ത്യാഗം, സമർപ്പണം, സഹനം, ദാനം എന്നീ മഹദ്ഗുണങ്ങൾ മനുഷ്യന് കാട്ടിത്തരുന്ന നാളുകളാണ് നോമ്പു കാലം. ആ ഗുണങ്ങളുടെ ലോകത്തേക്കിറങ്ങാൻ എെന്ന പ്രേരിപ്പിച്ചത് എെൻറ പൊന്നുമോളുടെ ജീവിതമായിരുന്നു. 2013െല നോമ്പുകാലം അവളുടെ ജീവിതത്തിലെ അവസാനത്തേതാണെന്ന് ഒരിക്കൽ പോലും നിനച്ചിരുന്നില്ല. മകൾ നിലൂഫക്ക് 13 വയസ്സ് ഉള്ളപ്പോഴാണ് ഇടിത്തീപോലെ അതറിഞ്ഞത്, അവൾക്ക് രക്താർബുദമാണെന്ന്. പൂമ്പാറ്റയെപ്പോലെ കളിച്ചു ചിരിച്ച് നടന്നിരുന്ന സുന്ദരിയായ, നന്നായി നൃത്തം ചെയ്യാറുള്ള അവൾ വലിയ അസുഖക്കാരിയാവുകയെന്നത് ചിന്തിക്കാൻ പോലുമാകുമായിരുന്നില്ല.
നീണ്ട 16 വർഷം, അവൾ കടന്നുപോകുന്നതുവരെയും തേങ്ങൽ പോലും അവളെ കേൾപ്പിക്കാതെ നിന്ന ഉമ്മയാണ് ഞാൻ. മുംബൈ ടാറ്റാ മെമ്മോറിയൽ കാൻസർ ഹോസ്പിറ്റലിെൻറ മുകൾനിലയിലെ 11ാംവാർഡിൽ അവൾ എത്തിയപ്പോൾ എെൻറ ഉള്ള് പൊള്ളുകയായിരുന്നു. പ്രാർഥിക്കുേമ്പാൾ മുഖം വാടിയാൽ പോലും ‘എന്താ ഉമ്മാ’ എന്ന് അവൾ ചോദിക്കും. അതിനാൽ അവൾ പേടിക്കാതിരിക്കാൻ ആത്മവിശ്വാസം സംഭരിച്ച് ഞാൻ കൂട്ടിരുന്നു. അവസാനം അത് സംഭവിച്ചു. അവൾ വിട്ടുപോയി. ‘ഐ ലവ് യു ഉമ്മാ, ഐ മിസ് യു ഉമ്മാ’ - അവൾ എന്നോട് അവസാനമായി പറഞ്ഞത് ഇന്നും ചെവിയിലുണ്ട്.
മുംബൈ ടാറ്റാ മെമ്മോറിയൽ കാൻസർ ഹോസ്പിറ്റലിെൻറ മുകൾനിലയിലെ 11ാംവാർഡിൽ കെട്ടിനിന്ന കരച്ചിലുകളും ദുരിതങ്ങളും ഇതിനിടെ എന്നെ മാറ്റിമറിച്ചിരുന്നു. പട്ടികകൊണ്ട് വേർതിരിച്ച വാർഡിൽ നിറയെ അർബുദ രോഗബാധിതരായ കുട്ടികൾ. വരാന്തയിലും കോണിപ്പടിയിലും വിങ്ങിപ്പൊട്ടി നിൽക്കുന്ന മാതാപിതാക്കൾ. ആശ്വസിപ്പിക്കാൻ ആരുമില്ലാതെ, മരുന്നുവാങ്ങാൻ പോലും പണമില്ലാതെ കഷ്ടപ്പെടുന്ന നിരവധി പേർ. നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റി ബോധവാന്മാരാകുകയും ഇൗ അവസ്ഥയിലും എന്തൊക്കെയോ ചെയ്യാനുണ്ടെന്ന് ആരോ നമ്മോട് പറയുകയും ചെയ്യുന്നതായിരുന്നു ആ അന്തരീക്ഷം.
