നെടുമങ്ങാടു നിന്ന് പച്ചയിലേക്ക് രാജി ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. വണ്ടി ഒരുവശത്ത് ഒതുക്കി രാജി ഫോണെടുത്തു; ‘‘ഞാന്‍ അരമണിക്കൂറിനുള്ളിലെത്താം.’’ അത്രമാത്രം. ഫോണ്‍ പതിയെ കട്ടായി. രാജിയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ആവേശമായിരുന്നു. പിന്നീട് പച്ചയിലേക്കുള്ള യാത്രയില്‍ രാജിയുടെ വാഹനത്തിന്റെ വേഗം കൂടി. റോഡിന്റെ ഒരുവശത്ത് പരിഭ്രാന്തരായി നില്ക്കുന്ന ആളുകളുടെ ഇടയിലേക്ക് ഓടിച്ചെന്നു. അവിടെയൊരു വലിയ മൂര്‍ഖന്‍ പത്തിവിടര്‍ത്തി നില്ക്കുന്നു. എന്തും സംഭവിക്കാമെന്ന അവസ്ഥ.
രാജി പതുക്കെ അതിന്റെ വാലില്‍ പിടിച്ച് തന്നോട് ഇണക്കി. ചാക്കിലേക്കിട്ടു. അവിടെയുണ്ടായിരുന്ന നാട്ടുകാരും സ്ത്രീകളും അവരെ ആഹ്ലാദത്താൽ പുണര്‍ന്നു. അവളുടെ സ്നേഹവും നന്മയുമെല്ലാം അവള് അവര്‍ക്ക് പകര്‍ന്നുകൊടുത്തു. ഇങ്ങനെ ജീവന് രക്ഷിക്കാന്‍ ഒന്നിനുപിറകെ ഒന്നൊന്നായി രാജിക്ക് ഇടക്കിടെ വിളികള്‍ എത്താറുണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 19 കിലോമീറ്ററുണ്ട് നെടുമങ്ങാടുള്ള പച്ചയെന്ന ഗ്രാമത്തിലെത്താന്‍. സാധാരണ കുടുംബിനിയായ ഈ 33കാരിയുടെ മുഖത്ത് കഴിഞ്ഞ അഞ്ചുമാസമായി ഇതേ ആവേശം തന്നെയായിരുന്നു. ആരും തിരഞ്ഞെടുക്കാന്‍ ഭയപ്പെടുന്ന തൊഴിലാണ് രാജി അനില്‍കുമാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വിവാഹമോ ഓണമോ വിഷുവെന്നോ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മനുഷ്യന്റെയും പാമ്പുകളുടെയും രക്ഷക്കായി ഈ യുവതിയിറങ്ങും.
കുട്ടിക്കാലം മുതലേ രാജിക്ക് പാമ്പിനെ ഒരുപാട് ഇഷ്ടമാണ്. താന്‍ കാണുന്ന ഓരോ പാമ്പിനെയും ഇത്തിരി നേരം നോക്കിനില്ക്കും. പിന്നെ അതിന്റെ പിന്നാലെ സഞ്ചരിക്കും. ചിലപ്പോള്‍ ചില കുസൃതിത്തരങ്ങള്‍ ഒപ്പിക്കും. ചില പാമ്പിനെ കണ്ടാല്‍ അത് പത്തിവിടര്‍ത്തുന്നത് കാണണമെന്നത് നിര്‍ബന്ധമാണ്. അതിനായി പച്ചിലയോ മണ്ണോ വാരി അതിന്റെ മുന്നിലേെക്കറിയും. പാമ്പ് പത്തി വിടര്‍ത്തുന്നത് കാണുമ്പോള്‍ ഒരാവേശമാണ്. പാമ്പിനോട് അന്നുണ്ടായിരുന്ന താല്പര്യം രാജി വളരുമ്പോള്‍ അവളോടൊപ്പം വളര്‍ന്നിരുന്നു. ഇതിനിടക്കാണ് പാമ്പുകളെക്കുറിച്ച് പഠിക്കണമെന്ന് അതിയായ മോഹമുണ്ടായത്.
