കേരളത്തിലെ ഏറ്റവും വലിയ സമുദായ സംഘടനയുടെ അമരത്ത് 21 വര്ഷം പിന്നിട്ട, എസ്.എന്.ഡി.പി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുടുംബ ജീവിതത്തില് 50 വര്ഷം പൂര്ത്തിയാക്കിയിരിക്കുന്നു. അരനൂറ്റാണ്ട് പിന്നിട്ട ദാമ്പത്യജീവിതത്തെ കുറിച്ച് വെള്ളാപ്പള്ളിയും പത്നി പ്രീതിയും സംസാരിക്കുന്നു...
ചകിരിനാരുകൾ ഇഴ േചർക്കുന്ന കയർ വ്യവസായത്തിന്റെ കരുത്തിലാണ് വെള്ളാപ്പള്ളി കുടുംബം സമ്പന്നതയിലേക്കു വളർന്നത്. പിന്നീട് നിർമാണ കരാർ രംഗത്തു വളർന്നു പന്തലിച്ചപ്പോഴും ഇൗടുറപ്പിന്റെ രസക്കൂട്ട് അവർക്കു നന്നായി വഴങ്ങി. കാർക്കശ്യത്തിന്റെ കരുത്തും സമുദായ സ്നേഹവും കൂട്ടിയിണക്കി വെള്ളാപ്പള്ളി നടേശൻ കേരളത്തിലെ ഏറ്റവും വലിയ സമുദായ സംഘടനയുടെ തലപ്പത്ത് 21 വർഷം പിന്നിട്ടിരിക്കുന്നു. നാവിന്റെ ശേഷിയാണ് എന്നും വെള്ളാപ്പള്ളിയുടെ കരുത്ത്. കൊടിയുടെ നിറഭേദമില്ലാതെ എല്ലാ രാഷ്ട്രീയ സമുദായ നേതാക്കളും ആ നാവമ്പിന്റെ മുനയേറ്റു പിടഞ്ഞിട്ടുണ്ട്. എല്ലാവരുടെയും വിമർശനശരമേറ്റു പിടഞ്ഞുകൊണ്ടിരിക്കുന്നവർക്ക് അപ്രതീക്ഷിതമായി ആ നാവേറിന്റെ തലോടലുമുണ്ടാവും.
അതുകൊണ്ടുതന്നെ ശത്രുക്കളും മിത്രങ്ങളും ഒരുപോലെ. ഒടുവിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മഞ്ഞപ്പതാക സംഘ്പരിവാറിന്റെ കാവിക്കൊടിമരത്തിൽ കൂട്ടിക്കെട്ടി കേരളത്തിൽ പുതിയൊരു രാഷ്ട്രീയത്തിന്റെ ചേരുവയും അദ്ദേഹം പരീക്ഷിച്ചുനോക്കി. പ്രതീക്ഷിച്ച പരിഗണന കിട്ടാതെേപായപ്പോൾ പുതിയ മിത്രങ്ങളും ആ നാവിന്റെ ചൂടറിഞ്ഞു. ചേർത്തല കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി വീട്ടിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്ന അണികളോടും നേതാക്കളോടും കാര്യം നടക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അങ്ങനെതന്നെ തീർത്തുപറയും നടേശൻ. കാർക്കശ്യം െതല്ലും ചോരാതെ. എപ്പോഴും നിഴൽപോലെ കൂടെയുള്ള ഭാര്യ പ്രീതിയുമായുള്ള സ്നേഹദാമ്പത്യം 50 വർഷം പിന്നിടുന്ന വേളയിൽ വെള്ളാപ്പള്ളി നിലപാടുകൾ വ്യക്തമാക്കുന്നു. നിറം മങ്ങാതെ...
കുടുംബ പശ്ചാത്തലം
വെള്ളാപ്പള്ളി നടേശൻ: അച്ഛൻ വെള്ളാപ്പള്ളി കേശവൻ. അമ്മ ദേവകി. എെൻറ അമ്മ 10 പ്രസവിച്ചു. രണ്ട് ഇരട്ടകളടക്കം 12 മക്കൾ. ആറ് ആണും ആറു പെണ്ണും. ഞാനും ഇരട്ടയിലൊന്നാണ്. നടരാജനാണ് എന്റെ ഇരട്ട സഹോദരൻ. വലിയൊരു കുടുംബമായിരുന്നു ഞങ്ങളുടേത്. അടിസ്ഥാനപരമായി ഞങ്ങളുടെ കുടുംബം കയർ വ്യവസായികളുടേതായിരുന്നു. അച്ഛന്റെ മോഹൻദാസ് കയർ ഫാക്ടറി ഇംഗ്ലണ്ടിലേക്കടക്കം ധാരാളം കയർ കയറ്റുമതി ചെയ്തിരുന്നു. വീട്ടിൽ ഒരു ലക്ഷത്തോളം തേങ്ങ കിട്ടാറുണ്ടായിരുന്നു. 365 ദിവസവും തെങ്ങുകയറാനുണ്ടായിരുന്നു. എനിക്ക് 14 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീട് അമ്മയാണ് കുടുംബകാര്യങ്ങളെല്ലാം നടത്തിയിരുന്നത്. അച്ഛൻ ഇഷ്ടംപോലെ സ്വത്ത് ഉണ്ടാക്കിയിരുന്നു. അതെല്ലാം നോക്കിനടത്തിയതും അമ്മയാണ്.
