ഉൾനാടുകളിലേക്ക് സഞ്ചരിച്ചാൽ പ്രശാന്തമായ ഗ്രാമങ്ങളാണ് കണ്ണൂരിലേത്. യാത്രക്കിടെ റോഡിനിരുവശവും കശുമാവുകൾ നിറഞ്ഞ കുന്നുകളും വെയിലേറ്റ് ഉണങ്ങിക്കിടക്കുന്ന വിശാലമായ ചെങ്കൽ പ്രദേശങ്ങളും കാണാം. അധികം ആളനക്കമില്ലാത്ത നിരത്തുകൾ. വല്ലപ്പോഴും റോഡിൽ കാണുന്നവരോട് വഴി ചോദിച്ചാൽ, വേണമെങ്കിൽ എത്തേണ്ടിടത്ത് കൈപിടിച്ച് എത്തിക്കാമെന്ന തരത്തിലുള്ള സ്നേഹം നിറഞ്ഞ ഇടപെടൽ. കവലകളിലും ആളൊഴിഞ്ഞ പറമ്പുകളിലും തലയുയർത്തി നിൽക്കുന്ന രക്തസാക്ഷി സ്തൂപങ്ങൾ മറ്റു ജില്ലകളെയും പ്രദേശങ്ങളെയും അപേക്ഷിച്ച് ഒത്തിരി കൂടുതലാണ്. പ്രകൃതി പച്ചപ്പണിയിച്ച, സ്നേഹം വഴിഞ്ഞൊഴുകുന്ന നാട്ടുകാരുള്ള ഗ്രാമങ്ങൾക്ക് ചുവപ്പും കാവിയും നിറങ്ങളാൽ അതിര് വരഞ്ഞിരിക്കുന്നതും കാണാം.
രാഷ്ട്രീയം എന്ന വിശേഷണം ചേർത്ത് നാം വിളിക്കുന്ന ഒരു കൊലപാതകം നടന്നാൽ, ആ ഗ്രാമത്തിലെ ഒരു വീട് മാത്രം പൊടുന്നനെ നിശ്ശബ്ദമാവുകയാണ്. നാട്ടിലെല്ലാവരും അറിഞ്ഞു കഴിഞ്ഞാണ് മിക്കവാറും കൊല്ലപ്പെട്ടവെൻറ ഉറ്റവർ അറിയുക. ഫോണോ ടെലിവിഷൻ കേബിളോ എന്തുമാവട്ടെ, അവിടേക്ക് വിവരമറിയാനുള്ളതെല്ലാം മുറിച്ചുമാറ്റപ്പെടും. പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിലെത്താത്ത മകനെ, ഭർത്താവിനെ, സഹോദരനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തതയില്ലാത്ത ഉത്തരങ്ങളാണ് ലഭിക്കുക. ഫോൺ മണിയടികൾ ഉത്തരം ലഭിക്കാതെ ഒടുങ്ങും. വീടിനു പുറത്ത് പതിവില്ലാത്ത ആളനക്കങ്ങൾ. പോകപ്പോകെ വീട്ടുകാർക്ക് ചില സംശയങ്ങൾ നാമ്പിട്ട് തുടങ്ങും.
അധികസമയം കഴിയുന്നതിന് മുേമ്പ ഉറ്റവരുടെ മരണം മരവിച്ച മനസ്സുമായോ ആർത്തലച്ചോ അവർ ഏറ്റുവാങ്ങും. മേലാപ്പിൽ പാർട്ടി പതാക പുതപ്പിച്ച പേടകത്തിൽനിന്ന്, വെട്ടേറ്റ മുറിവുകൾ എണ്ണിത്തിട്ടപ്പെടുത്തി, തുന്നിക്കെട്ടി വെള്ളപുതപ്പിച്ച ദേഹം പുറത്തിറക്കുമ്പോൾ ഉയരുന്ന നെഞ്ചുപൊട്ടിയ നിലവിളികൾ അറുതിയില്ലാതെ തുടരുകയാണ് ഇന്നും. മരണപ്പെട്ടവന്റെ മാതാവിന്റെ, പിതാവിന്റെ, ഭാര്യയുടെ, കൂടെപ്പിറപ്പിന്റെയെല്ലാം നിലവിളികൾ ഇനിയുള്ള കാലം നിശ്ശബ്ദ നിലവിളിയായി അവരിൽ തുടരും, അവരുടെ അവസാനം വരെ. വടിവാളുകൾ ഉയിരെടുത്ത ആങ്ങളമാരുടെ ഒാർമയിൽ നീറിക്കഴിയുന്ന നിരവധി സ്ത്രീ ജീവിതങ്ങളുണ്ട് കണ്ണൂരിന്റെ മണ്ണിൽ. ഇനിയാർക്കും ഇൗ ഗതി വരുത്തല്ലേയെന്ന് മനമുരുകി വിലപിക്കുന്ന അത്തരം "മൂന്ന് പെങ്ങന്മാർ" സംസാരിക്കുകയാണിവിടെ...
