്കുകളുടെ അർഥം പഠിച്ചത്. ഇന്നാണെങ്കിൽ മൊബൈൽ നോക്കാം. വക്കീൽ ഓഫിസിലെ ജോലിയായതുകൊണ്ട് കുറെ വാക്കുകൾ ഒക്കെ അറിയാമായിരുന്നു. പത്തുമുതൽ പ്ലസ്ടുവരെ ഞാൻ അവിടെ രാജാവായിരുന്നു. കാരണം അവിടെയുള്ളവരുടെ കൂട്ടത്തിൽ നന്നായി പഠിക്കുന്നതും ഞാനായിരുന്നു. ഇവിടെ എത്തിയപ്പോൾ എല്ലാവരും ജീനിയസ് പിള്ളേർ. മിക്കവരും വക്കീലന്മാരുടെയും ജഡ്ജിമാരുടെയും മക്കൾ.
മകളാണ് കരുത്ത്
അമ്മയും മകളുമായല്ല, കൂട്ടുകാർ ആയാണ് ഞങ്ങൾ കഴിയുന്നത്. മകൾ ആതിര മഹാരാജാസിൽ നിന്ന് ഡിഗ്രി കഴിഞ്ഞു. ബസിൽ കൺസെഷനും കൊടുത്ത് ഞങ്ങൾ ഒരുമിച്ചായിരുന്നു കോളജിലേക്ക് പോയിരുന്നത്. കോളജുകൾ അടുത്തായതിനാൽ അവളുടെ കൂട്ടുകാരൊക്കെ എൻെറയും കൂട്ടുകാരായിരുന്നു. തിരിച്ചും അതുപോലെ തന്നെ. അവളെ ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിപ്പിച്ചത്. അതുകൊണ്ട് ഭാഷാപരമായ സംശയങ്ങളൊക്കെ പറഞ്ഞുതരും. മോഡലിങ്ങും ഫാഷൻ ഡിസൈനിങ്ങുമൊക്കെയാണ് അവൾക്ക് താൽപര്യം. െചറുതായി ആങ്കറിങ് ഒക്കെ ചെയ്ത് അവൾപോക്കറ്റ് മണിയൊക്കെ ഉണ്ടാക്കും. എനിക്കും എെന്തങ്കിലുമൊക്കെ വാങ്ങിത്തരും. കാമ്പസ് ലൈഫൊന്നും ആസ്വദിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. ഉച്ചകഴിഞ്ഞാണ് കാമ്പസിൽ എല്ലാവരും ഒത്തുകൂടുന്നത്. പക്ഷേ, അപ്പോഴേക്കും ഞാൻ ഓഫിസിലെത്തിയിട്ടുണ്ടാകും.
കൃഷ്ണയ്യരെ കണ്ടപ്പോൾ
മരക്കടയിൽ ജോലിചെയ്യുന്ന സമയം. നല്ലരീതിയിൽ വസ്ത്രം ധരിച്ച ഒരാൾ കയറിവന്നു. കണ്ടാൽതന്നെ അറിയാം ഏതോ ഉന്നതപദവിയിലിരിക്കുന്ന ആളാണെന്ന്. ആവശ്യമുണ്ടായിട്ടാണോ അല്ലയോ എന്നറിയില്ല. മരത്തിെൻറ വിലയൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞതിലും കുറച്ച് തരാമോ എന്നദ്ദേഹം ചോദിച്ചു. സാറേ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇവിടെ വിൽക്കുന്നത്. ഇനിയും കുറക്കാൻ പറ്റില്ല. അത് നീതികേടാണെന്ന് ഞാൻ പറഞ്ഞു. എെൻറ മറുപടി കേട്ടിട്ടാകണം അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: ‘‘കുട്ടീ യുആർ റൈറ്റ്’’. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ എന്ന മഹാനായിരുന്നു അത്. അന്ന് എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല. ലോ കോളജിലെത്തിയതിനു ശേഷം അദ്ദേഹത്തെ കാണാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ക്ലാസിലുള്ളവരൊക്കെ അദ്ദേഹത്തെ കാണാൻ പോയി. ഓഫിസുള്ളതു കൊണ്ട് എനിക്ക് പോകാൻ പറ്റിയില്ല. ഒരിക്കലെങ്കിലും അദ്ദേഹത്തെ പോയി കണ്ട് അന്നത്തെ സംഭവം പറയണം എന്നുണ്ടായിരുന്നു. അത് നടന്നില്ല.