പ്രീതി: കാർത്തികപ്പള്ളി കമലാലയത്തിൽ ശാർങ്ഗധരന്റെയും സാവിത്രിക്കുട്ടിയുടെയും മകളാണ്. എന്റെ കുടുംബത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ട്. നടേശേട്ടൻ എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിലേക്കു വരുന്നതിനു മുമ്പുതന്നെ എന്റെ സഹോദരൻ കാർത്തികപ്പള്ളി യൂനിയൻ പ്രസിഡൻറായിരുന്നു. അച്ഛൻ എസ്.എൻ ട്രസ്റ്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.
രാഷ്ട്രീയം
ഫോർത്ത് ഫോറത്തിൽ പഠിക്കുേമ്പാൾ തന്നെ കെ.എസ്.യുവിൽ സജീവമായിരുന്നു. എ.കെ. ആൻറണി, അലിയാർ, കുര്യാക്കോസ് തുടങ്ങിയ ആദ്യകാല കെ.എസ്.യു നേതാക്കൾക്കൊപ്പം ഉൗർജിതമായി പ്രവർത്തിച്ചു. കണിച്ചുകുളങ്ങര സ്കൂളിലെ ആദ്യ കെ.എസ്.യു ചെയർമാനായിരുന്നു ഞാൻ. പക്ഷേ, രാഷ്ട്രീയം കളിച്ചു നടന്നതിനാൽ സിക്സ്ത് ഫോറത്തിൽ (ഇന്നത്തെ എസ്.എസ്.എൽ.സി) തോറ്റുപോയി. പിന്നീട് ചേർത്തലയിൽ ട്യൂേട്ടാറിയൽ കോളജിലായി പഠനം. അവിടെയും പൊതുപ്രവർത്തനത്തിനു കുറവുണ്ടായിരുന്നില്ല. ബാലജനസഖ്യത്തിലൊക്കെ സജീവമായിരുന്നു. പിന്നീട് വായനശാല പ്രവർത്തനങ്ങളിലും സജീവമായി. മദ്യപാന വിപത്തിനെതിരെ ചെറുപ്പക്കാരെ സംഘടിപ്പിച്ചു സമരത്തിനിറങ്ങിയതാണ് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കലാശിച്ചത്. അമ്പലത്തിൽ ഉത്സവത്തോടനുബന്ധിച്ചു കള്ള് കുടിച്ചു കൂത്താടി നടത്തുന്ന അനാചാരത്തിനെതിരെ ചെറുപ്പക്കാരെ അണിനിരത്തി. അമ്പലം ഭരണത്തിലുണ്ടായിരുന്ന കോൺഗ്രസുകാരനായ ജന്മി ഇൗ അനാചാരത്തിനൊപ്പം നിൽക്കുന്ന സമീപനമായിരുന്നു.
കോൺഗ്രസുകാരും മുതലാളിക്കൊപ്പം നിന്നു. ആ സമരത്തിൽ കമ്യൂണിസ്റ്റുകാരാണ് എനിക്കൊപ്പം നിന്നത്. ചെറുപ്പം മുതലേ കൂടെക്കൊണ്ടുനടന്ന കോൺഗ്രസ് വികാരം അങ്ങനെ കമ്യൂണിസത്തിനു വഴിമാറി. 1964ൽ ദേവസ്വം തെരഞ്ഞെടുപ്പിൽ ഇൗ മുതലാളിയെ തോൽപിച്ച് അമ്പലഭരണം പിടിച്ചെടുത്തു. ഇപ്പോഴും മാറ്റമില്ലാതെ ആ സ്ഥാനത്തു തുടരുകയാണ്. 1963ൽ കണിച്ചുകുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ ഇടതുപക്ഷ സ്ഥാനാർഥിയായതാണ് ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടം. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴയിലെ അന്നത്തെ പ്രമുഖ നേതാക്കളെല്ലാം പ്രചാരണത്തിനായി വന്നിരുന്നു. വി.എസ്. അച്യുതാനന്ദനുമായിെട്ടാക്കെ അന്നു വലിയ അടുപ്പമാണ്. പക്ഷേ, തെരഞ്ഞെടുപ്പിന്റെ തലേന്ന് കോൺഗ്രസുകാരനായ എതിർസ്ഥാനാർഥി എനിക്ക് വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നു കരുതിയ കുറെ ആളുകളെ സമ്മേളനമെന്നു പറഞ്ഞു വീട്ടിൽവിളിച്ചു കലാപരിപാടികളൊക്കെ നടത്തി ഗേറ്റ് പൂട്ടിയിട്ടു. അവർക്ക് വോട്ടുചെയ്യാനേ കഴിഞ്ഞില്ല. പെട്ടി പൊട്ടിച്ചപ്പോൾ 16 വോട്ടിന് ഞാൻ പൊട്ടി.
