പല അനുഭവങ്ങളും നമ്മളെ പുതിയ കാഴ്ചകളിലേക്ക് നയിക്കുന്നുണ്ട് .കോവിഡ് വന്നപ്പോൾ മനുഷ്യൻ എന്നജീവി സാർവലൗകികമായി ഒന്നാണെന്ന് തെളിയിച്ചു. കോവിഡ് ആക്രമിച്ചപ്പോൾ അമേരിക്കനാണോ ഫലസ്തീനിയാണോ ഇന്ത്യക്കാരനാണോ ഹിന്ദുവാണോ മുസ്ലിമാണോ ക്രിസ്ത്യാനിയാണോ എന്നൊന്നും നോക്കിയില്ല. എല്ലാവരെയും ബാധിക്കുന്ന ഒന്നായി. പ്രകൃതിയുടെ ഒരു വികൃതിപോലെ മനുഷ്യർ ഒന്നാണെന്ന് തെളിയിക്കാൻ പറ്റിയ ഒരവസരമാണ്. ആർഭാടങ്ങളില്ലാത്ത, ആഘോഷങ്ങളില്ലാത്ത, ആക്രോശങ്ങളില്ലാത്ത ഒരു അടക്കംകൂടി കോവിഡ് നൽകി. അപ്പോൾ നോമ്പിെൻറ ആത്മനിയന്ത്രണത്തിനുള്ള അടിത്തറയൊരുക്കലാണ് കോവിഡിെൻറ അന്തരീക്ഷം സൃഷ്ടിച്ചത്. കോവിഡ്കാലത്തെ നോമ്പിന് കൂടുതൽ ആത്മശക്തിയും ആത്മനിയന്ത്രണവും ത്യാഗമനോഭാവവും വളർത്തിയെടുക്കാൻ കഴിയും
ആ കൂട്ടുകാരനെ
ഞാനൊരിക്കലും മറക്കില്ല
പെരിന്തൽമണ്ണ ഹൈസ്കൂളിൽ പഠിക്കുമ്പോഴും പട്ടിക്കാട് ഹൈസ്കൂളിൽ പഠിക്കുമ്പോഴും ബഹുഭൂരിപക്ഷം സഹപാഠികളും മുസ്ലിം സഹോദരന്മാരായിരുന്നു. നോമ്പുകാലത്ത് സമ്പന്നനായ ബാപ്പയുടെ മകനും പാവപ്പെട്ട ബാപ്പയുടെ മകനും ഒരേ അവസ്ഥയിലാകുന്നത് കാണാൻ കഴിഞ്ഞിട്ടുണ്ട്. വിശപ്പ് സഹിക്കാനുള്ള പ്രാപ്തി, അതിനുവേണ്ടിയുള്ള മത്സരം ഒക്കെ പലപ്പോഴും അത്ഭുതത്തോടുകൂടി ഞാൻ നോക്കിക്കണ്ടിട്ടുണ്ട്. നോമ്പിനെക്കുറിച്ച എെൻറ വേദനിപ്പിക്കുന്ന ഓർമ, എെൻറ സഹപാഠിയായിരുന്ന ഒരു സുഹൃത്ത് നോമ്പുതുറക്കാൻ വിളിച്ചതാണ്. എല്ലാവരും നോമ്പുതുറക്കാൻ വിളിക്കുമ്പോൾ അവനുമൊരാഗ്രഹം നോമ്പുതുറ നടത്താൻ. അങ്ങനെ ഞങ്ങളെ വിളിച്ചു. നോമ്പുതുറയിൽ അവെൻറ ജീവിത സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ. തുറ കഴിഞ്ഞപ്പോൾ അവനോട് രഹസ്യമായി ചോദിച്ചു, നീ ഇത്ര വലിയ നോമ്പുതുറ എങ്ങനെ സംഘടിപ്പിച്ചുവെന്ന്. അവൻ കണ്ണു നിറഞ്ഞു കൊണ്ട് പറഞ്ഞു, എെൻറ കൂട്ടുകാർ വരുന്നുണ്ടെന്നറിഞ്ഞ് അയൽപക്കങ്ങളിൽനിന്ന് വാങ്ങിക്കൊണ്ടുവന്നതാണെന്ന്. അങ്ങനെ ഊട്ടിയ കൂട്ടുകാരെൻറ ഓർമയാണ് എല്ലാ നോമ്പുകാലത്തും എന്നെ തേടിയെത്താറുള്ളത്.
