‘‘മാവേലി നാടുവാണീടും കാലം
മാനുഷര്‍ എല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
ആമോദത്തോടെ വസിക്കും കാലം
ആപത്തെങ്ങാര്‍ക്കുമൊട്ടില്ലതാനും’’
ഏതു മലയാളിക്കും അറിയാവുന്ന നാടന്‍പാട്ടാണിത്. എന്നാൽ, ഇത് ആര് എന്ന് എഴുതിയതാണെന്നോ, ഏതു കാലത്താണ് ആമോദത്തോടെ എല്ലാവരും വസിച്ചതെന്നോ ആര്‍ക്കും അറിയില്ല. എന്നിട്ടും ഓരോ തലമുറയും അതിനു മുമ്പത്തെ തലമുറയായിരിക്കണം ‘കള്ളവും ചതിയും’ ഇല്ലാതിരുന്ന കാലം എന്നു വിചാരിക്കും. പക്ഷേ, സത്യം അതല്ല. നമ്മുടെ ലിഖിതമോ അലിഖിതമോ ആയ ഏതു ചരിത്രകാലത്തേക്കാളും ജീവിതസൗകര്യങ്ങളും അവസരങ്ങളും സ്വാതന്ത്ര്യവുമുള്ള ഒരു കാലത്തിലാണ് നാമിന്ന് കേരളത്തിൽ ജീവിക്കുന്നത്. 2014ൽ കേരളത്തിലെ ഏതു കുടുംബത്തിൽ ജനിക്കുന്ന (ഏതു ജാതിയോ മതമോ) ഏതൊരു കുട്ടിയും ശരാശരി അവരുടെ മാതാപിതാക്കളേക്കാള്‍ അധിക കാലം ജീവിക്കും, അവരെക്കാള്‍ കൂടുതൽ ഭക്ഷ്യസുരക്ഷയും ആരോഗ്യസംവിധാനങ്ങളും വിദ്യാഭ്യാസം നേടാനുള്ള അവസരവും ജീവിതസൗകര്യങ്ങളും അവര്‍ക്കുണ്ടാകും. ഇതെല്ലാം നമുക്ക് തന്നത് നമ്മുടെ മതേതര ജനാധിപത്യ ഭരണസംവിധാനമാണ്.എെൻറ അമ്മ. കമലാക്ഷി അമ്മയുടെ ജീവിതത്തിലെ ഒരു സംഭവത്തിൽനിന്ന് ഈ കാര്യം ഞാൻ കുറച്ചുകൂടി വ്യക്തമാക്കാം.
ഒരു പാടശേഖരത്തിലേക്ക് തള്ളിനിൽക്കുന്ന തുരുത്തുപോലുള്ള നിലം, അതിെൻറ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് ഞാന്‍ ജനിച്ച വീട്. എെൻറ അമ്മ ജനിച്ചതും ഈ വീട്ടിൽതന്നെയാണ്. അമ്മയുടെ തറവാട് പാടത്തിെൻറ മറുകരയിലായിരുന്നു. പണ്ട് നാട്ടിലെ ജന്മിയായിരുന്ന ആള് വധശിക്ഷ നടപ്പാക്കിയിരുന്നത് ഞങ്ങള്‍ ഇപ്പോള്‍ വീടുവെച്ചിരിക്കുന്ന സ്ഥലത്താണ്. ‘ആളെ വെട്ടി ഞാൽ’ എന്നാണ് പഴയ പ്രമാണങ്ങളിൽ ഈ സ്ഥലത്തിെൻറ പേര്. ആര്‍ക്കും വേണ്ടാതെ, ആരും വീടുവെക്കാന്‍ ധൈര്യപ്പെടാതെ കിടന്ന ഈ ഭൂമിയിൽ ദൈവവിശ്വാസമല്ലാതെ മറ്റ് അന്ധവിശ്വാസങ്ങള്‍ ഒന്നുമില്ലാതിരുന്ന എെൻറ അച്ചാച്ഛന് (അമ്മയുടെ അച്ഛന്) വീടുവെക്കാന്‍ തീരുമാനിച്ചു. പറന്പിെൻറ ഏറ്റവും ഉയര്‍ന്ന സ്ഥലത്താണ് എെൻറ വീട് എന്നു പറഞ്ഞല്ലോ. ഒരു ദുരന്തലഘൂകരണക്കാരനായ എെൻറ കണ്ണിലൂടെ നോക്കുമ്പോള്‍ ഏറ്റവും ഉത്തമമായ സ്ഥലം. വെള്ളപ്പൊക്കം, മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ ഒന്നുമില്ല. വീട്ടിലിരുന്നുനോക്കിയാൽ ചുറ്റുമുള്ള ഞങ്ങളുടെ പാടത്ത് പ്രാവുകള്‍ വിത്ത് പെറുക്കുന്നുണ്ടോ, തത്ത കതിരുകള്‍ മോഷ്ടിക്കുന്നുണ്ടോ, പാടത്ത് വേനൽക്കാലത്ത് അഴിച്ചുവിട്ടിരുന്ന കന്നുകാലികള്‍ കൂട്ടംതെറ്റി പോകുന്നുണ്ടോ എന്നെല്ലാം നമുക്കു കാണാം. എത്ര ദീര്‍ഘവീക്ഷണമുള്ള കാരണവര്‍ എന്നാണ് വീടിെൻറ സ്ഥാനനിര്ണയത്തെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഞാന്‍ മനസ്സിൽ വിചാരിക്കാറ്.