കച്ചവടം
പൊതുപ്രവർത്തനവും നാട്ടുകാര്യവുമായി അലഞ്ഞുനടക്കുന്നതിന് തടയിടാൻ അമ്മ ഒരു കച്ചവടം ഇട്ടുതന്നു. പലചരക്ക് മൊത്തവ്യാപാരമായിരുന്നു. വീടിനു മുന്നിൽത്തന്നെയായിരുന്നു കട. കൊച്ചിയിൽനിന്നാണു സാധനങ്ങൾ കൊണ്ടുവരുക. ചേർത്തല പരിസരത്തുള്ള ചെറുകിട കച്ചവടക്കാരെല്ലാം എന്റെ കടയിൽനിന്നാണു സാധനങ്ങൾ വാങ്ങിയിരുന്നത്. 1000 രൂപയൊക്കെ അന്നു വലിയ തുകയാണ്. 1000 രൂപയുമായി വരുന്നവർക്ക് ഞാൻ 1500 രൂപയുടെ സാധനങ്ങൾ കൊടുക്കും. 500 കടം. കൂടാതെ അയൽഭാഗങ്ങളിലെ പാവപ്പെട്ടവരും. പണമില്ലാതെ വരുന്നവരെ വെറുംകൈയോടെ മടക്കി അയക്കാൻ മടിയായിരുന്നു. അങ്ങനെ കടംകൊടുത്തു കട കാലിയായി. മൂന്നു തവണ ഇങ്ങനെ അമ്മ പണം തന്നു. മൂന്നു തവണയും കട പൊട്ടി. ഒടുവിൽ എന്നെ നോക്കാൻ അമ്മ അമ്മാവനെ സൂപ്പർവൈസറായി കടയിൽ കൂടെ ഇരുത്തി. അമ്മാവൻ ഇരുന്നിട്ടും ഞാൻ കടം കൊടുത്തുകൊണ്ടിരുന്നു. ഇവനെക്കൊണ്ടു രക്ഷയില്ലെന്ന് അമ്മാവനും മനസ്സിലായി. കട പിന്നെയും കാലിയായി. കച്ചവടം നിർത്തി. അമ്മ പിന്നീട് എന്നെ കോൺട്രാക്ടറായിരുന്ന ജ്യേഷ്ഠൻ മോഹൻദാസിന്റെ കൂടെ സഹായിയായി വിട്ടു. തണ്ണീർമുക്കം ബണ്ടിന്റെ പണിയാണ് ആദ്യം നോക്കിനടത്തിയത്.
ഒരുമിച്ചുള്ള ജീവിതം അരനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണല്ലോ. കുടുംബജീവിതത്തെ എങ്ങനെ കാണുന്നു?
വെള്ളാപ്പള്ളി: ദൈവത്തിന്റെ കാരുണ്യമായി കാണുന്നു. 50 കൊല്ലം വിവാഹജീവിതം സുഖകരമായി കൊണ്ടുപോകാൻ കഴിഞ്ഞത് അതുകൊണ്ടു മാത്രമാണ്. പരസ്പരവിശ്വാസവും ധാരണയുമാണ് ഞങ്ങളുടെ ദാമ്പത്യത്തിന്റെ വിജയം. ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായവ്യത്യാസവുമില്ല. ഭാര്യക്ക് ഒരു പെട്ടി, എനിക്ക് ഒരു പെട്ടി എന്ന സമ്പ്രദായം ഞങ്ങളുടെ വീട്ടിൽ ഇല്ല. രണ്ടു പേരും ഒരേ പെട്ടിയിൽനിന്നെടുത്തു ചെലവാക്കും. ഒരു പൈസയും അനാവശ്യമായി ചെലവഴിക്കുകയുമില്ല. ആദ്യം കണ്ട പെണ്ണിനെത്തന്നെ ഭാര്യയാക്കി എന്നതാണ് എന്റെ വിവാഹത്തിന്റെ പ്രത്യേകത. ജാതകമഹിമകൊണ്ടു മാത്രമാണ് വിവാഹം നടന്നത്. കുടുംബമഹിമ ഒരു കാരണമായിട്ടുണ്ടാവാമെന്നു മാത്രം.
