????????????? ??????? ????????????????????????? ???????????? ????????? ???????????????????? ????????????????? (?????????)

2005 സെപ്റ്റംബർ 27ന് തിരുവനന്തപുരം ഫോർട്ട് പൊലീസ്​സ്​റ്റേഷനിൽ കാക്കിധാരികൾ രാത്രി മുഴുവൻ ഇഞ്ചിഞ്ചായി ചതച്ച് ഇരുമ്പു
പൈപ്പുപയോഗിച്ച് ഉരുട്ടിക്കൊന്ന ഉദയകുമാറി​​​െൻറ അമ്മ കെ. പ്രഭാവതിയമ്മ. അവർ നടത്തിയ നിയ​മപ്പോരാട്ടത്തിനൊടുവിൽ ഒരുപക്ഷേ, കേരള ചരിത്രത്തിൽ ആദ്യമായി  കുറ്റക്കാരായ പോലീസുകാർക്കെതിരെ  പരമാവധി ശിക്ഷ വിധി വിധിച്ചിരിക്കുന്നു. അടിയന്തിരാവസ്​ഥയിൽ പൊലീസ്​ ഉരുട്ടിക്കൊന്ന രാജ​​​​െൻറ അച്ഛൻ ഇൗച്ചരവാര്യരുടെ നിയമപ്പോരാട്ടം പോലെ പ്രഭാവതി നടത്തിയ നിയമയുദ്ധമാണ്​ കുറ്റവാളികൾക്ക്​ ശിക്ഷ വിധിച്ചത്​.

2011 ‘മാധ്യമം’ പുതുവർഷ പതിപ്പി​ൽ പലവിധത്തിൽ നീതി നിഷേധിക്കപ്പെട്ട മനുഷ്യരുടെ വേദനകളായിരുന്നു പങ്കുവെച്ചത്​. ആ പതിപ്പിനായി എം. അബ്​ദുൽ റഷീദ്​, ഉദയകുമാറി​​​​െൻറ അമ്മയെ നേരിൽ കണ്ട്​ ചെയ്​ത സ്​റ്റോറി ഞങ്ങൾ ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

 

ഈ അമ്മയുടെ പൊന്നുമോ​​​െൻറ ആയുസ്സ്  പറിച്ചെടുത്ത നിയമപാലകരേ... അറിഞ്ഞുകൊള്ളുക, നിങ്ങൾ ഞെരിച്ചുകൊന്നിട്ടും ഭൂമി വിട്ടുപോയിട്ടില്ലീ അമ്മയുടെ ഉണ്ണി. മഴയത്തും വെയിലത്തും മുടങ്ങാതെയൊരു ബലിക്കാക്കയായി പറന്നെത്തി അമ്മ വിളമ്പുന്ന ഉരുളയുണ്ട് അവ​​​​െൻറ ജീവൻ ഇവിടെവിടെയോ ബാക്കിനിൽക്കുന്നു, വേട്ടനായ്ക്കൾ ശിക്ഷിക്കപ്പെടുന്നതും കാത്ത്​. തിരുവനന്തപുരം ഫോർട്ട് പൊലീസ്​സ്​റ്റേഷനിൽ കാക്കിധാരികൾ ഒരു രാത്രി മുഴുവൻ ഇഞ്ചിഞ്ചായി ചതച്ച്  ഉരുട്ടിക്കൊന്ന ഉദയകുമാർ എന്ന യുവാവി​​​െൻറ അമ്മയുടെ ശിഷ്​ടജീവിതം ഇങ്ങനെ...

ബലിക്കാക്ക
കരമനയാറി​​​െൻറ കരതൊടുന്ന വീട്ടിൽ കണ്ണീരുറവയിൽ നനഞ്ഞ് അമ്മ നിന്നു. ദാനംകിട്ടിയ കൊച്ചുവീടി​​​െൻറ ഇത്തിരിവട്ടത്ത് പകലെല്ലാം അമ്മ ഒറ്റക്കാണ്. കാലംതെറ്റി പെയ്ത മഴയിൽ തണുത്തുനിന്ന മുരിക്കുമരത്തി​​​െൻറ കൊമ്പത്തുനിന്നൊരു കാക്ക പാറിവന്ന് വീടി​​​െൻറ പിന്നാമ്പുറ മുറ്റത്തിരുന്ന് ചാഞ്ഞുനോക്കി. വെയിൽ തെളിഞ്ഞിട്ടും തോർന്നൊഴിയാൻ മടിച്ച് മഴനാരുകൾ പെയ്തുകൊണ്ടിരുന്നു. അടുപ്പുകല്ലിനരികെ മൺചട്ടിയിൽ വെച്ചിരുന്ന ഒരുപിടി പഴഞ്ചോർവറ്റ്  അമ്മ അപ്പടിയെടുത്തു മുറ്റത്തുവെച്ചു. ചോറിനുമീതേ തോരനും കറിയും വിളമ്പിവെച്ച് മാറിനിന്നു. നോക്കിനിന്ന കരിങ്കറുപ്പൻ കാക്ക സൂത്രത്തിൽ ചാടിവന്ന് ഇടംവലം നോക്കി കറികൂട്ടി സ്വാദോടെ വറ്റുണ്ണാൻ തുടങ്ങി. അമ്മയപ്പോൾ സ്​നേഹേത്താടെ ശകാരിച്ചു:
‘‘മഴനനഞ്ഞു വരരുതെന്നു ഞാൻ പറഞ്ഞിട്ടില്ലേ കുഞ്ഞേ നിന്നോട്...?’’
അതു കേൾക്കാത്ത മട്ടിൽ ബലിക്കാക്ക വെന്ത കുത്തരിയുടെ തരിച്ചോറ് കൊത്തി തിടുക്കപ്പെട്ടു വിഴുങ്ങി. വേഗത്തിൽ പശിയടക്കി അത് കിഴക്കോട്ട് പാറിപ്പോയി.  കണ്ണീരു തുടച്ച് അമ്മ പറഞ്ഞു:
‘‘എ​​​െൻറ മോനാണിത്, ഇന്നുവരെ എന്നെ വിട്ടുപോയിട്ടില്ല. എന്നും വരും. ഞാൻ വഴക്കു പറഞ്ഞാ പിന്നെ കൊറേ ദിവസം പെണങ്ങി വരൂല്ല. പറഞ്ഞാ കേക്കൂല്ലാ, മഴനനഞ്ഞും വെയിലുകൊണ്ടും വരും.’’

പ്രഭാവതിയമ്മയുടെ വീട്ടുമുറ്റത്തെ മുരിക്കിൽ ഇനി ആ ബലി കാക്ക നീതി കിട്ടാത്ത ആത്​മാവായി വന്നിരിക്കുമോ...?
 

