ഹേയ്, അടുക്കള കാര്യത്തിൽ അത്ര മോശമൊന്നുമല്ല ഞാൻ. ചായയും കാപ്പിയും പുറമെ ചോറ് വരെ ഉണ്ടാക്കിയവനാ. പാചക വിരുതും കൈപ്പുണ്യവുമൊക്കെ പറഞ്ഞ് ജീവിത സഖാവ് കത്തിക്കയറാൻ തുടങ്ങിയേപ്പാഴേക്കും ഭാര്യ ഡോ. ജൂബിലി നവപ്രഭയുടെ മുഖത്ത് ചിരിപടർന്നു. അൽപം അടുത്തേക്ക് നീങ്ങിയിരുന്ന് ഭാര്യ പറയാൻ തുടങ്ങി... ‘‘ചുമ്മാ തട്ടി വിടുന്നതാ... 35 വർഷമായി ഞാനീ വീട്ടിലെത്തിയിട്ട്. അടുക്കളയിൽ കയറി എന്തെങ്കിലും സ്വന്തമായി കഴിക്കുന്നതു പോലും കണ്ടിട്ടില്ല. പിന്നയല്ലേ പാചകം...’’ നിലപാടുകളിലും കണിശതയിലും വിട്ടുവീഴ്ചയില്ലാത്ത കേരളത്തിെൻറ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് കഥാനായകൻ. അതു കൊണ്ടുതന്നെ പൊടുന്നനെയൊരു പിന്മാറ്റമൊന്നും ആരും പ്രതീക്ഷിക്കേണ്ട. കുറച്ചൊന്ന് ആലോചിച്ചുനിന്ന ശേഷം അദ്ദേഹം തുടർന്നു. എെൻറ പാചകമൊക്കെ നീ ജീവിതത്തിലേക്ക് വരുന്നതിന് മുമ്പാണ്. സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് അടുക്കളയിൽ കയറി പാചകം ചെയ്തിട്ടുണ്ട്. അന്ന് അമ്മയെ സഹായിക്കൽ പതിവായിരുന്നു. തീർന്നില്ല, അല്ലെങ്കിലും ഇപ്പോൾ ചായയും കാപ്പിയുമൊക്ക ഉണ്ടാക്കാൻ ഞാൻ വീട്ടിലില്ലല്ലോ. ഭർത്താവിെൻറ വിശദീകരണത്തിനു മുന്നിൽ ഒന്നും പറയാനില്ലെന്ന മട്ടിൽ ജൂബിലി ടീച്ചർ സംസാരം നിർത്തി. ‘‘ഇദ്ദേഹത്തെ ഞാനങ്ങ് നാട്ടുകാർക്ക് വിട്ടുകൊടുത്തിരിക്കയാണ്. ഒരു കാര്യത്തിനും ബുദ്ധിമുട്ടിക്കാറില്ല’’. ഡൈനിങ് ഹാളിലിരുന്ന് ചുമ്മാ പറഞ്ഞു തുടങ്ങിയ വിശേഷങ്ങൾ വലിയ തർക്കത്തിലേക്കൊന്നും കലാശിക്കാതെ ഇവിടം കൊണ്ട് അവസാനിച്ചു.
