തലസ്ഥാനനഗരിയിലെ ഹോട്ടൽ മുറിയാണ് വേദി. പാട്ടിന്റെ വഴിയിൽ സ്വരമാധുരി കൊണ്ട് രാഗമഴ തീർക്കുന്ന അൻഷിയെന്ന കൊച്ചുഗായികയാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രം. കുഞ്ഞുവിരലുകളിലെ മാന്ത്രികചലനങ്ങൾ കൊണ്ട് കീബോർഡിൽ വിസ്മയം തീർക്കുന്നതിലാണ് അപ്പോൾ അൻഷിയുടെ ശ്രദ്ധ മുഴുവൻ. കുരുന്ന് പ്രതിഭ തീർത്ത സംഗീതവിസ്മയത്തിൽ അതിശയിച്ചിരുന്ന സദസ്സിനോട് സംഘാടകരാണ് അക്കാര്യം പറഞ്ഞത്; പാട്ടിെൻറ പാലാഴി തീർക്കുകയും കീബോർഡിൽ വിസ്മയം രചിക്കുകയും ചെയ്യുന്ന ആ ബാലികയുടെ ഇരുകണ്ണുകൾക്കും കാഴ്ചയില്ല. ഞെട്ടലോടെ എഴുന്നേറ്റുനിന്ന സദസ്സ് പിന്നെ ഇരുന്നതേയില്ല. സംഗീതപ്രകടനം കഴിഞ്ഞ് നിലക്കാതെ കരഘോഷം മുഴക്കുന്നതുവരെ അവർ ആ നിൽപ് തുടർന്നു.
മലപ്പുറം മേലാറ്റൂർ എടപറ്റയിലെ അബ്ദുൽ ബാരി^ഷംല ദമ്പതികളുടെ മകൾ ഏഴാം ക്ലാസുകാരി ഫാത്തിമ അൻഷിയെന്ന കൊച്ചുകലാകാരിയാണ് ആസ്വാദകരെ വിസ്മയത്തുമ്പത്ത് നിർത്തിയ ഇൗ മിടുക്കി. അൻഷിയുടെ പാട്ടിൽ ലയിച്ച് അതിശയത്തോടെ കൈയടിച്ച റിയാലിറ്റിഷോ വേദികൾ നിരവധിയാണ്. മങ്കട വള്ളിക്കാപറ്റ അന്ധ വിദ്യാലയത്തിലെ ഈ ഏഴാം ക്ലാസുകാരി ‘അറ്റ് വൺസ്’ എന്ന ചിത്രത്തിനു വേണ്ടി അരുൺഗോപനൊപ്പം പാടി സിനിമയിലും സാന്നിധ്യം അറിയിച്ചു. വൈക്കം വിജയലക്ഷ്മി, നജീം അർഷാദ്, റിമി ടോമി തുടങ്ങിയ പ്രശസ്തരുടെയെല്ലാം കൂടെ പാടിയ അൻഷി സംഗീതലോകത്തുള്ളവർക്കെല്ലാം ഇപ്പോഴും അദ്ഭുതമാണ്.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ കലോത്സവത്തിലൂടെയാണ് അൻഷി വേദികളിലെത്തുന്നത്. ‘ശ്രുതിയെന്തെന്നറിയാതെ, ചുവടുകളില്ലാതെ അമ്മ പാടിയ താരാട്ട്...’ എന്ന വരികൾ കാഴ്ചക്കാർക്കൊപ്പം വിധികർത്താക്കളുടെയും കണ്ണ് നനയിച്ചാണ് പാടിത്തീർത്തത്. ഉമ്മ എന്ന തണൽമരം ഫാത്തിമ അൻഷി എന്ന പ്രതിഭയെ അത്രമാത്രം സ്വാധീനിച്ചിരുന്നു; ഉമ്മ തന്നെയാണ് ഫാത്തിമ അൻഷിയുടെ ജീവനും ആത്മാവും. ഉമ്മയെക്കുറിച്ച് പറയുമ്പോഴും പാടുമ്പോഴും തീവ്രമായ വേദനയുടെ ഒരു കനൽ ഗായികയുടെ സ്വരത്തിനൊപ്പം ചേരും, ആ മാതൃഹൃദയത്തിലും അത് പ്രതിഫലിക്കും.
തനിക്ക് പിറന്ന ആദ്യത്തെ കൺമണി ഇരുട്ടിലായിപ്പോയതിൽ സ്വയം ശപിച്ച് കണ്ണീർവർഷങ്ങൾ തള്ളിനീക്കിയ ഷംല എന്ന ഉമ്മയുടെ കൺകോണുകളിൽ ഇപ്പോഴും കണ്ണീരുണ്ട്; കണ്ണിൽ വെളിച്ചമില്ലെങ്കിലും അംഗീകാരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് മകൾ കയറിപ്പോകുന്നത് കാണുമ്പോഴുള്ള സന്തോഷാശ്രുക്കൾ.
തയാറാക്കിയത്: മുനീര്‍ മങ്കട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.