ഒമാനില്‍വെച്ച് മരിച്ച മലയാളി സുഹൃത്തിെൻറ മയ്യിത്ത് ഖബറിലിറക്കി മറമാടിയതിന് ശേഷം തിരിഞ്ഞ് നടക്കുമ്പോഴാണ് അതുവരെ ചടങ്ങുകള്‍ക്കെല്ലാം ചടുലമായി നേതൃത്വം വഹിച്ച ജലീലെന്നയാൾ മനസ്സിലേക്ക് കടന്നുവന്നത്. ഖബറിെൻറ പണികളൊക്കെ കഴിഞ്ഞു വരുംവരെ ജലീലിനെ കാത്ത് അവിടെനിന്നു.
28 വര്‍ഷമായി മയ്യിത്ത് പരിപാലനവുമായി കഴിഞ്ഞു കൂടുന്നയാളാണ് കൊല്ലം സ്വദേശിയായ ജലീല്‍. മയ്യിത്ത് സംസ്കരണവുമായി ബന്ധപ്പെട്ട് മൊബേല സനയ്യയിലുള്ള ഖബറിസ്ഥാനില്‍ എത്തിയതാണ് ഞങ്ങള്‍. ഒമാനിലെ ഏറ്റവും വലിയ ശ്മശാനങ്ങളിലൊന്നാണ് ഈ ഖബർസ്ഥാന്‍. പാറകള്‍നിറഞ്ഞ മലമ്പ്രദേശത്ത് ഏക്കറു കണക്കിന് പരന്നുകിടക്കുന്ന ഇവിടെ എത്തിപ്പെട്ടാല്‍ കേട്ടുപഠിച്ച ‘മഹ്ശറ’യിലെത്തിയ പ്രതീതിയാണ് തോന്നിപ്പോകുക. അപരിചിതമായ മേഖലയായതിനാല്‍ ആശങ്കയുണ്ടായിരുന്നു.
എന്നാല്‍, മൃതദേഹവുമായി വാഹനമിറങ്ങിയ ഞങ്ങളെ സ്വീകരിച്ചത് ജലീലെന്ന മലയാളിയായിരുന്നു. വര്‍ഷങ്ങളായി മരണാനന്തര കർമങ്ങളും മയ്യിത്ത് പരിപാലനവുമായി കഴിയുകയാണ് കൊല്ലം സ്വദേശിയായ ജലീല്‍. അവസാന യാത്രക്കായി മൊബേല സനയ്യയിലുള്ള മഖ്ബറയിലെത്തുന്ന മൃതശരീരങ്ങള്‍ക്ക് വേണ്ടുന്ന കർമങ്ങള്‍ ചെയ്യലാണ് ജലീലിെൻറ ജോലി. ഖബറിസ്ഥാനിലേക്ക് എത്തിക്കുന്ന മൃതദേഹങ്ങളെ കുളിപ്പിച്ച് കഫം ചെയ്ത് ഖബറടക്കം കഴിയുന്നതുവരെ എണ്ണയിട്ട യന്ത്രം പോലെ ചലിക്കുകയാണിയാള്‍. ഇദ്ദേഹത്തിെൻറ പ്രവൃത്തികളിലെ സൂക്ഷമതയും ചടുലതയും ഒരു വട്ടം കണ്ടവര്‍ക്ക് ഇദ്ദേഹത്തിെൻറ സേവനങ്ങളെപ്പറ്റി ഓര്‍ക്കാതിരിക്കാനാവില്ല. 1991ല്‍ ഒമാനിലെത്തിയതാണ് ജലീല്‍. ബലദിയയില്‍ മരുന്നു തളിക്കുന്ന ജോലിയിലാണ് ആദ്യം വന്നത്.
മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ശ്മശാനത്തിലെ ജോലിയില്‍ യാദൃച്ഛികമായാണ് ഇദ്ദേഹം എത്തിപ്പെട്ടത്. ഒരിക്കല്‍ മൃതശരീരവുമായി ഖബറടക്കാന്‍ ആളുകളെത്തിയപ്പോള്‍ അവിടുത്തെ സ്ഥിര ജോലിക്കാരനായ സ്വദേശി സ്ഥലത്തില്ലാതെ വന്നു. മരിച്ചയുടന്‍ ശരീരത്തിലെ ചൂടാറുന്നതിനുമുേമ്പ മറവുചെയ്യുക എന്നതാണ് ഒമാനികളുടെ രീതി. അതിനാല്‍, നാട്ടില്‍വെച്ച് നടത്തിയ മയ്യിത്ത് പരിപാലന ബന്ധവും മദ്രസാധ്യാപന വഴിയുള്ള ഭാഷാ അറിവും വെച്ച് കർമങ്ങള്‍ ചെയ്തു കൊടുത്തു. പിന്നെ അത് സ്ഥിരം തൊഴിലായി. ഇതുവരെ മൂവായിരത്തിനടുത്ത് മൃതദേഹങ്ങള്‍ കര്‍മങ്ങള്‍ നടത്തി മറവുചെയ്തിട്ടുണ്ട് ഇദ്ദേഹം... അതില്‍ പല രാജ്യക്കാരുമുണ്ട്.
ചെറിയ കുട്ടികളുടെ ആയിരക്കണക്കിന് മയ്യിത്തുകള്‍ വേറെയും അടക്കി. പല നാട്ടുകാരില്‍ പെട്ടവരും ഇതിലുണ്ട്. അവരവരുടെ നാട്ടില്‍വെച്ച് മാത്രമല്ല മറുനാട്ടിലും നമുക്കേവര്‍ക്കും മരണമുണ്ട്. നാം ജനിക്കുമ്പോള്‍തന്നെ മരണവും നമ്മോടൊപ്പം പ്രവേശിച്ചിട്ടുണ്ട് എന്നത് ഓര്‍ത്താല്‍ മരണത്തെയും മരണാനന്തര കർമങ്ങളെയും ആരും ഭയക്കില്ല എന്ന് ഖബറിസ്ഥാനോട് ചേര്‍ന്ന സ്ഥലത്തുതന്നെ താമസിക്കുന്ന ജലീല്‍ പറയുന്നു. ഒരു മൃതശരീരം മറവുചെയ്യാനായി കൊണ്ടുവന്ന് സജീവമായി അവസാനം വരെ പ്രവർത്തിച്ച ഒരു മലയാളി യുവാവ് പിന്നീട് സ്വയം മരണം വരിച്ച് മുന്നിലെത്തിയത് നടുക്കുന്ന ഒരു ഓർമയായി മുന്നിലുണ്ട്.
ജോലിക്കിടയില്‍ മനസ്സിനെ പിടിച്ചുലച്ച ഒന്നു രണ്ടു സംഭവങ്ങള്‍ ജലീല്‍ പറഞ്ഞു തന്നു. ഒരു മകന്‍ പെട്ടെന്നുള്ള ക്ഷോഭത്തില്‍ ഉമ്മയെ ചവിട്ടി, ചവിട്ടേറ്റ ഉമ്മ പരിക്ക് പറ്റി ചികിത്സയിലിരിക്കെ മരിച്ചു. ഉമ്മയുടെ ഖബറടക്കത്തിന് കൊണ്ടുവന്നപ്പോള്‍ മകനെ കണ്ടിരുന്നു. ഉമ്മയുടെ മരണ കാരണം പറഞ്ഞ് അറിഞ്ഞതാണ്. അധികം താമസിയാതെ മകന് കാലിന് മാരകമായ അസുഖം വരുകയും കാലുമുറിച്ച് മാറ്റിയിട്ടും രക്ഷപ്പെടാതെ മരിക്കുകയും ചെയ്തു. ആ മകെൻറയും ഖബറടക്കം നടത്തിയപ്പോള്‍ ദൈവിക ശിക്ഷ പരീക്ഷണമായി അനുഭവിച്ചത് അറിഞ്ഞു.
