വൈകീട്ട് ആറ് കഴിഞ്ഞു. ഇരുട്ട് വീണുതുടങ്ങിയിരുന്നു. ഫോൺ എടുത്തപ്പോൾ അങ്ങേത്തലക്കൽ മുഴങ്ങിക്കേട്ട കൂട്ടക്കരച്ചിലിനിടയിൽ സംഭവം വ്യക്തം. ആരോ കിണറ്റിൽ വീണിരിക്കുന്നു. ഉടൻ ഓട്ടോ സ്റ്റാർട്ട് ചെയ്ത്, ഹെഡ്ലൈറ്റിട്ട്, ഹോൺ മുഴക്കി പരമാവധി വേഗത്തിൽ സംഭവസ്ഥലത്തേക്ക് പാഞ്ഞു. ആർത്തലക്കുന്ന കൂട്ട നിലവിളികൾക്കിടയിലൂടെ വെള്ളത്തിൽ പിടഞ്ഞുകൊണ്ടിരുന്ന ജീവൻ രക്ഷിക്കാനായി കയറിൽ തൂങ്ങി കിണറ്റിലിറങ്ങി. ബോധരഹിതയായ യുവതിയുമായി അയാൾ മിനിറ്റുകൾക്കുള്ളിൽ കരയിലേക്ക്. ചുറ്റും കൂടിയിരുന്നവരുടെ കണ്ണീർ ആനന്ദാശ്രുക്കളായി പരിണമിച്ചു. ആശ്വാസചിരിയോടെ പാഞ്ഞടുത്ത ബന്ധുക്കൾ യുവതിയെ പിടിച്ചു. വെപ്രാളത്തിനിടയിൽ അവർ കയറിലുള്ള പിടി വിട്ടു. 30 അടി താഴ്ചയുള്ള കിണറ്റിലേക്ക് അയാൾ പതിച്ചു. ചെറിയ പരിക്കുകളോടെ ഒരു ജീവൻ രക്ഷിച്ചതിന്റെ സന്തോഷത്താലുള്ള ചിരിയുമായി കയറിൽപിടിച്ച് ആയാൾ വീണ്ടും കരയിലേക്ക്.
ഇത് ഷൊർണൂരുള്ള രാമകൃഷ്ണൻ. വയസ്സ് 58. മുങ്ങിമരണത്തിന്റെ ആഴം നേർക്കുനേർ കണ്ട നിരവധിയാളുകൾക്കു മുന്നിൽ രക്ഷകനായെത്തിയ ‘ദൈവത്തിന്റെ കൈ’. തന്റെ പന്ത്രണ്ടാം വയസ്സിൽ തൂതപ്പുഴയിൽ മുങ്ങിത്താണ സ്ത്രീയെ രക്ഷിച്ച് മുങ്ങൽവിദഗ്ധനായി രംഗപ്രവേശം ചെയ്ത രാമകൃഷ്ണനിലൂടെ ഇതുവരെ 28 പേർ രണ്ടാംജന്മം അനുഭവിക്കുന്നു. കരയിലും വെള്ളത്തിലും ഒരുപോലെ ‘ജീവിക്കാനുള്ള’ ഇദ്ദേഹത്തിന്റെ നൈപുണ്യം തിരിച്ചറിഞ്ഞ പൊലീസിനും ഫയർഫോഴ്സിനും വലിയ ആശ്വാസമാണ് രാമകൃഷ്ണൻ. കാരണം, വിശാലമായി പരന്നുകിടക്കുന്ന ജലാശയത്തിന്റെ അടിത്തട്ടിൽ ഒളിച്ചിരിക്കുന്ന തൊണ്ടിമുതലിന് മുന്നിൽ ഇരുസേനകളും പലപ്പോഴും പരാജയപ്പെടുമ്പോൾ രാമകൃഷ്ണനെന്ന ഒറ്റയാൻ വിജയതീരമണയുന്നു എന്നതുതന്നെ.
