വയനാട്ടിലെ അത്രമേല് പിന്നാക്കമായ നാട്ടിന്പുറത്തു നിന്നുള്ള ഒരു വൈദികന് കരുണയുടെ വലിയ പാഠങ്ങള് ലോകത്തിനു മുമ്പാകെ പകര്ന്നുനല്കുന്നത് കേവലം പ്രസംഗത്തിലൂടെ മാത്രമല്ല, മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാധുസ്ത്രീക്ക് തന്റെ ഒരു വൃക്ക നല്കിയുമാണ്...
പാതിതിരിഞ്ഞാൽ പോരല്ലോ
പാതിയിൽനിന്നും തിരിയേണം
പോരാ പോരാ പാതിരിയാവാൻ
തിരിയായ് കത്തിയെരിയേണം
-കുഞ്ഞുണ്ണി മാഷ്
തിര തീരത്തേക്ക് അടിച്ചുകയറ്റുന്ന മീൻകുഞ്ഞുങ്ങളെ പെറുക്കിയെടുത്ത് കടലിലേക്കെറിയുകയായിരുന്നു ഒരു കുട്ടി. അപ്പോൾ അതുവഴി വന്ന ഒരു വഴിപോക്കൻ അവനോട് പറഞ്ഞു: ‘‘ലോകത്താകമാനം എത്രയോ മീൻകുഞ്ഞുങ്ങൾ തീരത്തടിയുന്നുണ്ട്. അവയിൽ ഒന്നോ രണ്ടോ എണ്ണത്തിനെ മാത്രം രക്ഷിച്ചിട്ടെന്തു കാര്യം.’’ അതിനു കുട്ടിയുടെ മറുപടി ഇതായിരുന്നു: ‘‘വലിയ കാര്യമൊന്നുമല്ല ഞാൻ ചെയ്യുന്നതെന്നറിയാം. എന്നാൽ, ജീവൻ തിരികെക്കിട്ടുന്ന മീൻകുഞ്ഞുങ്ങൾക്ക് അത് വലിയ കാര്യംതന്നെയാണ്.’’
●●●
ആശ്വാസത്തിന്റെ ആൾരൂപമായി മാറുമ്പോഴാണ് ആചാര്യത്വശുശ്രൂഷ അർഥപൂർണമാവുന്നതെന്ന് പറയുന്ന ഫാ. ഷിബു കുറ്റിപറിച്ചേൽ മീൻകുഞ്ഞുങ്ങൾക്ക് തിരികെ കടലിലേക്ക് വഴികാട്ടുന്ന ഈ കുഞ്ഞിന്റെ നന്മകളെയാണ് മുറുകെപ്പിടിക്കുന്നത്. വയനാട്ടിലെ അത്രമേൽ പിന്നാക്കമായ നാട്ടിൻപുറത്തുനിന്ന് ഈ വൈദികൻ കരുണയുടെ വലിയ പാഠങ്ങൾ ലോകത്തിനു മുമ്പാകെ പകർന്നുനൽകുന്നത് കേവലം പ്രസംഗത്തിലൂടെ മാത്രമല്ല. 40ാം വയസ്സിന്റെ ചെറുപ്പത്തിൽ തന്റെ വൃക്കകളിലൊന്ന് അന്യമതസ്ഥയായ ഒരുപാവം സ്ത്രീക്ക് ദാനംനൽകുന്നതടക്കമുള്ള മഹാകൃത്യങ്ങളിലൂടെ, പറയുന്നത് അക്ഷരാർഥത്തിൽ പ്രവർത്തിച്ചു കാട്ടുകയാണ് ദുരിതങ്ങളുടെ ചുരത്തിനു മുകളിൽ കനിവിന്റെ പ്രതീകമായി മാറിയ ഈ വികാരി.
