പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിരോധത്തിെൻറ ഈ ശബ്ദം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സ്ഫുടതയും ഭാവഗാംഭീര്യവും ചോരാതെ ഗാനത്തിെൻറ ആത്മാവറിഞ്ഞു പാടിയ പാട്ടുകാ രനെ തേടിയുള്ള അന്വേഷണങ്ങളും അതിലേറെ വൈറലായിക്കഴിഞ്ഞു. ഇന്നലെവരെ അധികമാരുമറി യാതെ അന്നത്തിനുവേണ്ടി പാട്ടുപാടി നടന്ന ഓങ്ങല്ലൂർ കൊണ്ടൂർക്കര കക്കടവത്ത് മൊയ്തു എ ന്ന എഴുപത്തിനാലുകാരൻ ഇന്ന് നാട്ടിലെ താരമാണ്. അഭിനന്ദന ഫോൺ കാളുകളും അന്വേഷണങ്ങള ും നിലക്കുന്നില്ല. സെൽഫിയെടുക്കാൻ ന്യുജൻ പിള്ളേരുടെ മത്സരം വേറെ. മൊയ്തു, വിടൽ കെ. മൊയ് തുവായ കഥ അദ്ദേഹത്തിൽനിന്ന് തന്നെ കേൾക്കാം. ‘‘മതപരമായ ബിരുദങ്ങളാണ് ഫൈസി, ദാരിമി, ബാ ഖവി. ഔദ്യോഗികമായി കലക്ടർ, ഡോക്ടർ, എൻജിനീയർ അങ്ങനെ. പഴയ അഞ്ചാം ക്ലാസുകാരന് ഇതൊന്നു ം മോഹിക്കാനാവില്ലലോ. അപ്പോൾ എനിക്ക് പറ്റിയ ബിരുദം ഞാൻതന്നെ കണ്ടെത്തി- വിടൽ.’’
വിട ൽ എന്നാൽ തള്ളൽ എന്നും സ്ഥലംവിടൽ എന്നുമൊക്കെയാണ് പൊതുവേ അർഥമാക്കുന്നത്. ബഡായി പറയ ുന്നവരെയും ഈ പദം കൊണ്ട് വിവക്ഷിക്കാം. എന്നാൽ, മൊയ്തുവിെൻറ വിടൽ ഇതൊന്നുമല്ല. വിടൽ മൊ യ്തു എന്നു കേൾക്കുന്നവർ തെല്ലു പരിഹാസത്തോടെ ചിരിക്കുന്നുണ്ടെന്ന് മൊയ്തു പറയുന്നു. ത നിക്ക് ഇങ്ങനെയൊരു പേരുകിട്ടിയ സംഭവം അദ്ദേഹത്തിെൻറ ഓർമകളിലൂടെ. കക്കടവത്ത് ആലി ക്കുട്ടിയുടെയും ബീക്കുട്ടിയുടെയും മൂന്നു മക്കളിൽ മൂത്തവനാണ് മൊയ്തു. പട്ടിണിയും പരി വട്ടവുമായി കഴിയുന്ന കുടുംബത്തിെൻറ അത്താണിയാവേണ്ടവൻ തൊഴിലൊന്നുമില്ലാതെ എത്രന ാൾ അടങ്ങിയിരിക്കും. അങ്ങനെയൊരുനാൾ പതിനേഴാം വയസ്സിൽ വീടുവിട്ടിറങ്ങി. പാട്ടുപാടാനുള്ള കഴിവ് മാത്രമായിരുന്നു കൈമുതൽ. ഗ്രാമങ്ങളിലൂടെ നടന്ന് നാലാളു കൂടുന്നിടത്തും കവലകളിലും വിളിക്കുന്ന വീടുകളിലുമാണ് പാട്ടുപാടിയിരുന്നത്. പലപ്പോഴും പാട്ടു കേൾക്കാനാളുണ്ടാവില്ല, കേട്ടാൽതന്നെ കാശുകൊടുക്കാതെ മൂടുംതട്ടിപ്പോകുന്നവരും കുറവല്ല.