ചുടുരക്തം വീണ പുന്നപ്രയുടെയും വയലാറിെൻറയും മണ്ണിൽ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചതിനാലാകാം ജി. സുധാകരെൻറ വാക്കിന് വാരിക്കുന്തത്തിെൻറ മൂർച്ചയാണ്. ഒത്തുതീർപ്പിെൻറ വഴികളിലെവിടെയും കാണാത്ത വിദ്യാർഥി-യുവജന നേതാവ്. അതായിരുന്നു എന്നും ആലപ്പുഴയുടെ മനസ്സിൽ സുധാകരെൻറ ഇമേജ്. പ്രായത്തിെൻറ ആവേശമല്ലേ, വലിയ നേതാവാകുേമ്പാൾ എല്ലാം ശരിയായിക്കോളുമെന്ന് കരുതിയവർ അന്നാട്ടിലും ഏറെയായിരുന്നു. പക്ഷേ, ജനകീയാവശ്യങ്ങൾ ബലികഴിച്ച് സമവായത്തിെൻറ പാതയിൽ സുധാകരന് ഉറക്കം ലഭിക്കില്ല. കവിതയായാലും ശരി, കാര്യം മനസ്സിലാകലാണ് പ്രധാനം. അടിസ്ഥാനവർഗത്തിെൻറ അവകാശങ്ങൾക്ക് മുന്നിൽ കാർക്കശ്യത്തിെൻറ ബീക്കൺ ലൈറ്റുകൾ അഴിച്ചുവെക്കാൻ ഇദ്ദേഹം ഒരിക്കലും തയാറല്ല. സുധാകരെൻറ രാഷ്ട്രീയ-കുടുംബ ജീവിതത്തിലൂടെ...
മൂന്നര പതിറ്റാണ്ടായി ഡോ. ജൂബിലി നവപ്രഭ ജി. സുധാകരനൊപ്പമുണ്ട്. ആലപ്പുഴ എസ്.ഡി കോളജിൽ എം.കോമിന് പഠിക്കുന്ന കാലത്താണ് മാവേലിക്കര താലൂക്കിലെ താമരക്കുളം പഞ്ചായത്ത് വേടരപ്ലാവിലെ വീട്ടിലേക്ക് ഇവരെ കൈപിടിച്ചു കൊണ്ടുവരുന്നത്. 1982 ഏപ്രിൽ 25നായിരുന്നു വിവാഹം. അതായത്, സുധാകരെൻറ 32ാം വയസ്സിൽ. ഇക്കഴിഞ്ഞ ഏപ്രിലിൽ 35 വർഷം പിന്നിട്ടു ഇൗ ദാമ്പത്യജീവിതത്തിന്. മുഴുസമയ പൊതുപ്രവർത്തകനെന്ന് അറിഞ്ഞുതന്നെയാണ് ജീവിതത്തിലേക്ക് വന്നത്. എസ്.ഡി കോളജിലെ വൈസ് പ്രിൻസിപ്പലായി ജൂബിലി അടുത്തിടെ വിരമിച്ചു. ഗവേഷണ ബിരുദത്തിനു പുറമെ ഏഴു വിഷയങ്ങളിൽ പി.ജി നേടിയിട്ടുണ്ട് ടീച്ചർ. അക്കാദമിക് രംഗത്തു കുറെയേറെ ചെലവഴിക്കുന്ന ടീച്ചർക്ക് ഉത്തരവാദിത്തമേറെ. തിരക്കേറിയ പൊതുപ്രവർത്തകനാണ് ഗൃഹനാഥൻ. ഇതിനു രണ്ടിനുമിടക്കാണ് കുടുംബജീവിതം. പോരായ്മകളേറെയുണ്ട്. ഒന്നിലും പരിഭവമില്ലതാനും. എം.ബി.എ ബിരുദധാരിയായ ഏക മകൻ നവനീതും മരുമകൾ രഷ്മിയും ഖത്തറിൽ ജോലി ചെയ്യുന്നു.