സ്വപ്നമാണ് എൻറോൾമെന്റ്
ഔദ്യോഗികമായി നിയമപഠനം പൂർത്തിയായെങ്കിലും പത്താം സെമസ്റ്ററിന്റെ പരീക്ഷകൂടി ബാക്കിയുണ്ട്. അടുത്ത വർഷം പകുതിയോടുകൂടി എൻറോൾമെൻറ് ഉണ്ടാകുമെന്നാണ് കരുതുന്നത്. വക്കീലായി എൻറോൾ ചെയ്യുക എന്നത് വലിയ സ്വപ്നമാണ്. സാക്ഷരത മിഷനിലുള്ളവർക്കും എെൻറ നാട്ടിലുള്ളവർക്കും വേണ്ടി ആ കറുത്തകോട്ടണിയണം. ഇപ്പോൾ ജോലി ചെയ്യുന്ന ഓഫിസിൽതന്നെ വക്കീലായി ഇരിക്കണമെന്നാണ് ആഗ്രഹം. തുല്യത കോഴ്സ് വഴി പഠിച്ചു എന്നൊക്കെ പറഞ്ഞാൽ പല ആളുകൾക്ക് ഇപ്പോഴും പുച്ഛമാണ്. പക്ഷേ, സ്വന്തം പേരുപോലും എഴുതാൻ അറിയാത്ത എത്രയോ പേർ നമുക്ക് ചുറ്റുമുണ്ട്. പ്രായമായി മക്കളായി ഇനി പഠിച്ചിട്ടെന്താണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. ആ ചിന്ത മാറണം.
പലരും ചോദിക്കാറുണ്ട് തുല്യതാ പഠനം നടത്തിയതും ലോ കോളജിൽ ചേർന്നതുമൊക്കെ ഇനിയും എന്തിനാണ് ഇടക്കിടക്ക് പറയുന്നത്. മറ്റൊന്നുംകൊണ്ടല്ല, ഏതെങ്കിലും കോണിൽ ആരെങ്കിലും പ്രതിസന്ധികളിൽപെട്ട് മാളത്തിൽ പതുങ്ങിയിരിപ്പുണ്ടെങ്കിൽ അവർക്ക് പുറത്തുവരാൻ ചിലപ്പോൾ ഞാൻ കാരണമായാലോ. പൂജ്യത്തിൽ നിന്നാണ് ഞാൻ തുടങ്ങിയത്. ഇത്രവരെ എത്തിയില്ലേ. നമ്മൾ വിചാരിച്ചാൽ എത്തിപ്പിടിക്കാൻ പറ്റാത്തതായി ഒന്നുമില്ല. കഴിഞ്ഞുപോയ കാലത്തെക്കുറിച്ച് ഓർത്ത് വിഷമവുമില്ല. എനിക്ക് ഇങ്ങനെയൊക്കെ ആവാൻ പറ്റിയത് ആ ഒരു ജീവിതമാണെന്ന് കരുതാനാണ് ഇഷ്ടം. മുന്നേറാൻ ഇനിയും ഉണ്ട്. സ്വന്തമായി വീട്, മകളുടെ തുടർപഠനം. ഇല്ലായ്മകളിൽ വിഷമിക്കാതെ ഉള്ളതിൽ സന്തോഷിക്കാൻ ശ്രമിച്ചാൽ എല്ലാം നേടാൻ പറ്റും. ഇത് വെറും വാക്കല്ലെന്ന് ചെറുചിരിയോടെ നീന പറഞ്ഞുനിർത്തി. ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.