എന്റെ എല്ലാത്തരം ഭാവനകളെയും വെല്ലുവിളിച്ചു വല്യുമ്മ, പതിഞ്ഞ ചിരിയോടെ, ഇനി ഒരിക്കല ും തുറക്കാത്ത കണ്ണുകളുമായി വീടിന്റെ നടുമുറിയിൽ സ്വസ്ഥമായി കിടക്കുന്നു...!
പലരുട െയും മരണം എങ്ങനെയുണ്ടാകുമെന്ന് ഞാൻ വിഭാവനം ചെയ്യാറുണ്ട്. അപരിചിതരായ സിനിമാതാര ങ്ങളുടേത് മുതൽ ഏറെ പ്രിയപ്പെട്ട മനുഷ്യരുടേതടക്കം എേൻറതുവരെ. പക്ഷേ, പ്രായാധിക്യത ്തിന്റെ അസ്വസ്ഥതകളിലായിട്ടുകൂടി മാക്കിയിൽ വീട്ടിലെ 11 മക്കളുടെ ആ ഉമ്മയെ, എന്റെയും കൂ ടിയായ വല്യുമ്മയെ മരിച്ച് അടങ്ങിക്കിടക്കുന്ന വിധം നിശ്ചലതയിൽ സങ്കൽപിക്കാൻ എനിക ്ക് ഒരിക്കൽപോലും ധൈര്യമുണ്ടായിട്ടില്ല.
കാരണം, ശ്വാസം കടന്നുപോയിരുന്ന ഓരോ നിമിഷ ത്തിലും അത്രമേൽ ജീവസ്സുറ്റതായിരുന്നു അവരുടെ ജീവിതം. ശരീരത്തിന്റെയും മനസ്സിന്റെയ ും ഓരോ അണുവും കൊണ്ട് അവസാന ദിവസങ്ങളിലും ജീവിതത്തെ ഇത്രമേൽ കെട്ടിപ്പുണർന്ന ഒരു മനു ഷ്യജീവിയെ ഇക്കാലംവരെയും ഞാൻ കണ്ടിട്ടേയില്ല.
പിണക്കങ്ങളുടെയും പരിഭവങ്ങളുടെ യും ഓർമയാണ് എനിക്കേറെയും. എത്ര പിണങ്ങിയാലും ‘എന്റെ വല്യുമ്മാ, തേങ്ങാപ്പാല് വറ്റിച്ച് ഇ ച്ചിരി വെളിച്ചെണ്ണ എനിക്കുണ്ടാക്കിത്തായോ’ എന്ന് കൊഞ്ചിയാൽ, കൈലിമുണ്ട് മുറുക്കിയുടു ത്ത് ഇറങ്ങി നടന്നിരുന്നു അവർ. ഏതു കാട്ടുപറമ്പിലും കയറിയിറങ്ങി നാനാജാതി ഇലകൾ പറി ച്ച് കാച്ചിക്കുറുക്കി ഉണക്കിപ്പൊടിച്ച് പലതരം കുറുക്കുകൾ, പലഹാരങ്ങൾ, പനി മരുന്നു കൾ... ഞങ്ങൾക്കുവേണ്ടി എത്രയേറെ സൂക്ഷിപ്പുകൾ.
ഗ്രാമ്പുവും കറുവപ്പട്ടയും മണക്കുന്ന പഴയ നാണയങ്ങൾ കി ഴികെട്ടി സൂക്ഷിച്ചിരുന്ന, ട്രങ്കുപെട്ടികൾ. ഓരോന്നിലും വീണ്ടും വീണ്ടും കടുംകെട്ടുകെട്ടിയ മട്ടിലെ മാമാട്ടിക്കിറ്റുകളിൽ സൂക്ഷിച്ചുവെച്ചിരുന്ന വല്യുമ്മയുടെ സ്വകാര്യസമ്പത്തുകൾ- ‘കടലു കടന്നുവരുന്നവർ സമ്മാനിച്ച എണ്ണമറ്റ തസ്ബികൾ, വിക്സ് ഡപ്പികൾ, വൊളിനിയുടെയും ഒമേഗയുടെയും വേദനക്കുപ്പികൾ, സോപ്പുകൂടുകൾ, ഊദ് അത്തറും മത്സരിക്കുന്ന വാസനക്കവറുകൾ, വല്ലപ്പോഴുമിടാൻ കരുതിവെക്കുന്ന പ്രത്യേകം കുപ്പായങ്ങൾ... വല്യുമ്മയുടെ അലമാരത്തട്ടിൽ ഞങ്ങളുടെ അതിശയ ലോകങ്ങൾ.