‘‘വൈദികവൃത്തിക്കിടയിൽ ഒരുപാടാളുകൾ ഒട്ടേറെ ബുദ്ധിമുട്ടുകളുകളുമായി ഞങ്ങളെ വന്നു കാണാറുണ്ട്. അവരോടെല്ലാം, സാരമില്ലെന്നും പ്രാർഥിക്കാമെന്നുമൊക്കെ പറഞ്ഞ് വിടാനേ ഞങ്ങൾക്ക് കഴിയാറുള്ളൂ. പക്ഷേ, അതുകൊണ്ടുമാത്രം ചില സമയത്ത് മതിയാകാതെവരും. കാശുള്ള പലരും നമ്മളുമായി സഹകരിക്കാൻ ഒരുക്കമാണുതാനും. അങ്ങനെയാണ് കാരുണ്യപ്രവൃത്തികൾ ഏറ്റെടുത്തു നടത്താൻ ഒരുങ്ങിയത്. ആളുകൾക്ക് നന്മചെയ്യാനുള്ള വഴിയൊരുങ്ങുമെന്നതും സഹായം ആവശ്യമുള്ളവർക്ക് അതു കിട്ടുമെന്നതും ഇതിന്റെ ഗുണങ്ങളാണ്. സഹായമനസ്കരായ ഒരുപാടാളുകൾ നമുക്കു ചുറ്റിലുമുണ്ട്. ചെലവഴിക്കുന്ന ധനം, യഥാർഥ അവകാശികൾക്ക് ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ അവരത് നൽകാൻ ഒരുക്കമാണ്. യാക്കോബായ സുറിയാനി സഭയിൽ മലബാർ ഭദ്രാസനത്തിനു കീഴിലെ ചീങ്ങേരി പള്ളിയിലാണ് സഹായപ്രവർത്തനങ്ങൾക്ക് വ്യവസ്ഥാപിതമായ തുടക്കമിട്ടത്. വിവാഹധനസഹായം സ്വരൂപിച്ചായിരുന്നു തുടക്കം. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുനിന്ന് 17 ലക്ഷം രൂപ ഈ ആവശ്യത്തിന് സമാഹരിക്കാൻ കഴിഞ്ഞത് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ഏറെ പ്രചോദനം പകർന്നു.
14 വർഷത്തെ വൈദിക പ്രവർത്തനത്തിൽ കഴിഞ്ഞ മൂന്നു വർഷം ചീങ്ങേരിയിലായിരുന്നു. പിന്നീട് അർബുദരോഗികളുടെ ചികിത്സസഹായാർഥമുള്ള ധനസമാഹരണത്തിനും ആളുകൾ അഭൂതപൂർവമായ പിന്തുണ നൽകി. തൃശൂരിലെ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനായ ഫാ. ഡേവിസ് ചിറമ്മേലുമായുള്ള സൗഹൃദമാണ് വൃക്കരോഗികളുടെ ദുരിതങ്ങളിലേക്ക് ശ്രദ്ധയൂന്നാൻ േപ്രരണയായത്. ചിറമ്മേലച്ചൻ തന്റെ വൃക്ക ദാനംചെയ്തപ്പോൾ ഒരു വൃക്ക മറ്റാർക്കെങ്കിലും ദാനംചെയ്യുന്നതുകൊണ്ട് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ലെന്ന് എനിക്ക് മനസ്സിലായി. അങ്ങനെയാണ് പാവപ്പെട്ട രോഗിക്ക് വൃക്ക നൽകണമെന്ന ആഗ്രഹമുണ്ടായത്. ഈ ഭൂമിയിൽ നാലു പതിറ്റാണ്ട് ജീവിക്കാൻ ഭാഗ്യംകിട്ടിയ എനിക്ക് ഒരിക്കൽപോലും കാര്യമായ അസുഖം വരുകയോ ആശുപത്രിയിൽ കിടക്കേണ്ടിവരുകയോ ചെയ്തിട്ടില്ല. അപ്പോൾ എന്റെ വൃക്കകളിൽ ഒന്ന് ഒരാൾക്ക് പ്രയോജനപ്പെടുകയാണെങ്കിൽ നല്ലതാണല്ലോ എന്ന് മനസ്സിൽ തോന്നി. രണ്ടു കിഡ്നിയും നൂറു ശതമാനം പ്രവർത്തനനിരതമാണെന്നതടക്കമുള്ള സാഹചര്യങ്ങൾ അനുകൂലമായതോടെ അതുമായി മുന്നോട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. അനുവാദം കിട്ടേണ്ടിടത്തുനിന്നൊക്കെ അതു ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി.