പ്രീതി: ഗുരുവിന്റെയും ദൈവത്തിന്റെയും അനുഗ്രഹം. ആയുസ്സും ആരോഗ്യവും തന്നതുകൊണ്ടല്ലേ ഇതു സാധിച്ചത്. ഒരുപാട് പ്രതിസന്ധികൾ കടന്നാണ് ഞങ്ങൾ ഇൗ നിലയിൽ എത്തിയത്. ഇതുവരെ വിവാഹവാർഷികം ഞങ്ങൾ ആഘോഷിച്ചിട്ടില്ല. ആ തീയതി ഒാർത്തിരിക്കാറുമില്ല. ഇത്തവണ മക്കളാണ് ഇങ്ങനെയൊരു ആേഘാഷവും സർപ്രൈസുമൊക്കെ തീരുമാനിച്ചത്.
അമ്പതാം വിവാഹ വാർഷികാഘോഷങ്ങളുടെ ഭാഗമായി വീണ്ടും വിവാഹിതരായല്ലോ. അതിന്റെ സങ്കൽപമെന്താണ്?
രണ്ടാം തവണയല്ല, നാലാം പ്രാവശ്യമാണു ഞങ്ങൾ വിവാഹിതരാവുന്നത്. മുഹൂർത്തം നോക്കി ആലപ്പുഴ നരസിംഹപുരം ഒാഡിറ്റോറിയത്തിലായിരുന്നു ആദ്യം. അന്നുതന്നെ കണിച്ചുകുളങ്ങര അമ്പലനടയിലും ഞങ്ങൾ മാലയിട്ടു. അറുപതാം പിറന്നാളിനായിരുന്നു മൂന്നാമത്തേത്. പൂജാവിധികൾ മാനിച്ച് അവരുടെ ഉപദേശപ്രകാരം പ്രതീകാത്മകമായി നടത്തുന്നതാണ് ഇൗ ചടങ്ങുകൾ.
സ്വയം കാണുന്ന ഏറ്റവും നല്ല ഗുണം?
സ്വന്തമായി ഒരു ഗുണവും കാണുന്നില്ല. അറിവില്ലാത്തവനെന്ന ബോധം എപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ അറിവുള്ളവർ പറയുന്നതു കേട്ട് സാമാന്യബുദ്ധിക്കനുസരിച്ചു പ്രവർത്തിക്കുന്നു.
സ്വയം കാണുന്ന ഏറ്റവും വലിയ ദോഷം?
കണ്ടത്, തോന്നിയത് അപ്പോൾ പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല.
ഭർത്താവിൽ കാണുന്ന ഏറ്റവും നല്ല ഗുണം?
പ്രീതി: അനുകമ്പ. വിവാഹിതയായി വെള്ളാപ്പള്ളി തറവാട്ടിലേക്കു വന്നതു മുതൽ എനിക്കു ബോധ്യമുള്ള കാര്യമാണിത്. നടേശേട്ടൻ അന്നു പലചരക്ക് വ്യാപാരം നടത്തുകയാണ്. പട്ടിണിപ്പാവങ്ങളായ നാട്ടുകാരിൽ പലരും സന്ധ്യയോടെ വീട്ടിലെത്തും. ഒരുനേരത്തെ ഭക്ഷണത്തിനുള്ള വകയായിരിക്കും വേണ്ടത്. നെല്ല് കുത്തി അരിയാക്കി പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്നതിൽനിന്ന് എടുത്തുകൊടുക്കാൻ എന്നോടു പറയും. പിറ്റേന്നു രാവിലെ അമ്മ വന്നുനോക്കുേമ്പാൾ അരി കുറവായിരിക്കും. കാര്യം അറിയുേമ്പാൾ അവൻ ധാരാളിയാണ് എന്ന് അമ്മ പറയും. പുറമെ വഴക്കുപറയുമെങ്കിലും അമ്മയും അങ്ങനെതന്നെയായിരുന്നു. ഗുരുധർമത്തിലധിഷ്ഠിതമായ ജീവിതമാണു ഞങ്ങളുടേത്.
പൊതുകാര്യങ്ങളിൽ സ്വീകരിച്ച എന്തെങ്കിലും നിലപാടുകളുടെ പേരിൽ മുഷിഞ്ഞു സംസാരിക്കാൻ ഇടയായിട്ടുണ്ടോ?