ജലം കൊണ്ട് മുറിവേറ്റവർ
വർഷം 1979. ഭാരതപ്പുഴ അതിന്റെ സകല പ്രതാപത്തോടെയും സർവതന്ത്ര സ്വതന്ത്രയായി കുത്തിയൊഴുകുന്ന സമയം. ഭാരതപ്പുഴയിൽ അന്ന് ഒരാളെ കാണാതായി. ഫയർഫോഴ്സും പൊലീസും മണിക്കൂറുകൾ ഏറെ ശ്രമിച്ചിട്ടും കണ്ടെത്തിയില്ല. ഒടുവിലാണ് രാമകൃഷ്ണനെ വിളിച്ചുവരുത്തുന്നത്. നേരം ഇരുട്ടുവോളം തിരഞ്ഞിട്ടും ആളെ കണ്ടെത്താനാകാത്തതോടെ അവസാനിപ്പിക്കാമെന്ന് ഫയർഫോഴ്സ് അറിയിച്ചു. പേക്ഷ, കരയിൽ കാത്തിരിക്കുന്നവരുടെ കണ്ണിലെ ദൈന്യത വെറുംകൈയോടെ മടങ്ങുന്നതിൽനിന്ന് രാമകൃഷ്ണനെ തടഞ്ഞു. ഭാരതപ്പുഴയുടെ മനസ്സറിയുന്ന രാമകൃഷ്ണൻ ആഴത്തിൽനിന്ന് അധികം വൈകാതെ കാണാതായ ആളെയും തോളിലേറ്റി കരക്കെത്തി. പേക്ഷ, അപ്പോഴേക്കും അയാളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇങ്ങനെ നിരാശ നൽകിയ സംഭവങ്ങൾ മാത്രമല്ല, മനസ്സിന് സന്തോഷം തരുന്ന നിരവധി ഓർമകളുമുണ്ട് രാമകൃഷ്ണന്റെ ജലജീവിതത്തിൽ.
വെള്ളത്തിൽനിന്ന് രക്ഷിച്ച ഒരു സ്ത്രീ ഒരിക്കൽ അവരുടെ വീടിന്റെ പാൽകാച്ചലിന് ക്ഷണിച്ചു. രാവിലെ ചെല്ലണം എന്നു പറഞ്ഞെങ്കിലും എത്തിയപ്പോഴേക്കും കുറച്ച് വൈകി. പേക്ഷ, ഗണപതിക്ക് കൊടുക്കാനുള്ള പാൽ തനിക്കായി എടുത്തുവെച്ച് കാത്തിരിക്കുകയായിരുന്നു അപ്പോഴും അവർ. അതിന് ആ സ്ത്രീ പറഞ്ഞ കാരണം ‘മരണത്തിന് വിട്ടുകൊടുക്കാതെ എന്റെ ജീവൻ കാത്ത എെൻറ ദൈവം ഇതാണ്’ എന്നാണ്. ഇതുവരെ 21 പേരെ വെള്ളത്തിൽനിന്ന് രക്ഷിച്ചപ്പോൾ 30 മൃതദേഹങ്ങളും മുങ്ങിയെടുത്തിട്ടുണ്ട് രാമകൃഷ്ണൻ. കൂടാതെ, ഒഴുക്കിൽപെട്ട നിരവധി വളർത്തുമൃഗങ്ങളെയും രക്ഷിച്ചിട്ടുണ്ട്. ഭാരതപ്പുഴയിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത്. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിലുള്ളവരും ഇദ്ദേഹത്തിന്റെ സേവനം ആവശ്യപ്പെട്ട് വിളിക്കാറുണ്ട്.
നീന്തുന്ന ഉറുമ്പുകൾ, നീന്താൻ മടിക്കുന്ന മനുഷ്യൻ
കുളിക്കുന്നതിനിടെ ഗൾഫിൽ സ്വിമ്മിങ് പൂളിൽ ഒരു മലയാളി പെൺകുട്ടി അപകടത്തിൽപെട്ടു. അടുത്തുള്ളവർ ഓടിക്കൂടി കരക്കെത്തിച്ചതിനാൽ ഭാഗ്യത്തിന് അവൾക്ക് ഒന്നും സംഭവിച്ചില്ല. എന്നാൽ, ആ സംഭവം അവളുടെ മാതാപിതാക്കളുടെ ചിന്തയിൽ മാറ്റമുണ്ടാക്കി. മക്കളെ നീന്തൽ പഠിപ്പിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ അവരുടെ രണ്ടു മക്കളെയും രാമകൃഷ്ണന്റെ അടുത്തെത്തിച്ചു. വെറും എട്ടു ദിവസം കൊണ്ട് നീന്താൻ പഠിച്ച് അവർ ഗൾഫിലേക്ക് തിരിച്ചുപോയി. ഇങ്ങനെ ഗുജറാത്തിൽനിന്ന് ഒരു സ്ത്രീയും നീന്തൽ പരിശീലിക്കാൻ എത്തിയ കാര്യം രാമകൃഷ്ണൻ ഓർക്കുന്നു. അധ്യാപകർ, ഡോക്ടർമാർ മുതൽ പൊലീസുകാരുടെയും ഫയർഫോഴ്സുകാരുടെയും മക്കൾവരെ ഇപ്പോൾ രാമകൃഷ്ണന് കീഴിൽ നീന്തൽ പരിശീലിക്കുന്നുണ്ട്.
