ലോകത്തിനുമുന്നിൽ ഒരിറ്റു കണ്ണീർത്തുള്ളിയാണ് ഫലസ്തീൻ, ഏത് നിമിഷവും പൊട്ടിച്ചിതറാൻ വെമ്പിനിൽക്കുന്ന കണ്ണുനീർത്തുള്ളി. എന്നാൽ, ആ ജനതയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെയും പോരാട്ടത്തിന്റെയും പളുങ്കുമണികളാണ് ഓരോ കണ്ണുനീർത്തുള്ളിയും. ഫലസ്തീനിലെ ഓരോ പുലരികളും പിറക്കുന്നത് അതിജീവനത്തിന്റെ പുതിയ ആകാശങ്ങൾക്കുകീഴെയാണ്. പിറകിലെ നോവൂറുന്ന കാഴ്ചകൾ കൊണ്ട് ഉള്ളം പിടയുമെങ്കിലും അത് പുറമേക്ക് പ്രകടിപ്പിക്കാതെ അവർ മുന്നോട്ട് പ്രയാണം നടത്തുകയാണ്; എന്നോ പുലരുന്ന സ്വാതന്ത്ര്യത്തിന്റെ തെളിഞ്ഞുചിരിക്കുന്ന ചക്രവാളങ്ങളിലേക്ക്. ഫലസ്തീന്റെ ഹൃദയഭൂമിയായ ഗസ്സയിലെ കുരുന്നുകൾപോലും ചരിത്രത്തിലേക്കായി വീറുറ്റ പോരാട്ടങ്ങളുടെ പുതുഗാഥകൾ രചിക്കുന്നവരാണ്. ഓരോ കുഞ്ഞിന്റെയും രക്തസാക്ഷിത്വവും അവശേഷിക്കുന്നവരെ കരയിപ്പിക്കുന്നതിനുപകരം ശുഭാപ്തിവിശ്വാസത്തിന്റെ നവ്യവെളിച്ചത്തിൽ നയിക്കും. ഗസ്സയിലെ പോരാട്ടവും അതിജീവനവും പ്രതിഫലിപ്പിക്കുന്ന അനേകജീവിതങ്ങളിലൊന്നാണ് മഫാസ് യൂസഫ് സാലിഹിന്റെത്. ഹമാസിന്റെ സജീവ പ്രവർത്തകനായ ഡോ. അഹമദ് യൂസഫിന്റെയും മെഹദിയയുടെയും മകളായി ജനിച്ച്, ഡൽഹിയിൽ ജീവിക്കുന്ന മഫാസ് അൽജസീറ കോളമിസ്റ്റും ഫലസ്തീൻ വിമോചന പോരാളിയുമാണ്. ലോകം കാണുന്ന കണ്ണീരനുഭവങ്ങളെക്കുറിച്ച്, ഗസ്സയിലെ അതിജീവന പോരാട്ടങ്ങളെക്കുറിച്ച് ഈ 26കാരി പറയുന്നു.
