‘സഖാവി’ന്‍െറ സ്രഷ്ടാവിനെ തേടി അലയുമ്പോള്‍ അദ്ദേഹം ആരുമറിയാതെ എം.ജി സര്‍വകലാശാല കാമ്പസില്‍ വിഹരിക്കുകയാണ്. സ്കൂള്‍ ഓഫ് ലെറ്റേഴ്സിലെ രണ്ടാം വര്‍ഷ എം.എ ഇംഗ്ലീഷ് വിദ്യാര്‍ഥിയായി. ‘സഖാവിനെ’ നാട് ഏറ്റുപാടുമ്പോഴും ആദ്യഘട്ടത്തില്‍ പിന്നണിയിലായിരുന്നു കവിതക്ക് ജീവന്‍ നല്‍കിയ എ.ഡി. സാം മാത്യു. കാമ്പസുകളും യുവതലമുറയും ഏറ്റുപാടുന്ന പാട്ടിനു പിന്നില്‍ താനാണെന്നു വിളിച്ചു പറയാന്‍ ഈ കോട്ടയംകാരന്‍ മുന്നിട്ടിറങ്ങിയുമില്ല. സോഷ്യല്‍ മീഡിയില്‍ ‘സഖാവും’ വരികളും നിറഞ്ഞു നില്‍ക്കുന്നതിനിടെ സ്രഷ്ടാവിനെച്ചൊല്ലി ഏറ്റുമുട്ടലുകളും അരങ്ങേറി. സഖാവ് ആദ്യമായി അച്ചടിമഷി പുരണ്ടത് സി.എം.എസിന്‍െറ 2012-2013 കോളജ് മാഗസിനായ ‘ഉയിര്‍പ്പി’ലൂടെയെന്ന് വെളിപ്പെടുത്തലുമായി സാമിന്‍െറ സുഹൃത്തുക്കള്‍ രംഗത്തെത്തി. അതോടെ പാട്ടിന്‍െറ താളത്തിനൊപ്പം സാമിനെയും ആരാധകര്‍ തേടിയെത്തി. ഇപ്പോള്‍ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം അഭിനന്ദന പ്രവാഹങ്ങള്‍ക്ക് നടുവിലാണ് ഈ യുവാവ്. മന്ത്രി തോമസ് ഐസക്കും സംവിധായകന്‍ ലാല്‍ ജോസും ഇത് ഷെയര്‍ ചെയ്തു. എം. സ്വരാജ് അഭിനന്ദനവുമായി രംഗത്തെത്തി. നിരവധി എഴുത്തുകാരും അഭിനന്ദിച്ചു.
ഇപ്പോള്‍ ‘സഖാവ്’ പുസ്തക രൂപത്തില്‍ എത്തുന്നതിന്‍െറ സന്തോഷത്തിലാണ് ഈ യുവകവി. ഇതിനൊപ്പം ഓഡിയോയും ഉടന്‍ പുറത്തുവരും. കവിതക്കെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ചിരിയില്‍ ഇതിനുള്ള മറുപടി ഒതുക്കുകയാണ് സര്‍വകലാശാല ആര്‍ട്സ് ക്ലബ് സെക്രട്ടറി കൂടിയായ സാം. വിമര്‍ശങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍, കൊല്ലപ്പരീക്ഷ ഇപ്പോള്‍ ഇല്ലല്ലോയെന്ന് പറയുന്നതില്‍ വലിയ കഴമ്പൊന്നുമില്ല. കവിത എഴുതിയ വര്‍ഷം കൊല്ലപ്പരീക്ഷ ഉണ്ടായിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങു തകര്‍ക്കുന്ന ‘സഖാവ്’ എന്ന കവിത പിറന്നുവീണത് സി.എം.എസിലെ പൂമരച്ചോട്ടിലായിരുന്നുവെന്നും സാം പറയുന്നു. അക്കഥ സാം ഇങ്ങനെ ചൊല്ലും... സി.എം.എസിന്‍െറ മുറ്റത്തേക്ക് കാലെടുത്തു വെക്കുന്നത് ഒരു സമരകാലത്തായിരുന്നു. കാമ്പസിനുള്ളില്‍ രാഷ്ട്രീയത്തിനു നിരോധമാണ്. തുടര്‍ന്ന് രഹസ്യമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിക്കുകയായിരുന്നു. പോസ്റ്റര്‍ എഴുതാനുള്ള ചുമതല സാമിനായിരുന്നു. പോസ്റ്ററുകള്‍ മരത്തെ ചുറ്റിപിടിച്ചു മറ്റുള്ളവര്‍ ഒട്ടിക്കുന്നത് കണ്ടപ്പോള്‍ സാമിന്‍െറ മനസ്സില്‍ കവിത പിറവിയെടുത്തു. നിരന്തരം കെട്ടിപ്പിടിക്കുന്ന ആളോട് മരത്തിനു പ്രണയം ഉണ്ടാകുമല്ലോയെന്ന ആശയമാണ് ഇന്ന് കേരളം പാടുന്ന ‘സഖാവി’ലെത്തിയത്. ഇത് കവിതകളായി കുറിച്ചിടുമ്പോള്‍ മനസ്സില്‍ മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു ഈ യുവകവിക്ക്. പ്രണയം തോന്നിയ പെണ്‍കുട്ടിക്കു കൊടുക്കാനാണ് കവിത എഴുതിയത്. എന്നാല്‍, സി.എം.എസിന്‍െറ പച്ചപ്പു നിറഞ്ഞ വഴികളിലെവിടെയോ വെച്ച് സാമിന്‍െറ പ്രണയം ആ കുട്ടി തിരിച്ചറിഞ്ഞില്ല. അങ്ങനെ 2012ലെ സി.എം.എസിന്‍െറ കോളജ് മാഗസിനായ ‘ഉയിര്‍പ്പില്‍’ ഇത് അച്ചടിമഷി പുരണ്ടു.
ബിരുദ പഠനത്തിന്‍െറ അവസാന വര്‍ഷം ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് സാം തെരഞ്ഞെടുക്കപ്പെട്ടു. സാം തന്നെ ഇത് ആലപിക്കുകയും അതിന്‍െറ വിഡിയോ വാട്സ്ആപ്പില്‍ ഇടുകയും ചെയ്തു. ഇത് കണ്ടാണ് തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ആര്യ ദയാല്‍ ഇത് ആലപിച്ചത്. ഇതോടെ ഇത് സോഷ്യല്‍ മീഡിയകളില്‍ പാറിപ്പറന്നു. പലരും സ്വന്തം ശബ്ദത്തില്‍ വിഡിയോ ഇടുകയും ചെയ്തു. ‘നാളെയീ പീതപുഷ്പങ്ങള്‍ പൊഴിഞ്ഞിടും പാതയില്‍ നിന്നെ തിരഞ്ഞിറങ്ങും..എന്ന കവിത പാടിയ അഞ്ചാമത്തെയാളാണ് ആര്യ ദയാലെന്ന് സാം പറഞ്ഞു. ആര്യ കവിത ചൊല്ലുന്നതു കേട്ടപ്പോള്‍ ഒരുപാടു സന്തോഷം തോന്നി. നന്ദി പറഞ്ഞ് ആര്യക്ക് മെസേജ് അയച്ചിരുന്നു. ആര്യയും വിളിച്ചിരുന്നു. നേരിട്ടു കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ കേട്ടതും ആര്യ ചൊല്ലിയപ്പോഴാണ്.
കവിതക്കൊപ്പം സിനിമമോഹവും ഈ യുവാവ് കൊണ്ടു നടക്കുന്നുണ്ട്. തിരക്കഥാകൃത്ത് വിപിന്‍ ചന്ദ്രന്‍ അധ്യപകനായിരുന്നു. അദ്ദേഹത്തിന്‍െറ കൂടി സഹായത്തോടെ പഠനത്തിനിടക്ക് രണ്ടു സിനിമയില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. എന്നാല്‍, പഠനം മുടങ്ങുമെന്നതിനാല്‍ അത് തുടര്‍ന്നില്ല. പഠനം പൂര്‍ത്തിയായാല്‍ സിനിമ മേഖലയിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹം. എട്ടാം ക്ലാസ് മുതലാണ് സാം കവിതയെഴുതി തുടങ്ങുന്നത്. നൂറിലേറെ കവിതകള്‍ ഏഴുതിയിട്ടുണ്ട്. 2012ലെ എം.ജി സര്‍വകലാശാല കലോത്സവത്തില്‍ കവിതാരചനയില്‍ എ ഗ്രേഡും ലഭിച്ചിരുന്നു. വടവാതൂര്‍ തേമ്പ്രവില്‍കടവ് അറയ്ക്കല്‍പറമ്പില്‍ വി.ജെ. ഡേവിഡിന്‍െറയും സൂസന്‍െറയും മകനാണ്. സഹോദരന്‍ സിനീഷ് കീബോര്‍ഡ് ആര്‍ട്ടിസ്റ്റാണ്.
