തിരുവനന്തപുരം നേമത്തുനിന്ന് കോഴിക്കോട് ഫാറൂഖ് റൗദത്തുൽ ഉലൂം അറബിക് കോളജിലേക്ക് അഞ്ചുവർഷംമുമ്പ് വണ്ടികയറുമ്പോൾ റെയ്ച്ചൽ ശിൽപ ആൻറോക്ക് റമദാനെക്കുറിച്ച് കാര്യമായി ഒന്നുമറിയില്ലായിരുന്നു; കുട്ടിക്കാലത്ത് കൂടെ പഠിച്ചവരിൽനിന്ന് ലഭിച്ച േനാമ്പറിവല്ലാതെ. എന്നാൽ കോളജിലെ അഫ്ദലുൽ ഉലമ പഠനത്തിനിടക്ക് വിശുദ്ധ ഖുർആനിലൂെടയും ഹദീസിലൂടെയും േനാമ്പിനെ കുറിച്ച് ആധികാരികമായി തന്നെ ഇവർ മനസ്സിലാക്കിക്കഴിഞ്ഞു. വ്രതത്തിെൻറ കർമശാസ്ത്രപരവും സൈദ്ധാന്തികവുമായ വശങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നു മാത്രമല്ല, ചിലദിവസം നോമ്പെടുത്ത് അതിെൻറ പ്രായോഗിക വശം കൂടി മനസ്സിലാക്കിയിട്ടുണ്ട് റെയ്ച്ചൽ.
സംസ്ഥാനത്ത് ആദ്യമായി അഫ്ദലുൽ ഉലമ കോഴ്സ് പൂർത്തിയാക്കിയ ക്രിസ്ത്യൻ പെൺകുട്ടിയെന്ന ചരിത്ര നേട്ടം റെയ്ച്ചൽ സ്വന്തമാക്കിയത് ഇപ്രാവശ്യത്തെ റമദാനു തൊട്ടുമുമ്പാണ്. നേമം മച്ചേൽ സുരേന്ദ്രെൻറയും മോളി ചാക്കോയുടെയും മകളായ റെയ്ച്ചൽ ചെറുപ്പം മുതൽ അറബി ഒന്നാംഭാഷയായി പഠിച്ചിരുന്നു. പത്താം ക്ലാസ് കഴിഞ്ഞയുടൻ അറബിയിൽ ഉപരിപഠനത്തിനായി കോഴിക്കോട്ടേക്ക് തിരിച്ചു. ഫാറൂഖിലെ അഞ്ചുവർഷത്തെ ഹോസ്റ്റൽ ജീവിതത്തിനിടയിലാണ് റമദാനെകുറിച്ച് അറിയാനും നോമ്പുനോൽക്കാനും റെയ്ച്ചലിന് അവസരം കിട്ടിയത്. 2014ൽ അഫ്ദലുൽ ഉലമ പ്രിലിമിനറി കോഴ്സിന് കോളജിൽ പ്രവേശനം നേടുന്നത് നോമ്പുകാലത്തിെൻറ രണ്ടാഴ്ച മുമ്പായിരുന്നു. അന്ന് പ്രിൻസിപ്പൽ ഡോ.പി.മുസ്തഫ ഫാറൂഖി അവളോട് ചോദിച്ചു; ‘‘നോമ്പുകാലമാണ് വരാൻ പോവുന്നത്, ഭക്ഷണത്തിെൻറ കാര്യത്തിൽ ചെറിയ ബുദ്ധിമുട്ടുണ്ടാവും. എന്തുചെയ്യും റെയ്ച്ചൽ?’’ കുഴപ്പമില്ല, അഡ്ജസ്റ്റ് ചെയ്തോളാം എന്നായിരുന്നു അവളുടെ മറുപടി.
എന്നാൽ അന്നുമുതലിന്നുവരെ ഒരു നോമ്പുകാലത്തും അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടില്ലെന്ന് റെയ്ച്ചൽ ഉറപ്പിച്ചുപറയും. കാരണം ഇതാണ്; ഹോസ്റ്റലിലെ മെസ്സിൽ ഭക്ഷണമുണ്ടാക്കുന്നത് രണ്ട് ഇത്തമാരാണ്. ബാക്കിയെല്ലാ പെൺകുട്ടികളും നോമ്പുകാരാണെങ്കിലും റെയ്ച്ചലിന് അവർ പ്രത്യേക പരിഗണന നൽകിയിരുന്നു. അവൾക്ക് പകൽ കഴിക്കാനുള്ളതും ഉണ്ടാക്കിവെക്കും. കഴിക്കുന്നില്ല എന്നു തീരുമാനിച്ചാൽ പോലും സമ്മതിക്കാതെ നിർബന്ധിച്ച് കഴിപ്പിക്കും. നോമ്പുകാലത്ത് പ്രിൻസിപ്പലും തെൻറ ഭക്ഷണകാര്യത്തിൽ പ്രത്യേകശ്രദ്ധ ചെലുത്തിയിരുന്നെന്ന് റെയ്ച്ചൽ പറയുന്നു. ഓരോ ദിവസവും കഴിച്ചോ എന്ന് അന്വേഷിക്കും. തങ്ങൾ നോമ്പുകാരാണെങ്കിലും നോമ്പെടുക്കാത്ത ഒരാൾ തങ്ങളുടെ സ്ഥാപനത്തിൽ പട്ടിണിയിരിക്കരുതെന്ന നിർബന്ധമായിരുന്നു അവർക്ക്.