അഞ്ചുമാസമായി രാജി പാമ്പുപിടിത്തത്തില്‍ ഏര്‍പ്പെടുകയാണ്. ഇക്കാലങ്ങളില്‍ 73 ഇനം പാമ്പുകളെ പിടികൂടി. അതില്‍ ഉഗ്രവിഷമുള്ള അണലിയും മൂര്‍ഖനും ശംഖുവരയനുമൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട്. ചേരയും നീര്‍ക്കോലിയുമൊക്കെ അവരുടെ കൈകളിലൂടെ കാട്ടിലേക്കും വെള്ളത്തിലേക്കുമൊക്കെ അവരുടെ വാസം തേടി പോയി. മൂര്‍ഖനെയാണ് കൂടുതലും പിടികൂടിയത്. ഇതിനിടയില്‍ ഒരു ദിവസം യാദൃച്ഛികമായി ചേരയുടെ കടിയേറ്റു. വലയില്‍ കുരുങ്ങിയ ചേരയെ രക്ഷിക്കുന്നതിനിടയിലായിരുന്നു ഇത്. അതിന്റെ പല്ല് ആഴത്തില്‍ കൈയില്‍ പതിഞ്ഞപ്പോഴും തന്റെ ആത്മവിശ്വാസം കൈവിടാതെ രാജി ദൃഢനിശ്ചയത്തോടെ തന്റെ യാത്ര തുടര്‍ന്നു കൊണ്ടിരുന്നു.
ആദ്യത്തെ പാമ്പുപിടിത്തം
പാമ്പുപിടിത്തത്തോട് അതിയായ ആഗ്രഹം തോന്നിയതോടെ രാജി യൂട്യൂബില്‍നിന്ന് കിട്ടാവുന്ന വിഡിയോകൾ സംഘടിപ്പിച്ചു കാണുമായിരുന്നു. പാമ്പുമായി വരുന്ന വാര്‍ത്തകളും ശ്രദ്ധിക്കും. പിന്നീട് വട്ടിയൂര്‍കാവില്‍ ബാബു പാലാലയുടെ കീഴില്‍ ഒരു ദിവസത്തെ പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസില്‍ പങ്കെടുത്തു. അവിടെനിന്ന് കിട്ടിയ വിവരങ്ങളെല്ലാം മുന്നോട്ടുള്ള യാത്രയില്‍ ഉപയോഗപ്രദമായി. ആ ക്ലാസില്‍ പങ്കെടുത്തതിെൻറ പിറ്റേദിവസമാണ് നിര്‍ണായകമായ ഒരു വിളി വരുന്നത്: ‘‘പച്ചയില്‍ ഒരു പാമ്പ്, ചേച്ചി ഒന്നു വേഗം വരണം. പേടികൊണ്ട് അതിന്റെ അടുത്തേക്കുപോലും ആര്‍ക്കും പോകാന്‍ കഴിയുന്നില്ല.’’ പിക്കപ്പ് വാനുമായി ജോലിക്കു പോകുന്നതിനിടയിലായിരുന്നു ആ വിളി. ഒരു മണിക്കൂറിനകം രാജി പച്ചയിലെത്തി. കൈതളരാതെ ആത്മവിശ്വാസത്തോടെ അനായാസം രാജി ആ വലിയ മൂര്‍ഖനെ കൈക്കുള്ളിലാക്കി. അന്നുവരെ പാമ്പിനെ പിടിച്ചിട്ടില്ലാത്ത രാജിക്ക് അതോടെ ആത്മവിശ്വാസം വര്‍ധിച്ചു. ബാബു പാലാലയുടെ ഉപദേശം കിട്ടിയതോടെ തന്റെ ഉള്ളിലെ ആത്മവിശ്വാസം ഒന്നുകൂടി വര്‍ധിച്ചു.