അവധിക്ക് പുല്ലു പറിക്കാനും ഓല കീറി ചൂലുണ്ടാക്കാനും ചെന്നാൽ, ചെറുമക്കൾക്ക് വല്യുമ്മ കൊച്ചുനാണയങ്ങൾ പകരം തരുമായിരുന്നു. അതേനേരം, നാണയത്തിനപ്പുറമുള്ള ലഹരിയിൽ, അടുക്കളയിലെ രഹസ്യപ്പാത്രങ്ങളിൽ വല്യുമ്മ നിരത്തിവെച്ചിരുന്ന സ്വാദിന്റെ കൊച്ചുമോഷണങ്ങൾ ഞങ്ങൾ നടത്തിപ്പോന്നു. ഉപ്പിലിട്ട ഇലുമ്പിപ്പുളികൾ, കണ്ണിമാങ്ങകൾ, ഓറഞ്ചുകൾ, നാരങ്ങയല്ലികൾ, ഗ്ലോബിക്കകൾ, ചട്ടിയിലെ കൂട്ടുകറികൾ... ഞങ്ങൾക്ക് തരാൻതന്നെ കാത്തുവെച്ച വല്യുമ്മയുടെ സ്നേഹരുചികൾ.
അരികെ ചേർന്നുകിടക്കുമ്പോൾ നെറുെകയിൽനിന്ന് മൂക്കിലേക്കെത്തുന്ന ടൈഗർ ബാമിന്റെ വിയർപ്പിൽ കുതിർന്ന വല്യുമ്മാ മണങ്ങൾ. ഇനിയൊരിക്കലും ഒരിക്കലും ഒരിക്കൽപോലും തൊടാൻ, മിണ്ടാൻ നോക്കിയിരുന്ന് ആ കുലുങ്ങിച്ചിരി കാണാൻ, ബീപാത്തൂ എന്ന് കളിയിൽ വിളിക്കാൻ വല്യുമ്മയില്ല. എത്ര പറഞ്ഞിട്ടും മനസ്സിൽ അത് പതിയുന്നതേയില്ല. ഇല്ല. വല്യുമ്മയിനിയില്ല...
പ്രാർഥനയുടെ പര്യായമായിരുന്നു അവർ. സ്കൂളിൽ പഠിക്കുന്ന കാലത്ത്, പരീക്ഷാഹാളിൽ എന്റെ പേനക്കൊപ്പം വീട്ടിൽ വല്യുമ്മയുടെ ഖുർആൻ പാരായണം. പിന്നീട് പതിയെ പതിയെ നാവുകുഴഞ്ഞ്, ഇരുന്ന് നിസ്കരിക്കവേ മയങ്ങി പോകുന്ന വല്യുമ്മ ആദ്യമൊക്കെ എനിക്ക് ചിരിയായിരുന്നു. അവരങ്ങനെ മെല്ലെമെല്ലെ കുഴഞ്ഞുപോകുന്നതിന്റെ അടയാളമായിരുന്നല്ലോ അതൊക്കെയുമെന്ന് ആലോചിക്കുമ്പോൾ ഇപ്പോ, നെഞ്ചിൽ നിറഞ്ഞ കട്ടകൾ ഉറച്ചിരിക്കുംപോലെ ഒരു ഭാരം.