കൂട്ടിച്ചേർക്കലിന്റെ വിവാഹം; വേർപെടുത്തലിന്റെയും
ഓരോ വിവാഹവും രണ്ട് വ്യക്തികൾക്കപ്പുറം രണ്ട് കുടുംബങ്ങളുടെയും കൂടിച്ചേരലാണ്. എന്നാൽ ഗസ്സയിൽ 17 വർഷങ്ങൾക്കുമുമ്പ് നടന്ന ഒരു വിവാഹം ഒരു പെൺകുട്ടിയെ സ്വന്തം കുടുംബത്തിൽനിന്ന് അതിനിർദയം വേർപെടുത്തുകയായിരുന്നു. മഫാസിന്റെ മൂത്ത സഹോദരി ഷിറാസിന്റെതായിരുന്നു ആ വിവാഹം. വെസ്റ്റ് ബാങ്കിലായിരുന്നു വരെൻറ കുടുംബം. അവളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കകം രണ്ടാം ഇൻതിഫാദ (ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശത്തിെനതിരെ ഈ ജനത നടത്തുന്ന പോരാട്ടവും ഉയിർത്തെഴുന്നേൽപുമാണ് ഇൻതിഫാദ) അരങ്ങേറി. അന്ന് ഇസ്രായേൽ സൈന്യം ഗസ്സക്കും വെസ്റ്റ് ബാങ്കിനും ഇടയിൽ വിഭജനത്തിന്റെ മതിൽ പണിതു. രണ്ടു പട്ടണങ്ങളിലെയും ആയിരക്കണക്കിനാളുകളെപ്പോലെ ആ മതിൽ ഭൗതികമായി വിഭജിച്ചത് ഷിറാസിനെയും അവളുടെ കുടുംബത്തെയുമാണ്. ഗസ്സയിൽനിന്ന് വെസ്റ്റ് ബാങ്കിലേക്കോ, തിരിച്ചോ യാത്ര ചെയ്യാൻ സൈന്യം ആരെയും അനുവദിച്ചില്ല. അവൾക്ക് ഗസ്സയിലെ കുടുംബത്തിലേക്ക് വരണമെങ്കിൽ വെസ്റ്റ് ബാങ്കിൽനിന്ന് ജോർഡനിലേക്കും, ജോർഡനിൽ നിന്ന് ഈജിപ്തിലേക്കും വരണം. ഈജിപ്തിൽ ഗസ്സയിലേക്കുള്ള അതിർത്തികവാടം തുറക്കുന്നതുവരെ കാത്തിരിക്കണം. ചിലപ്പോൾ മാസങ്ങളൊക്കെ കാത്തിരിക്കേണ്ടിവരും. നേരിട്ട് യാത്ര ചെയ്യുമ്പോൾ അരമണിക്കൂർ ദൂരമുള്ളിടത്താണ് ചുറ്റിവളഞ്ഞ് വരുമ്പോൾ ഒന്നരദിവസം എടുക്കുന്നത്, അതും അതിർത്തി തുറന്നുകിടക്കുന്നുണ്ടെങ്കിൽ മാത്രം.
ഒരിക്കൽ ഷിറാസ് കടുത്ത അസുഖവുമായി ശയ്യാവലംബിയായി കിടക്കുമ്പോൾ സന്ദർശിക്കാനായി ശ്രമിച്ച മഫാസിന്റെ മാതാവ് മെഹദിയക്ക് ആറുമാസമാണ് അനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനെടുത്തത്. 17 വർഷത്തിനിടക്ക് ഒരിക്കൽ മാത്രമാണ് ഷിറാസിന് ഗസ്സയിലെ സ്വന്തം വീട്ടിലെത്താൻ കഴിഞ്ഞത്. രക്തബന്ധുക്കളെ ഏറെക്കാലം പിരിഞ്ഞിരിക്കുന്നതിന്റെ വേദന ആ യുവതിയെ മാനസികമായി ഏറെ തളർത്തി. കടുത്ത വിഷാദവും മോഹഭംഗവും അവളെ പെട്ടെന്നൊരു ദിവസം മരണത്തിലേക്ക് നയിച്ചു. ഈ വർഷമായിരുന്നു അത്. ഇന്ത്യയിലായിരുന്ന മഫാസ് വെസ്റ്റ് ബാങ്കിലേക്ക് പോവാൻ ഒട്ടേറെ പരിശ്രമങ്ങൾ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. മെഹ്ദിയക്കുപോലും അവളെ അവസാനമായി കാണാനായില്ല. അവർ കരഞ്ഞ് കാലുപിടിച്ച് പറഞ്ഞെങ്കിലും ഇസ്രായേലി അധികൃതർ അതൊന്നും ചെവികൊണ്ടില്ല. ഹമാസ് നേതാവായ ഡോ. അഹമദിനോടുള്ള പകയും വൈകാരികമായി തകർന്നുനിൽക്കുന്ന ആ കുടുംബത്തിനുമേൽ പ്രയോഗിക്കുകയായിരുന്നു സൈന്യം. അന്ത്യകർമങ്ങൾ പൂർത്തിയായി പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് ആ മാതാവിന് വെസ്റ്റ് ബാങ്കിലെത്താനായത്. ദിവസങ്ങൾക്കുശേഷം വെസ്റ്റ് ബാങ്കിലെത്തിയ മെഹ്ദിയക്ക് കാണാനായത് ഷിറാസിന്റെ വിയോഗത്തിൽ കരഞ്ഞുതളർന്നിരിക്കുന്ന നാലു മക്കളെയാണ്. അതിൽ ഇളയ രണ്ടുകുട്ടികളെ തെൻറ കൂടെ വളർത്താനാഗ്രഹിച്ച് വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അവിടെയും നിരാശയായിരുന്നു ഫലം. അതിൽ ഇളയ രണ്ടുമക്കളെ കാണാൻ പോലും മഫാസിനു കഴിഞ്ഞില്ല.