തൃശൂർ ചാവക്കാട്ടുള്ള ഹൈറുന്നിസ എന്ന യുവതിയാണ് വൃക്ക സ്വീകരിച്ചത്. അവയവം ദാനംചെയ്യണമെന്ന ആഗ്രഹം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അത് ആർക്കാണ് കൊടുക്കേണ്ടതെന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചതല്ല. കിഡ്നി ഫെഡറേഷനിൽ രജിസ്റ്റർ ചെയ്തവരിൽ 25കാരിയായ ഹൈറുന്നിസയുടെ ഉൗഴമായിരുന്നു അപ്പോൾ. രണ്ടു വൃക്കകളും നഷ്ടപ്പെട്ട് രണ്ടു വർഷമായി ഡയാലിസിസ് നടത്തിവന്ന അവരുടെ കാര്യം ചിറമ്മേൽ അച്ചനാണ് എന്നോട് പറഞ്ഞത്. മൂന്നു വയസ്സു മാത്രം പ്രായമായ മകളും അപകടത്തിൽപെട്ട് ശരീരം തളർന്ന് കിടപ്പിലായ ഭർത്താവുമടങ്ങുന്ന തീർത്തും നിർധന കുടുംബമായിരുന്നു അവരുടേത്. ഒന്നൊന്നായി ദുരന്തങ്ങൾ കീഴ്പ്പെടുത്തിക്കളഞ്ഞ കുടുംബം. രക്തഗ്രൂപ്പും മറ്റു പരിശോധനകളും ഒത്തുവന്നതിനാൽ അവർക്ക് വൃക്ക നൽകാൻ കഴിഞ്ഞത് ദൈവാനുഗ്രഹമായി കരുതുകയാണു ഞാൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 2016 ഡിസംബർ 21നായിരുന്നു ശസ്ത്രക്രിയ. ഞാൻ തീരുമാനിച്ചുറപ്പിച്ചതല്ലെങ്കിൽപോലും തീർത്തും അർഹരായ കുടുംബത്തിനുതന്നെ വൃക്ക ദാനംചെയ്യാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യമാണ് എനിക്കിപ്പോഴും. സത്യത്തിൽ ദൈവമാണ് എനിക്കവരെ കാണിച്ചുതന്നത്.’’
അവയവം കൊടുക്കുന്നതിനും സ്വീകരിക്കുന്നതിനുമൊന്നും ഏത് മതത്തിൽ വിശ്വസിക്കുന്നു എന്നതിന് ഒരു പ്രസക്തിയുമില്ല. മനുഷ്യനാണ് എന്നതാണ് മർമപ്രധാന കാര്യം. ചാരിറ്റി പ്രവർത്തനത്തിൽ ജാതിയും മതവും ഒരിക്കലും മാനദണ്ഡമാവാറില്ല. ക്രിസ്തുവിനെ കുരിശിനോടു ചേർത്തുനിർത്തിയത് കാരിരുമ്പാണികളല്ല, മനുഷ്യനോടുള്ള അപാരമായ സ്നേഹമായിരുന്നു. ‘ജാതി നോക്കുന്നവരോട് കൂട്ടുകൂടരുത്, കൂട്ടുകൂടിയവരുടെ ജാതി നോക്കരുത്’ എന്നത് എത്രയോ ശരിയാണെന്നും അച്ചൻ പറയുന്നു. ശസ്ത്രക്രിയയെല്ലാം കഴിഞ്ഞശേഷം ഹൈറുന്നിസ ആദ്യം അന്വേഷിച്ചത് അച്ചന് എങ്ങനെയുണ്ട് എന്നായിരുന്നു. അവരുടെ ഭർതൃപിതാവ് ഉസ്മാൻ പറഞ്ഞത് ‘‘അച്ചൻ ഞങ്ങൾക്ക് വെറുമൊരു വൃക്കദാതാവ് മാത്രമല്ല, ഞങ്ങളുടെ എല്ലാമാണ്’’ എന്നായിരുന്നു. വലിയ വാക്കുകൾകൊണ്ട് വാചാലതയൊന്നും സൃഷ്ടിക്കാതെ, മനസ്സുനിറഞ്ഞ നന്ദിയോടെയുള്ള അവരുടെ പെരുമാറ്റവും മുഖഭാവങ്ങളും മതി ഒരായുസ്സു മുഴുവൻ ജീവിക്കാനുള്ള ഉൗർജം ലഭിക്കാനെന്ന് ഷിബുവച്ചൻ സാക്ഷ്യപ്പെടുത്തുന്നു.