ഇരുമ്പഴിമതിലുകളുള്ളൊരു പൊലീസ്​മുറിയിൽ ദണ്ഡുകളിട്ടുരുട്ടി ഈ അമ്മയുടെ ജീവ​​​​െൻറ ജീവനായ കുഞ്ഞി​​​െൻറ ആയുസ്സ് പറിച്ചെടുത്തത് നമ്മുടെ നിയമപാലകരാണ്.  നീതിപീഠങ്ങളേ അറിഞ്ഞുകൊള്ളുക, നിങ്ങൾ ഞെരിച്ചുകൊന്നിട്ടും ഭൂമി വിട്ടുപോയിട്ടില്ലീ അമ്മയുടെ പൊന്നുമോൻ.  മഴനനഞ്ഞും വെയിലുകൊണ്ടും ബലിക്കാക്കയായി പറന്നെത്തി അമ്മ വിളമ്പുന്ന ഒരുരുള ചോറുണ്ട് അവ​​​​െൻറ ജീവൻ ഇവിടെവിടെയോ ബാക്കിനിൽപുണ്ട്. നിങ്ങൾക്കൊന്നും  കൊന്നുകുഴിച്ചുമൂടാനാവാത്ത ഉയരങ്ങളിൽ, ഏതോ ആകാശപഥങ്ങളിൽ.  

തിരുവനന്തപുരം കരമന പള്ളിത്താനം മണ്ണടി ഭഗവതിക്ഷേത്രത്തിനു സമീപം ശിവശൈലം വീട്ടിൽ കെ. പ്രഭാവതിയമ്മയെന്ന വൃദ്ധമാതാവി​​​െൻറ ജീവിതം ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. നമുക്കൊന്നും മനസ്സിലാകാത്ത ചില നേർത്ത യുക്തികളുടെ നൂൽപ്പാലത്തിലാണ് കഴിഞ്ഞ അഞ്ചു കൊല്ലമായി ഈ അമ്മയുടെ ജീവിതം. 2005 സെപ്റ്റംബർ 27ന് തിരുവനന്തപുരം ഫോർട്ട് പൊലീസ്​സ്​റ്റേഷനിൽ കാക്കിധാരികൾ ഒരു രാത്രി മുഴുവൻ ഇഞ്ചിഞ്ചായി ചതച്ച് ഇരുമ്പു പൈപ്പുപയോഗിച്ച് ഉരുട്ടിക്കൊന്ന ഉദയകുമാർ എന്ന 27കാര​​​​െൻറ ഈ അമ്മയെ നമ്മളറിയും. ഭഗവതിയുടെ നടയിൽനിന്ന് അധികം അകലെയല്ലാത്ത വീട്ടിൽ ഏകാന്തമായ മറ്റൊരു പകലി​​​െൻറ നാഴികകളെണ്ണിത്തീർക്കുന്നതിനിടെ അമ്മ മോനെക്കുറിച്ചും തന്നെക്കുറിച്ചും പറഞ്ഞു. പലപ്പോഴും വാക്കുകൾ കനംതൂങ്ങി വിങ്ങലായി.  സങ്കടവരകൾവീണ മുഖത്ത് നൊമ്പരം ഉറവപൊട്ടിയൊഴുകി. കിട്ടാതെപോയ നീതിയെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ കണ്ണുകളിൽ തീകത്തി. എല്ലാം കേട്ട് മണ്ണടി ക്ഷേത്ര ശ്രീകോവിലിൽ ഭഗവതി ഉഗ്രരൂപിണിയായി മിഴിതുറന്നുനിന്നു. ഭഗവതിയായാലും മനുഷ്യനായാലും മാതൃഭാവം ഒന്നുതന്നെ.

ഒാർമ
‘‘നെയ്യാറ്റിൻകരേലാരുന്നു ഞാൻ ജനിച്ചത്, വ്ലാത്തങ്കര ചെങ്കലിനടുത്ത്. വടക്കതിൽ എന്നാരുന്നു വീട്ടുപേര്. അച്ഛൻ പരമേശ്വരൻപിള്ള, അമ്മ ജഗദമ്മ. ഞങ്ങൾ അഞ്ചു മക്കളാരുന്നു. എനിക്ക് രണ്ട് ചേട്ടന്മാരും രണ്ട് അനിയന്മാരുമൊണ്ട്. അച്ഛന് തടിക്കച്ചവടമൊക്കെയാരുന്നു. കടംകേറി മൂക്കറ്റം മുങ്ങിയപ്പോ കെടപ്പാടമെല്ലാം വിറ്റ്  ഞങ്ങള് കരമനേലെത്തി. അവിടൊരു വാടക വീട്ടിൽ. അക്കാലത്താണ് അച്ഛന് വായില് കാൻസറു വന്നത്. സഹിക്കാൻ പറ്റാത്ത വേദന തിന്നുതിന്ന് ഒരുദിവസം അച്ഛനങ്ങു പോയി. പിന്നെ, ഞങ്ങളഞ്ചുപേർക്കും എല്ലാം അമ്മയാരുന്നു.  ഞങ്ങളെയൊക്കെ വളർത്തി കരക്കെത്തിക്കാൻ അമ്മ ഒത്തിരി പാടുപെട്ടു. തടിമില്ലിൽ പണിക്കുപോവുമാരുന്നു. ഈർച്ചപ്പൊടീ​​​െൻറ മണമാരുന്നു അമ്മക്കെന്ന് എനിക്കിപ്പഴും  നല്ല ഓർമയൊണ്ട്.

വൈകുന്നേരമാവുമ്പോ വെയർെത്താലിച്ച് ഓടിക്കെതച്ച് അമ്മ വരും. മുണ്ടി​​​െൻറ കോന്തലേല് അന്ന​െത്ത കൂലിപ്പണം കാണും. അതിന് ഉപ്പും മൊളകും അരീം വാങ്ങി വെച്ചൊണ്ടാക്കി ഞങ്ങളെയൂട്ടി പാതിവയറോടെ അമ്മ അടുത്തു കെടക്കും. ‘മക്കളെയെല്ലാം കാേത്താണേ ഭഗവതീന്ന്’ മാത്രാരുന്നു അമ്മേട എപ്പഴത്തേം  പ്രാർഥന. ഒരു ദെവസം മില്ലീന്ന് അമ്മ തിരിച്ചുവന്നത് ശവപ്പെട്ടീലാ. കറൻറടിച്ചു മരിക്കുവാരുന്നു’’, പ്രഭാവതിയമ്മയുടെ നിറഞ്ഞ കണ്ണുകളിൽ യാതനയുടെ ഒരു ബാല്യം നിഴലിച്ചു.  ഓർമകളിൽ അമ്മ ഓടിവന്നു. ഈർച്ചമരത്തി​​​െൻറ കരകര ശബ്ദത്തി​​​െൻറ മുഴക്കം.  വാൾപ്പല്ലുകളിൽ നെടുകെ പിളരുന്ന മരങ്ങൾക്കരികെ ഷോക്കേറ്റുപിടഞ്ഞ് കരിനീലിച്ച് അമ്മ ചാഞ്ഞുകിടന്നു. അമ്മയുടെ മരവിച്ച കാലുകളിൽ കെട്ടിപ്പിടിച്ച് അഞ്ചു മക്കൾ വാവിട്ടു കരഞ്ഞു.
പിന്നെ, വാടകവീടുകൾ പലതു കടന്ന ജീവിതം.  26 ാം വയസ്സിലാരുന്നു പ്രഭാവതിയമ്മയുടെ കല്യാണം. അപ്പോഴേക്കും ആങ്ങളമാർക്കൊക്കെ ഓരോ ചെറിയ തൊഴിലുകളായിരുന്നു.  ചായക്കടക്കാരൻ പുരുഷോത്തമൻ പ്രഭാവതിയമ്മയെ മിന്നുകെട്ടി.