ആരും വെള്ളത്തിൽ മുങ്ങി ജീവൻ കളയരുതെന്ന് രാമകൃഷ്ണൻ പറയുന്നു. പത്രങ്ങളിൽ ദിനംപ്രതി മുങ്ങിമരണ വാർത്ത കാണുമ്പോൾ രാമകൃഷ്ണന്റെ മനസ്സിൽ അസ്വസ്ഥത കരകവിഞ്ഞൊഴുകാൻ തുടങ്ങും. ‘‘ഭൂമിയിൽ ഉറുമ്പ് മുതൽ ആനവരെയുള്ള ജീവികൾക്ക് നീന്താനറിയാം. പേക്ഷ, ഭൂമിയിലെ ജീവജാലങ്ങളിൽ എല്ലാവിധ കഴിവുകളാലും അനുഗൃഹീതനായ, ബുദ്ധിമാനായ മനുഷ്യൻ വെള്ളത്തിനു മുന്നിലെത്തിയാൽ കവാത്തു മറക്കുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ദിവസം അരമണിക്കൂർ വീതം പരിശീലിപ്പിച്ചാൽ 10 ദിവസംകൊണ്ട് ഒരാൾക്ക് നീന്തൽ പഠിക്കാം’’ -രാമകൃഷ്ണൻ പറഞ്ഞു. ഓട്ടോ വാടകക്ക് വിളിക്കുന്ന വീടുകളിൽ രാമകൃഷ്ണൻ കണ്ട അനുഭവങ്ങളും ശ്രദ്ധേയമാണ്. വീട് നിർമിക്കാൻ കോടികൾവരെ ചെലവിടുന്നവർ മുറ്റത്തെ കിണറിന് ഒരു ആൾമറ കെട്ടാൻ പലപ്പോഴും ‘മറക്കുന്നു’. അപകടത്തിലേക്ക് തുറക്കുന്ന ഇത്തരം അശ്രദ്ധകൾ ഒഴിവാക്കണം എന്ന് ആ വീട്ടുകാരെ ഉപദേശിച്ചിട്ടാകും രാമകൃഷ്ണൻ തിരിച്ചുപോരുക.
ഒഴുക്കിനെതിരെയുള്ള നീന്തൽ
ഓർമവെക്കുംമുമ്പേ മാതാപിതാക്കൾ മരിച്ച രാമകൃഷ്ണന് ജീവിതത്തിന്റെ മറുകരയെത്താൻ ആകെയുണ്ടായിരുന്ന ഇന്ധനം മനക്കരുത്തായിരുന്നു. കടുത്ത ദാരിദ്ര്യം എന്ന ഒഴുക്കിനെതിരെയാണ് എപ്പോഴും നീന്തിയിട്ടുള്ളത്. ആ ആത്മധൈര്യമാണ് ഭാരതപ്പുഴയെപോലും നിഷ്പ്രയാസം നേരിടാൻ രാമകൃഷ്ണനെ പ്രാപ്തനാക്കിയത്. ചുമട്ടുതൊഴിലാളി, സോഡ വിൽപന, ചായക്കട, ഇപ്പോൾ ഓട്ടോ ഓടിക്കൽ അങ്ങനെ ജീവിതത്തിൽ ചെയ്ത ജോലികൾ നിരവധി. ഭാര്യ വിജയലക്ഷ്മി, സഞ്ജയ് (സി.ഐ.എസ്.എഫ്), സനൂജ എന്നീ രണ്ടു മക്കളും സഹിതം ഇപ്പോൾ വലിയ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ കഴിയുന്നു. അതിനിടക്ക് 2004ൽ ഷൊർണൂർ കൗൺസിലർ സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിച്ചു. എല്ലാവർക്കും പ്രിയപ്പെട്ടവനായ രാമകൃഷ്ണന് വോട്ടു ചെയ്യാതിരിക്കാൻ നാട്ടുകാർക്കാകില്ലല്ലോ. ഫലം വന്നപ്പോൾ വൻ വിജയത്തോടെ രാമകൃഷ്ണൻ കൗൺസിലറുമായി.