ചെരിപ്പിടാത്ത കുട്ടിക്കാലം
കടുത്ത ദാരിദ്ര്യമാണ് ജി. സുധാകരെൻറ കുട്ടിക്കാലം. പി. ഗോപാലക്കുറുപ്പിെൻറയും എൽ. പങ്കജാക്ഷിയമ്മയുടെയും അഞ്ചുമക്കളിൽ രണ്ടാമൻ. അച്ഛനും അമ്മയും ഇന്ന് ജീവിച്ചിരിപ്പില്ല. നിലത്തെഴുത്താശാനായ അച്ഛൻ രാമായണം നല്ല രാഗത്തിൽ വായിക്കുമായിരുന്നു. അധികം സംസാരിക്കുന്നയാളല്ലായിരുന്നു അച്ഛൻ. കർക്കശക്കാരനായ പിതാവ് നന്നായി അടിക്കുമായിരുന്നു. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ചൂരൽ കൊണ്ടാവും പ്രയോഗം. സ്കൂൾ പഠനകാലത്ത് അച്ഛനൊപ്പമായിരുന്നു കിടത്തം. മിഡിൽ സ്കൂൾ കാലം വരെ ഇതു തുടർന്നു. കർക്കശക്കാരനാണേലും നല്ല സ്നേഹമാണ് അച്ഛന്. അച്ഛെൻറ പേരിൽ ഒന്നരയേക്കറും അമ്മയുടെ പേരിൽ 70 സെൻറ് ഭൂമിയുമുണ്ടായിരുന്നുവെങ്കിലും സ്കൂൾ-കോളജ് കാലത്ത് ദാരിദ്ര്യം അനുഭവപ്പെട്ടു. സെൻറിന് അഞ്ചും പത്തും രൂപ വിലയുള്ള കാലം. ഭൂമിയുള്ളതിനാൽ ഭക്ഷണത്തിന് വലിയ പ്രയാസം നേരിട്ടില്ല. കപ്പയും ചക്കയും ചേനയുമൊക്കെ പറമ്പിലുണ്ടാകും. അരി റേഷൻ കടയിൽ നിന്ന് വാങ്ങും. ഭക്ഷണത്തിന് കഷ്ടപ്പെട്ടില്ലെന്നർഥം.
എന്നാൽ, വസ്ത്രധാരണത്തിലും മറ്റും നല്ല പ്രയാസം നേരിട്ടു. കോളജിൽ പഠിക്കുന്ന കാലത്താണ് ചെരിപ്പിടാൻ കഴിഞ്ഞത്. ചെരിപ്പും ധരിച്ചുള്ള ആ നിമിഷം നൽകിയത് എന്തെന്നില്ലാത്ത സന്തോഷം. ഫുൾ സ്ലീവ് ഷർെട്ടാന്നും ചിന്തിക്കാൻ പോലും കഴിയാത്ത കാലമായിരുന്നു അത്. മുറികൈയൻ ഷർട്ടിടുന്നത് മറ്റൊന്നും വിചാരിച്ചല്ല. അത്രയും തുണി കുറക്കാൻ കഴിഞ്ഞാൽ ലാഭമല്ലേ. അയൽപ്പക്കത്തെ വീടുകളിലൊക്കെ കയറിയിറങ്ങി ഭക്ഷണം കഴിക്കും. വേലിയൊന്നുമില്ലാത്തതിനാൽ ഒരു വീട്ടിൽനിന്ന് മറ്റൊരു വീട്ടിലേക്ക് കയറിയിറങ്ങാൻ എളുപ്പം. അഞ്ചു മക്കളുടെ പഠനം കഴിഞ്ഞപ്പോൾ 50 സെൻറ് ഭൂമിയോളം വിറ്റുതീർന്നു. ടാറിട്ട റോഡുപോലും ഇല്ലാത്ത കാലമാണന്ന്. കായംകുളം പുനലൂർ റോഡ് മാത്രമാണ് ടാറിട്ടതായി ആകെയുള്ളത്.