പെലീസ്​ ഉരുട്ടിക്കൊന്ന ഉദയകുമാറി​​​​െൻറ മൃതദേഹം മെഡിക്കൽ കോളജ്​ മോർച്ചറിയിൽ കൊണ്ടുവന്നപ്പോൾ (ഫയൽ)
 

ദാമ്പത്യപർവം
കൂരയിൽ ചാരായത്തി​​​െൻറ തുളച്ചുകയറുന്ന മണം നിറഞ്ഞുനിന്നു. പുരുഷോത്തമനൊരു മുഴുകുടിയനായിരുന്നു. ലഹരിമോന്തി പാതിരകളിൽ വഴിയിൽ വീണുകിടക്കുന്ന അയാളെ അയൽക്കാർ ആരെങ്കിലും ചുമന്നാണ് പതിവായി വീട്ടിൽ എത്തിച്ചിരുന്നത്. ചുവടുറയ്ക്കാതെത്തുന്ന ഭർത്താവിനെ കാത്തിരുന്ന് പലനാളുകൾ പ്രഭാവതി നേരം വെളുപ്പിച്ചു. ജോലിചെയ്തുകിട്ടുന്ന ഓരോ നാണയത്തുട്ടും അയാൾ വാറ്റു ചാരായ മേശകളിൽ തുലച്ചു. പ്രഭാവതി പലനാളും പട്ടിണിയുണ്ടു മയങ്ങി. അഞ്ചാം കൊല്ലമാണ് മകൻ ജനിക്കുന്നത്.  അപ്പ​​​​െൻറ സ്വഭാവം എന്നിട്ടും  മാറിയില്ല.  മോനെ പ്രസവിക്കാൻ പ്രഭാവതിയമ്മ ആശുപത്രിയിൽ കിടന്ന നാളുകളിൽപോലും പുരുഷോത്തമൻ തിരിഞ്ഞുനോക്കിയില്ല. കാതിലെ ഇത്തിരിപ്പോന്ന കമ്മലൂരിവിറ്റ് പ്രഭാവതി ആശുപത്രിയിൽ പണംകെട്ടി. ആശ്രയത്തിനാരുമില്ലാതെ കുഞ്ഞിനെയുംകൊണ്ട് കൂരയിലെത്തി. കുഞ്ഞി​​​െൻറ 28ന് പ്രഭാവതിയുടെ ആങ്ങള ഒരു വെള്ളിയരഞ്ഞാണം കെട്ടി. അതും പൊട്ടിച്ചെടുത്ത് വിറ്റ് പുരുഷോത്തമൻ ചാരായം കുടിച്ചു.  ഒടുവിൽ മകന് വയസ്സൊന്നു തികയും മുമ്പേ അപ്പൻ ഉപേക്ഷിച്ചുപോയി.

അമ്മയുടെയും കുഞ്ഞി​​​െൻറയും ജീവിതത്തിൽ ഇരുട്ടുനിറഞ്ഞു.  മോൻ വിശന്നു കരഞ്ഞപ്പോൾ വെറുതെയിരുന്നിട്ടു കാര്യമില്ലെന്ന് അമ്മക്കുതോന്നി.   കുരുന്നി​​​െൻറ പട്ടിണി  ലോകത്ത് ഏതമ്മയേയും കരുത്തുള്ളവളാക്കും. പ്രഭാവതി അയൽപക്കത്തെ വീടുകളിൽ ജോലിക്കുപോയിത്തുടങ്ങി. ചിലയിടങ്ങളിൽ മോനെ ഒപ്പം കൊണ്ടുപോയി. അടുക്കള കോലായയിലെ വെറും നിലത്ത് കുഞ്ഞിനെ ഉറക്കി അവർ അടുപ്പുകളിൽ തീയൂതി. തലക്കുമീതേ ജീവിതം പുകഞ്ഞുകത്തി. ജോലിയുടെ ഇടനേരങ്ങളിൽ അമ്മ ഓടിയെത്തി കുരുന്നിനെ പാലൂട്ടി. കുഞ്ഞിനെ കൊണ്ടുവരരുതെന്ന് ചിലർ പറഞ്ഞപ്പോൾ അമ്മ മകനെ അയൽപക്കങ്ങളിൽ ഏൽപിച്ച് പണിക്കുപോയി.  തീരെ നിവൃത്തിയില്ലാത്ത ദിവസങ്ങളിൽ പഴന്തുണി കീറി  കുഞ്ഞിനെ കട്ടിൽകാലിൽ കെട്ടിയിട്ടിട്ടും അമ്മ ജോലിക്കുപോയി. ജോലിക്കു നിൽക്കുന്ന വീട്ടിൽനിന്നു കിട്ടുന്ന ഇത്തിരിവറ്റുമായി മകന് അരികിൽ ഓടിയെത്തി അമ്മ അവനെ മാമൂട്ടി. അമ്മയുടെ മാത്രം ചൂടറിഞ്ഞ് വളർന്നവന് അമ്മ ജീവ​​​​െൻറ ജീവനായി.  സ്​കൂളിൽ വിട്ടപ്പോൾ അവൻ അമ്മയെ കാണണമെന്ന് വിളിച്ചു കരഞ്ഞു. ക്ലാസിൽനിന്ന് ഇറങ്ങിയോടി വീട്ടിലെത്തി.  അങ്ങനെ ആറാം ക്ലാസിൽ ഉദയകുമാർ പഠിപ്പുനിർത്തി. പിന്നെ, അവനെ വർക്​ ഷോപ്പിൽ അയച്ചു. പല പണികൾ ചെയ്തും പലേടത്ത് തൊഴിലെടുത്തും ഉദയകുമാർ വളർന്നു. വലിയൊരുത്തനായപ്പോൾ അവൻ കൂലിപ്പണിയെടുത്ത് അമ്മയെ പോറ്റി. ഒത്തിരി തമാശകളും സന്തോഷവുമായി അമ്മയും മോനും അധികം അല്ലലുകളില്ലാതെ കഴിഞ്ഞു.