അങ്ങനെ കഷ്ടപ്പാടിെൻറ ദിവസങ്ങൾ തള്ളിനീക്കുമ്പോൾ അനങ്ങനടിയിലെ ബസ്സ്റ്റോപ്പിൽ വിശ്രമിക്കാനിരുന്നതാണ് ജീവിതത്തിന് വഴിത്തിരിവായത്. അതുകണ്ട ഒരു മനുഷ്യസ്നേഹി മൊയ്തുവിെൻറ ജീവിതവഴി തിരുത്തുകയായിരുന്നു. വിശപ്പകറ്റാൻ അദ്ദേഹം എത്തിച്ചത് സമീപത്തെ ഒരു സൂഫിയുടെ അടുക്കലേക്കാണ്. അവിടെ നടക്കുന്ന ചടങ്ങുകളിൽ പങ്കെടുത്ത മൊയ്തുവിന് തെൻറ കഴിവ് തെളിയിക്കാനും അവസരം ലഭിച്ചു. സൂഫി ആവശ്യപ്പെട്ട ഗാനങ്ങൾ സദസ്യർ പാടുകയായിരുന്നു രീതി. അവർ പരാജയപ്പെട്ടിടത്ത് മൊയ്തു പാടി സൂഫിയുടെ ആദരം നേടി. തുടർന്ന് അദ്ദേഹത്തിെൻറ ആവശ്യപ്രകാരം മാസങ്ങളോളം ഒപ്പം കൂടി. പാടുക എന്നതിന് വിടുക എന്നാണ് സൂഫി പറഞ്ഞിരുന്നത്. നീയൊന്നു വിട് എന്നുപറഞ്ഞാൽ നീയൊന്ന് പാട് എന്നർഥം. ഏറെക്കാലം ഇത് തുടരാനായില്ല. എനിക്ക് എന്തെങ്കിലും തൊഴിൽ വേണം എന്നുപറഞ്ഞപ്പോൾ നീ വേറെ തൊഴിലിനൊന്നും പോകണ്ടാ, ഇങ്ങനെ വിട്ടുനടന്നോ, ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് പറഞ്ഞ് അനുഗ്രഹിച്ചു.
അര നൂറ്റാണ്ടിലേറെയായി ജീവിതം പാടിത്തീർക്കുകയാണ് വിടൽ കെ. മൊയ്തു. കാസർകോട് മുതൽ ചാവക്കാടുവരെയുള്ള പ്രദേശങ്ങളിൽ അദ്ദേഹം എത്താത്ത ഇടങ്ങളില്ല. ആദ്യകാലത്ത് സൈക്കിളുന്തിയായിരുന്നു യാത്രയെങ്കിൽ പിന്നീട് ഓട്ടോ റിക്ഷയായി. കയ്പേറിയ ജീവിതത്തിൽ പാട്ടും നർമഭാഷണവുമായി മധുരം ചാലിച്ച് 74ാം വയസ്സിലും കൂടുതൽ ഓജസ്സോടെ പ്രയാണം തുടരുകയാണ് മൊയ്തു. എന്നാൽ, തൃശൂർ വാടാനപ്പള്ളിക്കപ്പുറം പാടാൻ പോയിട്ടില്ലെന്നു മൊയ്തു പറയുന്നു. ചാവക്കാടാണ് 15 വർഷത്തോളം തുടർച്ചയായി പാടിയത്. പഴയകാലത്തുതന്നെ ഇവിടത്തുകാരിലേറെയും ഗൾഫ് രാജ്യങ്ങളിലായിരുന്നു. ഇല്ലായ്മയുടെ കാലത്തും കൈയയഞ്ഞു കാശുതന്ന നാട് തനിക്കിന്നും പ്രിയപ്പെട്ടതാണ്.
ഒരു വിടൽ 50 പൈസ!
