അപൂർവമായൊരു ജീവിതകഥയാണിത്. പൊലീസിനാൽ കൊല്ലപ്പെടുമെന്ന് ഉറപ്പായപ്പോൾ, തന്റെ കരൾ പാതിയായ ഭാര്യയെയും രണ്ടു പിഞ്ചുമക്കളെയും ശേഷിക്കുന്ന കാലം പോറ്റണമെന്ന് ആവശ്യപ്പെട്ട ഒരു വിപ്ലവകാരിയുടെ കഥ. അതുകേട്ട് മറുത്തൊന്നും പറയാതെ അത് ശിരസ്സാവഹിച്ച ഒരു നെയ്ത്തുകാരൻ യുവാവിന്റെയും അങ്ങനെ മറ്റൊരു തണലിലേക്ക് പറിച്ചു നടപ്പെട്ട ഒരു വീട്ടമ്മയുടെയും കൂടി കഥ.
നെയ്ത്തുകാരന് പറയുന്നു
തണ്ടാശ്ശേരി രാഘവൻ എന്ന വിപ്ലവകാരി ഏൽപിച്ച, അദ്ദേഹത്തിന്റെ പത്നിയെയും കുഞ്ഞുങ്ങളെയും സ്നേഹ സംരക്ഷണങ്ങളുടെ ഉൗടുംപാവും നെയ്ത് ഒരായുസ്സു മുഴുവൻ സംരക്ഷിച്ചത്, ആശാനെന്നും സ്വാമിയെന്നും നാട്ടുകാർ വിളിക്കുന്ന ഗംഗാധരനാശാൻ. പ്രായം 95ലെത്തി നിൽക്കുന്ന ഗംഗാധരനാശാൻ വാർധക്യ പീഡകൾക്കിടയിലും അക്കാലത്തെ ഒാർത്തെടുക്കുകയാണ്. കാലത്തിന്റെ കുത്തൊഴുക്കിൽപെട്ട് മായാത്ത ആ ഒാർമകളിലൂടെ...
‘കൊല്ലം ജില്ലയുടെ വടക്കേയറ്റത്താണ് ഞങ്ങളുടെ നാടായ ശൂരനാട്. അവിടത്തെ പ്രമാണി കുടുംബമായ ‘തെന്നല’ക്കാരുടെ കൊടിയ ചൂഷണത്തിൽ നാട്ടുകാർ പൊറുതിമുട്ടിയ കാലം. പണിചെയ്താൽ കൂലി കൊടുക്കില്ല. വസ്ത്രം ധരിക്കാൻ അനുവദിക്കില്ല. പുരയിടത്തിൽ കുഴി കുത്തി അതിൽ തേക്കില വെച്ച് വിളമ്പിയ കഞ്ഞി വേണം കുടിക്കാൻ.
അവർ തല്ലിയാൽ ഒന്നു കരയാൻ പോലും നിൽക്കാതെ തിരിഞ്ഞു നടന്നോണം. ഇൗ അനീതികൾക്കെതിരെ, സമീപനാടായ ആലപ്പുഴയിലെ വള്ളികുന്നത്തുനിന്നെത്തിയ തോപ്പിൽ ഭാസിയും ശങ്കരനാരായണൻ തമ്പിയും പുതുപ്പള്ളി രാഘവനും ഞങ്ങളെ സംഘടിപ്പിച്ചു. കൊടിയ അനീതിക്കെതിരെ ഞങ്ങൾ പ്രതികരിക്കാൻ തീരുമാനിച്ചു. 1949 ഡിസംബർ 27ന് തെന്നല കുടുംബം ലേലത്തിനെടുത്ത ഉള്ളന്നൂർ കുളത്തിൽനിന്ന് ഞങ്ങൾ തീരുമാനിച്ച പ്രകാരം തോർത്ത് ഉപയോഗിച്ച് മീൻ പിടിച്ചു. ഇതറിഞ്ഞ തെന്നലക്കാർ കോപിച്ചു. അടൂരിലാണ് അന്ന് പൊലീസ് സ്റ്റേഷൻ. അവിടെ നിന്ന് സബ് ഇൻസ്പെക്ടർ മാത്യുവിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി. ഡിസംബർ 31ന് ഉച്ചക്ക് പൊലീസിന് തെന്നലയിൽ വിഭവസമൃദ്ധമായ സദ്യ നൽകി. അന്ന് രാത്രി അവർ ഞങ്ങളെ തേടിയിറങ്ങി. തെന്നലക്കാർക്കെതിരെ പ്രതികരിച്ച ശൂരനാെട്ട കമ്യൂണിസ്റ്റ് സെല്ലിനെ ഇല്ലായ്മ ചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം.