പൊന്നുമോൻ
എഴുന്നൂറ് രൂപ വാടകയുള്ളൊരു കൊച്ചുവീട്ടിലായിരുന്നു അമ്മയും മകനും.  കിണറുകുഴിക്കാനും ആക്രിച്ചാക്കുകൾ വണ്ടിയിൽ കയറ്റാനും റോഡരികുകളിൽ കേബിൾകുഴി തീർക്കാനും വർക്​ ഷോപ്പിൽ പണിക്കും എല്ലാം ഉദയകുമാർ പോകുമായിരുന്നു. എന്തു പണിക്കുപോയാലും വൈകുന്നേരം ഒരു കവറു പാലും ഒരുകിലോ അരിയും നൂറു രൂപയുമായി അവൻ അമ്മക്കരികിൽ എത്തും. ചായക്കടയിൽനിന്ന് വാങ്ങിയ പരിപ്പുവടയോ ബോണ്ടയോ പൊതിഞ്ഞ് അമ്മക്കു കൊണ്ടുവന്നിട്ടുണ്ടാവും. ഓണമോ വിഷുവോ വന്നാൽ അമ്മക്കൊരു പുത്തൻമുണ്ടും തോർത്തും മക​​​​െൻറ സമ്മാനം.
 
‘‘ആദ്യമൊക്കെ പണിക്കുപോയി വരുമ്പോ അവ​​​​െൻറ കൈയൊക്കെ പൊട്ടിയിരിക്കും.  എനിക്കതു കാണുമ്പോ വല്യ സങ്കടം വരും. ഞാൻ ചോറുവാരി കൊടുക്കും. കൊച്ചുപിള്ളേരെപ്പോലെ അടുത്തിരുന്ന് ഉണ്ണും.  ചോറു വാരി കൊടുക്കുമ്പോ കൈയില് കടിച്ച് കുസൃതി കാട്ടും. ഞാൻ നല്ല തല്ലു കൊടുക്കും. അപ്പോ ചിരിക്കും. വയസ്സ് 27 ആയിട്ടും പത്തുവയസ്സുകാര​​​െൻറ സ്വഭാവമാരുന്നു അവന്. രാവിലെ ഉടുത്തു പൊറെത്തറങ്ങാനുള്ള മുണ്ടി​​​െൻറ കോന്തല ഞാൻ പിടിച്ചു മടക്കി കൊടുക്കണം.  അല്ലെങ്കിലന്നു പെണങ്ങി ജോലിക്കു പോവൂല. പായസമാരുന്നു ഏറ്റവും ഇഷ്​ടം.  എന്തു സന്തോഷം വന്നാലും പായസമൊണ്ടാക്കിക്കും. അവസാനമായിട്ട് വീട്ടീന്ന് എറങ്ങിപ്പോയ ദെവസോം എന്നോട് പറഞ്ഞു: അമ്മേ, നാളെ പായസമൊണ്ടാക്കണം. വരുമ്പോ ഞാൻ അട വാങ്ങിവരാം. വലിയ ശാഠ്യങ്ങളൊന്നും അവന് ഇല്ലാരുന്നു. എവിടെപ്പോയാലും രാത്രി ഒമ്പതു മണിക്ക് വീട്ടീ വരും. അതു കഴിഞ്ഞു വന്നാ കതകു തൊറക്കത്തില്ലെന്ന് ഞാൻ പറഞ്ഞതോണ്ട് വല്യ പേടിയാരുന്നു. ജോലി കഴിഞ്ഞാൽ കുളിച്ചിട്ടേ വീട്ടീ വരൂ. പുത്തലക്കോട് ശിവൻകോവിലിനടുത്തുള്ള കടവിലോ ശ്രീകണ്ഠേശ്വരം കുളത്തിലോ ആയിരിക്കും കുളി. അങ്ങനെ ശ്രീകണ്ഠേശ്വരത്ത് കുളി കഴിഞ്ഞിരിക്കുമ്പഴാ എ​​​െൻറ മോനെ പൊലീസുകാര് പിടിച്ചോണ്ടുപോയത്.’’

