കൊച്ചി: കേരളത്തിൽ അവശേഷിക്കുന്ന ജൂത വംശജരിൽ ഏറ്റവും പ്രായംകൂടിയ വ്യക്തിയായ സാറ കോഹന്‍റെ മരണത്തോടെ മാഞ്ഞത് ക ടലോളം വിശാലമായ സൗഹൃദത്തിന്‍റെ കണ്ണിയാണ്. എല്ലാ ആഘോഷങ്ങളും നിലനിന്നിരുന്ന പഴയ ജൂത ടൗൺ തിരിച്ചുവരുമെന്ന പ്രതീക ്ഷയോടെ 'കിപ്പ'യും തലയിൽ വെച്ച് പ്രാർഥനയോടെ കഴിഞ്ഞിരുന്ന സാറ വെള്ളിയാഴ്ച എല്ലാ അഗ്രഹങ്ങളും ബാക്കിയാക്കി ഈ ലോകത ്തോട് വിടപറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും പുരാതന ജൂത വിഭാഗമായ കൊച്ചിയിലെ മലബാര്‍ ജൂതവിഭാഗത്തിൽ പെട്ടതാണ് സാറ. 1948 ല്‍ ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ട സമയത്ത് 2500ലധികം ജൂതന്മാര്‍ കൊച്ചി വിട്ട് ഇസ്രായേലിലേക്ക് കുടിയേറി യപ്പോള്‍ സാറ മട്ടാഞ്ചേരിയെ വിട്ടുപോയിരുന്നില്ല. 97-ാം വയസ്സിലും ‘ചുറുചുറുക്കോടെ’ മട്ടാഞ്ചേരിയിലെ ജൂതത്തെരുവി ലെ കൊച്ചുവീട്ടിലെ മുറിയിൽ അതിഥികളെ നിറപുഞ്ചിരിറ്റോടെ വരവേറ്റിരുന്നു.
പുരാതനമായ ഒരു സമൂഹത്തിന്‍റെ പാര മ്പര്യം നിറഞ്ഞുനിൽക്കുന്ന മട്ടാഞ്ചേരിയിൽ അവശേഷിച്ച അഞ്ച് യഹൂദരിൽ ഒരാളായിരുന്നു സാറ. എറണാകുളം, പറവൂർ, കൊടുങ്ങ ല്ലൂർ തുടങ്ങി പല ഇടങ്ങളിലും യഹൂദ സമൂഹത്തിലെ അംഗങ്ങളുണ്ടെങ്കിലും നൂറ്റാണ്ടുകൾക്കു മുമ്പ് മട്ടാഞ്ചേരിയുടെ മണ്ണിൽ ഇടം കണ്ടെത്തിയവരുടെ തലമുറയിൽ ഇനി അവശേഷിക്കുന്നത് നാലു പേർ മാത്രം. എ.ഡി 68ൽ ജറൂസലേമിലെ ജൂതപ്പള്ളി റോമാക്കാർ നശിപ്പിച്ചതോടെയാണ് യഹൂദൻമാർ കേരളത്തിലെത്തിയത്. എന്നാൽ, അതിനു മുമ്പും കേരളത്തിലേക്ക് ഇവർ എത്തിയതായി പറയപ്പെടുന്നു. കൊടുങ്ങല്ലൂരിൽ മുൻപു വന്നിറങ്ങിയ യഹൂദൻമാർ മലയാള മണ്ണിൽ പല സ്ഥലങ്ങളിലായി ഇടംപിടിച്ചു. അന്നത്തെ മുസിരിസിൽ വന്നിറങ്ങിയ ഒരു കൂട്ടം യഹൂദർ കൊച്ചിയിൽ കുടിയേറി കച്ചവടവും മറ്റുമായി ജീവിതം തുടരുകയായിരുന്നു.