കാരക്കാട് ചേരിക്കല്ലിൽ എട്ടുവർഷം വാടകക്കു താമസിച്ചു. അക്കാലത്താണ് ചാവക്കാട് പാട്ടുപാടാൻ പോയിരുന്നത്. വിവാഹം കഴിഞ്ഞു പ്രാരബ്ധമായപ്പോൾ ഇങ്ങനെ വിട്ടുനടന്നാൽ പോരെന്ന് മൊയ്തുവിന് തോന്നി. വീടുകളിൽ പാടുന്നതിനൊപ്പം കവലകളിൽ ചെന്ന് മൈക്ക് വാടകക്കെടുത്ത് പാടാൻ തുടങ്ങി. എന്നാൽ, പലപ്പോഴും മൈക്ക് സെറ്റിെൻറ വാടകക്കേ വരുമാനം തികയുമായിരുന്നുള്ളൂ. മഴക്കാലം ആറുമാസം വിടലിന് അവധിയാണ്. അങ്ങനെ ഓട്ടോറിക്ഷ ഡ്രൈവറായും വേഷപ്പകർച്ച വേണ്ടി വന്നു. പട്ടാമ്പി ഗുരുവായൂർ റോഡ് ജങ്ഷനിൽ തട്ടുകട നടത്തിയിരുന്ന പരുന്തൻ സെയ്തിന് നാല് ഓട്ടോറിക്ഷകളുണ്ടായിരുന്നു. ഓട്ടോറിക്ഷ ഓടിക്കാൻ പഠിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിെൻറ മുന്നിൽവെച്ചു. മൂന്നുദിവസം കൊണ്ട് ഡ്രൈവിങ് പഠിച്ചു. മഴയുള്ള ഒരു സന്ധ്യക്ക് ഓട്ടോ വിളിച്ചയാളോട് പോകാൻ പറ്റില്ലെന്ന് സെയ്ത് പറഞ്ഞു. എന്നാൽ, സമ്മതം തന്നാൽ താൻ പോകാമെന്നായി മൊയ്തു. അങ്ങനെ സധൈര്യം ഓട്ടം പോയി.
ഓട്ടോറിക്ഷ ഓടിച്ചപ്പോൾ ഓട്ടോക്കാരനാവാൻ മോഹം. അതും സാധിച്ചുതന്നത് സെയ്ത് തന്നെ. സൈക്കിളിൽ ഉലകം ചുറ്റി പാട്ടുപാടി നടന്ന മൊയ്തുവിന് ഓട്ടോ പുതിയ ഊർജം നൽകി. സാവധാനം ഒരു വണ്ടി സ്വന്തമാക്കി. ചങ്ങരംകുളം സ്വദേശി താഹിർ ഇസ്മായിൽ ആണ് സാമ്പത്തിക സഹായം ഒരുക്കിയത്. 30 വർഷമായി സ്വന്തം ഓട്ടോറിക്ഷയിലാണ് യാത്ര. പാട്ടിനു മാത്രമല്ല, അടുത്ത ചായക്കടയിലേക്കും ഈ വണ്ടി തന്നെ വേണം. വഴിക്കടവ് ചുരം കയറി വയനാടും പിന്നെ കണ്ണൂരും കാസർകോട്ടുമൊക്കെ ഈ മുച്ചക്ര വണ്ടി പാഞ്ഞെത്തിയിട്ടുണ്ട്. സ്വന്തമായി മൈക്ക് സെറ്റും വാങ്ങി വണ്ടിയിൽ വെച്ചാണ് നാടാകെയുള്ള മൊയ്തുവിെൻറ വിടൽ.
വിടലിെൻറ വിലനിലവാരം
അടിയന്തരാവസ്ഥക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന നിർബന്ധമുണ്ടായിരുന്നു. പലരും മനസ്സില്ലാ മനസ്സോടെയാണ് പട്ടിക വെച്ചിരുന്നത്. അക്കാലത്ത് വിടലിെൻറ വിലനിലവാരപ്പട്ടിക കഴുത്തിൽ കെട്ടിത്തൂക്കിയായിരുന്നു നടപ്പ്.