അവിടെ ഏറ്റവും ശ്രമകരമായ അനുഭവം ഹൃദയത്തിലേക്ക് നേരിട്ട് റ്റ്യൂബിടാൻ നഴ്സുമാർ നമ്മെ പഠിപ്പിക്കുന്നതാണ്. ചുറ്റിലുമുള്ള അമ്മമാർ അതുകണ്ട് വിറങ്ങലിച്ച് നിൽക്കും. കതീറ്റർ എന്ന റ്റ്യൂബ് ശരിയായി വൃത്തിയാക്കിയില്ലെകിൽ മറ്റ് അസുഖങ്ങളും വരും. എെൻറ ചെയ്ത്ത് കഴിഞ്ഞ് ഞാൻ ഒാടി മറ്റുള്ളവരുടെ അടുത്തുചെന്ന് പഠിപ്പിച്ചുകൊടുക്കും. അങ്ങനെയാണ് മറ്റുള്ളവരുമായി സൗഹൃദത്തിലാകുന്നതും അവരുടെ ദുരിതങ്ങൾ എന്നോട് പങ്കുവെക്കുന്നതും. അവർക്ക് പണം മാത്രമല്ല, സാന്ത്വനത്തിനും താങ്ങായും ഒരാളെയാണ് ആവശ്യമെന്നറിഞ്ഞത് അങ്ങനെയാണ്.
നിലൂഫ ആരോഗ്യവതിയായി തിരിച്ചെത്തുേമ്പാൾ മാറാരോഗങ്ങളിൽ വലയുന്ന കുട്ടികൾക്ക് തുണയാകുമെന്ന് ഞാൻ നിയ്യത്ത് വെച്ചിരുന്നു. നാട്ടിൽ തൃശൂർ പാലിയേറ്റിവ് കെയറിൽ കുട്ടികൾക്ക് വേണ്ടിയുള്ള പീഡിയാട്രിക് പാലിയേറ്റിവ് പ്രവർത്തനങ്ങളുമായി ഏഴുവർഷം സജീവമായി. തൃശൂർ മെഡിക്കൽ കോളജിലെ കുട്ടികളുടെ കാൻസർ വാർഡിലെ നിത്യ പരിചരണക്കാരി കൂടിയായി ആ വർഷങ്ങളിൽ. തുടർന്നാണ് വൈകല്യങ്ങളും േക്ലശങ്ങളും നേരിടുന്ന കുട്ടികളെ സഹായിക്കുന്ന സന്നദ്ധ സേവന പ്രസ്ഥാനമായ ‘സൊലെസ്’ 2007 നവംബർ എട്ടിന് രൂപവത്കരിച്ചത്.
നോമ്പുകാലത്തെ പ്രാർഥനയായിരുന്നു നിലൂഫ. എെൻറ കണ്ണുതുറപ്പിക്കാനെത്തിയ വഴികാട്ടിയായിരിക്കണം അവൾ. ചുറ്റുമുള്ളവരുടെ വേദന അറിയുക എന്ന അവളുടെ സന്ദേശം എനിക്ക് വായിച്ചെടുക്കാനായി. എല്ലാ വെള്ളിയാഴ്ചയും പുളി തലച്ചുമടാക്കിയെത്തുന്ന ചേട്ടനും ബുധനാഴ്ചകളിൽ പപ്പടവുമായെത്തുന്ന അൽപം ബുദ്ധിമാന്ദ്യമുള്ളയാൾക്കും ഉസ്താദിനുമൊക്കെ അവൾ എപ്പോഴും പണം കൈയിൽ കരുതുമായിരുന്നു. ഇത്തരക്കാർക്കായി പണം നീക്കിവെക്കണേ എന്ന് പറയുമായിരുന്നു. അവൾ അന്ന് കാട്ടിത്തന്ന ജീവകാരുണ്യത്തിെൻറ പാതയിലാണ് സൊലെസ്.
തയാറാക്കിയത്: പ്രശാന്ത്. പി.പി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.