പോരാട്ടം തന്നെയാണ് ജീവിതം
കൊളറാഡോ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. അഹമദ് യൂസഫ് ഹമാസിന്റെ സജീവ പ്രവർത്തകനും അക്കാദമീഷ്യനും എഴുത്തുകാരനുമാണ്. ഗസ്സയിലെ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും അതിജീവന പോരാട്ടങ്ങളെക്കുറിച്ചും ഹമാസിനെക്കുറിച്ചും തുർക്കി നേതാവ് ഉർദുഗാനെക്കുറിച്ചും 35ലേറെ പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ഇസ്രായേൽ വിലക്കിനെത്തുടർന്ന് ഡോ. അഹമദ് യൂസഫിന് 17 വർഷമാണ് യു.എസിൽ കഴിയേണ്ടിവന്നത്. ഷിറാസ്, തസ്നീം, അരീജ്, ഇഷ്റാഖ് എന്നിങ്ങനെ നാല് സഹോദരിമാരും അഹമദ്, യഖീൻ, ഇസുദ്ദീൻ എന്നിങ്ങനെ മൂന്ന് സഹോദരങ്ങളും അടങ്ങുന്നതാണ് മഫാസിന്റെ കുടുംബം. മഫാസും രണ്ട് സഹോദരങ്ങളും ജനിച്ചത് യു.എസിലാണ്. 2005ൽ ഗസ്സ അധിനിവേശക്കാരിൽനിന്ന് സ്വതന്ത്രമാവുകയും 2006ൽ തെരഞ്ഞെടുപ്പിൽ ഹമാസ് വിജയിക്കുകയും ചെയ്തപ്പോൾ ഡോ. അഹമദ് ഗസ്സയിൽ തിരിച്ചെത്തി.
പ്രധാനമന്ത്രി ഇസ്മയിൽ ഹനിയ്യയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവായാണ് ഡോ. അഹമദ് ഫലസ്തീനിലെത്തിയത്. വിദേശകാര്യ ഡെപ്യൂട്ടി ഡയറക്ടർ കൂടിയായ അദ്ദേഹത്തിനാണ് ഗസ്സക്ക് ഐക്യദാർഢ്യവുമായി എത്തിച്ചേരുന്ന ഏഷ്യയിൽനിന്നും മറ്റുമുള്ള പ്രതിനിധി സംഘത്തെ സ്വീകരിക്കുന്ന ചുമതലയുണ്ടായിരുന്നത്. അക്കാലത്ത് വിദേശകാര്യ മന്ത്രാലയത്തിനുകീഴിലെ മാധ്യമപ്രവർത്തകയായ മഫാസിന് ഇന്ത്യക്കാരുൾെപ്പടെയുള്ള നിരവധി വിദേശികളുമായി പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും കഴിഞ്ഞു. 2011ൽ ഏഷ്യ-ഗസ്സ കാരവനിലെത്തിയ ഇന്ത്യക്കാരനായ ബദർ ഖാൻ സൂരിയെയാണ് മഫാസ് ജീവിതപങ്കാളിയാക്കിയത്. യു.പിയിലെ സഹാറൻപുർ സ്വദേശിയായ അദ്ദേഹം ജാമിഅ മില്ലിയയിൽ പീസ് ആൻഡ് കോൺഫ്ലിക്ടിൽ മാസ്റ്റർ ബിരുദം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഗസ്സയിലെത്തിയത്. ഒരുമിച്ച് ഫലസ്തീൻ വിമോചന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ 2012ലായിരുന്നു വിവാഹം. ഒന്നരവയസ്സുള്ള മകന് വിമോചനപോരാട്ടത്തിന്റെ പ്രതീകമായ യാസിർ അറഫാത്തിന്റെ ഓർമക്കായി അറഫാത്ത് എന്ന പേരാണ് നൽകിയത്.