''ഒരു വിടൽ -50 പൈസ.
2 എണ്ണം- 100 പൈസ.
3 എണ്ണത്തിന് 1 ഫ്രീ.
ആകെ സ്റ്റോക് 100''
കഴുത്തിൽ ബോർഡും തലയിൽ ഹാൻഡ് ബാഗും വട്ടത്തിലൊരു മാപ്പിള തലേക്കെട്ടും. ചുണ്ടിലെരിയുന്ന കുറ്റിബീഡിയും. കാണുന്നവർക്ക് തോന്നും പിരാന്തെന്ന്- മൊയ്തു ചിരിക്കുന്നു. വിടൽ പൊലീസ് സ്റ്റേഷനിലെത്തിയതും ഈ പാട്ടുകാരെൻറ ഓർമയിലുണ്ട്. വിടൽ എന്തെന്നു ചോദിച്ച പൊലീസുകാരന് തൃപ്തികരമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. കൊണ്ടുപോയത് സ്റ്റേഷനിലേക്ക്. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കുമുന്നിൽ പതറി. പിന്നെ പൊലീസ് മുറ. അടി പൊട്ടും എന്നായപ്പോൾ ഉച്ചത്തിലൊരു പാട്ടുപാടി. ഇതാണ് സാറെ വിടൽ. പിന്നെ ചിരിക്കാതിരിക്കാൻ പൊലീസിനും കഴിഞ്ഞില്ല.
ആളെക്കൂട്ടാനുള്ള വിടൽ വിദ്യകൾ
പാട്ടിന് ആളെക്കൂട്ടാൻ അനൗൺസ്മെൻറ് നടത്തി അപകടത്തിൽ ചെന്നെത്തിയതും സമർഥമായി കരകയറിയതുമായ അനുഭവങ്ങൾ മൊയ്തുവിനുണ്ട്. വിടൽ കെ. മൊയ്തുവിെൻറ ഖിസ്സപ്പാട്ട് അടുത്ത കവലയിൽ നടക്കുന്നു, എല്ലാവരെയും ക്ഷണിക്കുന്നു എന്നുപറഞ്ഞുകൊണ്ടുള്ള ഓട്ടത്തിനിടെയാണ് പൊലീസ് മുന്നിലെത്തിയത്. മൈക്ക് അനുമതിയൊന്നും എടുത്തിട്ടായിരുന്നില്ല പ്രചാരണം. പെട്ടെന്ന് മൊയ്തുവിെൻറ തലച്ചോറിൽ പൂത്തിരി കത്തി, അത് പുറത്തുവന്നത് ഇങ്ങനെ: ‘‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഉൗൻ, കക്കടവത്ത് മൊയ്തു എന്നവർ ഇന്നലെ രാത്രി മരിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. പരേതെൻറ ജനാസ ഖബറടക്കം...
ഒാർമയിൽ മൊയ്തു പൊട്ടിച്ചിരിച്ചു. കണ്ണു നനയിച്ച സ്നേഹത്തിെൻറ കഥയും മൊയ്തുവിെൻറ ജീവിത യാത്രയിലുണ്ട്. ഏഴര സെൻറ് സ്ഥലത്തിെൻറ ആധാരം പണയപ്പെടുത്തിയാണ് മോളെ കെട്ടിച്ചയച്ചത്. വായ്പ തിരിച്ചടക്കാതെ ജപ്തിയായി. വീടും സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ രക്ഷക്കെത്തിയത് വിടൽ ആരാധകനായ പാടൂർ സ്വദേശിയാണ്. ഒരിക്കലും മറക്കാനാവാത്തതാണ് ഈ സഹായം- മൊയ്തുവിെൻറ കണ്ഠമിടറി.
വൈവിധ്യമേറിയതാണ് മൊയ്തുവിെൻറ വിടൽ. മാപ്പിളപ്പാട്ടുകൾ മാത്രമല്ല, ഹൈന്ദവ ഭക്തിഗാനവും അദ്ദേഹത്തിന് വഴങ്ങും.