ഭയപ്പെടുത്തിയ മൂര്‍ഖന്‍
ഇത്രയും നാളത്തെ പാമ്പുപിടിത്തത്തിനിടയില്‍ രാജിയെ ഇടക്കുെവച്ച് ഭയപ്പെടുത്തിയത് ഒരു മൂര്‍ഖനാണ്. അന്ന് വിതുര ശാസ്താംകായലില് മൂര്‍ഖനെ പിടികൂടാനായിരുന്നു പോയത്. റോഡിന്റെ ഒരുവശത്തെ കല്ലിടുക്കില്‍ വാസമുറപ്പിച്ച മൂര്‍ഖന്‍ ഇടക്കിടെ മുതിര്‍ന്നവരെയും സ്കൂള്കുട്ടികളെയുമൊക്കെ പേടിപ്പെടുത്തും. ഭയം കാരണം സ്കൂള്കുട്ടികളൊന്നും ആ വഴി പോകാതായതോടെ നാട്ടുകാർ രാജിയെ വിളിച്ചു. രാജിയും നാട്ടുകാരും പാമ്പിനെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചു. തോടിനോടു ചേര്‍ന്നുള്ള കല്ലിടുക്കിലേക്ക് ഇത് ഇഴഞ്ഞുനീങ്ങി. നാട്ടുകാരും രാജിയും ചേര്‍ന്ന് കല്ലുപൊളിച്ച് മൂര്‍ഖനെ പുറത്തെടുക്കാനുള്ള തത്രപ്പാടിലായിരുന്നു. ഒരു കല്ലില്‍ ചുറ്റിവരിഞ്ഞിരിക്കുകയായിരുന്നു. ഒരാള്‍ക്ക് നേരാംവണ്ണം നില്ക്കാന് പറ്റാത്ത സ്ഥലമായിരുന്നു അത്. പാമ്പിന്റെ വാലും തലയും ഒരേ സ്ഥലത്തായിരുന്നു. അത് പലതവണ ചീറ്റികൊണ്ട് രാജിയുടെ കൈകളിലേക്ക് വന്നു. പാമ്പിനെ വലിച്ചെടുത്താല്‍ രാജിയുടെ കൈയിലേക്ക് കൊത്തുകിട്ടും. അല്ലെങ്കില്‍ വെള്ളം നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് പാമ്പും താനും വീഴുമെന്ന നിലയിലായിരുന്നു. പിന്നീട് അതിന്റെ ശ്രദ്ധമാറ്റി തന്ത്രപൂര്‍വമാണ് അതിനെ കൈക്കലാക്കിയതെന്ന് അവർ പറയുന്നു.
രക്ഷിക്കുന്നത് രണ്ടുപേരുടെ ജീവന്
പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള രാജി പാമ്പിനെക്കുറിച്ച് പഠിക്കാന്‍ എവിടെയും പോയിട്ടില്ല. സ്വന്തം കഴിവ് ഉപയോഗിച്ച് പഠിക്കുകയായിരുന്നു. നാട്ടുകാര്‍ക്ക് ഇപ്പോള്‍ ഏറെ നന്ദിയുണ്ട് ഈ പാമ്പുപിടിത്തക്കാരിയോട്. രാജിക്ക് 14ഉം ഒമ്പതും വയസ്സുള്ള രണ്ടു പെണ്മക്കളാണ്; അഭിരാമിയും അനാമികയും. മൂത്തവള്‍ക്ക് അമ്മ പാമ്പുപിടിത്തത്തില്‍ ഏര്‍പ്പെടുന്നതിൽ താല്പര്യമില്ലായിരുന്നു. പിന്നീടാണ് അമ്മ ചെയ്യുന്ന പ്രവൃത്തിയുടെ ഗൗരവം മനസ്സിലാക്കുന്നത്. നിരവധി പേരുടെ ജീവനാണ് അമ്മ രക്ഷിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. ആര്‍ത്തവ സമയത്ത് മാത്രമാണ് രാജി പാമ്പിനെ പിടിക്കാന്‍ പോകാത്തത്. ചില ദിവസങ്ങളില്‍ ഫോറസ്റ്റുകാരുടെ സഹായത്തോടെയാണ് പിടികൂടിയ പാമ്പിനെ അനുയോജ്യമായ സ്ഥലങ്ങളില്‍ വിടുന്നത്. രാത്രി ഏറെ വൈകി വരുന്ന വിളികളില്‍ ഭര്‍ത്താവും മകളും രാജിയും ചേര്‍ന്നാണ് പാമ്പുപിടിത്തത്തിനായി പോകുന്നത്. ചിലര്‍ അതിനുള്ള കാശു നല്‍കും.