കൂട്ടായുണ്ടായിരുന്നു താഹ
ജേക്കബ് കോഹന് നൽകിയ വാക്ക് തെറ്റിക്കാതെ മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശി താഹ ഇബ്രാഹിം സാറയെ പരിപാലിച്ച് മട്ടാഞ്ചേരിയിലെ വീട്ടിൽ എന്നുമുണ്ടായിരുന്നു. തുന്നല്‍കാരനായ ഇബ്രാഹീമിന്‍റെ മകന്‍ താഹ ആറാം ക്ലാസിലെത്തിയപ്പോള്‍ പഠനം നിർത്തിയതാണ്. വഴിയോരക്കച്ചവടത്തിനിടെയാണ് സാറ കോഹന്‍റെ ഭർത്താവ് ജേക്കബ് ഏലിയാവു കോഹനുമായി പരിചയത്തിലാവുന്നത്. വഴിയോരക്കച്ചവട വസ്തുക്കളുടെ സഞ്ചി തന്‍റെ വീട്ടിൽ സൂക്ഷിക്കാന്‍ കോഹന്‍ താഹയ്ക്ക് അനുമതി നല്‍കി. എന്നാല്‍, ഭാര്യ സാറക്ക് അത് ആദ്യം ഇഷ്ടമായിരുന്നില്ല. വീട്ടിനുള്ളില്‍ അന്യരുടെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ലെന്നായിരുന്നു കര്‍ക്കശക്കാരിയായ സാറയുടെ നിലപാട്. മകനോടെന്ന പോലെയുള്ള ജേക്കബ് കോഹന്‍റെ പെരുമാറ്റം താഹയെ ആ വീടിനോട് ചേർത്ത് നിർത്തി. പിന്നീട്, സാറക്ക് എന്തിനും ഏതിനും കൂട്ടായുണ്ടായിരുന്നത് താഹ ഇബ്രാഹീം തന്നെയായിരുന്നു. മക്കളില്ലാത്ത സാറയെ ഒറ്റയ്ക്കാക്കരുത് എന്ന് മരണത്തിനു മുമ്പ് ജേക്കബ് കോഹന്‍ താഹയോട് പറയുമായിരുന്നു. കുട്ടികളില്ലാത്ത അവർക്ക് താഹ മകനായി.
2000 വര്‍ഷങ്ങളുടെ ചരിത്രം
2000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജൂതര്‍ കൊച്ചിയിലെത്തിയത്. ഇപ്പോള്‍ കൊച്ചിയില്‍ ജൂതരുടേതായി ബാക്കിയുള്ളത് ഒരു സിനഗോഗും ജൂതരുടെ പരമ്പരാഗതമായ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടകളും മാത്രം. പിന്നെ, ജൂതരുടെ രീതിയില്‍ നിർമിച്ചിട്ടുള്ള കെട്ടിടങ്ങളും ജൂതരുടെ സെമിത്തേരികളും. ജൂതരുടെ ഉടമസ്ഥതയിലുള്ള അപൂര്‍വം ചില വ്യാപാര സ്ഥാപനങ്ങളില്‍ ഒന്ന് സാറയുടെ എംബ്രോയ്ഡറി ഷോപ്പാണ്.
പലതും മങ്ങിതുടങ്ങിയിരുന്നുവെങ്കിലും സാറ തന്‍റെ പഴയകാല ജീവിതം ഓർത്തെടുക്കാറുണ്ടായിരുന്നു. കോഹൻ എന്നത് കുലനാമമാണ്. ഇൻകം ടാക്സ് ഓഫിസറായിരുന്ന ജേക്കബ് കോഹനാണ് ജോലിയിൽ നിന്ന് വിരമിച്ചതോടെ കിപ്പകളും എംബ്രോയ്ഡറിയുമുള്ള സാറ എംബ്രോയ്ഡറി എന്ന കട തുടങ്ങിയത്. പിന്നീട് സാറ എംബ്രോയ്ഡറി ഷോപ്പ് ഏറെ പ്രസിദ്ധമായി. 1999ൽ ജേക്കബ് കോഹൻ സാറയെ വിട്ടുപിരിഞ്ഞു.