മഫാസിന്റെ കുടുംബത്തിനുമാത്രമല്ല ഗസ്സയിൽ ജീവിക്കുന്ന ഓരോ കുടുംബങ്ങൾക്കും വിഭജനത്തിന്റെയും കണ്ണീരിന്റെയും കഥകൾ പറയാനുണ്ട്. ഗസ്സക്കും വെസ്റ്റ് ബാങ്കിനും ഇടയിലെ എരീസ് ബോർഡർ കൂടാതെ ഗസ്സക്കും ഈജിപ്തിനും ഇടയിൽ ഒരു അതിർത്തിയുണ്ട്. റഫാ എന്ന ഈ അതിർത്തികവാടം കഴിഞ്ഞ അഞ്ചുമാസമായി അടച്ചിട്ടിരിക്കുകയാണ്. എരീസ് അതിർത്തിയിലൂടെ ഫലസ്തീനികൾക്ക് യാത്ര ചെയ്യാനാവില്ല. ഈജിപ്ത് ബോർഡർ വളരെ കുറച്ചുനാളുകൾക്കു മാത്രമേ തുറന്നുകൊടുക്കുകയുള്ളൂ. ഹജ്ജ് പോലുള്ള ആവശ്യങ്ങൾക്കുമാത്രമാണ് അതിലൂെട നിയന്ത്രണമില്ലാതെ കടത്തിവിടുന്നത്. ബാക്കി കാലങ്ങളിലെല്ലാം മാസങ്ങളോളം കവാടം തുറക്കുന്നതിനായി കാത്തിരിക്കേണ്ടിവരും. 2012ലെ യുദ്ധത്തിനുശേഷം കുടുംബത്തെ സന്ദർശിച്ചു മടങ്ങാനൊരുങ്ങിയ മഫാസ് മാസങ്ങളാണ് ഈജിപ്ത് അതിർത്തിയിൽ കുടുങ്ങിക്കിടന്നത്. പെരുന്നാളിന് നാട്ടിലേക്ക് പോവാനാഗ്രഹിച്ച മഫാസിനെ അതിർത്തി പ്രശ്നം പ്രതിരോധത്തിലാക്കുകയായിരുന്നു. അവരുടെ വലിയ കുടുംബത്തിൽ വളരെകുറച്ചുപേർ മാത്രമാണ് ഗസ്സയിൽ ജീവിക്കുന്നത്. രണ്ട് സഹോദരിമാരും ഒരു സഹോദരനും കുടുംബമായി ഗസ്സയിൽ താമസിക്കുന്നു.
ഹൃദയത്തിൽ മുറിേവറ്റ് മൂന്നുനാളുകൾ...