എന്നാൽ, ആ രാത്രി കിഴകട പാടത്ത് സബ് ഇൻസ്പെക്ടർ മാത്യുവും നാലു പൊലീസുകാരും മരിച്ചുവീണു. അതിനുമുമ്പുള്ള പകലും രാത്രിയും ഞങ്ങളുടെ വീടുകളിൽ കയറി പൊലീസ് കാണിച്ച അതിക്രമത്തിനുള്ള കമ്യൂണിസ്റ്റ് സെല്ലിെൻറ മറുപടി കൂടിയായിരുന്നു ആ കൊലപാതകങ്ങൾ. അന്ന് തിരുവിതാംകൂർ സ്റ്റേറ്റാണ്. പറവൂർ ടി.കെ. നാരായണപിള്ളയാണ് പ്രധാനമന്ത്രി. ‘ശൂരനാട് എന്നൊരു ദേശം ഇനി വേണ്ട’ എന്ന് അദ്ദേഹം 1950 ജനുവരി ഒന്നിന് പ്രഖ്യാപിച്ചു. നൂറുകണക്കിന് പൊലീസുകാർ ശൂരനാടെന്ന ചെറുഗ്രാമത്തിലെത്തി പൊയ്കയിൽ മുക്കിൽ ക്യാമ്പ് തുറന്നു. കമ്യൂണിസ്റ്റ് സെല്ലിലെ യുവാക്കളെ തേടി വീടുകളിലെത്തി സ്ത്രീകളെയും കുഞ്ഞുങ്ങളെയും വൃദ്ധ മാതാപിതാക്കളെയും ഉപദ്രവിച്ചു. പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തു. ഇതോടെ, ശൂരനാട് സംഭവത്തിലെ പ്രധാന പ്രതിയായ തണ്ടാശ്ശേരി രാഘവൻ കീഴടങ്ങാൻ തീരുമാനിച്ചു. അദ്ദേഹം ജനുവരി 16ന് കീഴടങ്ങാൻ പോകുന്ന വഴി എന്നെത്തേടി ഞങ്ങളുടെ മഞ്ഞാടിയിൽ വീട്ടിലെത്തി.
"സഖാവേ... എന്െറ കരള്പാതി നെന്നെയേല്പിക്കുന്നു'
26 പ്രതികളാണ് ശൂരനാട് സംഭവത്തിൽ ഉണ്ടായിരുന്നത്. എല്ലാ ഒരുക്കങ്ങളിലും ഞാൻ ഉൾപ്പെട്ടിരുന്നെങ്കിലും എന്റെ പ്രായക്കുറവും പതിഞ്ഞ സ്വഭാവവും കാരണം പൊലീസിന്റെ ശ്രദ്ധയിൽപെടാതെ പോയി. അതുകൊണ്ടു തന്നെ പ്രതിയായില്ല. കുറ്റിപ്പുറം ചന്തയിൽ വിൽക്കാൻ വേണ്ടി വീട്ടിൽ മുരിങ്ങക്കായ പറിച്ചുകൊണ്ടു നിൽക്കുകയായിരുന്നു ഞാൻ. ‘എടാ ഗംഗാധരാ’ എന്ന വിളികേട്ട് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ സഖാവ് തണ്ടാശ്ശേരി രാഘവൻ. അന്നദ്ദേഹത്തിന് 38 വയസ്സ് വരും ആറടിയിലധികം പൊക്കം. ഘനഗംഭീരമായ ശബ്ദം. കൈലിയും ബനിയനുമാണ് വേഷം. തോളിലൊരു തോർത്ത് ഇട്ടിട്ടുണ്ട്.