''ഹരി പണ്ട് മോഹിനി വേഷം ചമച്ചു
ഹരനത് കണ്ട് മയക്കവും വന്നു
അതിലൊരു ബാലകനുണ്ടായിത്തീർന്നു
ഗതിലോക ശാസ്താവാം ദൈവമായ്ത്തീർന്നു''
അയ്യപ്പ ഭക്തിഗാനം യു ട്യൂബിൽ കേട്ട് ചെന്നൈ സ്വദേശിയായ ശ്രീനിവാസൻ വിളിച്ച് അഭിനന്ദിച്ചതും പാരിതോഷികം നൽകിയതും അഭിമാനത്തോടെ മൊയ്തു വെളിപ്പെടുത്തുന്നു. സ്ഥലത്തിനും ആളുകൾക്കും അനുസരിച്ചുള്ള പാട്ടുകൾ പാടാൻ വിദഗ്ധനാണ് ഈ വിടൽ ഉസ്താദ്. പഴയ ചായമക്കാനിയെക്കുറിച്ചുള്ള സ്വന്തം കൃതി അദ്ദേഹത്തിെൻറ ഹാസ്യ ഭാവനക്ക് ദൃഷ്ടാന്തമാണ്. നാട്ടിൻ പുറത്ത് ചായക്കട നടത്തുന്നവൻ കുത്തുപാളയെടുക്കുന്നത് സരസമായി ആവിഷ്കരിച്ചിരിക്കുന്നത് ഇങ്ങനെ...
''ഹക്കാണ് ഞാനൊരു മക്കാനി തുറന്നിവിടെ
നക്കാനായിട്ട് ചിലര്
തക്കത്തിൽ വന്ന് പുലർകാലത്ത് തന്നെ കടം
നക്കിക്കുടിച്ച് നടന്ന്...
രാവിലെ വന്നു ചായ കുടിച്ച് കടം പറയുന്നതാണ് വരികൾ.. ഇനി അവരുടെ വരവിനെക്കുറിച്ച്.
നിസ്കാരം ഇല്ല, മുഖംപോലും
കഴുകും പതിവില്ലല്ലോ തെല്ല് പറയാൻ...
കണ്ണുംതിരുമ്മി വന്നിരുന്നുടൻ
ചൊല്ലും പലേ ഫിത്ന ഫസാദ് പറയാൻ..''
പിന്നെ കാലിൽ കാലു കയറ്റിവെച്ച് വിവാഹം, ചരമം, രാഷ്ട്രീയം, ഏഷണി...ഇങ്ങനെയുള്ള സംസാരമൊക്കെ പാട്ടിൽ കുറിക്കുന്നു. സന്തത സഹചാരിയായ ഓട്ടോറിക്ഷ ഓടിച്ചാൽ ൈകയിൽ ഒന്നും കിട്ടില്ല ബാക്കി വെക്കാൻ എന്ന് സങ്കടപ്പെടുന്ന ഓട്ടോ റിക്ഷക്കാരുടെ ദൈന്യാവസ്ഥയെക്കുറിച്ചുള്ള പാട്ട് പലയിടത്തുനിന്നും നോട്ടുമാല നേടിത്തന്നിട്ടുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. വലിയൊരു നോട്ടുപുസ്തകത്തിൽ നിറയെ പാട്ടുകളാണ്, മൊയ്തുവിെൻറ വിടലുകൾ. ആദ്യകാലത്ത് പ്രശസ്തരായ എഴുത്തുകാരെ നേരിൽ കണ്ടുവരെ പാട്ടുകൾ സമ്പാദിച്ചിരുന്നു. പഴയ ഗാനരചയിതാക്കൾ പാട്ടുകൾ തന്നിരുന്നു. എന്നാൽ പുതിയ തലമുറക്ക് വൈമുഖ്യമാണ്. കെ.വി.എം. പന്താവൂർ, സമദ് മൗലവി (നാസർ മണ്ണാർമല), അബ്ദുറസാഖ് ഹാജി, പുലിക്കോട്ടിൽ ഹൈദർ, ചിന്നൻ അവറാൻ തുടങ്ങിയവരൊക്കെ സഹായിച്ചവരാണ്. ഹുസൈൻ മുട്ടാഞ്ചേരി, തെഞ്ചേരി ശാഹുൽ ഹമീദ്, ജുനൈദ് ചുർക്കള, ബഷീർ മാറഞ്ചേരി തുടങ്ങിയവരുടെ പാട്ടുകളാണ് ഇപ്പോൾ പ്രിയം.
