വൈകല്യമുള്ള വ്യക്തികൾക്ക് വേണ്ടിയുള്ള ആഗോള പദ്ധതി സംബന്ധിച്ച് ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തത് 1982 ഡിസംബർ മൂന്നിനാണ്. 1992 ഒക്ടോബറിലാണ് ഐക്യരാഷ്ട്രസഭ ഈ ദിനം വികലാംഗരുടെ ദിനമായി പ്രഖ്യാപിച്ചത്. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനാണ് ഈ ദിനം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. സാമൂഹിക ജീവിതത്തില്‍ വൈകല്യമുള്ള വ്യക്തികളുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തു. ഒപ്പം അംഗരാജ്യങ്ങൾ വികലാംഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആഹ്വാനം ചെയ്യുകയുമുണ്ടായി. േലാകമെമ്പാടും എല്ലാ വർഷവും അതിനുള്ള പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കവെ ഇങ്ങ് കൊച്ചു കേരളത്തിൽ 53കാരനായ ഒരു ഗൃഹനാഥൻ തന്റെ ജീവിത ലക്ഷ്യത്തിനായി പൊരുതുകയാണ്.
കുട്ടനാട്ടിലെ കൈനകരി തയ്യിൽ വീട്ടിൽ ദിവാകരന്റെയും സുമതിയുടെയും മകനായ ബാബുരാജ് വേനലവധിക്കാലത്ത് കൂട്ടുകാരുമൊത്ത് പൂ പറിക്കാനായി മരത്തിൽ കയറിയതാണ്. 12ാം വയസ്സിൽ മരത്തിൽനിന്ന് വീണ് ഇടതുകൈക്ക് രണ്ട് ഒടിവുകളുണ്ടായി. ആശുപത്രി അധികൃതരുടെ അനാസ്ഥയുടെ ജീവിക്കുന്ന ഇരയായി മാറുകയായിരുന്നു ബാബുരാജ്. ചികിത്സാ പിഴവുമൂലം മുട്ടിനുതാഴെ സ്വാധീനം നഷ്ടമായി. കൈയിന്റെ ശേഷിക്കുറവ് ബാലനായ ബാബുരാജിനെ തെല്ലും നിരാശപ്പെടുത്തിയില്ല. നാട്ടുനടപ്പനുസരിച്ച് എല്ലാ കുട്ടനാട്ടുകാരെയും പോലെ സമപ്രായക്കാരായ കൂട്ടുകാരോടൊപ്പം പമ്പയാറ്റിന്റെ ഒാളങ്ങളിൽ ജലകേളിയിലാടി. പിന്നീടാണ് നീന്തലിന് ശാസ്ത്രീയ പരിശീലനം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞത്.
ജില്ല-സംസ്ഥാന തലങ്ങളിൽ സമ്മാനങ്ങൾ നേടിയ ബാബുരാജ് കാൽ നൂറ്റാണ്ട് മുമ്പ് പട്യാലയിലെ ദേശീയ ചാമ്പ്യൻഷിപ്പിൽ ജനറൽ കാറ്റഗറിയിൽ പെങ്കടുത്ത് വെങ്കലം നേടി. അവിടെ തന്നെ ഒരുമാസം നീണ്ട പരിശീലനങ്ങളിലേർപ്പെട്ടു. ഭിന്നശേഷിക്കാർക്കായി ഒളിമ്പിക്സ് അടക്കമുള്ള കായികമേളകളുള്ള കാര്യം വളരെ വൈകി മാത്രമാണ് ബാബുരാജ് തിരിച്ചറിഞ്ഞത്. അതിനാൽ അവയിലൊന്നും തന്നെ പെങ്കടുക്കാൻ കഴിഞ്ഞില്ല. 2015 ആഗസ്റ്റ് 18ന് വേമ്പനാട്ട് കായലിന്റെ ഏറ്റവും വീതികൂടിയ കുമരകം-മുഹമ്മ ഭാഗം നീന്തിക്കയറിയ ബാബുരാജ് മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. കായലിലെ ഏറ്റവും ആഴംകൂടിയ ഭാഗമായ ഇവിടെ കേവലം മൂന്ന് മണിക്കൂറിനുള്ളിൽ ബാബുരാജ് നീന്തിത്തീർത്തത് പത്ത് കിലോമീറ്റർ ദൂരമായിരുന്നു. യൂനിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ ഏഷ്യൻ വിഭാഗത്തിന്റെ അംഗീകാരം നേടിയെടുത്തു.