ഞാൻ അടുത്തേക്ക് ചെന്നു അരികിൽ ചേർത്തുനിർത്തി വലതു കൈയെടുത്ത് എന്റെ തോളിൽ െവച്ചിട്ടു പറഞ്ഞു. ‘സരോജിനിയെയും കുഞ്ഞുങ്ങളെയും അവർ വല്ലാതെ ഉപദ്രവിക്കുന്നു. രണ്ടാഴ്ചക്കിടക്ക് 50ലേറെ തവണ പൊലീസ് എന്നെത്തേടി വീട്ടിൽ ചെന്നു. സരോജിനിയെ മുടിക്ക് കുത്തിപ്പിടിച്ച് നിലത്തടിച്ചു. അവളുടെ തലപൊട്ടി. ഇനിയും ഞാൻ ഒളിവിൽ കഴിഞ്ഞാൽ അവർ എന്റെ സേരാജിനിയെയും കുഞ്ഞുങ്ങളെയും കൊല്ലും. ഞാൻ കീഴടങ്ങാൻ പോവുകയാണ്. എന്നെ കിട്ടിയാൽ അവർ ഇടിച്ചു കൊല്ലും. ഇനി നമ്മൾ കണ്ടെന്നുവരില്ല. എന്നെ അവർ കൊന്നാൽ എന്റെ സരോജിനിയെയും കുഞ്ഞുങ്ങളെയും നീ സംരക്ഷിക്കണം’. ഇത്രയും പറഞ്ഞപ്പോഴേക്കും തണ്ടാശ്ശേരി വിതുമ്പി. തോളിൽ കിടന്ന തോർത്തുകൊണ്ട് അദ്ദേഹം കരച്ചിൽ കടിച്ചമർത്താൻ ശ്രമിച്ചു. എന്നിട്ട് നെഞ്ചുയർത്തി വടക്കോട്ട് നടന്നുപോയി. പൊയ്കയിൽ മുക്കിലെ പൊലീസ് ക്യാമ്പിലേക്ക്. എന്തുപറയണമെന്നറിയാതെ ഞാനത് നോക്കി നിന്നു.
രണ്ടാം നാള് എത്തിയ മരണവാര്ത്ത
തണ്ടാശ്ശേരിയെ അന്നു തന്നെ പൊലീസ് അടൂരിലേക്ക് കൊണ്ടുപോയി. പൊയ്കയിൽ മുക്കിലെ നാട്ടുകാർ പറഞ്ഞറിഞ്ഞതാണ്. രണ്ടു ദിവസം കഴിഞ്ഞ്, ജനുവരി 18 ഉച്ചയോടെ തണ്ടാശ്ശേരി പൊലീസ് ലോക്കപ്പിൽ കൊല്ലപ്പെട്ട വാർത്തയെത്തി. ശൂരനാട് രക്തസാക്ഷി ദിനമായി കമ്യൂണിസ്റ്റ് പാർട്ടികൾ സംയുക്തമായി ആചരിക്കുന്നത് ഇൗ ദിവസമാണ്. പിന്നാലെ കാഞ്ഞിരപ്പള്ളി വടക്ക് പുരുഷോത്തമക്കുറുപ്പും പായ്ക്കാലിൽ ഗോപാല പിള്ളയും മഠത്തിൽ ഭാസ്കരൻ നായരും കളക്കാട്ടുതറ പരമേശ്വരൻ നായരും പൊലീസ് ലോക്കപ്പിലും ജയിലുകളിലുമായി രക്തസാക്ഷിത്വം വരിച്ചു. ശേഷിച്ച 21 പ്രതികളെയും കോടതി ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിച്ചു. 1957ൽ ഇ.എം.എസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇവരെയെല്ലാം േമാചിപ്പിച്ചു. ഇവരിൽ ഒരാൾപോലും ഇന്ന് ജീവിച്ചിരിക്കുന്നില്ല. എല്ലാറ്റിനും സാക്ഷിയായ ഞാൻ മാത്രം ശേഷിക്കുന്നു. തിരിഞ്ഞുനോക്കുേമ്പാൾ അഭിമാനം തോന്നുന്നുവെങ്കിലും പാർട്ടിയുടെ പിളർപ്പ് ഇന്നും വല്ലാതെ വേദനിപ്പിക്കുന്നു. പിളർന്നതല്ലല്ലോ, പിളർന്ന് നശിച്ചു എന്നു പറയുന്നതാവും ശരി...