ശിപാര്ശക്കൊന്നും ഇല്ലേയില്ല
കുടുംബക്കാർക്കു വേണ്ടി ഒന്നു ശിപാർശ ചെയ്തിരുന്നുവെങ്കിൽ ഒരുപക്ഷേ, ക്രിക്കറ്റ് താരത്തിെൻറ വിലാസമായിരിക്കും ജി. സുധാകരനെന്ന രാഷ്ട്രീയക്കാരനുണ്ടാവുക. കുറച്ച് പഴയ കാര്യമാണ്. നന്നായി ക്രിക്കറ്റ് കളിച്ചിരുന്ന മകന് ക്ലബുകളിലേക്ക് സെലക്ഷൻ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതൽ. ചെറിയൊരു ശിപാർശയുണ്ടെങ്കിൽ സംഗതി കുശാൽ. ശിപാർശയോ... അതെന്താ.. എന്ന മട്ടിലാണ് അച്ഛൻ പെരുമാറിയത്. നാട്ടുകാർക്കും വോട്ടർമാർക്കുമുള്ളതാണ് പൊതുപ്രവർത്തകെൻറ ശിപാർശ. അല്ലാതെ കുടുംബക്കാർക്കുള്ളതല്ല. നിലപാടിൽ വെള്ളം ചേർക്കാൻ ഇദ്ദേഹം തയാറല്ല. കളിയൊന്നും അവസാനിപ്പിച്ചില്ല മകൻ. അച്ഛനെ ‘നന്നായറിയുന്ന’ മകൻ ക്രിക്കറ്റ് കളി തുടർന്നു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ക്രിക്കറ്റ് കളിച്ചു ട്രോഫികൾ വാരിക്കൂട്ടി. ഇന്നും അത് തുടരുന്നു.
ശിപാർശയില്ലായെന്ന ഒറ്റക്കാരണത്താൽ എസ്.ഡി കോളജിൽ അധ്യാപക ജോലി കിട്ടാതെപോയ വിശേഷം ഇതിനു പുറമെയാണ്. എസ്.ഡി കോളജിെല കോമേഴ്സ് പഠനവകുപ്പ് മേധാവിയുടെ മകളും ശിഷ്യയുമാണ് ജൂബിലി. അധ്യാപകരുടെ മക്കൾക്ക് േജാലി കൊടുക്കുകയാണ് എസ്.ഡി കോളജിലെ കീഴ്വഴക്കം. ആ പ്രതീക്ഷയോടെ ജൂബിലി ഇൻറർവ്യൂവിനെത്തി. അന്ന് കേരള സർവകലാശാല സിൻഡിക്കേറ്റംഗമാണ് സുധാകരൻ. കേരള സർവകലാശാലക്കു കീഴിലാണ് എസ്.ഡി കോളജ്. ജോലി കിട്ടുമെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമില്ല. റാങ്ക്ലിസ്റ്റ് വന്നപ്പോൾ ജൂബിലി പുറത്ത്. മാർക്കും ഇൻറർവ്യൂവിലെ പ്രകടനവും ആവോളമുണ്ട്. അതല്ല കാരണം. സിൻഡിക്കേറ്റംഗമായ ഭർത്താവ് മാനേജ്മെൻറുമായി ഒന്നും സംസാരിച്ചിട്ടു പോലുമില്ല. അധ്യാപകെൻറ മകൾക്ക് േജാലി നിഷേധിച്ചത് കോളജിൽ വലിയ ചർച്ചയായി. കോളജിലെ ആദ്യത്തെ സംഭവം കൂടിയായി അത്.
കവിത വരുന്ന വഴി
200 കവിതകൾ എഴുതിയിട്ടുണ്ട്. 11 കവിതാസമാഹാരങ്ങൾ പുറത്തിറക്കി. ആൾക്കൂട്ടത്തിലിരിക്കുമ്പോഴും മനസ്സ് ചിലേപ്പാൾ ഏകാന്തമായിരിക്കും. അപ്പോൾ ചില വരികൾ ഉദിക്കും. ഉടൻ കീശയിൽ നിന്ന് ഒരു കടലാസെടുത്ത് കുത്തിക്കുറിക്കും. ഷർട്ടിെൻറ കീശയിൽ കരുതിവെച്ച വരികൾ ദിവസങ്ങൾക്കുശേഷം വീണ്ടുെമാന്ന് വായിക്കും. ചില വെട്ടിത്തിരുത്തലുകൾക്കു ശേഷം കവിത പിറക്കുന്നു. ഇത്രയേയുള്ളൂ കവിതക്കു പിന്നിെല രഹസ്യമൊക്കെ. ഏകാന്തതയിൽ കുറെയിരുന്ന് കവിതയെഴുതണമെന്ന നിർബന്ധമൊന്നും തനിക്കില്ല. അങ്ങനെയും എഴുതുന്നവരുണ്ടാകാം. കവിതയെക്കുറിച്ചുള്ള വിമർശനമൊന്നും വകവെക്കുന്നില്ല. കവിത വായിക്കാത്തവരാണ് നിരന്തരം പരിഹസിക്കുന്നത്. പിന്നെ രാഷ്ട്രീയ വിരോധമുള്ള കുറച്ചുപേർ പേരുമാറ്റി സോഷ്യൽ മീഡിയയിലും പരിഹാസവുമായി രംഗത്തുണ്ട്.