ആദ്യത്തെ നോമ്പ്
ആദ്യത്തെ നോമ്പ് കടുകട്ടി അനുഭവമായിരുന്നുവെന്നാണ് റെയ്ച്ചലിെൻറ സാക്ഷ്യം. ‘‘ കോളജിലെത്തിയ ആദ്യവർഷം ഒരു നോമ്പ് നോറ്റ് നോക്കാൻ തീരുമാനിച്ചു. പുലർച്ച അത്താഴത്തിന് എഴുന്നേറ്റെങ്കിലും അങ്ങനെ പതിവില്ലാത്തതിനാൽ കാര്യമായൊന്നും കഴിക്കാനായില്ല. ക്രിസ്തീയ ഉപവാസം എടുക്കുമ്പോൾ ഭക്ഷണമൊന്നും കഴിക്കില്ലെങ്കിലും വെള്ളം കുടിക്കുന്നതിനു പ്രശ്നമില്ല. എട്ടുനോമ്പാണെങ്കിൽ, ലഘുവായ ഭക്ഷണം കഴിക്കാം. എന്നാൽ റമദാൻ വ്രതം അങ്ങനെയല്ലല്ലോ. പകലു മുഴുവൻ തിന്നാതെയും കുടിക്കാതെയും കഴിച്ചുകൂട്ടുകയാണ്. അതിെൻറതായ ബുദ്ധിമുട്ട് ആദ്യ നോമ്പുദിവസം അനുഭവപ്പെട്ടിരുന്നു. കൂട്ടുകാരെല്ലാം പറഞ്ഞിരുന്നു ആദ്യ ദിവസം ചെറിയ പ്രയാസമുണ്ടാകുമെന്ന്. അത് ശരിയാണെന്ന് മനസ്സിലായി. എന്നാൽ അടുത്ത ദിവസമായപ്പോഴേക്കും മനസ്സും ശരീരവും ഇതുമായി പൊരുത്തപ്പെട്ടു’’ ^റെയ്ച്ചൽ പറയുന്നു.
ഹോസ്റ്റലിലെ പത്തിരിയും താളിപ്പും...
കോഴിക്കോട്ടെത്തിയ ശേഷം കഴിക്കുകയും പരിചയപ്പെടുകയുംചെയ്ത രണ്ടു വിഭവങ്ങളാണ് പത്തിരിയും താളിപ്പും (ഇലക്കറികളും ചില പച്ചക്കറികളും കഞ്ഞിവെള്ളത്തിൽ കറിവെക്കുന്നതാണ് ഇത്). ഇവ രണ്ടും നോമ്പുകാലത്ത് മലബാറുകാർക്ക് ഒഴിവാക്കാനാവാത്തതാണ്. ഹോസ്റ്റലിൽ നോമ്പുതുറക്കുന്ന വേളയിലാണ് പത്തിരിക്ക് പ്രിയമെങ്കിൽ പുലർച്ച അത്താഴത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ് താളിപ്പ്. ഇതുരണ്ടും ഉണ്ടാക്കാൻ പഠിച്ചതും നോമ്പുകാലത്താണ്. നോമ്പുകാലത്ത് ഉച്ചവരെയാണ് ക്ലാസുണ്ടാവുക. അതിനുശേഷം ഹോസ്റ്റലിൽ ചെന്നാൽ പത്തിരിപരത്തലും ചുടലുമൊക്കെയായി മെസ്സിലെ അടുക്കളയിൽ സജീവമാകും. ചില ദിവസങ്ങളിൽ ഓരോ ക്ലാസിെൻറയും വക നോമ്പുതുറ സംഘടിപ്പിക്കും. അതിനുള്ള വിഭവങ്ങൾ തയാറാക്കുന്നതെല്ലാം അതാത് ക്ലാസിലെ വിദ്യാർഥികളാണ്.