പ്രീതി: ആദ്യമൊക്കെ എതിർത്തു പറഞ്ഞിരുന്നു. പിന്നീട് മനസ്സിലായി അങ്ങനെയേ സാധിക്കൂവെന്ന്. അദ്ദേഹം ഇരിക്കുന്ന കസേരയിലിരുന്ന് അതേ പറ്റൂ. കർക്കശമായി ജാതി പറയുന്നത് ഗുരുദർശനത്തിന് എതിരാണെന്നൊക്കെ കരുതിയിരുന്നു. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറിക്കു ജാതിയേ പറയാൻ കഴിയൂ എന്നുപറഞ്ഞ് ശാശ്വതീകാനന്ദ സ്വാമിയാണ് ആ സംശയം മാറ്റിത്തന്നത്. എനിക്ക് ചരിത്രം അറിയില്ലായിരുന്നു. യോഗം ബൈേലാ എടുത്തുതന്ന് താൻ അതനുസരിച്ചാണു പ്രവർത്തിക്കുന്നതെന്ന് നടേശേട്ടൻതന്നെ എന്നെ ബോധ്യപ്പെടുത്തി. പിന്നെ, തുറന്നടിച്ചു പറയുന്നത് അദ്ദേഹത്തിന്റെ നിഷ്കളങ്കതയാണു കാണിക്കുന്നത്. ഇപ്പോൾ നിങ്ങളുടെ മുന്നിൽവെച്ചു ഞാൻ എെന്തങ്കിലും പറയുന്നത് ഇഷ്ടമായില്ലെങ്കിൽ പരസ്യമായിത്തന്നെ തുറന്നടിച്ചു ഷൗട്ട് ചെയ്യും. 10 മിനിറ്റ് കഴിഞ്ഞാൽ അതു തീർന്നു. അതിന്റെ പേരിൽ പിണങ്ങിയിരിക്കാനും എനിക്കു കഴിയില്ല. കാരണം, പെെട്ടന്നുതന്നെ പ്രീതീ എന്നുവിളിച്ച് അടുത്തുവരും.
ഭാര്യയെക്കുറിച്ച് എന്താണഭിപ്രായം?
നല്ല ക്ഷമാശീലമുള്ളയാളാണ്. മക്കളുടെ കാര്യവും എന്റെ വെൽഫെയറും ശുഷ്കാന്തിയോടെ നോക്കി കൊണ്ടുപോകുന്നതിൽ സാമർഥ്യമുണ്ട്. നല്ല പാചകക്കാരിയാണ്. എന്റെ അഭിരുചിക്കൊത്ത ഭക്ഷണം ഉണ്ടാക്കിത്തരുന്നതിലും ആരോഗ്യകാര്യങ്ങളിലും പ്രത്യേക ജാഗ്രത പുലർത്തുന്നു.
കുടുംബപരമായിത്തന്നെ സമുദായ പ്രവർത്തനമുണ്ടായിരുന്നതിനാൽ ഭർത്താവ് അതിന്റെ തലപ്പത്തേക്കു വന്നപ്പോൾ സന്തോഷം തോന്നിയോ?
പ്രീതി: അതു തീർത്തും തെറ്റാണ്. നടേശേട്ടൻ യോഗം നേതൃത്വത്തിലേക്കു വരുന്നതിനു ഞാൻ തീർത്തും എതിരായിരുന്നു. നേതൃത്വത്തിൽ വന്നവരെല്ലാം പഴികേട്ടാണു മടങ്ങിയത്. സമുദായത്തിന് എല്ലാം നേടിക്കൊടുത്ത ശങ്കർ സാർ അവസാന കാലത്ത് അനുഭവിച്ചത് നാമെല്ലാം കണ്ടതാണ്. യോഗം നേതൃത്വംകൊണ്ട് കുടുംബത്തിനു വലിയ നഷ്ടമാണുണ്ടായത്. കോൺട്രാക്ട് ജോലികളെല്ലാം നിർത്തേണ്ടിവന്നു. ഞങ്ങൾ രണ്ടു പേരും എ ക്ലാസ് ൈലസൻസികളായിരുന്നു. രണ്ടു ഡ്രഡ്ജറും നൂറുകണക്കിനു ലോറികളുമായി തിരക്കിട്ട പണികൾ ഏറ്റെടുത്തുകൊണ്ടിരിക്കെയാണ് എല്ലാം നിർത്തി സമുദായ പ്രവർത്തനത്തിന് ഇറങ്ങേണ്ടിവന്നത്.
മദ്യത്തിന്റെ വിപത്തുക്കൾക്കെതിരെ ചെറുപ്പക്കാരെ സംഘടിപ്പിച്ചാണു പൊതുരംഗത്തേക്കു കടന്നുവന്നത് എന്നു കേട്ടിട്ടുണ്ട്. പിന്നീടെങ്ങനെ ഒരു മദ്യ മുതലാളിയായി മാറി?
വെള്ളാപ്പള്ളി: ചേട്ടന്റെ സഹായിയായി നിന്ന ഞാൻ കോൺട്രാക്ട് ജോലികളുമായി മുന്നോട്ടുപോയി. മദ്യവും കച്ചവടവുമായി ഒരു ബന്ധവുമില്ലായിരുന്നു. നാട്ടിൽ എന്നെ എതിർത്ത മുതലാളിക്ക് വലിയ മദ്യ വ്യവസായമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അബ്കാരികളുടെ സംഘടനയുണ്ടായിരുന്നു.അതിനെതിരെ ഞാനും കുറെ കള്ളുഷാപ്പുകാരെ കൂട്ടി അസോസിയേഷനുണ്ടാക്കി. ഷാപ്പ് ലേലം വരുേമ്പാൾ മത്സരിച്ചു സ്വന്തമാക്കി കൂടെയുള്ളവർക്കു നടത്താൻ കൊടുക്കുകയാണു ചെയ്തിരുന്നത്. മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് എന്നെ അബ്കാരിയായി ചിത്രീകരിച്ചത്. ജീവിതത്തിൽ ഇന്നുവരെ ഞാൻ മദ്യം കഴിച്ചിട്ടില്ല.