‘‘ഇനി ഉയരില്ലല്ലോ, ഷുഹൈബിന്റെ മംഗലപ്പന്തൽ’’
കേരളം മുഴുവൻ ഷുഹൈബിനെ ചർച്ച ചെയ്യുമ്പോൾ കണ്ണൂർ-മട്ടന്നൂർ പാതയിലെ എടയന്നൂരിൽ, റോഡരികിൽ അൽപം ഉയരെയുള്ള ഈ ചെറിയ ഇരുനില വീട്ടിൽ ഉരുകിക്കഴിയുന്നുണ്ട് മൂന്ന് അനുജത്തിമാർ. പിച്ചവെച്ച കാലം മുതൽ കൈപിടിച്ചുനടത്തിയ ഒറ്റ സഹോദരനെ നഷ്ടമായതിെൻറ ഒടുങ്ങാത്ത വേദനയും പേറി. ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് വധിക്കപ്പെട്ടത്. 29ാമത്തെ വയസ്സിൽ. ആശ്വസിപ്പിക്കാനെത്തുന്നവരുടെ ഒഴുക്ക് ഇനിയും നിലച്ചിട്ടില്ല. സഹോദരെൻറ വിധിയിൽ വിലപിച്ച് വീടിെൻറ കോണിൽ ഒതുങ്ങിയിരുന്നിട്ടില്ല ഇവർ. പൊന്നാങ്ങളയുടെ രക്തത്തിന് നീതിതേടി പോരാടാനുറച്ച് ഷമീമയും ഷർമിളയും സുമയ്യയും സമൂഹത്തിലേക്കിറങ്ങിയതും നാം കണ്ടു. ഷുഹൈബ് ഇനിയൊരിക്കലും പടികയറിവരാത്ത സ്കൂൾപറമ്പത്ത് വീടിെൻറ ഉമ്മറത്ത് പിതാവ് മുഹമ്മദിനൊപ്പമിരുന്ന് രണ്ടാമത്തെ സഹോദരി ഷർമിള മനസ്സുതുറന്നു.
ഇക്ക കൊല്ലപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ചോരക്കുഞ്ഞിനെയുമെടുത്ത് അപരിചിതയായ യുവതി വീട്ടിലേക്ക് കയറിവന്നു. ഉമ്മയെ കാണണമെന്ന് പറഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പേ ഷുഹൈബ് രക്തം നൽകിയിരുന്നു അവർക്ക്. പ്രസവ ശസ്ത്രക്രിയക്ക് രക്തം ആവശ്യമുണ്ടെന്ന് ആരോ വിളിച്ചുപറഞ്ഞപ്പോൾ ഒാടിച്ചെന്നു. ഇങ്ങനെ മരണവാർത്തയറിഞ്ഞ് വീട്ടിൽ വന്ന പലരും പറഞ്ഞാണ് ഞങ്ങൾ പലതും അറിഞ്ഞത്. എടയന്നൂരിലെ ദേവകിയമ്മയുടെ മക്കളുടെ പഠനച്ചെലവ് വഹിച്ചത്, സക്കീന എന്ന നിരാലംബയായ സ്ത്രീയുടെ കുടുംബത്തിന് പൂർണ ആശ്രയമായത്, തെരൂർ പ്രൈമറി സ്കൂളിൽ വർഷാവർഷം പഠനോപകരണങ്ങൾ നൽകിയത് എല്ലാം ഷുഹൈബിെൻറ നേതൃത്വത്തിലാണ്. ഇതൊന്നും മരിക്കുന്നതുവരെ ഞങ്ങൾ അറിഞ്ഞിരുന്നില്ല. സ്വന്തം വൃക്ക ദാനംചെയ്യാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും കേട്ടു. എന്ത് കാര്യത്തിനുമാവട്ടെ, ആരു വിളിച്ചാലും സമയം നോക്കാതെ വീട്ടിൽനിന്ന് ഇറങ്ങിപ്പോകും.
