പുതിയ തലമുറ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നാണ് കായികക്ഷമതയുടെ അഭാവം. പരീക്ഷയിൽ നല്ല മാർക്ക് വാങ്ങുന്ന കുട്ടികൾക്ക് കായിക ക്ഷമതയുടെ കാര്യത്തിൽ ശരാശരിക്ക് താഴെയാണ് മാർക്ക്. പ്രത്യേകിച്ച് കാലാവസ്ഥ അത്ര അനുകൂലമല്ലാത്ത രാജ്യങ്ങളിലെ കുട്ടികൾക്ക് സ്പോർട്സിൽ താൽപര്യമുണ്ടെങ്കിലും അവസരങ്ങൾ പ്രതികൂലമായിരിക്കും. ലോകത്ത് പക്ഷെ കായിക മേഖലയോട് പണ്ടത്തെക്കാൾ കമ്പം വർധിച്ചുവരുന്നതായാണ് വിലയിരുത്തപ്പെടുന്നത്. സ്പോർട്സിെൻറ വാണിജ്യ സാധ്യത അതിനൊരു കാരണമാണെങ്കിലും ആരോഗ്യത്തിനതൊരു മുതൽകുട്ടാണ്.
സൗദി അറേബ്യയും ഇൗ മേഖലയിൽ വലിയ കുതിപ്പിലാണ്. സാമൂഹിക മാധ്യമങ്ങളിൽ അഭിരമിച്ചുപോവാതെ കുട്ടികളെ കളിക്കളങ്ങളിലേക്കിറക്കിക്കൊണ്ടുവരാൻ രാജ്യം എല്ലാവിധ പ്രോൽസാഹനവും നൽകുന്നു. പുതിയ കാലത്തിെൻറ സ്പന്ദനങ്ങൾ കണ്ടറിഞ്ഞ് കളമൊരുക്കുകയാണ് സൗദിയുടെ സ്പോർട്സ് അംബാസഡർ ആയി ലോകമറിയുന്ന ലിനി ഖാലിദ് അൽ മഇൗന.
ജിദ്ദ യുണൈറ്റഡ് സ്പോർട്സ് കമ്പനി (ജെ.യൂ.എസ്.സി) എന്ന സ്വകാര്യ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കയാണിവർ. ടീം സ്പോർട്സിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നതാണ് സംരംഭം. ബാസ്കറ്റ് ബാൾ, വോളിബാൾ, ഫുട്ബാൾ തുടങ്ങിയവ പ്രോൽസാഹിപ്പിച്ച് കായിക സംസ്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. സൗദി ശൂറ കൗൺസിൽ അംഗമായ ലിനി പ്രമുഖപത്രപ്രവർത്തകൻ ഖാലിദ് അൽ മഇൗനയുടെ മകളാണ്. സാമൂഹികപ്രതിബദ്ധതയുള്ള അവരുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരം കൂടിയായിരുന്നു ശൂറകൗൺസിൽ അംഗത്വം.
സൗദി വിഷൻ 2030 സ്പോർട്സ് വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. എന്നാൽ നാടിെൻറ കായിക വികസനം നേരത്തെ സ്വപ്നം കണ്ട വനിതയാണ് ലിനി. 2012 വരെ ജിദ്ദ യുണൈറ്റഡ് വിമൻസ് ബാസ്കറ്റ് ബാൾ ക്യാപ്റ്റനാണ്. രാജ്യത്തിനകത്തും പുറത്തും നിരവധി സ്പോർട്സ് കോൺഫറൻസുകളിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് പ്രഭാഷണം നടത്തിയിട്ടുണ്ട്.
2000ൽ അമേരിക്കയിലെ ജോർജ് മാസൺ യൂനിവേഴ്സിറ്റിയിൽ കമ്യൂണിക്കേഷൻ കോഴ്സ് പഠിച്ച ലിനി 2005ൽ ലണ്ടനിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മനഃശാസ്ത്രത്തിൽ എം.എ ബിരുദം നേടി. 2004ലും 2010 ലും ഫ്രഞ്ച് സെനറ്റിൽ സൗദിയെ പ്രതിനിധീകരിച്ച് പ്രഭാഷണം നടത്തി. 2010ൽ വുമൺ ഇൻ ലീഡർഷിപ് ഫോറം സംരംഭക അവാർഡ് നേടിയിട്ടുണ്ട്.
അൽ മദീന പത്രത്തിലെ കോളമിസ്റ്റ് കൂടിയാണ് ലിനി. സ്തനാർബുദ ബോധവത്കരണ കാമ്പയിെൻറ ഭാഗമായി നടന്ന പർവതാരോഹണ പരിപാടിയിൽ 2012ൽ എവറസ്റ്റ് ബേസ് കാമ്പ് കയറി. മിഡിൽ ഇൗസ്റ്റിൽ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ ഫോർബ്സ് മാഗസിൻ പട്ടികയിൽ 71ാം സ്ഥാനത്താണ് ലിനി. 2014ൽ സിർജ് എയ്ഞ്ചൽ ഇൻെവസ്റ്റേഴ്സ് നെറ്റ്വർക് മെമ്പറായി. 2015ൽ പിയജെറ്റ് എൻറർപ്രണർഷിപ് അവാർഡ് നേടി. യങ് ബിസിനസ് കമ്മിറ്റിയിലും സ്പോർട്സ് ഇൻവെസ്റ്റ്മെൻറ് കമ്മിറ്റിയിലും അംഗമായ ലിനി 2016ലാണ് സൗദി ശൂറ കമ്മിറ്റി അംഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.