കൊടുവള്ളി: സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ആക്ഷേപഹാസ്യമായി അവതരിപ്പിച്ച് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് ‘കുഞ്ഞിമൂസ’. ഒരു സാധാരണക്കാരെൻറ ചിന്തകളും സംശയങ്ങളും ചോദ്യങ്ങളുമാണ് ‘കുഞ്ഞിമൂസ’ എന്ന ഒറ്റയാൾ കഥാപാത്രത്തിലൂടെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കുന്നത്. ഖത്തർ പ്രവാസികളായ കൊടുവള്ളി വാവാട് സ്വദേശി അഡ്വ.പി.കെ. സക്കരിയയും ഉസ്മാൻ മാരാത്തുമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിനകം മുപ്പതിലധികം വിഷയ പ്രധാന്യമുള്ള വിഡിയോകൾ പുറത്തിറങ്ങിക്കഴിഞ്ഞു.
സി.എ.എ.വിരുദ്ധ കാലത്ത് ഉസ്മാൻ മാരാത്ത് എഴുതി സംവിധാനം ചെയ്ത 'ഞാൻ കുഞ്ഞിമൂസ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സക്കരിയയായിരുന്നു. പച്ച ബെൽറ്റും തൊപ്പിയും കള്ളിമുണ്ടുമായിരുന്നു കഥാപാത്രത്തിെൻറ വേഷം. ദോഹയിലെ രണ്ട് വേദികളിലവതരിപ്പിച്ച ആവിഷ്കാരം പിന്നീട് ചെറിയ വിഡിയോ രൂപത്തിലേക്ക് മാറ്റുകയായിരുന്നു. മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ് ചാനലുകളെ കേന്ദ്ര സർക്കാർ നിരോധിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. സോഷ്യൽ മീഡിയകളിൽ വന്നതോടെ കുഞ്ഞിമൂസ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും വൈറലാവുകയും ചെയ്തു. കോവിഡ് ഭീഷണിമൂലം വിമാന സർവിസ് നിർത്തുന്നതിന് തൊട്ട് മുമ്പ് നാട്ടിലെത്തിയതാണ് സക്കരിയ.
സർക്കാറിെൻറ സ്റ്റേ ഹോം കാമ്പയിന് പിന്തുണയുമായി വന്ന വിഡിയോകൾ വൻ ശ്രദ്ധ നേടുകയും ചെയ്തു. കുഞ്ഞിമൂസയുടെ കൂർത്ത മുനയുള്ള സംസാരമാണ് ശ്രദ്ധേയം. കുഞ്ഞിമൂസ എന്ന ഫേസ്ബുക് അക്കൗണ്ടിൽ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോകളാണുള്ളത്. വീട്ട് പരിസരത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വരും ദിവസങ്ങളിലും പ്രധാന്യമുള്ള വിഷയങ്ങളിൽ കുഞ്ഞി മൂസയെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.