ഞങ്ങളുടെ ആവശ്യങ്ങൾക്കായി വിളിച്ചാൽ തിരക്കാണെങ്കിൽ അതുതന്നെ പറയും. നാട്ടുകാരുടെ കാര്യങ്ങൾ കഴിഞ്ഞിട്ടാണെങ്കിലും ഞങ്ങൾ അനുജത്തിമാരോ ഉമ്മയോ പറയുന്നതൊന്നും സാധിപ്പിച്ചു തരാതിരുന്നിട്ടില്ല. ഞങ്ങൾ പിണങ്ങിയാലോ പരിഭവിച്ചാലോ അത് തീർക്കാതെ പിന്നെ പിറകിൽനിന്ന് മാറിയിരുന്നുമില്ല. ഏറെനാൾ കഴിയുന്നതിന് മുമ്പേ ഈ മുറ്റത്തൊരു മംഗലപ്പന്തൽ കൂടി ഉയരേണ്ടതായിരുന്നു. പെണ്ണിനെ ഏതാണ്ട് ഉറപ്പിച്ചതാണ്. വധുവിെൻറ അമ്മാവൻ പെട്ടെന്ന് മരിച്ചതിനാൽ നാൽപത് കഴിഞ്ഞിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് വെച്ചിരിക്കുകയായിരുന്നു. സംസാരം അവസാനിപ്പിക്കാൻ സമയത്ത്, ഷർമിള ഇടറാത്ത ശബ്ദത്തിൽ ഇത്രയും കൂടി പറഞ്ഞു. ‘‘ഞങ്ങളോട് ഇൗ കൊടുംപാതകം ചെയ്തവരോട് ഒരു പ്രതികാരവും ഞങ്ങൾക്കില്ല. എന്നാൽ, ഇനിയൊരു പെങ്ങൾക്കും മാതാപിതാക്കൾക്കും ഈ ഗതി ഉണ്ടാവരുത്. അതിന് കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും ശിക്ഷിക്കപ്പെടണം. അതിനുവേണ്ടി ഞങ്ങൾ പോരാടുകതന്നെ ചെയ്യും.’’
‘‘പതിവ് വിളി വരാൻ നേരമാവുന്നേ ഉണ്ടായിരുന്നുള്ളൂ’’
പയ്യന്നൂരിനടുത്ത രാമന്തളി കുന്നരുവിലെ സി.വി. ധനരാജ് 2016 ജൂൈല 11ന് രാത്രിയാണ് കൊല്ലപ്പെട്ടത്. 42ാമത്തെ വയസ്സിൽ, സ്വന്തം അമ്മയുടെ മടിയിലും ഭാര്യയുടെ കൺമുന്നിലുമായാണ് ധനരാജ് പിടഞ്ഞുവീണത്. നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു ധനരാജ്. എന്തുകാര്യത്തിനും മുൻപന്തിയിലുണ്ടായിരുന്നതിനാൽ നാട്ടിലെ യുവാക്കളുടെ ആരാധനാപാത്രം. ഇതൊക്കെയാവാം ഏട്ടനെ ഇല്ലാതാക്കാൻ ഇരുട്ടിൽ പതുങ്ങിയിരുന്നവർക്ക് പ്രേരണയായതെന്ന് പയ്യന്നൂർ കോറോത്തെ വീട്ടിലിരുന്ന് സഹോദരി പ്രീതി പറഞ്ഞു. പക്ഷേ, രക്തസാക്ഷിത്വത്തിന് ശേഷമാണ് നാട് അക്ഷരാർഥത്തിൽ ധനരാജിനെ നെഞ്ചേറ്റിയതെന്ന് പയ്യന്നൂരിലെ തെരുവിലൂടെ സഞ്ചരിക്കുന്ന ആർക്കും മനസ്സിലാവും. വഴിയോരത്തെല്ലാം വലിയ ചിത്രങ്ങൾ പതിച്ച ബോർഡുകൾ.