കാത്തിരിപ്പ്​...
2005 സെപ്റ്റംബർ 27ന് രാത്രി ഏറെ വൈകീട്ടും മകൻ വീട്ടിൽ വന്നില്ല. അമ്മക്കുള്ളിൽ ആധിവെന്തു. പതിവില്ലാതെ നക്ഷത്രങ്ങളത്രയും ഒളിച്ചിരുന്ന ആ രാത്രിയിൽ മണ്ണെണ്ണ വിളക്ക് പുലരുവോളം കൂരയിൽ തെളിഞ്ഞുനിന്നു. അതി​​​െൻറ ഇത്തിരിവെട്ടത്തിൽ മക​​​​െൻറ കാൽപ്പെരുമാറ്റം കാതോർത്ത് അമ്മ പാതിമയക്കത്തിൽ കിടന്നു. എണ്ണതീർന്ന് വിളക്ക് കരിന്തിരിയെരിഞ്ഞു.
‘‘എനിക്ക് പതിവില്ലാത്ത ഒരാധി. അങ്ങനെ പറയാതെ എവിടേം പോന്നോനല്ല. ഉറങ്ങാൻ കെടന്നിട്ടും പറ്റുന്നില്ല. വെല്ലാത്ത വെപ്രാളം. എ​​​െൻറ മോ​​​െൻറ പ്രാണൻ അന്നേരം പൊലീസുകാരുടെ ഇരുമ്പു വടീൽ ഞെരിയുവാരുന്നു.  ഞാനത് അറിഞ്ഞില്ല. സ്വപ്നം കണ്ടാപ്പോലും  അവൻ ‘അമ്മേ...’ന്നാരുന്നു വിളിക്കുന്നേ.  ദൈവമേന്ന് വിളിക്കേണ്ടെട​െത്തല്ലാം എന്തിനാടാ ചെക്കാ അമ്മേന്ന് വിളിക്കുന്നേന്ന് ഞാൻ പലതവണ ചോദിച്ചിട്ടൊണ്ട്. അവൻ ചിരിച്ചോണ്ട് പറയും, ‘എ​​​െൻറ ദൈവം അമ്മ തന്നല്ലിയോ?’ ആ രാത്രീലും അവൻ അമ്മേന്ന് ഒത്തിരി വിളിച്ചിട്ടുണ്ടാവും.  പൊലീസുകാര് ചവിട്ടികൂട്ടിയപ്പോ, ബെഞ്ചീല് മലർത്തി കെടത്തി കൈ പൊറകോട്ട് കെട്ടി  ഇരുമ്പുവടിവെച്ച് കാല്തൊട്ട് തലവരെ ചതച്ചുരുട്ടിയപ്പോ എ​​​െൻറ കുഞ്ഞ് പ്രാണവേദനേല് പലതവണ അമ്മേന്ന് വിളിച്ചുകാണും. അതി​​​െൻറ വെപ്രാളമാരുന്നു എനിക്കാ രാത്രീലെന്ന് ഇപ്പോ ആലോചിക്കുമ്പോ തോന്നുന്നു.  ഒറങ്ങാതെ നേരം വെളുപ്പിച്ചു.  എവിടെങ്കിലും പണിക്കുപോയതാവും, ഒടനെ വരുമെന്ന് സ്വയം സമാധാനിച്ചു. ജഗതി നീലകണ്ഠ സ്​കൂളിൽ ഞാൻ ജോലിക്കു പോകുമാരുന്നു. അങ്ങനെ വല്യ ജോലീന്നു പറയാനൊന്നുമില്ല. അവിട​െത്ത ചെറിയ പിള്ളേരെ നോക്കുന്ന ആയയാരുന്നു ഞാൻ.  അമ്മയെന്തിനാ ജോലിക്കു പോകുന്നേന്ന്  അവൻ പലപ്പോഴും ചോദിച്ചിട്ടൊണ്ട്. നീ പോയാപിന്നേ പകല് ഞാനിവിടെ ഒറ്റക്കല്ലേടാ എന്ന് ഞാൻ പറയും.  സ്​കൂളില് എല്ലാർക്കും എന്നോട് വല്യ ഇഷ്​ടമാരുന്നു. അതുകൊണ്ട്, ഞാൻ ദെവസോം പോകും. ഒരു ദെവസം പോയില്ലേ കൊച്ചുപിള്ളേരെ നോക്കാൻ പകരം ആളെ കിട്ടൂല. അതുകൊണ്ട്, നിവർത്തിയൊണ്ടേ ഞാൻ സ്​കൂളീപോക്ക് മൊടക്കൂലാ.  രാവിലെ ഏഴു മണിക്ക് എണിറ്റപ്പഴും അവൻ വന്നിട്ടില്ല. തലേന്ന​െത്ത ചോറ് ഞാൻ വെച്ചൂറ്റിവെച്ചു. മോന് ഇഷ്​ടപ്പെട്ട ബീറ്റ്റൂട്ട് തോരനൊണ്ടാക്കി. മത്തി വാങ്ങി പൊരിച്ചുവെച്ചു. ആ ഓണത്തിന് അവൻ എനിക്ക് മുണ്ട് വാങ്ങിത്തന്നിരുന്നില്ല. വരുമ്പോ അതുംകൊണ്ട് വരാന്ന് പറഞ്ഞാണ് തലേന്ന് പോയത്. എനിക്ക് സ്​കൂളീന്ന് കിട്ടിയ 2000 രൂപ ഒണ്ടാരുന്നു.  അതു ഞാൻ അവനു കൊടുത്ത് എന്തേലും വാങ്ങിക്കോടാന്ന് പറഞ്ഞാരുന്നു.  വൈകുന്നേരം ഞാൻ സ്​കൂളീന്ന് വരുമ്പോ അവൻ ഓണക്കോടിയുമായി വീട്ടുപടിക്കലുണ്ടാവുമെന്ന് മനസ്സു പറഞ്ഞു. ഞാൻ സ്​കൂളിലെത്തി പത്തു മണിയായപ്പോ ഒരു പൊലീസ്​ വണ്ടി വന്നു.  ഉദയകുമാറി​​​െൻറ അമ്മ  ഉണ്ടോന്ന് പൊലീസുകാര് ചോദിച്ചു.  സ്​കൂളിലെ സാറന്മാര് എറങ്ങിവന്ന് എന്താ കാര്യോന്ന്  ചോദിച്ചിട്ട് പൊലീസുകാര് ഒന്നും പറഞ്ഞില്ല. എന്നോടും ആദ്യം ഒന്നും പറഞ്ഞില്ല.  ഉദയകുമാർ എവിടെപ്പോയതാണ്, അവ​​​​െൻറ കൈയിൽ പൈസയൊണ്ടോ എന്നൊക്കെ ചോദിച്ചു. അവന് ഓണക്കൂലി കിട്ടിയ പൈസയും എ​​​െൻറ കെയീന്ന് വാങ്ങിയ  പൈസായും അവ​​​​െൻറ കൈയിൽ ഒണ്ടാരുന്നു. ഉദയകുമാർ മോർച്ചറിയിലുണ്ട്. വന്ന് നോക്കി ഒറപ്പിക്കണം എന്ന് പെട്ടെന്നൊരു പൊലീസുകാരൻ പറഞ്ഞു. മോർച്ചറീന്ന് കേട്ടതും ഞാൻ കൊഴഞ്ഞുവീണു. ഇങ്ങനൊക്കെയാണോ സംസാരിക്കേണ്ടത് എന്ന് സാറന്മാർ പൊലീസുകാരോട് ചോദിക്കുന്നതൊക്കെ കേക്കാമാരുന്നു. എനിക്ക് ഒന്നും മനസ്സിലായില്ല. കാറില് മെഡിക്കൽ കോളജില് എത്തുമ്പോ അവിടം നെറയെ പൊലീസ്​. അപ്പഴും മനസ്സു പറഞ്ഞു, ഇതെ​​​െൻറ മോൻ ആവൂല്ല. മോർച്ചറീടെ വാതുക്കെ അവനെ ഞാൻ കണ്ടു. ഒറ്റ നോട്ടത്തീ എനിക്കുപോലും അറിയാൻ പറ്റാേത്താണം അവ​​​​െൻറ മൊഖം കരുവാളിച്ചിരുന്നു’’,  പ്രഭാവതിയുടെ മുഖത്ത് അന്നത്തെ അതേ പേടിയുടെ നിഴലനക്കം.

പ്രഭാവതി അമ്മ

അമ്മ ഒന്നേ നോക്കിയുള്ളൂ. മോർച്ചറിയുടെ തണുപ്പിൽ മകൻ വല്ലാതെ വിറങ്ങലിച്ചിരുന്നു.  തണുപ്പുകാലത്ത് രണ്ടു കമ്പിളി പുതച്ചുറങ്ങിയിരുന്ന മകൻ മോർച്ചറിയുടെ ശൂന്യ ഉൗഷ്മാവിൽ വല്ലാതെ തുണുത്തുറഞ്ഞിരുന്നു. പ്രാണവേദനയുടെ പിടച്ചിൽ മരിച്ചിട്ടും ഉദയകുമാറി​​​െൻറ മുഖത്ത് ബാക്കിയുണ്ടായിരുന്നു. 30 മുറിവുകൾ പൊലീസുകാർ ആ യുവാവി​​​െൻറ ശരീരത്തിൽ ഏൽപിച്ചിരുന്നതായാണ് പോസ്​റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞത്. കാൽമുട്ടു മുതൽ അരവരെ കരിനീലപ്പാടുകളിൽ ചോര ചത്തുകിടന്നിരുന്നു. ഇരുമ്പു പൈപ്പി​​​െൻറ മർദനം താങ്ങാനാവാതെ ഞരമ്പുകൾ ഞെരുങ്ങിപ്പൊട്ടി. ഓരോ രോമകൂപങ്ങളിലും ചോര ഉറഞ്ഞുനിന്നു. ഒരു രാത്രി മുഴുവൻ മൂന്നു പൊലീസുകാർ ചേർന്ന് ഉദയകുമാറിനെ ഉരുട്ടാൻ ഉപയോഗിച്ച ഇരുമ്പു പൈപ്പ് പിന്നീട് ഫോർട്ട് പൊലീസ്​്സ്​റ്റേഷനിൽനിന്ന് അന്വേഷണ ഉദ്യോഗസ്​ഥർ കണ്ടെത്തുകയായിരുന്നു. ‘‘പോസ്​റ്റ്മോർട്ടം കഴിഞ്ഞ് തുന്നിക്കെട്ടി ആശുപത്രീന്ന് തിരിച്ചുകിട്ടുമ്പോ അവ​​​​െൻറ ദേഹത്ത് ചതയാത്ത ഒറ്റയെടവും ബാക്കിയൊണ്ടാരുന്നില്ല. നുള്ളിനോവിക്കാതെ ഞാൻ വളർത്തിയ മോൻ ഒരായുസ്സി​​​െൻറ എല്ലാ വേദനയും ആ ഒറ്റ രാത്രീല് തിന്നു കാണണം.’’