വല്യുമ്മക്ക് വളർത്തിയ മക്കൾ പതിരാകാതെ പതിനൊന്നുപേർ. പത്താങ്ങളമാർക്ക് കൂടി ഒറ്റപ്പെങ്ങൾ. പലയിടങ്ങളിലും പ്രാഗല്ഭ്യംകൊണ്ട് ഔന്നത്യങ്ങളിലാകുമ്പോഴും ഉമ്മയുടെയടുത്ത് അവരൊക്കെയും കുഞ്ഞുങ്ങളെപ്പോലെ വന്നിരുന്നു. മരണപ്പെട്ട ഭർത്താവിന്റെ അഭാവത്തിൽ അസാധാരണമാംവിധം അവർ അവരെ വളർത്തി. എങ്കിലും ഒരിക്കൽപോലും കണ്ണുനിറഞ്ഞ്, കരഞ്ഞ്, അന്നത്തെ ദുരിതങ്ങൾ വല്യുമ്മ പറഞ്ഞുകേട്ടിട്ടില്ല. ഒക്കെയും കരുത്തയായ ഒരു സ്ത്രീയുടെ ഓർമകൾപോലെ നെടുവീർപ്പോടെ മാത്രം പങ്കുവെച്ചു.
എനിക്കങ്ങനെ ഉറക്കം ഉണ്ടായിരുന്നില്ല. രാത്രികാലങ്ങളിലാണ് വായനയും പഠനവും. പാതിരാത്രിയങ്ങനെ ഞങ്ങൾ രണ്ടുപേരുടെയും മാത്രമായിരുന്ന എത്രയോ വർഷങ്ങൾ. എനിക്കൊപ്പം വല്യുമ്മയോ വല്യുമ്മക്കൊപ്പം ഞാനോ എന്നറിയാത്ത വിധം ഞങ്ങൾ പാതിരാവുകളിൽ ഉണർന്നിരുന്നു. ഇടക്കിടക്ക് മാത്രം സംസാരിച്ചു. ആയത്തുകളുടെ വല്യുമ്മാ ശബ്ദത്തിനനുസരിച്ച് ഞാൻ വായിച്ചു, പഠിച്ചു.
ഒടുവിലൊടുവിൽ എന്നെ കുളിപ്പിച്ചതിലുമേറെ ഞാൻ കുളിപ്പിച്ചു. കുഞ്ഞുങ്ങൾക്കിടുമ്പോലെ പൗഡറിട്ടു. മുടികെട്ടി. കുഞ്ഞിെനക്കാളധികം വാത്സല്യം അർഹിക്കുന്ന മുഖത്തോടെ മറവിയിലേക്ക് വീഴുന്ന വല്യുമ്മ, ‘ഇട്ടിട്ട് പോകല്ലേ’ എന്ന് കരയുന്ന മട്ടിൽ അന്നേരമൊക്കെ ൈകയിൽ അമർത്തിപ്പിടിച്ചു.
എത്രയോ പേർക്ക്,- എത്രയെത്ര പേർക്കാണ് ആ വിരലുകൾ വിശപ്പിന് വിളമ്പിനൽകിയത്. മക്കൾക്കും വീട്ടുകാർക്കും മുേമ്പ വിശക്കുന്നവർക്കും വിരുന്നുകാർക്കുമവർ സ്നേഹത്തോടെ വിളമ്പി. നേരിലെത്താനാകാത്തവർക്കായി എന്നും ഒരുപിടി അരി മാറ്റിവെച്ചു. മക്കളുടെയെല്ലാം വീടുകൾ കയറിയിറങ്ങി പിടിയരി വാങ്ങി ഇല്ലായ്മകളിലേക്ക് എത്തിച്ചുകൊടുത്തു. ഒടുവിൽ കിളിക്കുഞ്ഞിനെപ്പോലെ വായ തുറന്നുതന്ന അവരെ വാരിയൂട്ടാൻ എത്രയെത്ര കൈകളായിരുന്നു.