വൈറൽ ആയ വിടൽ
''സ്വതന്ത്രഭാരത ഭൂവിൽ അതിനി നാം
കുതന്ത്രഭരണക്കാരുടെ കെണിയിൽ
പിറന്ന നാടിനെ വെടിഞ്ഞിടാൻ പറഞ്ഞിറങ്ങിയാൽ വിടുമോ..''
പൗരത്വ ഭേദഗതി നിയമത്തെ നിശിതമായി വിമർശിച്ചും മതാന്ധതക്കൊരു വിലങ്ങിടണമെന്നാഹ്വാനം ചെയ്തും ബദ്റുദ്ദീൻ പാറന്നൂർ രചിച്ച ഗാനം. ഗാനം മൊയ്തു പാടി, ഗാന രചയിതാവ് ബദ്റുദ്ദീൻ പ്രചരിപ്പിച്ചു. പാട്ടുകേട്ട് ഇഷ്ടം മീഡിയയുടെ മുനീർ വാഫി മൊയ്തുവിനെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചു. ഓർക്കസ്ട്രയില്ലാതെ മാത്രം പാടിപ്പതിഞ്ഞ മൊയ്തു തെല്ലും ഭയം കൂടാതെ മ്യൂസിക്കിനൊപ്പം ശബ്ദം നൽകി. ലക്ഷങ്ങളുടെ കാതുകളിലൂടെ പടർന്ന ഗാനം വൈറലായി. അങ്ങനെ മൊയ്തുവിെൻറ വിടൽ ഹൈ ബ്രേക്കിങ്ങായി...
പാസ്പോർട്ട് എടുക്കണം, വിമാനം കയറണം
ഇന്ന് എവിടെ പോകും, എവിടെ പോയാലാണ് അരിക്കാശ് കിട്ടുക എന്നായിരുന്നു ഇതുവരെയുള്ള ചിന്ത. എന്നാൽ, പുതിയ പാട്ട് പ്രശസ്തനാക്കി. ദിനേന പരിപാടികളായി. ചത്തുകിടന്നിരുന്ന മൊബൈൽ ഫോണിന് വിശ്രമമില്ലാതായി. 55 വർഷം വേണ്ടിവന്നു മൊയ്തുവിെൻറ വിടൽ ഇത്രയും ജനങ്ങളിലെത്താൻ. പ്രതിഷേധപ്പാട്ടാണ് ശ്രദ്ധേയമായതെങ്കിലും മറ്റു പാട്ടുകളും പറച്ചിലും കേൾക്കാൻ ആളുകളേറെയുണ്ട്. ഇപ്പോൾ വിദേശത്തും ആരാധകസംഘം മൊയ്തുവിനെ കാത്തിരിക്കുകയാണ്. റിയാദിലേക്കാണ് ക്ഷണം കിട്ടിയിരിക്കുന്നത്. പാസ്പോർട്ട് എടുക്കാൻ നടപടിയായി. വിടാൻ മാത്രമല്ല, ബാക്കിയായ മോഹംകൂടി സഫലീകരിക്കാൻ തയാറായിരിക്കുകയാണ് ആരാധകൻ. ഉംറ ചെയ്യണം, ഗൾഫൊന്നു കാണണം, ദൈവം ഉദ്ദേശിച്ചാൽ... വിടൽ മൊയ്തു പറഞ്ഞു നിർത്തി. ഭാര്യ ഫാത്തിമ. ആറ് പെൺമക്കളും മൂന്ന് ആൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.