നിയമപാലനം
ഉദയകുമാർ കുറ്റമൊന്നും ചെയ്തിരുന്നില്ല. പതിവുപോലെ ജോലികഴിഞ്ഞ് ശ്രീകണ്ഠേശ്വരം ക്ഷേത്രക്കുളത്തിൽ കുളിച്ച്  കൂട്ടുകാരോട് സൊറപറഞ്ഞിരിക്കുകയായിരുന്നു അയാൾ. നനഞ്ഞ വസ്​ത്രങ്ങൾ കുളക്കരയിൽ ഉണങ്ങാൻ വിരിച്ചിട്ടിരുന്നു. ആ സമയത്താണ് ഫോർട്ട് പൊലീസ്​സ്​റ്റേഷനിലെ കോൺസ്​റ്റബിൾമാരായ കെ. ജിതകുമാർ, എസ്​.വി. ശ്രീകുമാർ, കെ.വി. സോമൻ എന്നിവർ വെറും സംശയത്തി​​​െൻറ പേരിൽ ഉദയകുമാറിനെ പിടികൂടുന്നത്. അമ്മക്ക് ഓണക്കോടി വാങ്ങാനും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാനുമായി അയാൾ കൈവശം കരുതിയിരുന്ന 4,000 രൂപയാണ് പൊലീസി​​​െൻറ കണ്ണിൽ ഉദയനെ മോഷ്​ടാവാക്കിയത്.  ഓട്ടോറിക്ഷയിൽ കയറ്റി ഫോർട്ട് പൊലീസ്​ സ്​റ്റേഷനിൽ എത്തിച്ച  ഉദയകുമാറി​​​െൻറ പോക്കറ്റിലെ പണം എടുത്തശേഷം പൊലീസുകാർ പോകാൻ അനുവദിച്ചു.  എന്നാൽ, അമ്മക്ക് ഓണക്കോടി വാങ്ങാൻ കരുതിയ പണം മടക്കിത്തരണമെന്ന് ഉദയകുമാർ വാശിപിടിച്ചു.  തുടർന്നായിരുന്നു കലികയറിയ കാപാലികരുടെ കൊടിയ മർദനം. പണം മോഷ്​ടിച്ചതാണെന്ന് സമ്മതിപ്പിക്കാനായി സർക്കിൾ ഇൻസ്​പെക്ടർ ഇ.കെ. സാബുവി​​​െൻറ മുറിയിലിട്ട് ഉദയകുമാറിനെ പൊലീസുകാർ തല്ലിച്ചതച്ചെന്ന് പിന്നീട് സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തി.

കോടതി ശിക്ഷ വിധിച്ച പൊലീസ്​ ഉദ്യോഗസ്​ഥരായ സാബു, അ​ജി​ത്കു​മാ​ർ, ശ്രീ​കു​മാ​ർ, ജി​ത​കു​മാ​ർ എന്നിവർ
 

അതിനുശേഷമായിരുന്നു ബെഞ്ചിൽ മലർത്തിക്കിടത്തി കൈകൾ പിന്നിലേക്കു കെട്ടിയശേഷം ഇരുമ്പുപൈപ്പ്  ഉപയോഗിച്ച് കാൽമുതൽ തലവരെ ഉരുട്ടിയത്. ഈ ഉരുട്ടിൽ ഞരമ്പുകൾപൊട്ടിയുണ്ടായ ആന്തരിക രക്തസ്രാവമാണ് ഉദയകുമാറി​​​െൻറ ജീവനെടുത്തതെന്ന് പോസ്​റ്റ്മോർട്ടം റിപ്പോർട്ടും സി.ബി.ഐ അന്വേഷണവും വ്യക്തമാക്കുന്നു. ‘‘ഇത് ഞാൻ കഷ്​ടപ്പെട്ടുണ്ടാക്കിയ പൈസയാ സാറേ... സാറന്മാരു വേണങ്കീ വീട്ടിപ്പോയി അമ്മയോട് അന്വേഷിക്ക്...’ എന്ന് ഓരോ ഉരുട്ടലിലും എ​​​െൻറ മോൻ വിളിച്ചുപറഞ്ഞത് കേട്ട പൊലീസുകാർതന്നെയുണ്ട്. ചെറിയ വേദനപോലും അവൻ സഹിക്കത്തില്ലാരുന്നു. കൈയെങ്ങാൻ മുറിഞ്ഞാലും ആശൂത്രീപോയി കുത്തിവെക്കൂല. പേടിയാ. ഞാൻതന്നെ മരുന്നുവെച്ച് മുറിവുകെട്ടി ഈതിക്കൊടുക്കണം. നീറ്റലുള്ള മരുന്നൊന്നും വെക്കാൻ സമ്മതിക്കൂല.  അങ്ങനൊള്ള എ​​​െൻറ മോൻ ആ രാത്രീല് വല്ലാതെ നീറീട്ടൊണ്ടാവും. ദേഹത്തി​​​െൻറ ഓരോ ഇഞ്ചും അവരു ചതച്ചരച്ചു കളഞ്ഞിരുന്നു.’’