വല്യുമ്മയിൽനിന്നുമാത്രം ഞാൻ പഠിച്ച വാക്കുകൾ. വല്യുമ്മയുടെ മാത്രമായിരുന്ന വാശികൾ. ചിലപ്പോൾ തോന്നും അതുമാതിരിയൊരു പെണ്ണല്ലേയീ ഞാനും? അവർക്ക് മലയാളമോ ഇംഗ്ലീഷോ അറിയില്ല. വീടിനു മുന്നിൽ ഭിക്ഷക്കെത്തുന്നവർക്ക് കൊടുക്കാനെടുക്കുന്ന നാണയങ്ങൾ എത്രയാണെന്ന് ഉറപ്പുവരുത്താൻപോലും മെല്ലെ നടന്നരികിൽ വന്ന് നാണയം ൈകയിൽ തന്ന് ‘ഇതെത്രയാ കുഞ്ഞേ?’ എന്ന് നിഷ്കളങ്കമായി ചോദിച്ചിരുന്നു. അപ്പോഴും, കൊല്ലക്കണക്കും തീയതികളും അളവും ബന്ധങ്ങളുടെ വേരുപടലങ്ങളും പറഞ്ഞും ഓർമിപ്പിച്ചും ഞങ്ങളെ ഞെട്ടിക്കുമായിരുന്നു.
വല്യുമ്മക്ക് നിറങ്ങളെ, പാട്ടുകളെ, ഒരുപക്ഷേ കവിതകളെ, എന്തൊക്കെയോ ഇഷ്ടമുണ്ടായിരുന്നു. പളുപളുത്ത പച്ചയും കണ്ണുകുഴയുന്ന പച്ചയും ഓറഞ്ചും തെറിക്കുന്ന ചുകപ്പുമൊക്കെയിട്ടു കാണുന്നതാണ് ഇഷ്ടം. അല്ലെങ്കിൽ മുഖം വക്രിച്ചു ‘ഇതെന്തന്നു കുപ്പായം കുഞ്ഞേ? ഒരു നെറവുമില്ലല്ലോ’ എന്ന് പിറുപിറുക്കും. വഴിയിൽ കാണുന്ന പൂച്ചക്കും കാക്കക്കും കൊറ്റിക്കും കോഴിക്കും പ്രത്യേകം തീറ്റ കരുതും.
‘നീ അത്ങ്ങളെക്കുറിച്ചൊരു കവിത കെട്ട്’ എന്ന് കുലുങ്ങിച്ചിരിച്ചു പറയും. വല്യുമ്മക്ക് ഒത്തിരിപ്പാട്ടറിയാമായിരുെന്നന്ന് ഓർമയില്ലാതെ കിടന്ന കാലത്താണ് ഞങ്ങളറിഞ്ഞത്. മുഴുനീളൻ നേരവും ഓത്തുപള്ളിക്കാലത്തെ പൊട്ടിയ ഓർമകളിൽനിന്ന് പെറുക്കി കൂട്ടിയ പഴയ മാപ്പിളപ്പാട്ടുകൾ വല്യുമ്മ പാടിപ്പാടി കിടന്നു. ഓർമയില്ലാതെ ആകുമ്പോഴും പഴയ കാലത്തിന്റെ നൂറുനൂറ് ഓർമകളായിരുന്നു അവർക്ക് -എന്റെയും കൂടിയായ വല്യുമ്മക്ക്.
‘ഹസ്ബീ റബ്ബീ’ താരാട്ടുപാടി രാവേറെ ചെന്നിട്ടും ഉറങ്ങാതെ കിടന്നപ്പോൾ ഞാൻ പറഞ്ഞുപോയിട്ടുണ്ട്. ‘ഇനിയൊന്നുറങ്ങെന്റെ വല്യുമ്മാ...’.
ഇന്നിപ്പോ, നിരാശയോടെ, നോവോടെ, നിസ്സംഗതയോടെ എനിക്കൊരാശയുണ്ട്... ഉണർച്ചയില്ലാത്ത ആ ഉറക്കത്തിന്റെ ഏതെങ്കിലുമാഴത്തിൽ വെച്ച് ഇതൊന്നു വായിച്ചു കേൾപ്പിക്കണം. ‘നോക്കിയേ വല്യുമ്മയെക്കുറിച്ച് എഴുതിയതാ’ എന്നുപറയുമ്പോഴുള്ള അലസമായ ആ അടക്കിച്ചിരിയൊന്നു കാണാൻ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.