ആ ചിന്ത പിന്നീട് മാറി. എെൻറ അമ്മക്ക് 80 വയസ്സ് ആകുന്നതോടനുബന്ധിച്ച് അമ്മയുടെയും ഞങ്ങളുടെ തറവാട്ടിലെ 80 കഴിഞ്ഞ മറ്റു വല്യമ്മമാരുെടയും ഒരു വിഡിയോ എടുത്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. അവരുടെ ബാല്യത്തെപ്പറ്റിയും സാങ്കേതികവിദ്യകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെപ്പറ്റിയും ആയിരുന്നു ഞങ്ങള്‍ അവരോടു ചോദിച്ചത്. അതിൽ ഒരു ചോദ്യം എന്തുകൊണ്ടാണ് അമ്മ സ്കൂള്‍ വിദ്യാഭ്യാസം നിർത്തിയത് എന്നായിരുന്നു.
അഞ്ചാം ക്ലാസ് വരെയാണ് അമ്മ സ്കൂളിൽ പഠിച്ചത്. അക്കാലത്ത് അഞ്ചാം ക്ലാസിൽ സ്കൂള്‍ വിദ്യാഭ്യാസം നിർത്തുക എന്നത് വലിയ സംഭവം ഒന്നുമല്ല. അമ്മയുടെ ചില സഹപാഠികള്‍ സ്കൂളിൽ പഠിച്ചിരുന്ന കാലത്തുതന്നെ കല്യാണം കഴിച്ചു പോയതായി എനിക്കറിയാം. പക്ഷേ, ഞങ്ങളുടെ കുടുംബത്തിൽതന്നെ മറ്റു ചില വല്യമ്മമാര് അക്കാലത്തേ സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിക്കുപോയ ചരിത്രവുമുണ്ട്. അപ്പോള്‍പിന്നെ എന്താണ് അമ്മ സ്കൂള്‍ വിദ്യാഭ്യാസം ഇടക്കുവെച്ച് നിര്‍ത്താന്‍ കാരണം?
‘‘എെൻറ മോനേ, വെള്ളംകോരലായിരുന്നു നിൻറമ്മയുടെ ജീവിതം മുഴുവനും’’ -ഉത്തരം പറഞ്ഞത് സരോജിനി ചിറ്റമ്മയാണ്.‘‘മറ്റെല്ലാ വീട്ടിലും കിണറ് മുറ്റത്തുതന്നെ ആയിരുന്നതിനാൽ സ്വന്തം ആവശ്യത്തിന് അവരവർതന്നെ വെള്ളം കോരി എടുക്കുന്നതാണ് പതിവ്. പക്ഷേ, നിങ്ങളുടെ വീട് കുന്നിെൻറ മുകളിലും കിണര്‍ കുഴിച്ചത് പാടത്തിനടുത്ത് താഴെയും ആയതിനാൽ പത്തോ പന്ത്രണ്ടോ ആളുകളും ഏഴെട്ടു കന്നുകാലികളുമുള്ള വീട്ടിലെ ആവശ്യങ്ങള്‍ക്കെല്ലാം വെള്ളം എത്തിക്കേണ്ട ഉത്തരവാദിത്തം നിെൻറ അമ്മക്കായിരുന്നു’’ -ചിറ്റമ്മ പറഞ്ഞുനിര്‍ത്തി.ഇന്നിപ്പോൾ കേരളത്തിൽ വെള്ളം കോരാനായി സ്കൂൾ ഉപേക്ഷിക്കേണ്ടിവരുന്ന പെൺകുട്ടികളില്ല. എന്നാൽ, അങ്ങനെയുള്ള ലോകം ഇപ്പോഴുമുണ്ട്. സോമാലിയ മുതൽ ഹെയ്ത്തി വരെ എത്രയോ രാജ്യങ്ങളിൽ ഞാൻ ഇത് കണ്ടിരിക്കുന്നു. അപ്പോഴെല്ലാം ഞാൻ എെൻറ അമ്മയെ ഓർക്കും, നമ്മുടെ ഭാഗ്യത്തെയും!
●
(മാധ്യമം കുടുംബം മാസികയിൽ പ്രസിദ്ധീകരിച്ചത്) മാധ്യമം കുടുംബം വായിക്കാൻ: https://bit.ly/3dpQksG
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.