കവിതയുടെ പിതൃത്വത്തെച്ചൊല്ലി വീണ്ടും തര്‍ക്കം
സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ‘സഖാവ്’ എന്ന കവിതയുടെ പിതൃത്വത്തെച്ചൊല്ലി വീണ്ടും തര്‍ക്കം. പാലക്കാട് സ്വദേശിയായ പ്രതീക്ഷ ശിവദാസാണ് ഫേസ്ബുക്കിലൂടെ തുറന്ന കത്തുമായി കവിതയുടെ സ്രഷ്ടാവ് താനാണെന്ന അവകാശവാദം ഉന്നയിച്ചത്. ഇതോടെ ഇരുചേരിയിലായി നിന്ന എസ്.എഫ്.ഐക്കാര്‍ ഇതിനെച്ചൊല്ലിയും ഏറ്റുമുട്ടാന്‍ തുടങ്ങിയിരിക്കുകയാണ്. ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍ പഠിച്ചിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന നിഖിലിന്‍െറ സഹോദരി പ്രതീക്ഷ എഴുതിയതാണ് കവിതയെന്ന് വ്യക്തമാക്കി എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഫേസ്ബുക്കില്‍ ആദ്യം രംഗത്ത് എത്തിയത്. കവിതയില്‍ പരാമര്‍ശിക്കപ്പെട്ട പീതപുഷ്പങ്ങള്‍ കൊഴിക്കുന്ന ഒറ്റപ്പാലം എന്‍.എസ്.എസിലെ പൂമരത്തിന്‍െറ ചിത്രവും ഒപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് താന്‍ എഴുതിയ കവിതയാണെന്ന് കത്തിലൂടെ വ്യക്തമാക്കി പ്രതീക്ഷ ശിവദാസ് രംഗത്തുവന്നത്. വന്നതല്ല, വരേണ്ടി വന്നതാണ്, വരുത്തിപ്പിച്ചതാണെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. ഏട്ടന്‍െറ എസ്.എഫ്.ഐ സ്റ്റുഡന്‍റ് മാസികയില്‍ നിന്ന് വിലാസം നോക്കി ഞാനെന്ന് എന്‍െറ കവിത അവര്‍ക്ക് അയച്ചു നല്‍കിയിരുന്നു. എന്നാല്‍, എന്‍െറ കവിത പ്രസിദ്ധീകരിച്ചില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം, ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ മറുപടി പറയാനില്ലെന്ന് സാം പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. ഉടന്‍ വക്കീല്‍ നോട്ടീസ് അയക്കും. ഞാനെഴുതിയ നിരവധി കവിതകളില്‍ ഒന്നുമാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
സഖാവ്
നാളെയീ പീതപുഷ്പങ്ങള്‍ കൊഴിഞ്ഞിടും
പാതയില്‍ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായി സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ?
എന്‍െറ ചില്ലയില്‍ വെയിലിറങ്ങുമ്പോള്‍
എന്തുകൊണ്ടോ പൊള്ളിടുന്നിപ്പോള്‍
താഴെ നീയുണ്ടായിരുന്നപ്പോള്‍
ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്‍െറ ചങ്കുപിളര്‍ക്കുന്ന മുദ്രാ-
വാക്യമില്ലാത്ത മണ്ണില്‍ മടുത്തു ഞാന്‍
എത്ര കാലങ്ങളായി ഞാനീയിട-
ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയി
നിന്‍െറ കൈപ്പട നെഞ്ചില്‍ പടര്‍ന്നനാള്‍
എന്‍െറ വേരില്‍ പൊടിഞ്ഞൂ വസന്തം,
നീ തനിച്ചിരിക്കാറുള്ളിടത്തെന്‍െറ
പെയ്ത പുഷ്പങ്ങള്‍ ആറിക്കിടക്കുന്നു
കാരിരുമ്പഴിക്കുള്ളില്‍ കിടന്നു നീ
എന്‍െറ പൂവിന്‍ ഗന്ധം കുടിക്കണം..
നിന്‍െറ ചോരക്കണങ്ങളാണെന്നില്‍
പീതപുഷ്പങ്ങളൊക്കെ തൊടുത്തതും....
ആയുധങ്ങളാണല്ലോ സഖാവേ
നിന്‍െറ ചോര ചൂടാന്‍ കാത്തിരുന്നത്....
തോരണങ്ങളില്‍ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങള്‍ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നും സഖാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാന്‍
വരും ജന്മമുണ്ടെങ്കിലീ പൂമരം
നിന്‍െറ ചങ്കിലെ പെണ്ണായി പിറന്നിടും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.