അനുജന്റെ മരണം
പദവികളും ഉത്തരവാദിത്തവും തിരക്കും ഏറെയുണ്ടെങ്കിലും അനുജൻ ജി. ഭുവനേശ്വരെൻറ മരണം കടുത്ത ഏടാണ് ജീവിതത്താളിൽ ഇന്നും. പന്തളം എൻ.എസ്.എസ് കോളജിലെ എസ്.എഫ്.ഐ യൂനിയൻ സെക്രട്ടറിയായിരിക്കെ ഒരു കാരണവുമില്ലാതെയാണ് കെ.എസ്.യു പ്രവർത്തകർ അനുജനെ ആക്രമിച്ചത്. 1977 ഡിസംബർ രണ്ടിനാണ് സംഭവം. ബോധമില്ലാതെ ആശുപത്രിയിൽ കിടന്ന് ഏഴാം തീയതി മരണത്തിന് കീഴടങ്ങിയത് ഇന്നും ഒാർക്കാൻ വയ്യ. ബി.എ വിദ്യാർഥിയായിരുന്ന അനുജനെ ക്ലാസ് മുറിയിലിട്ടാണ് ആക്രമികൾ ഇല്ലാതാക്കിയത്.
പൊതുമരാമത്ത് വകുപ്പ് അല്പം ടഫ്
സഹകരണവും പൊതുമരാമത്തും കൈകാര്യം ചെയ്തു. സഹകരണം പോലെയല്ല മരാമത്ത്. അൽപം ടഫ് ആണ്. എല്ലാവരും സഹകരിക്കുന്നതാണല്ലോ സഹകരണവകുപ്പെന്ന് ജൂബിലിയുടെ ഒാർമപ്പെടുത്തൽ. ശരിയെന്ന് മന്ത്രിയും. ഉയർന്ന യോഗ്യതയുള്ള എൻജിനീയർമാരെയാണ് മരാമത്ത് വകുപ്പിൽ നേരിടുന്നത്. മന്ത്രിപ്പദവി ഒരിക്കലും ആസ്വദിക്കാനുള്ളതല്ല. കുടുംബജീവിതം വേണ്ടത്ര ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും കഠിനമായ ജോലിയിൽ സംതൃപ്തനാണ്. ഒറ്റ ഫയലും മാറ്റിവെക്കാറില്ല. എന്നാൽ, ഞാൻ അയക്കുന്ന ഫയലുകൾ ഉത്തരവാദിത്തപ്പെട്ടവർ മാറ്റിവെക്കാറുണ്ട്. നിയമ ബിരുദധാരിയും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. വിദ്യാർഥിപ്രസ്ഥാനത്തിെൻറ അമരത്തുനിന്ന് കുറേ പ്രവർത്തിച്ചു. സമരവും ജയിൽവാസവുമൊക്കെ അനുഭവിച്ചു. നാലാം തവണയാണ് എം.എൽ.എയാവുന്നത്. അതിൽ രണ്ടുതവണ മന്ത്രി. കുടുംബ ജീവിതം മാത്രം മതിയെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. പക്ഷേ, ചില വിഷമങ്ങളുണ്ട്. പൊതുപ്രവർത്തകർക്ക് മൂല്യബോധം നഷ്ടപ്പെടുന്നതിലാണിത്. രാഷ്ട്രീയത്തിൽ പ്രവേശിച്ച ആ സ്ഥിതിയല്ല ഇന്ന്. ‘അവനവനിസ’വും ആഗോളീകരണ ഫലമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.