വ്യത്യസ്തമായ ആചാരങ്ങൾ
മട്ടാഞ്ചേരിയിലെ സിനഗോഗിൽ മുമ്പ് എല്ലാ വെള്ളിയാഴ്ചയും വൈകീട്ടു പ്രാർഥന പതിവായിരുന്നു. ഇപ്പോൾ അതില്ല. ജൂതരുടെ പ്രാർഥനകൾക്ക് പത്ത് പേരെങ്കിലും വേണമെന്നാണ് ചട്ടം. മട്ടാഞ്ചേരിയിൽ അത്രയും ജൂതൻമാർ ഇല്ലാത്തതിനാൽ വെള്ളിയാഴ്ച വൈകിട്ടത്തെ ശബാദ് പ്രാർഥന നടക്കാറില്ല. പ്രധാന ആഘോഷ സമയങ്ങളിൽ എറണാകുളത്തു നിന്നും മറ്റും യഹൂദരെത്തിയാണ് പ്രാർഥനകൾ നടത്തുന്നത്. റോശശാനയാണ് ഇവരുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്ന്. റോശശാന ആഘോഷം കഴിഞ്ഞ് ഒൻപതാം ദിവസം വൈകീട്ട് മുതൽ കിപ്പൂർ എന്ന നോമ്പ് ആരംഭിക്കും. ഒൻപതാം ദിവസം വൈകീട്ട് അഞ്ചിനു മുൻപു വീടുകളിൽ നിന്നു ഭക്ഷണം കഴിച്ചു എല്ലാവരും പള്ളിയിലെത്തും. വെള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് പള്ളിയിലെത്തുക. അന്നു രാത്രി മുഴുവൻ പ്രാർഥന. പത്താം ദിവസം വൈകീട്ട് ആറരയ്ക്കു ശേഷമാണ് ഈ നോമ്പ് അവസാനിക്കുക. പുതുവർഷ ആഘോഷങ്ങളുടെ സമാപനമാണു സിംഹാതോറ. ആഘോഷ സമയത്തു സിനഗോഗിലെത്തിയാൽ 82 തിരിയിട്ട വലിയ വിളക്ക് കത്തിനിൽക്കുന്നതു കാണാം. മൂന്നു ദിവസത്തേക്ക് ഈ വിളക്ക് ഇവിടെയുണ്ടാകും.
ചരിത്രമുറങ്ങുന്ന ജൂതപ്പള്ളി
മട്ടാഞ്ചേരിയിലെ സിനഗോഗിന് 450ഒാളം വർഷത്തെ ചരിത്രമുണ്ട്. കേരളത്തിൽ എട്ടു ജൂതപ്പള്ളികൾ ഉണ്ടായിരുന്നുവെന്ന് ചില രേഖകൾ കാണിക്കുന്നു. മൂന്നെണ്ണം മട്ടാഞ്ചേരിയിലും രണ്ടെണ്ണം എറണാകുളത്തും ബാക്കിയുള്ളവ പറവൂരും ചേന്ദമംഗലത്തും മാളയിലുമായിരുന്നു. എന്നാൽ, ഇക്കാര്യത്തെക്കുറിച്ചു കൃത്യമായ വിവരം ലഭ്യമല്ല. ഇന്ന് ഇവയിൽ പലതുമില്ല.
1568ലാണ് ഈ സിനഗോഗ് നിർമിച്ചത്. സാമുവൽ കാസ്റ്റിയൽ, ഡേവിഡ് ബലീലിയോ, എഫ്രാഹിം സാലാ, ജോസഫ് ലവി എന്നിവരാണ് ഈ ജൂതപ്പള്ളി നിർമിച്ചത്. യഹൂദ സമൂഹത്തിന്‍റെ ആവശ്യം അനുസരിച്ചു കൊച്ചി രാജാവാണു രാജകൊട്ടാരത്തിന് തൊട്ടടുത്തു തന്നെ സ്ഥലം അനുവദിച്ചത്. കൊച്ചി രാജാവിന്‍റെ സഹായമുണ്ടെങ്കിലും പോർച്ചുഗീസുകാർ തുടരെ ആക്രമിക്കുകയും ദേവാലയം കൊള്ളയടിക്കുകയും ചെയ്തു. പോർച്ചുഗീസുകാർ നശിപ്പിച്ച പള്ളി 1664ൽ പുനർ നിർമിക്കുകയായിരുന്നു. സിനഗോഗിന്‍റെ മണിമാളിക 1760ൽ പണിതതാണ്. അതിൽ സൂക്ഷിച്ചിരുന്ന പഴയ നിയമ പുസ്തകത്തിന്‍റെ ആവരണം 1805ൽ തിരുവതാംകൂർ മഹാരാജാവ് സമ്മാനിച്ചതാണ്. ദേവാലയത്തിലെ വെള്ളിവിളക്കുകൾ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്‍റ് 1808ൽ സമ്മാനിച്ചത്. സിനഗോഗിൽ പതിച്ചിരിക്കുന്ന ടൈലുകൾ 1763ൽ ചൈനയിൽ ഉണ്ടാക്കി കൊണ്ടുവന്നതാണ്.
ഫോർട്ട്കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും വ്യവസായ വളർച്ചയിൽ പങ്കുചേർന്നു നിന്നവരായിരുന്നു ജൂതർ. കൊച്ചിയിൽ വൈദ്യുതി എത്തിച്ചത് ഇവരാണ്. കൂടാതെ, യന്ത്രബോട്ടിറക്കി മട്ടാഞ്ചേരി-എറണാകുളം ഫെറി ബോട്ട് സർവിസ് ആരംഭിച്ചതും ജൂത വംശജർ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.