2017 ജനുവരി 30ന് ജലമലിനീകരണത്തിനും ആഗോള ഭീകരതക്കുമെതിരായ പ്രചാരണത്തിനായി ബാബുരാജ് ചമ്പക്കുളത്തു നിന്ന് പുന്നമടയിലേക്ക് നീന്തി വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റി. ചമ്പക്കുളം സെൻറ് മേരീസ് ബസലിക്കയുടെ മുന്നിൽനിന്നും രാവിലെ ഏഴിന് ആരംഭിച്ച മാരത്തൺ നീന്തൽ ഏഴുമണിക്കൂർ 10 മിനിറ്റു കൊണ്ട് പുന്നമട ഫിനിഷിങ് പോയൻറിൽ സമാപിച്ചപ്പോൾ സാഹസികതയുടെ പുതിയ ഒരു അധ്യായം രചിക്കപ്പെടുകയായിരുന്നു. ഇൻറർനാഷനൽ വീൽ ചെയർ ആൻഡ് ആംപ്യൂറ്റി സ്പോർട്സ് ഫെഡറേഷൻ (International Wheelchair and Amputee Sports Federation) റഷ്യയിൽ നടത്തിയ ഇവാസ് വേൾഡ് െഗയിംസിൽ പെങ്കടുക്കാൻ 2015ൽ ബാബുരാജിന് അവസരം ലഭിച്ചുവെങ്കിലും ആവശ്യമായ നാലുലക്ഷം സമാഹരിക്കാനായില്ല. തന്നെയുമല്ല, നീന്തലിൽ വലത് കൈയുടെ പേശികൾക്ക് പൊട്ടലുമുണ്ടായി. എൽ.െഎ.സി ഏജൻറായ ബാബുരാജിന് പിന്തുണയായി പോസ്റ്റ് ഒാഫിസ് മഹിളാ പ്രധാൻ ഏജൻറായ ഭാര്യ ഷീബയുണ്ട്.
മകൾ ഉമാശങ്കറും മകൻ ശിവശങ്കറും പിതാവിന്റെ പാതയിൽതന്നെ നീന്തൽ രംഗത്ത് ചുവടുറപ്പിച്ചവരാണ്. ദേശീയ െഗയിംസിൽ മെഡൽ നേടിയ ശിവശങ്കർ ഇന്ത്യൻ നേവിയിലെ തുഴച്ചിൽ താരമാണ്. ഉമ സംസ്ഥാന താരവുമാണ്. നീന്തൽ താരങ്ങളുടെ സ്വപ്ന ഭൂമികയായ ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുക എന്നതാണ് ബാബുരാജിന്റെ ഏറ്റവും വലിയ ആഗ്രഹം. അത് സാധ്യമാക്കാൻ ഒരു സ്പോൺസറെ കിട്ടാതിരിക്കില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം. ഏറെ തണുപ്പുള്ള ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കുക അത്ര എളുപ്പമല്ല എന്ന കാര്യം ബാബുരാജിന് നല്ലവണ്ണം അറിയാം. നാട്ടിൽ തന്നെ മണിക്കൂറുകൾ നീളുന്ന കൃത്യമായ പരിശീലനവും അതിന് വേണ്ട ഭക്ഷണക്രമവും ബാബുരാജ് പാലിക്കാൻ മടിക്കാറില്ല. തന്റെ താൽപര്യത്തെ കൃത്യമായി അറിയാവുന്ന ഒരു സ്പോൺസർ ലഭ്യമാകുമെന്ന പ്രതീക്ഷയിൽ കൂടുതൽ ചിട്ടയോടെയുള്ള കഠിന പരിശീലനങ്ങൾ പ്രതീക്ഷിച്ച് തന്നെയാണ് 53ാം വയസ്സിൽ അദ്ദേഹം മുന്നോട്ടുപോകുന്നത്.
ലോകമെമ്പാടുമായി 600 ദശലക്ഷത്തിലധികം വികലാംഗരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ലോക ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികം വരും. വൈകല്യമുള്ള വ്യക്തികളിൽ 80 ശതമാനം പേരും വികസ്വര രാജ്യങ്ങളിലാണ് കഴിയുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയെ പോലെ ഒരു വികസ്വര രാജ്യത്ത് പ്രത്യേകിച്ചും ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ ലോകനിലവാരത്തിലുള്ള കേരളത്തിൽ ജനിച്ച ടി.ഡി. ബാബുരാജിനെ പോലെയുള്ളവരുടെ ഇച്ഛാശക്തിയെ കണ്ടില്ലെന്ന് നടിക്കരുത്. സ്വകാര്യ സ്പോൺസർമാർ മുന്നോട്ടുവന്നില്ലെങ്കിലും സർക്കാർ തന്നെ അതിനാവശ്യമായ സംവിധാനമൊരുക്കാൻ തയാറാകേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.