ഉമ്മമാരുടെ ത്യാഗങ്ങൾ
എെൻറ അനുഭവത്തിൽ നോമ്പ് ഉമ്മമാരുടെ അല്ലെങ്കിൽ സ്ത്രീകളുടെ ഇരട്ടി ത്യാഗത്തിെൻറ കാലമാണ്. നോമ്പുതുറക്കാൻ സുഹൃത്തുക്കളും മറ്റും വിളിക്കുമ്പോൾ ഞാൻ ആദ്യം പറയാറുള്ളത് വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ ഉണ്ടാേക്കണ്ടയെന്നാണ്. എന്നാൽ, എല്ലാ ഉമ്മമാർക്കും നോമ്പുതുറ വിഭവങ്ങൾ ആഘോഷമാക്കിയുണ്ടാക്കണമെന്ന് നിർബന്ധമാണ്. ത്യാഗംസഹിച്ച് പുലർച്ചച്ചോറുണ്ട് ഉറങ്ങിയെഴുന്നേറ്റശേഷം വൈകീട്ടുവരെ ഭക്ഷണമുണ്ടാക്കുന്ന സ്ത്രീകൾ... പലപ്പോഴും നോമ്പുകാലത്ത് എനിക്കുണ്ടാകുന്ന വേദന അതാണ്. ആർഭാടങ്ങൾ നാം ഉപേക്ഷിക്കാൻ തയാറാകണം. അതിനുള്ള സമ്മർദം കുടുംബങ്ങൾക്കകത്തുനിന്നുതന്നെയുണ്ടാകണം.
ഞാൻ ഒരുക്കാറ്
ലളിതമായ ഇഫ്താർ
നോമ്പുതുറക്ക് എല്ലാവരും എന്നെ വിളിക്കും. അതിൽ സമൂഹനോമ്പുതുറക്ക് പരമാവധി പോകും. പൊന്നാനിയിൽ പള്ളിയിൽ പോലും എന്നെ വിളിക്കാറുണ്ട്. അപ്പോൾ നമസ്കാരം കഴിഞ്ഞ് വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുകയെന്നതാണ് വിഷമകരം. പണ്ട് നോമ്പ് ഇത്ര ആഘോഷമാണെന്ന് തോന്നിയിരുന്നില്ല. ഇപ്പോൾ ആർഭാടം അൽപം കൂടി. അതിൽ നിന്ന് തിരിച്ചു പോകേണ്ടതുണ്ട്. കോവിഡ് കാലം അതിനുള്ള അവസരമായി തുടങ്ങണം. ഞാൻ അസംബ്ലിയിൽ ഇഫ്താർ സംഘടിപ്പിക്കാറുണ്ട്. അത് ലളിതമായിട്ട് മതി എന്ന് പറയലാണ്. പക്ഷേ, എെൻറ ഇഫ്താർ കഴിഞ്ഞാൽ എല്ലാവരും പറയും, സ്പീക്കർ മോശമാക്കിയല്ലോയെന്ന്. 10 ഐറ്റമുണ്ടായില്ല. ഉന്നക്കായയുടെ വലിപ്പം കുറഞ്ഞു എന്നൊക്കെ. നോമ്പുകാലത്ത് ഞാൻ പുലർച്ച ചോറ് കഴിക്കാറില്ലെങ്കിലും പകൽ സമയത്ത് മിക്കവാറും ഭക്ഷണം ഉപേക്ഷിക്കാറാണ് പതിവ്. ഉച്ചക്കെങ്കിലും ഒഴിവാക്കും. ചെറിയ താദാത്മ്യമില്ലെങ്കിൽ നോമ്പ് തുറക്കാൻ പോകുന്നത് ശരിയല്ല.എെൻറ അഭിപ്രായത്തിൽ നോമ്പ് എന്നത് എല്ലാവർക്കും പങ്കെടുക്കാവുന്ന ഒന്നാണ്. ദഹേനന്ദ്രിയത്തിന് ജോലി കുറക്കുന്ന ആരോഗ്യത്തിന് അനുഗുണമായ ഒന്നാണ് നോമ്പ്. നോമ്പുകാലം എന്നെ ഓർമിപ്പിക്കുന്നത് എല്ലാവരും ഒരുപോലെയാകുന്ന ഒരു കാലം എന്നുള്ളതാണ്. മനുഷ്യെൻറ അടിസ്ഥാനപരമായ ചോദനയിൽ ഒരുമയോടുകൂടി നിൽക്കുന്ന കാലം.
തയാറാക്കിയത്:
സിദ്ദീഖ് പെരിന്തൽമണ്ണ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.