‘‘ഒരുപാടു പേർ സഹായിച്ചാണ് ഹൈറുന്നിസയുടെ ശസ്ത്രക്രിയക്കുള്ള പണം കുടുംബം സ്വരൂപിച്ചത്. ശസ്ത്രക്രിയയുടെ സമയത്താണ് നോട്ടുനിരോധനം വന്നത്. അവർക്ക് ആശുപത്രിയിൽ നൽകാനുള്ള പണം കിട്ടിയില്ല. അവരുടെ ഭർത്താവ് വിളിച്ച് ഡേറ്റ് നീട്ടിവെക്കാമോ എന്നു ചോദിച്ചു. ഞാനാണെങ്കിൽ അവധിയെടുത്ത് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. പണമില്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങുമെന്ന അവസ്ഥ വന്നതോടെ ആ കുട്ടി ഭയങ്കര കരച്ചിലായി. ഒരു മാസം കഴിഞ്ഞാൽ ഞാൻ പിന്മാറുമോ എന്ന ആധിയും അവർക്കുണ്ടായിരുന്നു. ഒടുവിൽ ഞാൻതന്നെ മുൻകൈയെടുത്ത് 5.25 ലക്ഷം രൂപ പൊടുന്നനെ പിരിച്ചെടുത്ത് കൃത്യസമയത്തുതന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.’’
വയനാട് നെന്മേനി പഞ്ചായത്തിലെ മാടക്കരയിൽ പാലാക്കുനി ഗ്രാമത്തിൽ കുറ്റിപറിച്ചേൽ കെ.സി. യോഹന്നാന്റെയും അന്നമ്മയുടെയും നാലാമത്തെ മകനായാണ് ജനനം. സൂസൻ, ഷാജി, കുര്യാച്ചൻ എന്നിവരാണ് സഹോദരങ്ങൾ. കോളിയാടി എ.യു.പി സ്കൂൾ, സുൽത്താൻ ബത്തേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, അമ്പലവയൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, ബത്തേരി സെൻറ് മേരീസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വൈദിക പഠനം എറണാകുളം, ബംഗളൂരു, ജർമനി എന്നിവിടങ്ങളിലായിരുന്നു. സന്യാസവൈദികനായ അച്ചൻ ഇപ്പോൾ പുതുശ്ശേരിക്കടവ് സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വികാരിയാണ്.
മികച്ച പ്രസംഗകൻ കൂടിയായ അച്ചൻ അഞ്ചു പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. വിശുദ്ധ വിചാരങ്ങൾ, ഉൾക്കാഴ്ചയുടെ ഉറവിടം, മഴനീരും മിഴിനീരും, തിരിച്ചറിവിന്റെ തിരിനാളങ്ങൾ, ചിരിയുടെ ചിരാതുകൾ എന്നിവ പുറത്തിറക്കിയത് മലബാർ ഭദ്രാസനത്തിന് കീഴിലുള്ള വാത്സല്യം പബ്ലിക്കേഷൻസാണ്. ഈ പുസ്തകവിൽപനയിൽനിന്നുള്ള ലാഭവും അച്ചൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നീക്കിവെക്കുന്നു. ശസ്ത്രക്രിയക്കുശേഷം ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾക്ക് സാമ്പത്തികസഹായം നൽകുന്ന പദ്ധതി അച്ചന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. ആയിരം കിഡ്നി രോഗികൾക്ക് 5000 രൂപ വീതം നൽകുന്ന പദ്ധതിയാണത്. നാലു മാസംകൊണ്ട് 50 ലക്ഷം രൂപയുടെ പദ്ധതി കഴിഞ്ഞു. ഇപ്പോഴും ആളുകൾ സഹായത്തിനായി വന്നുകൊണ്ടിരിക്കുകയാണ്. 50 ലക്ഷം രൂപയിൽ സിംഹഭാഗവും അച്ചന്റെ അടുക്കൽ ആളുകൾ കൊണ്ടെത്തിക്കുകയായിരുന്നു. ഇതിൽ ഒരു രൂപപോലും ആരോടും അങ്ങോട്ട് ചോദിക്കേണ്ടിവന്നില്ലെന്ന് അദ്ദേഹം പറയുന്നു.
