ബുള്ളറ്റിനെയും യാത്രയെയും സ്നേഹിച്ച് ബാങ്ക് ജീവനക്കാരികളായ ആറു യുവതികൾ. കണക്കുകൾക്കും തിരക്കുകൾക്കുമിടയിൽ നിന്ന് അവർ ബുധനാഴ്ച ബുള്ളറ്റുമെടുത്ത് യാത്ര പോകുകയാണ്. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക്. ആലുവ സ്വദേശിനി കെ.ബി. ഫെബിന, ബംഗ്ലരു സ്വദേശിനി എൻ. ലാവണ്യ, കോഴിക്കോട് സ്വദേശിനികളായ മെർലിൻ ഹാംലറ്റ്, സംഗീത ശിഖാമണി, തിരുവനന്തപുരം സ്വദേശിനി സീത വി. നായർ, തൃശ്ശൂർ സ്വദേശിനി സൂര്യ രവീന്ദ്രൻ എന്നിവരാണ് റോയൽ എംഫീൽഡിന്‍റെ ക്ലാസിക് 350 ബുള്ളറ്റുകളിൽ യാത്ര തിരിക്കുന്നത്.
ബാങ്ക് മാനേജരായ മെർലിൻ പേരെടുത്ത റൈഡറാണ്. മൂന്നു വർഷമായി നിരവധി സ്ഥങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. ഒരിക്കൽ ഹാർലിയിൽ യാത്ര പോയതിന്‍റെ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായിരുന്നു. സഹപ്രവർത്തകരടക്കം നിരവധി പേർ ആ വീഡിയോ കണ്ട് അഭിനന്ദിച്ചു. യഥാർഥത്തിൽ ആ വീഡിയോ ആണ് വനിത ജീവനക്കാർക്ക് വേണ്ടി ഇത്തരമൊരു ബുള്ളറ്റ് യാത്ര നടത്താൻ കാരണമായതെന്ന് മെർലിൻ പറയുന്നു.
ബൈക്ക് യാത്ര ജീവിതത്തിന്‍റെ ഭാഗമാക്കിയവരാണ് ലാവണ്യയും സൂര്യയും സീതയും ഫെബ്നയും. കുടുംബങ്ങളുടെ പൂർണ പിന്തുണയും ഇവർക്കുണ്ട്. വളരെ ആകാക്ഷയോടെയും പ്രതീക്ഷയോടെയുമാണ് ഈ യാത്രയെ ആറുപേരും കാണുന്നത്. യാത്ര ചെയ്തുള്ള പരിചയം, ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് തുടങ്ങിയ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ആറുപേരെ തെരഞ്ഞെടുത്തത്.
കൊച്ചി, കോയമ്പത്തൂർ, ബാഗ്ലൂർ, മുംബൈ, അഹമ്മദാബാദ് വഴിയാണ് ഡൽഹിയിലെത്തുന്നത്. ഈ പ്രധാന സ്ഥലങ്ങളിലെല്ലാം സ്ത്രീ ശാക്തീകരണ സംഘടനകളുടെ സ്വീകരണങ്ങളും ഏറ്റുവാങ്ങും. 20 ദിവസം കൊണ്ട് ഡൽഹിയിലെത്താനാണ് ലക്ഷ്യമിടുന്നത്. മടക്കയാത്ര വിമാനത്തിലായിരിക്കും.
ഫെഡറൽ ബാങ്കിന്‍റെ സ്ത്രീ ശാക്തീകരണ പദ്ധതിയായ മോട്ടോർ സൈക്കിൾ എയ്ഞ്ചൽസിന്‍റെ ഭാഗമാണ് യാത്ര. ഇത്തരമൊരു ആശയം വന്നപ്പോൾ തന്നെ 35ഓളം പേർ അപേക്ഷ നൽകി. അതിൽ നിന്നാണ് ആറു പേരെ തെരഞ്ഞെടുത്തത്. അതിൽ ഒരാളാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും സംഗീത ശിഖാമണി പറഞ്ഞു. അച്ഛനാണ് ബൈക്ക് പഠിച്ചിച്ചത്. വനിത ബൈക്ക് റൈഡേഴ്സിന്‍റെ ഗ്രൂപ്പിനോടൊപ്പം ചെറിയ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും നീണ്ടയാത്ര ആദ്യമാണെന്നും സംഗീത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.