നീതിപീഠം
ഉദയകുമാർവധം തേച്ചുമാച്ചുകളയാനും പ്രതികളെ രക്ഷിക്കാനും കേരളത്തിൽ യു.ഡി.എഫ്–എൽ.ഡി.എഫ് ഭരണകാലങ്ങളിൽ നടന്ന കളികൾ രാജൻകേസിൽപോലും സംഭവിക്കാത്തതായിരുന്നു.  വ്യാപക പ്രതിഷേധമുയർന്നതോടെ കേസ്​ ൈക്രംബ്രാഞ്ചിന് നൽകി ഉമ്മൻചാണ്ടി സർക്കാർ ഉത്തരവിട്ടിരുന്നു.  2006 ഫെബ്രുവരി 13ന് ൈക്രംബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പല കാരണങ്ങളാലും ഒരു ചരിത്രരേഖയായിരുന്നു.  കുറ്റവാളികളായ മുഴുവൻ പൊലീസുകാരെയും രക്ഷപ്പെടുത്താനുള്ള പഴുതുകൾ ബുദ്ധിപൂർവം കുത്തിനിറച്ചതായിരുന്നു ആ റിപ്പോർട്ട്.  അന്വേഷണ ഉദ്യോഗസ്​ഥനായ എസ്​.പി ബാലചന്ദ്രൻതന്നെ കേസി​​​െൻറ മൊഴിമാറ്റി പറയാൻ  ഉദയകുമാറി​​​െൻറ അമ്മയെ നിർബന്ധിച്ചു.  പ്രതികളുടെ തിരിച്ചറിയൽ പരേഡിൽ വലിയ കൃത്രിമങ്ങൾ അരങ്ങേറി.  ഉദയകുമാറിനെ മോഷ്​ടാവാക്കാനായി വ്യാജകേസുകളും രേഖകളും നിർമിക്കപ്പെട്ടു.  കേസി​​​െൻറ പ്രാഥമികാന്വേഷണം നടത്തിയ എ.സി.പി  പ്രഭ, പിന്നീട് അന്വേഷിച്ച ൈക്രംബ്രാഞ്ച് എസ്​.പി   കെ.ബി. ബാലചന്ദ്രൻ എന്നിവർ ഗുരുതരമായ കൃത്യവിലോപം കാട്ടി.  ൈക്രംബ്രാഞ്ച് പലതെളിവുകളും കോടതിയിൽ ഹാജരാക്കിയില്ല. മൂന്നു പൊലീസുകാരെ മാത്രം പ്രതിചേർത്തായിരുന്നു ൈക്രംബ്രാഞ്ച് കുറ്റപത്രം.

പ്രതികളായ പൊലീസുകാരെ കോടതിയിൽ ഹാജരാക്കിയപ്പോൾ അവരെ മാധ്യമങ്ങളുടെ കണ്ണിൽനിന്ന് രക്ഷിക്കാൻ അന്നത്തെ പേട്ട സി.ഐ തമ്പി എസ്​. ദുർഗാദത്ത് തരംതാണ നാടകം കളിച്ചു. തിരുവനന്തപുരം അഡീഷനൽ സെഷൻസ്​ കോടതിയിൽ കേസ്​ വിചാരണ നടക്കവെ  കേസ്​ സി.ബി.ഐയെ ഏൽപിച്ച് കേരള ഹൈകോടതി ഉത്തരവിട്ടു. 14 പൊലീസുകാരെ പ്രതികളാക്കി സി.ബി.ഐ പുതിയ കുറ്റപത്രം സമർപ്പിച്ചു. നേരിട്ട് ഉത്തരവാദികളായ ആറു പൊലീസുകാർക്കെതിരെ  കൊലക്കുറ്റം ചുമത്തി. ഇതിൽ മൂന്നു പേർക്കെതിരെ കൊലക്കുറ്റം ചുമത്തി വിചാരണചെയ്യാൻ സർക്കാർ അനുമതി നൽകിയില്ല. ഒടുവിൽ, സി.ബി.ഐ നിരന്തര സമ്മർദം ചെലുത്തിയപ്പോൾ സർക്കാർ മനസ്സില്ലാ മനസ്സോടെ അനുമതി നൽകി. അങ്ങനെ ഉദയകുമാറിനെ മർദിച്ച മൂന്നു പൊലീസുകാർ കൂടാതെ തിരുവനന്തപുരം അസി.പൊലീസ്​ കമീഷണർ ഇ.കെ. സാബു, സർക്കിൾ ഇൻസ്​പെക്ടർ ടി. അജിത്കുമാർ, കോൺസ്​റ്റബിൾ മോഹനൻ എന്നിവർകൂടി കൊലക്കേസ്​ പ്രതികളായി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്​േട്രറ്റ് കോടതിയിൽ കേസ്​ ഇപ്പോഴും തുടരുന്നു. 14 പ്രതികളിൽ ശേഷിക്കുന്ന എട്ടുപേരെ മാപ്പുസാക്ഷികളാക്കാനാണ് സി.ബി.ഐ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

ശേഷം അമ്മ
സർക്കാർ നഷ്​ടപരിഹാരമായി വാങ്ങിനൽകിയ ചെറിയവീട്ടിൽ സഹോദര​​​െൻറ താങ്ങിൽ അമ്മ കഴിയുന്നു. നഷ്​ടപരിഹാര തുകയായി ലഭിച്ച രണ്ടു ലക്ഷം രൂപ ബാങ്കിൽ സ്​ഥിരനിക്ഷേപമായി ഇട്ടതി​​​െൻറ പലിശയിനത്തിൽ കിട്ടുന്ന 1500 രൂപയാണ് ഇപ്പോൾ വരുമാനം. കേസി​​​െൻറ മുന്നോട്ടുള്ള ഓരോ നീക്കത്തിനും അമ്മയ്​ക്ക്​ അധികാരികളുടെ വാതിൽക്കൽ കാത്തുനിൽക്കേണ്ടിവന്നു. നിവേദനങ്ങളും പരാതികളുമായി അഞ്ചു കൊല്ലം. മുറ്റത്ത് മുടങ്ങാതെത്തുന്ന ബലിക്കാക്ക ഭൂമി വിട്ടുപോകാത്ത ത​​​​െൻറ മകനാണെന്നു വിശ്വസിച്ച് അതിനെയൂട്ടി  അമ്മ കാത്തിരിക്കുന്നു, പൊന്നുണ്ണിയെ കുഴിച്ചുമൂടിയ പൂതങ്ങൾ ശിക്ഷിക്കപ്പെടുന്നതും കാത്ത്. ‘‘അവന് ഞാൻ കുഞ്ഞുന്നാളിൽ പൂതത്തി​​​െൻറ കഥ പറഞ്ഞുകൊടുക്കുമായിരുന്നു. ഉണ്ണിയെപിടിച്ച പൂതത്തി​​​െൻറ മുന്നിൽ കണ്ണുചൂഴ്ന്ന അമ്മയുടെ കഥ കേക്കുമ്പോ അവന് പേടിയായിട്ട് എന്നെ കെട്ടിപ്പിടിക്കും.  എ​​​െൻറ മോ​​​െൻറ അടുേത്തക്ക് പോയാലോ എന്നു പലതവണ ഞാൻ ആലോചിച്ചു. പക്ഷേ, മലയാളക്കരേല് ഒരമ്മക്കും ഇനിയീ ഗതി വരരുത്. അതിന് ഈ തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണം. അതിനു മാത്രമാണ് ഇനി എ​​​െൻറ ജീവിതം. കണ്ണടയുവോളം അതിന് ഞാൻ ശ്രമിക്കും. എനിക്കു നീതി കിട്ടിയില്ലേ പിന്നെ ഇന്നാട്ടിലാർക്കും നീതി കിട്ടാനില്ല. അവ​​​​െൻറ റ ഒരു പടംപോലും ഇവിടില്ല. അവന് ഫോട്ടോ എടുക്കുന്നത് ഇഷ്​ടമല്ലാരുന്നു.  ഫോട്ടോ ഒക്കെ എടുത്ത് ആർക്ക് ചന്തം കാണാനാന്ന് ചോദിക്കുമാരുന്നു. പെണ്ണു കെട്ടണ്ടേടാന്നു ഞാൻ ഒരിക്കല് ചോദിച്ചു. എനിക്കൊരു വെളുത്ത പെണ്ണിനെ മതിയമ്മേന്നു പറഞ്ഞു.  ഒരു കണക്കിന് അതൊന്നും നടക്കാത്തതു നന്നായി. അല്ലെങ്കീ ഒരു പെണ്ണി​​​െൻറ കണ്ണീരുകൂടി ഈ വയസ്സാംകാലത്ത് ഞാൻ താങ്ങേണ്ടി വന്നേനെ. എ​​​െൻറ മോ​​​െൻറ ചിരിച്ച ഫോട്ടോ എ​​​െൻറ നെഞ്ചിനകത്തൊണ്ട്​. അതുമതി. അതു മായത്തില്ല. അതൊള്ളട​ത്തോളം ഞാൻ നീതികിട്ടാൻ ചെയ്യാവുന്നതെല്ലാം  ചെയ്യും. ഇനിയൊരമ്മേടെ  കണ്ണീര് ഇവിടെ വീഴല്ല്. അമ്മമാരുടെ  കണ്ണുനീരിന് വല്ലാെത്താരു ചൂടൊണ്ട്.  അതു പൊലീസുകാർക്കോ കോടതിക്കോ മനസ്സിലാവത്തില്ല.  ചെലപ്പോ ആ ചൂടില് ഒരു നാടുതന്നെ വെന്തുപോവും.  പുരാണ·ിലൊക്കെ അങ്ങനെ പലനാടും വെന്തുപോയിട്ടൊണ്ട്.  അതോണ്ട്, എ​​​െൻറ ബാക്കിജീവിതം ഈ നാടിനെത്തന്നെ രക്ഷിക്കാനൊള്ളതാണ്.   എന്നെപ്പോലൊള്ള അമ്മമാർക്ക് നീതി കിട്ടുമ്പഴേ നാടു രക്ഷപ്പെടൂ.’’