പുകയും വലിച്ചിട്ടില്ല. സിനിമ, നാടകം, ക്ലബ് ഇവയൊന്നും എന്റെ ജീവിതത്തിൽ ഇല്ല. മൂക്കറ്റം അടിച്ചുനടക്കുന്നവരാണ് എന്നെ കുറ്റംപറയുന്നത്. ഗുരുധർമം ജീവിതത്തിൽ അതേപടി പാലിക്കുന്നയാളാണ് ഞാൻ. എനിക്കു മുമ്പിരുന്ന ഞങ്ങളുടെ നേതാക്കളിൽ മൂക്കറ്റം അടിക്കുന്ന എത്ര പേരുണ്ടായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ തലപ്പത്തേക്കു വന്നത് സ്വകാര്യ ജീവിതത്തിൽ വലിയ നഷ്ടമാണുണ്ടാക്കിയത്. റെയിൽവേ കോൺട്രാക്ടറായി കൊങ്കൺ വരെ ഞാൻ പോയില്ലേ. ദിണ്ഡിഗൽ ൈലൻ ആരാ തീർത്തത്? തമിഴ്നാട്ടിലും കർണാടകയിലുമൊക്കെ വൻ കരാർ ജോലികളും മറ്റു ബിസിനസുകളുമൊക്കെ നടത്തിയിരുന്ന കാലത്താണ് ശാശ്വതീകാനന്ദ സ്വാമിയുടെ നിർബന്ധത്തിനു വഴങ്ങി സമുദായ സംഘടന പ്രവർത്തനത്തിനിറങ്ങിയത്. യോഗത്തിൽ സജീവമായപ്പോൾ എല്ലാം നിർത്തേണ്ടിവന്നു.
വർഗീയവാദിയാണോ?
മിണ്ടാതിരിക്കുന്നതല്ല മതേതരത്വം. ഞാൻ വർഗീയവാദിയല്ല, സാമൂഹികനീതി വാദിയാണ്. രാജ്യത്തു സാമൂഹികനീതി നടപ്പിൽവരണമെന്ന് ആഗ്രഹിക്കുകയും അതിനായി വാദിക്കുകയും ചെയ്യുന്നയാൾ. പറഞ്ഞുവരുേമ്പാൾ ആർക്കാണു വർഗീയതയില്ലാത്തത്? മുസ്ലിം ലീഗ് വർഗീയമായ അടിസ്ഥാനത്തിലല്ലേ പ്രവർത്തിക്കുന്നത്. കേരള കോൺഗ്രസിന്റെ അടിത്തറ എന്താണ്?
പ്രീതി: സാമൂഹിക സത്യങ്ങളാണ് അദ്ദേഹം പറയുന്നത്. അങ്ങനെയേ പറയാൻ കഴിയൂ. ജനറൽ സെക്രട്ടറിയാവുന്നതിനു മുമ്പ് വെള്ളാപ്പള്ളി എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. രാഷ്ട്രീയമില്ലാതെ നേതൃത്വത്തിലേക്കു വന്നതോടെ അദ്ദേഹം ചിലരുടെ കണ്ണിലെ കരടായി.
വി.എസ്. അച്യുതാനന്ദനോടും വി.എം. സുധീരനോടും ഇത്ര കടുത്ത വിദ്വേഷം വരാൻ എന്താണു കാരണം?
എസ്.എൻ.ഡി.പിക്ക് ഒരു കാലത്തും മറ്റൊരു സമുദായത്തിൽനിന്നു വെല്ലുവിളി ഉണ്ടായിട്ടില്ല. സമുദായത്തിൽപെട്ടവർ തന്നെയാണ് ഇതിനെ നശിപ്പിക്കാൻ ഇറങ്ങിയിട്ടുള്ളത്. വി.എസുമായി എനിക്ക് വളരെ അടുപ്പമായിരുന്നു. എന്റെ കഷ്ടകാലത്തിന് ഞാൻ നായനാരെപ്പോയി ഒന്നു കണ്ടുപോയി. അതോടെ പകയായി. ശിവഗിരി വിഷയത്തിൽ ഞാനും സ്വാമി ശാശ്വതീകാനന്ദയും വിദ്യാസാഗറും കൂടിയാണ് ഇ.കെ. നായനാരെ പോയി കണ്ടത്. അന്നു നായനാരാണ് പിണറായി വിജയനെ കാണാൻ ഉപദേശിച്ചത്.