മനസ്സിനെ പിടിച്ചുലക്കിയ മറ്റൊരു സംഭവമാണ് ചെറുപ്പക്കാരായ മൂന്ന് സഹോദരങ്ങളുടെ മരണം. മൂന്നു പേരും മയക്കുമരുന്നിന് അടിമപ്പെട്ടവരായിരുന്നു. ജ്യേഷ്ഠന് മരിച്ചപ്പോ മയ്യിത്ത് കാണിച്ച് അനുജന്മാരെ ഞാൻ ഉപദേശിച്ചുവെന്ന് ജലീല്‍ പറയുന്നു. നിങ്ങള് അത്തരം പരിപാടികളില്‍നിന്ന് മാറിനിന്നില്ലെങ്കില്‍ ഇതേ അനുഭവമായിരിക്കും എന്നും അവരോട് പറഞ്ഞപ്പൊ തലയാട്ടി സമ്മതിച്ചു പോയതാണ്. ആറുമാസത്തിനുള്ളില്‍ മറ്റു രണ്ടു സഹോദരന്മാരും ഏട്ടെൻറ വഴിയില്‍തന്നെ പോയി. ആ മൂന്നു മക്കളുടെയും ഖബറിടം കാണാന്‍ ബാപ്പ ഇടക്കിടെ വരും. കൈപിടിച്ചു കരയും. മനസ്സിനെ പിടിച്ചുലച്ച ഇത്തരം നിരവധി നടുക്കുന്ന അനുഭവങ്ങള്‍ ജോലിയുടെ ഭാഗമായി നേരിടേണ്ടിവന്നിട്ടുണ്ട്.
അതുപോലെ അപകടത്തില്‍പെട്ട് രക്തത്തില്‍ കുളിച്ചു വരുന്ന മയ്യിത്തിനെ കൈകാര്യം ചെയ്യേണ്ടി വന്നത് നടുക്കുന്ന ഓര്‍മകളാണ്. രക്തത്തില്‍ കുളിച്ചു വരുന്ന ഉറ്റവരുടെ ജഡാവസ്ഥ കണ്ട് അടുത്ത ബന്ധുക്കള്‍ പോലും പേടിച്ച് ഭയന്ന് മാറിനിക്കുകയാണ് ചെയ്യാറ്. അത്തരം അവസ്ഥയിൽ അവരെ പുറത്തു നിര്‍ത്തി എല്ലാം വൃത്തിയാക്കി വീട്ടുകാര്‍ക്ക് കാണാൻ പാകത്തില്‍ ശരിപ്പെടുത്തിയിട്ട് അവരെ വിളിച്ചു കാണിക്കാറാണ് പതിവ്. അപകടത്തില്‍പെട്ട് വരുന്നവരെ കുളിപ്പിച്ച് കഫന്‍ ചെയ്യാന്‍ മണിക്കൂറുകളെടുക്കും.
തകര്‍ന്നു തരിപ്പണമായ മയ്യിത്ത് കൂട്ടി ഒരുമിപ്പിക്കാന്‍ ആറു മണിക്കൂറൊക്കെ എടുക്കാറുള്ളതായി ജലീല്‍ പറയുന്നു. അങ്ങനെ പല രീതിയിലുള്ള മരണങ്ങള്‍ കർമങ്ങള്‍ക്കായി എത്താറുണ്ട്. എല്ലാം ആദരവോടെയും ബഹുമാനങ്ങളോടെയും കൈകാര്യം ചെയ്താണ് അടക്കാറുള്ളത്. ഇതൊരു തൊഴില്‍ എന്നതിലുപരി പുണ്യകർമമായും കരുതിയാണ് ചെയ്യാറുള്ളത്. നിരന്തരം ചെയ്യുന്ന ജോലിയായിട്ടും യാന്ത്രികത അനുഭവപ്പെടാറില്ല. കാരണം ഭൂമിയില്‍ ഓടിച്ചാടി ജീവിച്ച ഒരു മനുഷ്യെൻറ അവസാന യാത്രക്കുള്ള ഒരുക്കങ്ങളാണ് ഞാൻ നടത്തുന്നത്. ഇനി മരിച്ചയാള്‍ക്ക് ഭൂമിയിൽ റോളില്ല. അതിനാല്‍ പരിപാവനമായ രീതിയിലാണ് കര്‍മങ്ങള്‍ ചെയ്ത് അയക്കാറുള്ളത്.