ധനരാജിെൻറ നേരെ ഇളയ സഹോദരി പ്രീതി പറയുന്നു, അവസാനമായി നഷ്ടം ഞങ്ങൾക്ക് മാത്രമാണെന്ന്. അവർക്ക് രക്തസാക്ഷിയെ കിട്ടി. ഞങ്ങൾക്ക് പോയത് സ്നേഹനിധിയായ ഏട്ടനാണ്. വാക്കുകളിൽ ഒതുക്കാനാവാത്ത സ്നേഹബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ഏട്ടനെന്നെ മണിയെന്നും ഞാൻ തിരികെ കുഞ്ഞേട്ടൻ എന്നുമാണ് പരസ്പരം വിളിച്ചിരുന്നത്. ഏട്ടൻ ഭാര്യ സജിനിയോട് പറയുമായിരുന്നു, എനിക്ക് എന്തെങ്കിലും പറ്റിയാൽ നിങ്ങളെ മണി നോക്കിക്കോളുമെന്ന്. എന്നെക്കാൾ മൂന്നു വയസ്സ് മാത്രേമ കൂടുതലുള്ളൂ. രാത്രി വീട്ടിലെത്തി കിടക്കാൻ നേരത്ത് മുടങ്ങാതെ ഇങ്ങോട്ട് വിളിക്കും. അന്നും ആ വിളി വരാൻ നേരമാവുന്നേ ഉണ്ടായിരുന്നുള്ളൂ. പ്രീതി ഇത്രയുമായപ്പോഴേക്കും തേങ്ങിപ്പോയി. അൽപനേരം നിർത്തി കണ്ണീർ തുടച്ചാണ് പിന്നീട് തുടർന്നത്. മക്കൾക്കെല്ലാം മാമനെന്നാൽ ജീവനായിരുന്നു. എെൻറ മക്കൾക്ക് മാത്രമല്ല, എല്ലാ കുട്ടികളുമായും നല്ല കൂട്ടായിരുന്നു. ഇവിടെ അടുത്ത വീട്ടിലുള്ള കുട്ടിക്ക് ഏട്ടെൻറ മരണം വലിയ ആഘാതമായിരുന്നു. തളിപ്പറമ്പിലുള്ള ചേച്ചിയുടെ മകനും വലിയ ഷോക്കായി. നന്നായി പഠിച്ചിരുന്ന അവൻ പിന്നീട് പഠനം തന്നെ നിർത്തി. ഇവിടെ എപ്പോഴും വരുമായിരുന്നു. മരിക്കുന്നതിെൻറ തൊട്ടുമുമ്പത്തെ ഞായറാഴ്ച ഞങ്ങളെല്ലാം ചേർന്ന് കാറെടുത്ത് ചേച്ചി നളിനിയുെട വീട്ടിൽ പോയി.
അന്നുരാത്രി പത്തായിക്കാണും. ഭർത്താവിെൻറ ഫോണിലേക്കാണ് വിളി വന്നത്. എന്തോ ചെറിയ കുഴപ്പമുണ്ടെന്നാണ് എന്നോട് പറഞ്ഞത്. പിന്നെ വന്ന ഫോൺ കാളുകളൊന്നും എടുക്കാൻ സമ്മതിച്ചില്ല. ടി.വി തുറക്കുന്നതും വിലക്കി. ഏട്ടന് ഡ്രൈവ് ചെയ്യാൻ കഴിയാത്തതിനാലാവാം, അടുത്ത് താമസിക്കുന്ന മരുമക്കളെയും കൂട്ടിയാണ് കുന്നരുവിലെ വീട്ടിലേക്ക് പോയത്. വീട്ടിൽ പൊലീസുകാരെയൊക്കെ കാണും, പേടിക്കുകയൊന്നും ചെയ്യരുതെന്ന് എന്നോട് പറഞ്ഞു. വീട്ടിലെത്തുേമ്പാൾ, പൊലീസുകാർ ചേർന്ന് അമ്മയെ എടുത്തുകൊണ്ടുപോകുന്നതാണ് കണ്ടത്. അമ്മക്ക് എന്തോ സംഭവിച്ചു എന്നായിരുന്നു എെൻറ ധാരണ. പിറ്റേ ദിവസമാണ് എന്താണ് നടന്നതെന്ന് അറിഞ്ഞത്. നല്ല കരുത്തുള്ള സ്ത്രീയായിരുന്നു അമ്മ മാധവി. അച്ഛൻ ഗൾഫിലായിരുന്നതിനാൽ ഞങ്ങൾ മൂന്ന് മക്കളെയും വളർത്തിയത് അമ്മയാണ്. കൺമുന്നിൽ ഏട്ടനെ വെട്ടിനുറുക്കിയിട്ടും അമ്മ പെെട്ടന്ന് തളർന്നില്ല. ഏട്ടൻ വീട്ടിലേക്ക് കയറുന്നതിനിടെ മുറ്റത്ത് പതുങ്ങിയിരുന്ന അക്രമികൾ കാലിനാണ് ആദ്യം വെട്ടിയത്. അമ്മേയെന്ന് വിളിച്ച് ഒാടിക്കയറിയപ്പോഴേക്കും വീടിെൻറ അടച്ചിട്ട ഗ്രിൽസിന് മുന്നിൽ അവർ വെട്ടിവീഴ്ത്തി. ഗ്രിൽസ് തുറന്ന് ഒാടിയെത്തിയ അമ്മ ഏട്ടെൻറ ദേഹത്ത് വീണ് പ്രതിരോധിച്ചെങ്കിലും അവരെ എടുത്തുമാറ്റിയാണ് അക്രമികൾ വെട്ടിനുറുക്കിയത്. എന്നിട്ടും ഉടുത്തിരുന്ന സാരി കീറി അമ്മ ഏട്ടെൻറ മുറിവുകൾ െകട്ടി. പക്ഷേ, ഏറെക്കഴിയുന്നതിന് മുേമ്പ അമ്മ തളർന്നുവീണു. ഇപ്പോൾ പഴയ കരുത്തെല്ലാം ചോർന്നുപോയിരിക്കുന്നു. ഇപ്പോൾ, ഞാൻ ഇടവിട്ട ദിവസങ്ങളിൽ വീട്ടിൽ പോകും. അമ്മക്കും ഞങ്ങൾക്കും ആരുമില്ലാതായി.
‘‘ശബ്ദമില്ലാത്ത കരച്ചിലാണ് ഇന്നും’’
രക്തസാക്ഷികളുടെ ചോര വീണ് ചുവന്ന, ഇരിട്ടിക്കടുത്തുള്ള തില്ലങ്കേരി. പോകുന്ന വഴിയിൽ തില്ലങ്കേരി രക്തസാക്ഷികൾ വെടിയേറ്റുവീണ സ്ഥലം കണ്ടു. പിന്നെയും സഞ്ചരിച്ചപ്പോൾ സാമാന്യം വലിയൊരു സ്മൃതികുടീരമെത്തി. തില്ലേങ്കരി വാഴക്കാലിൽ. ‘സ്വർഗീയ വിനീഷ്’ മരണം- 2016 സെപ്റ്റംബർ മൂന്ന് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. രാഷ്ട്രീയ എതിരാളികളുടെ വാളുകളാൽ ജീവൻ വെടിയുമ്പോൾ തില്ലേങ്കരിയിലെ മാവില വിനീഷിന് വയസ്സ് 26. സ്മൃതി മണ്ഡപത്തിനടുത്തുള്ള കടയുടെ പിറകിലാണ് വിനീഷിെൻറ വീട്. വാഹനം നിർത്തി അന്വേഷിച്ചപ്പോൾ, ശോഷിച്ച ശരീരമുള്ള വയോധിക ഇറങ്ങിവന്നു. വിനീഷിെൻറ അമ്മയാണ്. മകനെക്കുറിച്ച് ഒന്നും ചോദിക്കാൻ തോന്നിയില്ല. സഹോദരിയുടെ വീട്ടിലേക്ക് കുറച്ചുകൂടി പോകാനുണ്ട്.