ചെറുപ്പത്തിൽ ഇസ്രായേലി സൈന്യം തങ്ങളോടു കാണിച്ച ക്രൂരമായ ഒരു അനുഭവം മഫാസ് ഓർക്കുന്നു. ‘‘ഒരേ സമയം മൂന്ന് റോഡുകൾ വ്യക്തമായി ദൃശ്യമാവുന്ന തരത്തിലുള്ള കെട്ടിടമായിരുന്നു ഗസ്സയിലെ ഞങ്ങളുടെ വീട്. 2004ൽ റഫ അധിനിവേശകാലത്ത് വീട് സൈന്യം വളഞ്ഞു. യുദ്ധ ടാങ്കുകളും തോക്കുകളും മറ്റുമായാണ് അവർ ഇടിച്ചുകേറിയത്. 30ലേറെ ആളുകളുണ്ടായിരുന്നു. വളരെ ചെറിയ കുട്ടിയായിരുന്നു ഞാനന്ന്. 24 പേരുണ്ടായിരുന്നു കുടുംബത്തിൽ. ഞങ്ങളെല്ലാവരെയും അവർ ഒരു ഇടുങ്ങിയ ബാത്ത്റൂമിലേക്ക് തള്ളിയിട്ട് വാതിലടച്ചു. ഒന്നാലോചിച്ചുനോക്കൂ, 24 പേർ ഒട്ടും വലുപ്പമില്ലാത്ത ഒരു ബാത്ത്റൂമിൽ എങ്ങനെ കഴിയാനാണ്. ഭക്ഷണമില്ല, വെള്ളമില്ല. ഞാനുൾെപ്പടെ ഒരുപാട് കുട്ടികൾ കൂട്ടത്തിലുണ്ട്. എന്നേക്കാളിളയവർ കരയാൻ തുടങ്ങി. അവർ ഞങ്ങളുടെ അമ്മാവനു നേരെ തോക്ക് പിടിച്ച് വീടിനകം മുഴുവൻ പരിശോധന തുടങ്ങി. ഞങ്ങളാരെങ്കിലും വീട്ടിൽ ആരെയെങ്കിലും ഒളിപ്പിച്ചു താമസിപ്പിക്കുന്നുണ്ടോ എന്നായിരുന്നു അവർക്കറിയേണ്ടത്. ആ ഭാഗത്ത് വിമതരായ കുറെ പേർ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആരെയും കാണാത്തതിനാൽ അവർ ഞങ്ങളുടെ കൂട്ടത്തിലെ ആൺകുട്ടികളെ വിളിപ്പിച്ച് എല്ലാവരുടെയും മുന്നിൽ വെച്ച് വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ടു.
ചെറിയ കുട്ടികൾ മാത്രമല്ല, എെൻറ അമ്മാവനോടു പോലും അവർ ആജ്ഞാപിച്ചു. കടുത്ത അപമാനമായിരുന്നു അത്. ഇത് മൂന്നുദിവസം തുടർന്നു. കുട്ടികൾ വിശന്ന് പാലിനും ഭക്ഷണത്തിനും വേണ്ടി കരഞ്ഞു. മൂന്നുനിലകളുള്ള വീടിന്റെ താഴെ നിലയിലും മൂന്നാംനിലയിലും അവർ നിലയുറപ്പിച്ചു. രണ്ടാം നിലയിൽ അവരുടെ കൂട്ടത്തിലെ അഞ്ചുപേർ ഞങ്ങൾക്കു ചുറ്റും തോക്കുകളുമായി നിന്നു. രണ്ടാം ദിവസം ഞങ്ങളെ മുറികളിലേക്ക് തിരിച്ചു കൊണ്ടുവന്നു. എല്ലാ മുറികളുടെയും ചുമരുകളിൽ വലിയ ദ്വാരങ്ങളുണ്ടാക്കി അവർ ഞങ്ങളുടെ അയൽവാസികളെ വെടിവെച്ചുകൊണ്ടിരുന്നു. 17 പേരെയാണ് അവർ വെടിവെച്ചുവീഴ്ത്തിയത്. അതിൽ ചിലർ കൊല്ലപ്പെട്ടു. രണ്ട് അയൽവീടുകൾ പൂർണമായും തീവെച്ച് നശിക്കപ്പെട്ടു. ഞങ്ങളുടെ സോഫ, കട്ടിലുകൾ, ടി.വി തുടങ്ങിയവയെല്ലാം വെടിവെച്ച് നശിപ്പിച്ചു. ഞങ്ങളുടെ ആഭരണങ്ങൾ, വിലപ്പെട്ട വസ്തുക്കൾ തുടങ്ങിയവയെല്ലാം അവർ കവർന്നെടുത്തു. മൂന്നാംദിവസം അവർ ഞങ്ങൾക്ക് പൂപ്പൽ പിടിച്ച, പഴകിയ ഭക്ഷണം തന്നു, അത് കഴിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. യുദ്ധം നിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് അവർ പിൻവലിഞ്ഞു. ഞങ്ങളുടെ കുടുംബത്തിലാർക്കും പരിക്കേറ്റില്ലെങ്കിലും അവർ അന്ന് ഞങ്ങളുടെ ഹൃദയങ്ങളിലേൽപിച്ച മുറിവുകൾ ഒരിക്കലും മറക്കാനാവാത്തതാണ്.’’