രക്ഷാപ്രവർത്തനത്തിന് ജാഗ്രത വേണം
മനുഷ്യശരീരത്തിൽ ഭൂരിഭാഗവും ജലമായതിനാൽ പുഴയും കായലും കടലും നമ്മളെ വല്ലാതെ ആകർഷിക്കും. ഒന്നിറങ്ങി നോക്കാനുള്ള പ്രവണത സ്വാഭാവികമാണ്. ഈ തോന്നലുകളാണ് പലപ്പോഴും അപകടം വിളിച്ചുവരുത്തുന്നതെന്ന് രാമകൃഷ്ണൻ പറയുന്നു. കുട്ടികളെ അഞ്ചാം ക്ലാസുമുതൽ തന്നെ നീന്തൽ പരിശീലിപ്പിക്കണം. നീന്തൽ അറിയാമെങ്കിലും പുഴകളിലും പാറമടകളിലും ഇറങ്ങാൻ കുട്ടികളെ അനുവദിക്കരുത്. പാറമടകളിൽ കല്ലുകളിലും പാറക്കെട്ടുകളിലും അപകടങ്ങൾ പതിയിരിപ്പുണ്ടാകും. ലഹരി ഉപയോഗിച്ച് ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത്. അപസ്മാരം, ഹൃദയസംബന്ധമായ രോഗമുള്ളവർ വെള്ളത്തിലിറങ്ങുന്നതും അപകടത്തിനിടയാക്കും... അങ്ങനെ വെള്ളത്തിൽ ഇറങ്ങുന്നതിൽ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ രാമകൃഷ്ണൻ പറയുന്നു.
ഒരാൾ വെള്ളത്തിൽ അകപ്പെട്ടാൽ അഞ്ചു മിനിറ്റിനുള്ളിൽ കരക്കെത്തിക്കണം. മൂന്നു മിനിറ്റിനുള്ളിൽ ആളുടെ ബോധം നഷ്ടപ്പെട്ടാലും ഒന്നരമിനിറ്റ് അനക്കമുണ്ടാകും. മുങ്ങിയ ആളെ പുറത്തെടുക്കുന്നതിലും വേണം അതീവ കരുതൽ. രക്ഷിക്കാനുള്ള ആവേശത്താൽ എടുത്തുചാടിയാൽ മരണവെപ്രാളത്തിൽ വെള്ളത്തിലകപ്പെട്ടയാൾതന്നെ രക്ഷകന്റെ കാലനാകും. അതുകൊണ്ട് വെള്ളത്തിൽപെട്ട ആളുടെ മുഖത്തേക്ക് ശക്തമായി വെള്ളം അടിച്ചുതെറിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം തലമുടിയിൽ പിടിച്ച് ഉയർത്തി മുഖം വെള്ളത്തിന് മുകളിൽ പിടിച്ച് കരക്കെത്തിക്കണം. ഏറെ നേരം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ മൂക്കിൽനിന്ന് പലപ്പോഴായി വല്ലാതെ രക്തം വരുന്നുണ്ട്. ഡോക്ടറെ കാണിച്ചപ്പോഴുള്ള നിർദേശം വെള്ളത്തോടുള്ള മൽപിടിത്തം നിർത്തണമെന്നാണ്. പേക്ഷ, അപകടം സംഭവിച്ചെന്ന വാർത്തയറിഞ്ഞാൽ ഓടിയെത്താതിരിക്കാൻ രാമകൃഷ്ണന് ആവില്ല. പ്രായം തളർത്താത്ത അസാധാരണമായ മെയ്ക്കരുത്തും മനക്കരുത്തുമായി രാമകൃഷ്ണൻ ഒഴുകും, തീരങ്ങളിൽ ആഴത്തിലുള്ള കാരുണ്യ ഉറവ തീർത്ത് മായാനദിയായി...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.