അതുകൊണ്ടുതന്നെ ഭയമോ അറപ്പോ ലവലേശം ജോലിയില്‍ തോന്നാറില്ല. ഏത് നട്ടപ്പാതിരാക്കും ഭയലേശമന്യേ ഖബർസ്ഥാനിലൂടെ വരുകയും പോവുകയും ചെയ്യാറുണ്ട്. ഓര്‍ക്കാപ്പുറത്ത് എത്തുന്ന മരണം പോലെയാണ് ഖബര്‍ തൊഴിലാളിയുടെ ജോലിയും ജീവിതവും. മൃതദേഹവുമായി ഏതു നേരത്തും വണ്ടികളെത്തും. അതിനാല്‍, 24 മണിക്കൂറും ഇവിടെ തന്നെ കാണും. മിക്കവാറും രാത്രികളിലാണ് അധികവും മരണപ്പെട്ടവരുമായി വാഹനമെത്താറുള്ളത്. ഏതു നേരത്ത് എത്തിയാലും മടികൂടാതെ സംസ്കരിച്ച് മറമാടും. മരണപ്പെട്ടവര്‍ക്ക് ശുശ്രൂഷ ചെയ്യുന്ന ജോലി സംതൃപ്തിയോടെയാണ് ചെയ്യുന്നത്.
ജീവനറ്റാല്‍ അടുത്ത ബന്ധുക്കള്‍ പോലും ഭയപ്പെട്ട് മാറിനില്‍ക്കുമ്പോള്‍ ഇദ്ദേഹം ഓടി നടന്ന് കര്‍മങ്ങള്‍ നടത്തിക്കൊടുക്കുന്നു. അപകടങ്ങളില്‍പെട്ട് ചിന്നഭിന്നമായ ശരീരങ്ങള്‍ മണിക്കൂറകളെടുത്ത് ശരീര രൂപത്തിലാക്കി മറവ് ചെയ്തും ആരോരും നോക്കാനില്ലാതെ ദിവസങ്ങള്‍ പഴകി നാറിയ മൃത ശരീരങ്ങളും കൈകാര്യം ചെയ്ത അനുഭവവുമൊക്കെ ഇത്രയും കാലത്തെ ശ്മശാന ജീവിതത്തിലുണ്ടായ മനസ്സിനെ പിടിച്ചുലച്ച സംഭവങ്ങളാണ്. മോര്‍ച്ചറിയില്‍നിന്നുമെത്തുന്ന മൃതദേഹവും മുങ്ങിമരിച്ചെത്തുന്ന മൃതദേഹവുമൊക്കെ കുളിപ്പിച്ചും കഫൻ ചെയ്തും അന്ത്യകര്‍മങ്ങള്‍ നടത്തി മറവുചെയ്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ സ്വദേശികള്‍ക്കൊക്കെ ഇദ്ദേഹത്തെ വലിയ കാര്യമാണ്. എവിടെ എത്തിപ്പെട്ടാലും ഒരു പരിചയവുമില്ലാത്തവർ വാത്സല്യത്തോടെ പെരുമാറുന്നതു കണ്ട് അത്ഭുതപ്പെടാറുണ്ടെന്ന് ജലീല്‍ പറയുന്നു.അതൊക്കെ ഇവിടെ ചെയ്യുന്ന സേവനങ്ങളിലുള്ള ഉപകാരസ്മരണയാണ്. മരണത്തിെൻറ യാതനകള്‍ ഏറെ കണ്ട ഈ മനുഷ്യൻ മരിച്ചവര്‍ക്ക് ശുശ്രൂഷകള്‍ ചെയ്തു ജീവിക്കുന്നു. ഇത്തരമൊരു ജോലിയില്‍ ഏര്‍പ്പെട്ടതിനാല്‍ ഒരു പാടുപേരുടെ പ്രാർഥനകള്‍ എനിക്ക് ലഭിക്കുന്നു. അത് എന്തെന്നില്ലാത്ത സംതൃപ്തി പകരുന്ന കാര്യമാണെന്നും ഇദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.