ഉ​രു​ട്ടി​ക്കൊ​ല​ക്കേ​സി​ലെ വി​ധി പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മു​ന്നി​ൽ പൊ​ട്ടി​ക്ക​ര​യു​ന്ന ഉ​ദ​യ​കു​മാ​റി​​​​െൻറ അമ്മ പ്ര​ഭാ​വ​തി​യ​മ്മ (ഫോട്ടോ: പി.​ബി. ബി​ജു)
 

ബലി
‘‘ആരു വന്നാലും അവൻ പൊറെത്തറങ്ങൂല. ആരുടേം കല്യാണത്തിനു പോവത്തില്ല. നീയിങ്ങനെ  പൊരക്കകത്തിരുന്നാ നിനക്കൊരു ആവശ്യം വരുമ്പോ ആരേലും കാണുമോടാന്നു ഞാൻ ചോദിക്കും. അപ്പഴവൻ പറയും:  ‘അമ്മ നോക്കിക്കോ, എനിക്കൊരാവശ്യം വരുമ്പോ നാടു മൊത്തം ഒണ്ടാവും’. അതു നേരായി. അവനെ വെള്ളപൊതച്ച് മുറ്റത്തു കെടത്തിയപ്പോ നാടു മൊത്തം വന്നു. നേതാക്കളും രാഷ്ട്രീയക്കാരും നാട്ടുകാരും എല്ലാരും വന്നു.  മോക്ഷം കിട്ടാൻ വേണ്ടതൊക്കെ ഞാൻ ചെയ്തു. ഭസ്​മം കടലിലൊഴുക്കി. മക്കക്ക് അമ്മാര് കർമം ചെയ്തൂടാന്ന് ശാസ്​ത്രം. അതോണ്ട്, എ​​​െൻറ ആങ്ങളേടെ മക്കള് ബലിയിട്ടു. തിരുനെല്ലീപോയി കൊല്ലംതോറും അവര് കർമങ്ങളൊക്കെ ചെയ്യും. ഞാനും പോവും. ഭൂമിവിട്ടുപോയി മോക്ഷംകിട്ടാൻ വേണ്ടതൊക്കെ ചെയ്തു. പക്ഷേല്, അവൻ എന്നേം വിട്ട് എങ്ങോട്ടും പോവൂല്ല. എന്നെ വെഷമിപ്പിക്കാനായിട്ട് എന്തിനാടാ നീയിങ്ങനെ ഇവിടെ ചുറ്റുന്നേ. ഇനിയെനിക്കു നിന്നെ കാണണ്ടാന്ന് ഒരു ദെവസം ഞാൻ പറഞ്ഞു. പിന്നെ, ഒരു മാസം ആ കാക്ക വന്നില്ല. പെണക്കം മാറിയപ്പോ പിന്നേം വന്നു. പറഞ്ഞല്ലോന്നോർത്ത·് എനിക്കും സങ്കടമായി. ഇഞ്ചിഞ്ചായി ചതച്ചുകൊന്നോര് ശിക്ഷിക്കപ്പെടുന്ന കാലത്തേ അവന് മോക്ഷം കിട്ടൂ; എനിക്കും.’’

മരിച്ചിട്ടും നമ്മളെന്തിനാണിവരെ മഴയത്തുനിർത്തുന്നത്​...? 2011 മാധ്യമം ആഴ്​ചപ്പതിപ്പി​​​​െൻറ പുതുവർഷപ്പതിപ്പ്​
 

തീരാത്ത കഥ പറഞ്ഞ് അമ്മ കണ്ണീരു തുടച്ചു. മഴയപ്പോഴേക്കും മാഞ്ഞിരുന്നു. മുരിക്കുമരത്തി​​​െൻറ കിഴക്കേ കൊമ്പിൽ കാക്ക പാറിവന്നിരുന്നു. അമ്മ മുകളിലേക്കു നോക്കി പതിയെ കൈകൊട്ടി.  അപരിചിതരാരോ ഉണ്ടെന്നു തോന്നിയിട്ടാവാം,  കാക്ക മടിച്ചുനിന്നു. അതു പാറി മറ്റൊരു കൊമ്പിലേക്കിരുന്നു. നനഞ്ഞ മുരിക്കിലകൾ ഉലഞ്ഞു.  മരം പെയ്തു. ചോട്ടിൽ അമ്മ നനഞ്ഞുനിന്നു.

Tags:    
News Summary - memmory of Udayakumar's mother Prabhavathi kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.