സാധുജന സംരക്ഷണത്തിനും ജനക്ഷേമപരമായ പ്രവർത്തനങ്ങൾക്കുമുള്ള ജീവകാരുണ്യ പ്രസ്ഥാനമായി അച്ചന്റെ നേതൃത്വത്തിൽ ‘കൂട്’ എന്ന ഹ്യുമാനിറ്റേറിയൻ സന്റെറിനും തുടക്കമായി. ഡയാലിസിസ് സന്റെർ, അക്ഷരക്കൂട്, ആശ്രമക്കൂട്, കളിക്കൂട്, വിശ്രമക്കൂട്, സംഗീതക്കൂട് തുടങ്ങിയ ഒരുപാടു കൂടുകളാണ് അച്ചന്റെ മനസ്സിലുള്ളത്. ഇതിൽ പാവങ്ങൾക്ക് അന്നം നൽകാനുള്ള അപ്പക്കൂടിന് തുടക്കമിട്ടുകഴിഞ്ഞു. ജാതിമതഭേദമില്ലാതെ വയനാട്ടിലെ ജനങ്ങളും സംഘടനകളും സ്ഥാപനങ്ങളുമൊക്കെ അച്ചന്റെ പ്രവർത്തനങ്ങളെ അകമഴിഞ്ഞ് പിന്തുണക്കുന്നു. മുസ്ലിം ലീഗ്, സി.പി.ഐ, അയ്യപ്പസേവ സംഘം, ഓർത്തഡോക്സ് പള്ളി, വയനാട് മുസ്ലിം ഓർഫനേജ് തുടങ്ങിയ ഒരുപാട് സംഘടനകളും സ്ഥാപനങ്ങളും ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയ ഷിബുവച്ചന് സ്വീകരണം നൽകിയിരുന്നു. സ്നേഹത്തിനും കാരുണ്യത്തിനും ജാതിയും മതവുമൊന്നുമില്ലെന്നതിന്റെ സാക്ഷ്യപത്രമാണ് ആളുകൾ തന്നോടുകാട്ടുന്ന താൽപര്യമെന്ന് അച്ചൻ അടിവരയിടുന്നു.
അവയവദാനത്തെക്കാൾ വലുത് അവയവ സംരക്ഷണമാണെന്ന് അച്ചൻ പറയുന്നു. ആരുടെയും അവയവം സ്വീകരിക്കേണ്ടുന്ന അവസ്ഥയിലേക്ക് നമ്മുടെ ആരോഗ്യത്തെ കൈവിട്ടുകളയാതെ നല്ലതു മാത്രം ആഹരിക്കാനും വിഷരഹിതമായതിനെ മാത്രം വിഭവങ്ങളാക്കി മാറ്റാനും നമുക്ക് കഴിയണം. മനുഷ്യനൊപ്പം പ്രകൃതിയെയും മനസ്സുനിറഞ്ഞു സ്നേഹിക്കുന്ന ഷിബുവച്ചൻ കീടനാശിനികൾ നിറഞ്ഞ നാട്ടിൽ വിഷരഹിത കാർഷികക്കൂടൊരുക്കാനുമുള്ള പ്രവർത്തനങ്ങളിലും വ്യാപൃതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.