മരണകാരണം തേടുന്ന പോസ്റ്റ്മോര്‍ട്ടം ടേബ്ളുകളുടെ മുന്നില്‍നിന്നിറങ്ങി വന്നാല്‍ പിന്നെ ഈ ഡോക്ടര്‍ അണിയുന്നത് മറ്റൊരു കോട്ടാണ്. പക്ഷി, പാമ്പ് നിരീക്ഷകന്‍റെ കോട്ട്. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മെഡിസിനിലെ (പോസ്റ്റ്മോര്‍ട്ടം വിഭാഗം) ലെക്ചറര്‍ ഡോ. പി.എസ്. ജിനേഷാണ് നീരീക്ഷണ ലോകത്തെ വ്യത്യസ്ത കാഴ്ചയാകുന്നത്. പഠനത്തിനിടെ 2012ല്‍ സഹോദരി ജിഷ സമ്മാനമായി നല്‍കിയ കാനോണ്‍ കാമറയിലാണ് ആദ്യമായി പക്ഷികളുടെ ചിത്രങ്ങള്‍ പകര്‍ത്തിത്തുടങ്ങിയത്. കുട്ടിക്കാലം മുതല്‍ കാടും പ്രകൃതിയുമൊക്കെ ഇഷ്ടപ്പെടമായിരുന്ന ജിനേഷിനെ സഹധര്‍മണി ഡോ. റാണിയും മനസിലാക്കി.
കോട്ടയം കാരിത്താസ് ആശുപത്രിയിലെ കുട്ടികളുടെ മാനസിക ആരോഗ്യ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ പക്ഷി-പാമ്പ് നിരീക്ഷണത്തിന് ഭര്‍ത്താവിനെ പ്രോത്സാഹിപ്പിച്ചു. സഹായത്തിനായി ഫോറന്‍സിക് വിഭാഗത്തിലെ തന്നെ ഡോക്ടര്‍ ദീപു, സുഹൃത്തുക്കളായ പ്രശാന്ത് നാരായണന്‍, ടോംസ് അഗസ്റ്റിന്‍, ബാദുഷ്, ബിജോയ്, സന്ദീപ് സജിന്‍, അനീഷ് തുടങ്ങിയവരുമുണ്ട്. 2015ല്‍ ഏഴ് അപൂര്‍വയിനം പക്ഷികളെ കണ്ടെത്തുന്നതില്‍ ഡോ. ജിനീഷിന്‍റെ സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. പക്ഷിയെ കണ്ടെത്തിയാല്‍ അതിന്‍റെ നിറം, പറക്കല്‍, വലുപ്പം എന്നിവയടക്കമുള്ള മുഴുവന്‍ വിവരങ്ങളും യൂറോപ്യന്‍ പക്ഷി നിരീക്ഷകര്‍ക്ക് അയച്ചുകൊടുത്ത് മറുപടി ലഭിച്ചശേഷമേ ഒൗദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ.
കേരളത്തിലെ പക്ഷി നിരീക്ഷകര്‍ക്കായി ഓണ്‍ലൈന്‍ കൂട്ടായ്മയായ ‘ബേര്‍ഡ് വാച്ചേഴ്സ് ഓഫ് കേരള’ എന്ന ഫേസ്ബുക് ഗ്രൂപ്പിന് ഇവര്‍ തുടക്കം കുറിച്ചു. അതിന്‍െറ അഡ്മിന്‍മാരില്‍ ഒരാള്‍ കൂടിയാണ് ഡോ. ജിനീഷ്. കേരളത്തിലെ പക്ഷി നിരീക്ഷകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പക്ഷികളെ തിരിച്ചറിയാന്‍ സഹായിക്കാനും സംവദിക്കാനുമുള്ള വേദി കൂടിയാണിത്. 16700ല്‍ അധികം അംഗങ്ങളുണ്ട് ഈ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍. കേരളത്തിലെ പക്ഷികളുടെ സമഗ്രവിവരങ്ങള്‍ ലഭിക്കുന്ന ആദ്യ വെബ്സൈറ്റ് ആയ ‘ബേര്‍ഡര്‍ ഇന്‍’ 2015 ഡിസംബര്‍ ആദ്യവാരത്തില്‍ നവീന്‍ ലാല്‍ പയ്യേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ചപ്പോള്‍ അതിന്‍റെ പ്രോജക്ടിലും ഡോ. ജിനേഷിന് നിര്‍ണായ പങ്കുണ്ടായി. കേരളത്തില്‍ ഇന്നേവരെ കണ്ടിട്ടുള്ള 500ല്‍ അധികം പക്ഷികളുടെ മനോഹര ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സൈറ്റാണ് ഇത്. ഡോക്ടറുടെ കൂടി ശ്രമഫലമായാണ് കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗത്തില്‍ കേരളത്തിലെ പാമ്പുകളുടെ ചിത്രശാല ഒരുക്കിയത്.
അതോടൊപ്പം ഉമേഷ് ഡേവിഡ് രാജു, സന്ദീപ് ഭാസ്, ജോസ്, ലൂയിസ്, രാജ്കുമാര്‍, ഹരികൃഷ്ണന്‍ എന്നിവരോടൊത്ത് ‘കേരളത്തിലെ പാമ്പുകള്‍’ എന്ന ഫേസ്ബുക് കൂട്ടായ്മക്കും രൂപം നല്‍കിയിട്ടുണ്ട്. പാമ്പു കളെ തിരിച്ചറിയാനും അവയുടെ വിഷം, പ്രഥമശുശ്രൂഷ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള വേദിയാണിത്. കൂടാതെ ഡോക്ടര്‍മാരായ കെ.കെ. പുരുഷോത്തമന്‍, എസ്. ദീപു, ജോബി പോള്‍ എന്നിവരെയും പാമ്പുകളെ തിരിച്ചറിയുന്നതില്‍ പ്രഗൽഭരായവരെയും ഉള്‍പ്പെടുത്തി ഒരു വാട്സ് ആപ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.