സഖാവ് ഏല്പിച്ച ചുമതലയിലേക്ക്
തണ്ടാശ്ശേരിയുടെ രക്തസാക്ഷിത്വത്തോടെ അദ്ദേഹത്തിന്റെ കുടുംബം തീർത്തും അനാഥമായിരുന്നു. 31 വയസ്സുള്ള ഭാര്യ സരോജിനിയും അഞ്ചുവയസ്സുകാരൻ സോമരാജനും കൈക്കുഞ്ഞായ വിശ്വനാഥനും അടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം ഞാൻ ഏറ്റെടുത്തു. നെയ്ത്തും കുടിപ്പള്ളിക്കൂടം നടത്തലുമായിരുന്നു എന്റെ തൊഴിൽ. കുറഞ്ഞൊരുകാലം മൂലപ്പാട്ട് ക്ഷേത്രത്തിലെ ശാന്തിക്കാരനുമായി. ആ കുടുംബത്തെ ഞാൻ സഖാവ് ആവശ്യപ്പെട്ട പ്രകാരം തന്നെ നോക്കി സംരക്ഷിച്ചു.
നാലാണ്ട് കഴിഞ്ഞപ്പോൾ ഞങ്ങൾ വിവാഹിതരായി. എനിക്കന്ന് 32 വയസ്സായിരുന്നു. തണ്ടാശ്ശേരിയുടെ വിധവക്ക് 35ഉം. 1956ൽ ഞങ്ങൾക്ക് മൂത്തമകൾ സുഷമ ജനിച്ചു. പിന്നെ സുധയും തമ്പാനും സുഗന്ധിയും. തണ്ടാശ്ശേരിക്ക് മറ്റൊരു ബന്ധത്തിൽ സുഷമ എന്നൊരു മകൾ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾക്ക് ഏഴ് മക്കൾ. സോമരാജന് ഇപ്പോൾ 71 വയസ്സായി. സോമരാജനും വിശ്വനാഥനും തമ്പാനും കൂടി മൈസൂരുവിൽ ഒന്നിച്ച് ബിസിനസ് ചെയ്യുന്നു. സുധയോടൊപ്പമാണ് ഞാൻ.
പൊലീസ് നടത്തിയ കൊടിയ പീഡനങ്ങളുടെ ശേഷിപ്പ് 2015 ഡിസംബർ 17ന് മരിക്കുന്നതു വരെയും സരോജിനിയെ വേട്ടയാടിയിരുന്നു. മുടിക്ക് കുത്തിപ്പിടിച്ച് നിലത്തടിച്ചപ്പോൾ തല പൊട്ടിയ പാട് മരണംവരെയും അവരുടെ തലയിൽ ഉണ്ടായിരുന്നു. ഇത്രയേറെ ത്യാഗം സഹിച്ച സരോജിനിയോടും മക്കളോടും പാർട്ടിയും പാർട്ടി നയിച്ച സർക്കാറുകളും ഒരു നീതിയും കാണിച്ചില്ല. തണ്ടാശ്ശേരിയുടെ ചോരയിലൂടെ ചവിട്ടി ജീവിത വിജയങ്ങളുടെ പടി കയറിയവരും പഴയതൊക്കെ മറന്നു. ‘പഴകെപ്പഴകെ പാലും പുളിക്കും’ എന്നല്ലേ ചൊല്ല് -ഗംഗാധരനാശാൻ പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.