റബർ തോട്ടത്തിനരികിൽ വാഹനം നിർത്തി മൺപാതയിലൂടെ നടന്നെത്തുേമ്പാൾ സഹോദരി ബിന്ദുവും രണ്ട് മക്കളും കാത്തുനിൽക്കുന്നുണ്ട്. വിനീഷിനെക്കുറിച്ചുള്ള ആദ്യത്തെ ചോദ്യത്തിനുതന്നെ ശബ്ദമില്ലാതെ ഒരു കരച്ചിലായിരുന്നു ബിന്ദുവിെൻറ ഉത്തരം. ഞങ്ങൾ വീട്ടിൽ നിന്ന് തിരികെയിറങ്ങുന്നതുവരെ ആ കണ്ണീർ തോർന്നില്ല. പ്ലസ് ടുവിന് പഠിക്കുന്ന മകൾ അശ്വതിയാണ് അധികം ചോദ്യങ്ങൾക്കും മറുപടി തന്നത്. ഒടുവിൽ ഞങ്ങൾ അവസാനിപ്പിച്ച് ഇറങ്ങാൻ നോക്കുേമ്പാഴാണ് ബിന്ദു അനുജനെക്കുറിച്ച് പറഞ്ഞുതുടങ്ങിയത്. കണ്ണീർ ചാറ്റലിനിടയിലും അത് കുറച്ചുനേരം നീണ്ടു. ആറു വയസ്സ് ഇളപ്പമുള്ള അനുജനോടുള്ള വാത്സല്യവും ആ സ്നേഹം നഷ്ടമായതിെൻറ വേദനയും കണ്ണീരിനൊപ്പം കവിഞ്ഞൊഴുകി. പത്താം ക്ലാസ് കഴിഞ്ഞതു മുതൽ ജോലി ചെയ്ത് കുടുംബഭാരം ചുമലിലേറ്റിയതാണ് അവൻ. പ്രായമായ അമ്മക്ക് ഏറ്റവുമധികം താങ്ങായിരുന്നതും ഇളയവൻ തന്നെ. വിനീഷ് മാത്രമാണ് അമ്മയുടെ കൂടെ താമസിച്ചിരുന്നത്. പക്ഷേ, അമ്മയുടെ വാർധക്യത്തിൽ കൂടുതൽ തണൽ വിരിക്കേണ്ട സമയത്ത്, ഞങ്ങൾക്കെല്ലാം ആശ്രയമാകാൻ പാകമായി വരുന്നതിനിടെ അവനെ വെട്ടിമാറ്റിക്കളഞ്ഞു.
എല്ലാവരും വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്ത പാർട്ടിയിൽ നിൽക്കാതെ മറ്റൊന്ന് തിരഞ്ഞെടുത്തതാണ് അവനോട് ശത്രുതയുണ്ടാവാൻ കാരണം. അന്നുമുതലേ അവനെക്കുറിച്ച് നാട്ടിൽ പല നുണകളും പറഞ്ഞു പരത്തുന്നുണ്ട്. ഇടക്ക് കള്ളക്കേസിൽ കുടുങ്ങി ജയിലിലും പോകേണ്ടിവന്നു. അതേക്കുറിച്ചൊക്കെ അവനോട് ചോദിച്ചാൽ ഒന്നും ഞാൻ മനസ്സിൽപോലും വിചാരിക്കാത്ത കാര്യങ്ങളാണെന്ന് പറയും. എെൻറ കാര്യം എനിക്കും ദൈവത്തിനുമറിയാം എന്ന് ആണയിടും. അവൻ മരിച്ചപ്പോൾ ഇവിടെ എന്നെ മാത്രം അറിയിച്ചില്ല. അച്ഛന് സുഖമില്ലെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പക്ഷേ, വീടെത്തുമ്പോഴേക്കും ഉൾക്കൊള്ളാനാവാത്ത ആ യാഥാർഥ്യം ഞാൻ മനസ്സിലാക്കിയിരുന്നു. അവസാനമായി, ഇങ്ങനെയുള്ള കൊലപാതകങ്ങൾ കൂടിവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണൂർ വാമൊഴിയിൽ ഇങ്ങനെയായിരുന്നു ബിന്ദുവിെൻറ മറുപടി. ‘‘ഉയീ ഇങ്ങളെന്നായീ പറേന്നത്... എനി ആരിക്കും ഇങ്ങനെയൊരു ഗതി ഇല്ലാണ്ടിരിക്കട്ടപ്പാ...’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.