സക്കീറിന്‍റെ ഒറ്റയാൾ പോരാട്ടങ്ങളിലേക്ക് ഹർത്താലും ഇടംപിടിച്ചു. സാമൂഹിക തിന്മകൾക്കെതിരെയും പൊതുജന നന്മക്കുമായുള്ള ഒറ്റയാൾ സമരം സക്കീർ ആരംഭിച്ചിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. ജനത്തെ ഏറെ വലക്കുന്ന ഹർത്താലിനെതിരെ പോസ്റ്റർ പ്രചാരണവുമായാണ് സക്കീർ ഇത്തവണ രംഗത്തെത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യാപാര ശാലകൾ, തുടങ്ങി ടാക്സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിലാണ് സക്കീർ പോസ്റ്റർ പ്രചാരണവും നോട്ടീസുകളും വിതരണം ചെയ്തത്. അടുത്തിടെ ഇടുക്കി ജില്ലയുടെ സാമ്പത്തിക അവസ്ഥയെ ബാധിക്കുന്ന രീതിയിൽ വർധിച്ചുവന്ന ഹർത്താലുകളാണ് ഇദ്ദേഹത്തെ ഹർത്താൽ വിരുദ്ധനാക്കിയത്.
മുല്ലപ്പെരിയാർ വിഷയം രാഷ്ട്രീയ പാർട്ടികളും ഇതര സംഘടനകളും ഏറ്റെടുക്കുംമുമ്പ് തന്നെ ഒറ്റയാൾ പോരാട്ടവുമായി സക്കീർ പ്രചാരണം നടത്തിയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ മാതൃക തെർമോകോളിൽ തയാറാക്കി വായമൂടിക്കെട്ടി അഞ്ചു ജില്ലകളിലാണ് പ്രചാരണം നടത്തിയത്. ഇടുക്കിയിൽ നിന്ന് ആരംഭിച്ച കാൽനട തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് സമാപിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പഴക്കംചെന്ന വണ്ടിപ്പെരിയാർ പാലം 65ാം മൈലിലെയും കുമളിയിലെ കുളത്തുപാലം, പീരുമേട് മത്തായികൊക്ക പാലം എന്നീ ഇടുങ്ങിയ പാലങ്ങളും വീതികൂട്ടി നിർമിക്കണമെന്ന ആവശ്യമുയർത്തിയും ഒറ്റയാൾ പോരാട്ടം നടത്തിയും സക്കീർ പ്രചാരണം നടത്തിയിരുന്നു.
കുമളി കുളത്തുപാലത്തിനു വേണ്ടി സമരം നടത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും വെറുതെവിട്ടു. ഫ്ലക്സ് ബോർഡുകൾ, സ്റ്റിക്കർ വർക്കുകൾ, ഖുർആൻ ബൈൻഡിങ് തുടങ്ങിയ ജോലികൾ ചെറിയ രീതിയിൽ ചെയ്താണ് സക്കീർ ഉപജീവനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.