വിജയൻ നല്ല ചെത്തുകാരന്റെ മകനാണ്. പോയി കാണൂ എന്നും താമസിക്കുന്ന സ്ഥലമടക്കം പറഞ്ഞുതന്നതും നായനാരാണ്. ഇവരെ രണ്ടു പേരെയും കണ്ടത് വി.എസിന് ഇഷ്ടമായില്ല. അദ്ദേഹം ആ രോഷം മനസ്സിൽവെച്ചു വലുതാക്കുകയായിരുന്നു. സുധീരൻ കൈയടിക്കുവേണ്ടി പറയുന്നതാണ്. എന്നെ ചീത്തപറഞ്ഞ് ഇതര സമുദായങ്ങളുടെ പിന്തുണ നേടുകയാണു സുധീരന്റെ ലക്ഷ്യം. വെള്ളാപ്പള്ളിയെ ഞാൻ ഒന്നു പറഞ്ഞാൽ അദ്ദേഹം തിരിച്ചു നാലു പറയും എന്നു സുധീരൻ തന്നെ പറഞ്ഞിട്ടുണ്ട്. കൈയടി മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇപ്പോൾ ആർക്കും വേണ്ടാതെ വഴിയാധാരമായി.
കേസുകൾ മയപ്പെടുത്തുന്നതിനാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതെന്ന ആക്ഷേപമുണ്ടല്ലോ?
മൈക്രോഫിനാൻസ് ആരോപണത്തിൽ ഒരു കഴമ്പുമില്ല. കോടതിപോലും തള്ളിയതാണത്. എനിക്കെതിരെ ഒരു കേസ് പോലുമില്ല. പിന്നെ പിണറായി. എങ്ങനെ നല്ലതു പറയാതിരിക്കും. യു.ഡി.എഫിന്റെ കാലത്തു തൊട്ടതിനൊക്കെ കൈക്കൂലി ആയിരുന്നില്ലേ. അതു മാറിയില്ലേ. പ്രശ്നങ്ങളുണ്ടെങ്കിലും തമ്മിൽ ഭേദം തൊമ്മൻ തന്നെ. പാർട്ടിയിൽ സ്ട്രിക്ട് ആവുന്നത് നല്ലതാണ്. പക്ഷേ, ഭരണത്തിൽ അതു ഗുണംചെയ്യില്ല. പത്രക്കാരോടു കടക്ക് പുറത്ത് എന്നു പറഞ്ഞെതാക്കെ തെറ്റായിപ്പോയി. പിണറായി ഒരർഥത്തിൽ നിഷ്കളങ്കനാണ്. ചതിച്ചവനെ വെറുതെവിടില്ല. സ്നേഹിച്ചവരെ കൈവിടുകയുമില്ല.
എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി ചേർന്നു നടത്തിയ ശക്തിപ്രകടനങ്ങൾ കേരളം മറന്നിട്ടില്ല. ആ സാഹോദര്യത്തിന് ഇപ്പോൾ പ്രസക്തിയുണ്ടോ?
ഇനിയൊരു ചർച്ചക്കു സാധ്യത കുറവാണ്. അവർ തമ്പുരാക്കന്മാരും നമ്മൾ അടിയാൻമാരുമാണെന്നാണു ധാരണ. നാരായണപ്പണിക്കർ വളരെ മാന്യനായിരുന്നു. പക്ഷേ, ഇപ്പോൾ മാടമ്പിത്തരമാണ്.
ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ സന്ദർഭം?
കുടുംബജീവിതം തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഒരു തർക്കവും ഇക്കാലത്തിനിടയിൽ ഉണ്ടായിട്ടില്ല.
ഏറ്റവും സങ്കടം തോന്നിയ കാര്യമെന്താണ്?
ഒരിക്കൽ ഉറ്റസുഹൃത്തായിരുന്ന വി.എസ്. അച്യുതാനന്ദനുമായുള്ള പ്രശ്നങ്ങളാണ് ഏറെ വേദനിപ്പിച്ച ഒരു കാര്യം. ഏറ്റവും സ്നേഹിച്ച വി.എസ് തെറ്റിദ്ധാരണകളുടെ പേരിൽ പ്രതികാരബുദ്ധിയോടെ നീങ്ങുകയായിരുന്നു. എന്റെ വീടിനു മുന്നിൽ സത്യഗ്രഹം നടത്തി എനിക്കെതിരെ പ്രസംഗിച്ചു. ഗുണ്ടകളെക്കൊണ്ട് അക്രമം അഴിച്ചുവിട്ടു.
ബി.ജെ.പിയുമായുള്ള സൗഹൃദത്തിൽ ഉലച്ചിൽ വന്നിട്ടുണ്ടോ?
