വീം അൽ ദഖീൽ കഴിഞ്ഞ മാസം സൗദിയിൽ ഒരു ‘ബ്രേകിങ് ന്യൂസ്’ ആയിരുന്നു. സൗദി ടി.വിയിലെ വൈകുന്നേരത്തെ പ്രധാനവാർത്തകൾ അവതരിപ്പിക്കുന്ന ആദ്യവനിത എന്നതുകൊണ്ടാണ് വീം വാർത്തകൾക്ക് തലക്കെട്ടായത്. മാറ്റത്തിെൻറ കാലത്തെ സൗദിയിലായത് കൊണ്ട് അതൊരു വാർത്തയായി. എന്നാൽ ഇൗ യുവതി വെറുമൊരു വാർത്താ വായനക്കാരിയല്ല. സൗദി ബ്രോഡ് കാസ്റ്റിങ് അതോറിറ്റിയുടെ കീഴിലുള്ള സൗദി ടി. വിയുടെ ഒാപറേഷൻസ് മാനേജർ കൂടിയാണ്.
മനുഷ്യപ്പറ്റും സാമൂഹികസേവന മനോഭാവവും അറിവും നിശ്ചയദാർഢ്യവും സദാ ഒൗത്സുക്യവുമുള്ള ലക്ഷണമൊത്തൊരു ജേർണലിസ്റ്റ്. ന്യൂസ് റീഡർക്കപ്പുറം ന്യുസ് മേക്കർ ആവണമെന്നത് പണ്ടേ അവരുടെ മോഹമാണ്. സാധാരണക്കാരുടെ ജീവിതത്തിലേക്ക്, അവരുടെ കഥകളിലേക്ക് കാമറ തുറന്നപിടിക്കുന്നതിലാണ് വീം അൽ ദഖീലിന് താൽപര്യം. സമൂഹത്തിലിറങ്ങി നടക്കുേമ്പാൾ കിട്ടുന്ന അറിവുകളുടെയും അനുഭവങ്ങളുടെയും തിളക്കം ഒന്നു വേറെത്തന്നെയാണെന്ന് വിശ്വസിക്കുന്ന പത്രപ്രവർത്തക.
ഒട്ടും യാദൃശ്ചികമായല്ല മാധ്യമലോകത്തേക്കിറങ്ങിയത്. വാർത്തകളോടുള്ള പ്രണയം ചെറുപ്രായത്തിലേ ഉണ്ടായിരുന്നു. എട്ടു വയസ്സുകാരി വീം പ്രഭാതത്തിൽ വീട്ടിൽ വരുന്ന പത്രം താൽപര്യത്തോടെ വായിച്ചു തീർക്കും. മാതാപിതാക്കളുടെ ആഴത്തിലുള്ള വായനയും ലോകകാര്യങ്ങളെ കുറിച്ച ചർച്ചകളും വീമിെൻറ വീടിെൻറ അകത്തളങ്ങളെ ധൈഷണികമാക്കി. കുട്ടിയായിരിക്കുേമ്പാൾ തന്നെ അതിലെല്ലാം സജീവമായി. രക്ഷിതാക്കൾ നന്നായി പ്രോത്സാഹിപ്പിച്ചു.
മൊറോക്കോയിലായിരുന്നു ജനനം. വളർന്നത് ജിദ്ദയിൽ. ഇപ്പോൾ റിയാദിൽ ജീവിക്കുന്നു. 2014 മുതൽ 17 വരെ ബഹ്റൈനിലെ അൽ അറബ് ന്യൂസ് ചാനലിലായിരുന്നു ജോലി. 2012 മുതൽ13 വരെ സി.എൻ.ബി.സി അറേബ്യ ചാനലിൽ പ്രവർത്തിച്ചു. ബെയ്റൂത്തിലെ ദാർ അൽ ഹയാത്ത് ന്യൂസ് പേപ്പറിലാണ് മാധ്യമ പ്രവർത്തനം തുടങ്ങിയത്. ലബനോണിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽ നിന്നാണ് ജേർണലിസത്തിൽ ബിരുദം നേടിയത്. യൂനിവേഴ്സിറ്റി സ്റ്റുഡൻറ് പബ്ലിക്കേഷെൻറ എഡിറ്റർ ഇൻ ചീഫ് ആയി പ്രവർത്തിക്കാനായത് കരിയർ മെച്ചപ്പെടുത്തുന്നതിന് സഹായിച്ചു. അറബി, ഇംഗ്ലീഷ് ഫ്രഞ്ച് ഭാഷകളിലെ പ്രാവീണ്യം ജോലിക്ക് മുതൽക്കൂട്ടായി. അൽ ജസീറ മീഡിയ ട്രെയിനിങ് സെന്‍ററിൽ നിന്നാണ് ടി.വി പ്രസന്‍റേഷൻ കോഴ്സ് പാസായത്.
വാർത്ത വായിക്കുന്നതിലപ്പുറം വാർത്തകൾ കൊണ്ടുവരുന്നതിലാണ് വീമിന് താൽപര്യം. ജനപക്ഷത്ത് നിന്ന് കാര്യങ്ങൾ അവതരിപ്പിക്കുക. അപ്പോൾ വാർത്താ സ്ക്രീനുകൾ നമ്മുടേതാവും. ജനം നോക്കിയിരിക്കും. ഇതാണ് വീമിന്റെ വാർത്തകളോടുള്ള വീക്ഷണം. പത്രപ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനവും ഇഷ്ടമാണ്. 2016ൽ ജോർഡനിലെ ഗസ അഭയാർഥി ക്യാമ്പിൽ സേവനക്കൈകളുമായി പോയത് അതുകൊണ്ടാണ്. രാജ്യത്തെ മാറ്റത്തിന്‍റെ ഭാഗമാണ് തനിക്ക് ലഭിച്ച പുതിയ അവസരങ്ങൾ. ആൺകോയ്മയുടെ മേഖലയിലാണ് പ്രവർത്തിക്കാൻ അവസരം വന്നിരിക്കുന്നത്. പക്ഷെ അതുകൊണ്ടൊന്നും തന്റെ അഭിപ്രായങ്ങൾക്കോ നിലപാടുകൾക്കോ യാതൊരു ശക്തിക്ഷയവുമില്ലെന്ന് വീം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.