പ്രായമായവർ മരിക്കും, യുവാക്കൾ മറക്കില്ല...
ചെറുപ്പത്തിൽ ഉമ്മൂമ്മ സഫിയയുടെ കൈപിടിച്ച് അവരുടെ ഓർമകളിലൂടെ ഗസ്സയുടെ ഗ്രാമീണവഴികളിലൂടെ നടക്കുമായിരുന്നു കുഞ്ഞു മഫാസ്. പോരാട്ടത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായിരുന്നു അവർ. മരിക്കുന്നതിനുമുമ്പ് അവർ മഫാസിനോട് പറയുമായിരുന്നു; ജന്മനാട്ടിലേക്ക് തിരിച്ചെത്തുംമുമ്പ് ഞാൻ മരിച്ചുപോയാൽ നീ ഫലസ്തീനിലെ ഒരുപിടി മണ്ണെടുത്ത് എെൻറ കുടീരത്തിനുമുകളിൽ വിതറണം. എനിക്ക് ആ മണ്ണിന്റെ മണം ആസ്വദിക്കാനാണ്.’’ ഇതുകേട്ട് ചിരിച്ചുകൊണ്ട് മഫാസ് ചോദിച്ചു ‘‘മരിച്ചു പോയാൽ നിങ്ങളെങ്ങനെയാണ് ഉമ്മൂമ്മാ മണം ആസ്വദിക്കുക’’. അവർ ശാന്തമായി മറുപടി പറഞ്ഞു ‘‘മഫാസ്, എെൻറ പ്രിയപ്പെട്ട കുട്ടീ, ആത്മാവ് ഒരിക്കലും മരിക്കില്ല’’. സ്വന്തം നാട് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ ഓരോരുത്തർക്കും പ്രചോദനമാവുന്നത് ഇതുപോലുള്ള മുൻതലമുറയാണ്, അവരുടെ വാക്കുകളാണ്. സഫിയ മാത്രമല്ല, ആ തലമുറയിലെ ഓരോ വല്യുമ്മമാരും വല്യുപ്പമാരും ചെറുമക്കളെ പറഞ്ഞുപഠിപ്പിക്കുന്നത് പ്രതിരോധത്തിന്റെ ആവേശമുണർത്തുന്ന പാഠങ്ങളാണ്.
ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെൻഗുരിയൻ ഒരിക്കൽ പറഞ്ഞത് ‘‘പ്രായമായവർ മരിക്കും, യുവാക്കൾ മറക്കും’’ എന്നാണ്. ഫലസ്തീനിലെ വരുംതലമുറ തങ്ങളുടെ പോരാട്ടവീര്യത്തെ വഴിയിലുപേക്ഷിക്കുമെന്നാണ് അദ്ദേഹം കണക്കുകൂട്ടിയത്. എന്നാൽ മരിച്ചുപോയ മുൻതലമുറയുടെ സ്നേഹവും ഓർമകളും വാക്കുകളുമാണ് ഫലസ്തീനിലെ ഓരോ പുതിയ കുട്ടിക്കും ഊർജം പകരുന്നത്. ഗസ്സയിലെ ഒലീവു തോട്ടങ്ങൾക്കും ഓറഞ്ച് തോട്ടങ്ങൾക്കുമിടയിൽ കളിക്കുന്ന ബാല്യത്തെക്കുറിച്ചോർത്ത് ഗൃഹാതുരപ്പെടുന്ന, തങ്ങളുടെ മക്കൾ അവിടെ സ്വതന്ത്രമായി കളിച്ചുവളരുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്ന മഫാസിെനപ്പോലുള്ള ആയിരക്കണക്കിന് ആളുകളുടെ തകർക്കാനാവാത്ത മനോധൈര്യം തന്നെയാണ് ആ ജനതക്ക് ഇന്നും പ്രതീക്ഷയുടെ വെളിച്ചം പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.