കേരളത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും പിന്നാക്ക ആഭിമുഖ്യമില്ല. സവർണ അജണ്ടയുള്ള സവർണ മുന്നണിയാണവർ. ബി.ജെ.പി സർക്കാർ 150 നിയമനങ്ങൾ നടത്തിയിട്ട് പേരിനെങ്കിലും ഒരു പിന്നാക്കക്കാരനു പ്രാതിനിധ്യം നൽകിയോ? ഒരാെള വഖഫ് ബോർഡ് ചെയർമാനാക്കിയത് മുസ്ലിം അല്ലാതെ ഒരാളെ ആക്കാൻ വഴിയില്ലാഞ്ഞിട്ടാണ്.
മോദി ഭരണത്തെക്കുറിച്ച് എന്താണ് അഭിപ്രായം?
ഉഗ്രൻ. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിയ മോദിയെ അമേരിക്ക പരവതാനി വിരിച്ചല്ലേ സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ പോലും വോട്ട് നേടിയല്ലേ അദ്ദേഹം ബി.ജെ.പിയുടെ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ജയിപ്പിച്ചെടുത്തത്. രാജ്യം എവിടെയെത്തി നിൽക്കുന്നു എന്നു കാണണം.
രാഷ്ട്രീയ കേരളത്തിൽ ബി.ഡി.ജെ.എസിന് ഇനിയും എന്തെങ്കിലും പ്രസക്തി ഉണ്ടോ?
തീർച്ചയായും ഉണ്ട്. കുറഞ്ഞകാലം കൊണ്ട് ഇത്രയും പ്രസക്തി നേടിയ ഏതു രാഷ്ട്രീയ പാർട്ടിയുണ്ട്. ദുഃഖിതരുടെ കൂട്ടായ്മ എന്നതാണ് അതിന്റെ പ്രസക്തി. ചവിട്ടി മെതിക്കപ്പെട്ടവർക്കു വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന ചിന്തയിൽനിന്നാണ് അതിന്റെ പിറവി. എസ്.എൻ.ഡി.പി ആരുടെയും വാലുമല്ല, ചൂലുമല്ല. രാഷ്ട്രീയ സാധ്യതകൾ പലതുമുണ്ട്. കേരളത്തിലെ ബി.ജെ.പിക്ക് സവർണ അജണ്ടയാണ്. എൻ.ഡി.എ എന്നു പറയുന്നതല്ലാതെ മുന്നണിയുടെ പേരിൽ എന്തെങ്കിലും കാര്യങ്ങൾ ഇവിടെ നടന്നിട്ടുണ്ടോ? ബി.ഡി.ജെ.എസിനു കിേട്ടണ്ട പദവികൾ സംസ്ഥാന ബി.ജെ.പി നേതൃത്വം ചവിട്ടിപ്പിടിക്കുകയാണ്. എക്കാലവും ആരുടെയെങ്കിലും കൂടെനിൽക്കുമെന്ന് ഉറപ്പിക്കേണ്ട എന്ന് പാർട്ടി പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് കൃത്യമായ സൂചനയാണ്. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻതന്നെ ഇപ്പോൾ ബി.ഡി.ജെ.എസിനെ യു.ഡി.എഫിലേക്കു ക്ഷണിച്ചില്ലേ. ബി.ഡി.ജെ.എസ് വന്നതുകൊണ്ട് കോൺഗ്രസിനാണ് ഏറ്റവും കൂടുതൽ ക്ഷീണമുണ്ടായത്. കമ്യൂണിസ്റ്റുകാർക്കും ഞങ്ങളോടു മുമ്പുണ്ടായിരുന്ന എതിർപ്പ് അങ്ങനെതന്നെ തുടരണമെന്നില്ല.
ബി.ഡി.ജെ.എസ് സമുദായത്തിന് ആത്യന്തികമായി ഗുണമാണോ ദോഷമാണോ ഉണ്ടാക്കിയത്?
സമുദായത്തിന് ഒരു ഗുണവും ഉണ്ടാക്കിക്കൊടുക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. ദോഷമേറെയുണ്ടായിട്ടുണ്ട് താനും. ബി.ഡി.ജെ.എസ് രൂപംകൊണ്ടപ്പോൾ ശാഖ, യൂനിയൻ തലങ്ങളിലുള്ള ഭാരവാഹികളിൽ പലരും പാർട്ടി ഭാരവാഹികളായി മാറിയത് പ്രാേദശികമായി ദോഷം ചെയ്തു. മറ്റു മാർഗമില്ലാത്തതുകൊണ്ടാണു ബി.ജെ.പിയുമായി കൂട്ടുചേർന്നത്. യു.ഡി.എഫ് ബന്ധത്തിനു സാധ്യതകളുണ്ടായിരുന്നെങ്കിലും സുധീരന്റെ എതിർപ്പ് കാരണം നടക്കാതെേപായി. കമ്യൂണിസ്റ്റുകാരും ഞങ്ങളെ കൂട്ടാൻ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.