സമോസ, കട്ലറ്റ് തുടങ്ങിയ പലഹാരങ്ങളും നാരങ്ങാവെള്ളം, പഴം തുടങ്ങിയവയുമെല്ലാം ഒരുക്കിവെക്കും. നോമ്പെടുത്തില്ലെങ്കിലും ബാക്കിയുള്ളവരെ കഴിപ്പിക്കാൻ ഏറെ ഉത്സാഹം കാണിച്ചിരുന്നു റെയ്ച്ചൽ. നോമ്പുതുറന്ന് മഗ്്രിബ് നമസ്കാരത്തിനായി കൂട്ടുകാരികൾ നീങ്ങുമ്പോൾ, മെസ്സിലെ താത്തമാരുടെ കൂടെ നിന്ന് ഭക്ഷ്യവിഭവങ്ങൾ വിളമ്പി മേശയിൽ നിരത്തിത്തുടങ്ങും. എല്ലാ ദിവസവും ഭക്ഷണം വിളമ്പാൻ മുന്നിലുണ്ടാകും. ഹോസ്റ്റലിൽ തന്നെ ആയതിനാൽ കൂട്ടുകാരുടെ വീടുകളിലൊന്നും നോമ്പുതുറക്കാൻ പോകാനൊന്നും സാധിച്ചില്ല. എന്നാൽ, രണ്ടാം വർഷം കൊല്ലത്തെ സജ്നയെന്ന കൂട്ടുകാരിയുടെ വീട്ടിൽ പെരുന്നാളാഘോഷിക്കാൻ പോയിരുന്നു. അന്നത്തെ ആതിഥേയത്വവും വിരുന്നും ഒരിക്കലും മറക്കാനാവില്ല.
ഭൂമിത്രസേനയും നോമ്പും പച്ചക്കറി കൃഷിയും
കഴിഞ്ഞ നോമ്പുകാലത്താണ് റെയ്ച്ചലിെൻറ േനതൃത്വത്തിൽ ഹോസ്റ്റലിൽ ഭൂമിത്രസേന എന്ന പരിസ്ഥിതി ക്ലബിനു കീഴിൽ പച്ചക്കറി കൃഷി തുടങ്ങിയത്. ഫാത്തിമ എന്ന അധ്യാപികയുടെ നിർദേശ പ്രകാരമായിരുന്നു ഇത്. നോമ്പുകാലമല്ലേ, അധ്വാനിക്കുന്നതെങ്ങനെ എന്ന് ഒരു നിമിഷം ശങ്കിച്ചുനിന്ന ആ പെൺകുട്ടിയോട് ടീച്ചർ പറഞ്ഞത് നോമ്പുകാലത്ത് ശരീരത്തിന് പ്രത്യേക ഉണർവും ഊർജവും ലഭിക്കുമെന്നായിരുന്നു. ഇത്തരം സേവനപ്രവർത്തനങ്ങളിലൂടെ കൂടുതൽ പുണ്യം നേടാനാവുമെന്നും തിരിച്ചറിഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല.
അപ്പോഴും നോമ്പിന് ആരെങ്കിലും കൃഷിപ്പണിക്ക് കൂടുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതും അസ്ഥാനത്തായിരുന്നുവെന്ന് അടുത്ത ദിവസങ്ങളിൽ മനസ്സിലായി. എല്ലാവരും ഒത്തൊരുമിച്ചാണ് കാടുവെട്ടി വൃത്തിയാക്കിയും വിത്തിറക്കിയും കൃഷി തുടങ്ങിയത്. നോമ്പിെൻറ ക്ഷീണത്തെയെല്ലാം മാറ്റി നിർത്തി അന്ന് ആ പെൺകുട്ടികൾ വിത്തും കൈക്കോട്ടുമായി ഇറങ്ങിയതിെൻറ ഫലം ഇക്കഴിഞ്ഞ മാർച്ചിലാണ് വിളവെടുത്തത്. വിളവെടുപ്പുകാലത്തുണ്ടായ സന്തോഷവും നിർവൃതിയും ഏറെ വലുതായിരുന്നുവെന്ന് റെയ്ച്ചൽ പറയുന്നു.
'നോമ്പിെനക്കുറിച്ച് അടിസ്ഥാനപരമായി പഠിച്ചത് മനസ്സിെനയും ശരീരത്തെയും സംസ്കരിക്കുന്ന പ്രക്രിയയെന്നാണ്. ഇതു ശരിയാണെന്ന് അനുഭവത്തിലൂടെ പഠിച്ചു. ഭക്ഷണവും വെള്ളവും മറ്റു പല കാര്യങ്ങളും നിയന്ത്രിച്ച് 30 ദിവസം നോമ്പെടുക്കുന്നതിലൂടെ നമുക്ക് ഒരു പ്രത്യേക ഊർജമാണ് ലഭിക്കുന്നത്. സ്വയം നിയന്ത്രിക്കുമ്പോൾ നമുക്ക് വേറെ നല്ല കാര്യങ്ങൾ ചെയ്യാനാവും. ഒരു നവോന്മേഷം പകരുന്ന അനുഭവമാണ് മൊത്തത്തിൽ വ്രതാനുഷ്ഠാനം പകരുക. പഠിച്ചതും അനുഭവിച്ചതുമായ നോമ്പിനെക്കുറിച്ച് ചോദിക്കുമ്പോൾ റെയ്ച്ചലിനു പറയാനുള്ളത് ഇതാണ്. അറബിക് പി.ജിക്ക് ചേരാനുള്ള തയാറെടുപ്പിലാണ് ഇവരിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.