ചിലർ പണം തന്നാല്‍പോലും രാജി വാങ്ങിക്കാറില്ല. മാത്രമല്ല, തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തില്‍നിന്ന് ചാരിറ്റബ്ള്‍ സൊസൈറ്റിക്കുവേണ്ടിയും ഒരു വിഹിതം മാറ്റിെവക്കാന്‍ രാജി മറക്കാറില്ല. നെടുമങ്ങാടിന്റെ ഏതു കോണിലാണെങ്കിലും പാമ്പിനെ പിടിക്കാനായി രാജി ഓടിയെത്തും. അനായാസം പാമ്പുകളെ പിടികൂടും. പാമ്പുപിടിത്തത്തിനായി ഒരു സ്ത്രീയാണ് ഇറങ്ങുന്നതെന്ന് കേട്ടപ്പോള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. എന്നാല്‍, ഭര്‍ത്താവിന്റെ പിന്തുണ രാജിക്ക് വേണ്ടുവോളമുണ്ട്. ആ കരുത്തും കരുതലുമായാണ് ആത്മവിശ്വാസത്തോടെ പാമ്പിനെ പിടികൂടാനിറങ്ങുന്നത്. അതുവരെ ഡ്രൈവിങ്ങും തയ്യലുമൊക്കെയായിരുന്നു പ്രധാന ജോലി. ഭര്ത്താവിന്റെവരുമാനത്തോടൊപ്പം തന്റെ വരുമാനവും ചേര്‍ന്നാല്‍ അത്രയും ആശ്വാസമാകുമെന്ന് കരുതിയാണ് ഡ്രൈവിങ് പഠിച്ചത്.
ആദ്യമായി പാമ്പുപിടിത്തത്തിന് പോയപ്പോള്‍ പലരും പുച്ഛിച്ചും പരിഹസിച്ചിട്ടുമുണ്ട്. സ്ത്രീ പാമ്പിനെ പിടിക്കാന്‍ പോകുന്നതിന്റെ പേരിലായിരുന്നു കളിയാക്കല്‍. എന്നാല്‍, പരിഹാസവും കളിയാക്കലുകളൊന്നും രാജിയെ പിന്തിരിപ്പിച്ചില്ല. കളിയാക്കുന്നവരെ അവഗണിച്ച് നിരവധി തവണ പാമ്പുപിടിത്തത്തിനായി പുറപ്പെട്ടു. ഇതോടെ ആളുകളുടെ രീതിയിലും മാറ്റംവന്നു. പലരും സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങി. ഇപ്പോള്‍ എല്ലാവരും സ്നേഹത്തോടെയാണ്. വാനുമെടുത്ത് അനില്‍കുമാര്‍ ജോലിക്കു പോകുമ്പോള്‍ രാജിയെക്കുറിച്ചും നാട്ടുകാര്‍ തിരക്കും. നന്ദിയോടുള്ള ഗ്രാമത്തിലുള്ളവർ ഇപ്പോള്‍ ഈ ദമ്പതികളെ നന്ദിയോടെയാണ് നോക്കുന്നത്. സംസാരിച്ചു കഴിഞ്ഞപ്പോഴേക്കും അവരുടെ ഫോണ്‍ വീണ്ടും ശബ്ദിച്ചു. ചരക്ക് എടുക്കാന്‍ ആരെങ്കിലുമായിരിക്കുമെന്ന് പറഞ്ഞ് രാജി ഫോണെടുത്തു. ഇടറുന്ന സ്വരത്തില്‍ അപ്പുറത്ത് ഒരു സ്ത്രീയായിരുന്നു അത്, ‘‘ചേച്ചി ഒന്നു വേഗം വരുമോ, വിറകുപുരയുടെ അടുത്ത് ഒരു മൂര്‍ഖന്‍ ചുറ്റിവരിഞ്ഞിരിക്കുന്നു.’’ ഞങ്ങള്‍ ഇറങ്ങാറായപ്പോഴേക്കും രാജി തെൻറ ബുള്ളറ്റില്‍ പാമ്പിനെ പിടിക്കാനായി പുറപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.