???????????- ???? ??????????? ???

പ്രാര്‍ഥനകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ അവള്‍ ഭൂമിയിലേക്കു വരുന്നത് മരുന്നുകളുടെയും ഫിനോയിലിന്‍റെയും മണം നിറഞ്ഞ ആശുപത്രി കിടക്കിയിലേക്ക് ആവരുതെന്ന് അവര്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഗര്‍ഭപാത്രത്തില്‍ നിന്ന് ഗൗസിട്ട കൈകളിലേക്കും തുടര്‍ന്ന് കോട്ടണ്‍ തുണിയിലേക്കും മാറി കിടക്കേണ്ടി വന്നില്ല, പൊക്കിള്‍കൊടി ബന്ധം പിരിയാതെ അവള്‍ അമ്മയുടെ വയറില്‍ കമഴ്ന്നു കിടന്നു. ഗര്‍ഭപാത്രത്തിനകത്തെ അതേ ചൂടിലെന്ന പോലെ അവള്‍ കൈകാലുകള്‍ അനക്കി കരഞ്ഞു, ചിരിച്ചു, സ്വസ്ഥമായി ഉറങ്ങി. അവളുടെ കുഞ്ഞു കരച്ചിലില്‍ ഒരു രാത്രി മുഴുവന്‍ സഹിച്ച വേദന അമ്മ മറന്നിരുന്നു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്ക് സമീപം തിരുവേഗപ്പുറ എന്ന കൊച്ചുഗ്രാമത്തില്‍ താമസമാക്കിയ ഉണ്ണികൃഷ്ണന്‍-ശോഭ ദമ്പതികളാണ് മൂന്നു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കണ്‍മണിയെ ആദ്യം കാണുന്നത് വീട്ടില്‍ വെച്ചു തന്നെയാവണമെന്ന തീരുമാനമെടുത്തത്. പിറവി എന്നത് പ്രകൃതിയുടെ വരദാനമാണെന്നും ഗര്‍ഭധാരണവും പ്രസവവും ഒരസുഖമല്ലെന്നും തിരിച്ചറിഞ്ഞ ദമ്പതിമാര്‍ ആശുപത്രിയും മരുന്നും ഗര്‍ഭകാല ശുശ്രൂഷയുമെല്ലാം നിഘണ്ടുവില്‍ നിന്നും മായ്ച്ചുകളഞ്ഞു. വയലിലെ പണിക്കിടെ പോയി പ്രസവിച്ച അമ്മമാരെയും ഏതു പാതിരാവിലും ചൂട്ടുകത്തിച്ച് പേറ്റുനോവെടുക്കുന്ന ഗര്‍ഭിണികളെ സഹായിക്കാനെത്തുന്ന  മാറ്റിച്ചിമാരെയും  മറന്ന കാലത്ത് സ്വന്തം വീട്ടില്‍ വൈദ്യ സഹായമില്ലാതെ പ്രസവിക്കുകയെന്നത് പുതുമ തന്നെയാണ്. അതും അണ്ഡാശയത്തിലെ സിസ്റ്റ്  കാരണം ഗര്‍ഭധാരണം നടക്കാതെ ടെസ്റ്റ് ട്യൂബ് ശിശുവെന്ന (ഐ.വി.എഫ്) വന്ധ്യതാ ചികിത്സവരെ പരീക്ഷിച്ച് നിരാശരായവര്‍. 

തിരുവേഗപ്പുറ ജി.യു.പി സ്കൂളിലെ സംസ്കൃത അധ്യാപികയായ ശോഭയും റെവന്യൂ വകുപ്പില്‍ അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫീസ് അസിസ്റ്റന്‍റായ ഉണ്ണികൃഷ്ണനും 2012ലാണ് വിവാഹിതരായത്. ഏതു ദമ്പതിമാരെ പോലെയും സന്തോഷം നിറഞ്ഞ ജീവിതം. പക്ഷെ, സന്തോഷങ്ങള്‍ക്കിടയിലും ആര്‍ത്തവദിനങ്ങള്‍ ഒരു പേടിസ്വപ്നമായിരുന്നു ശോഭക്ക്. കണ്ണില്‍ ഇരുട്ടുപടര്‍ത്തുന്ന വേദനയുമായാണ് ആ ദിനങ്ങള്‍ തള്ളിനീക്കിയത്. പല മാസങ്ങളിലും വേദനസംഹാരികളും തളര്‍ച്ചക്ക് ഗ്ലൂക്കോസ് ഡ്രിപ്പുമായി ആശുപത്രി വാര്‍ഡുകളിലും കഴിയേണ്ടി വന്നു. എന്‍ഡോമെട്രിയല്‍ സിസ്റ്റ് അഥവ അണ്ഡാശയത്തിലെ നീരു നിറഞ്ഞ ചെറുമുഴകളാണ് ഇതിനു കാരണമെന്ന് വിശദമായ വൈദ്യപരിശോധനകളില്‍ നിന്നും മനസിലാക്കി. മരുന്നുകള്‍ പലതും ഫലം നല്‍കാതെ വന്നപ്പോള്‍ 2011 ഡിസംബറില്‍ മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ  ആശുപത്രിയില്‍വെച്ച് താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് വിധേയയായി. അസുഖങ്ങളും വേദനയൊന്നുമല്ല അവരെ അലട്ടിയിരുന്നത്, ഇതു മൂലം ഗര്‍ഭധാരണം നടക്കാന്‍ ബുദ്ധിമുണ്ടാണെന്ന സത്യമായിരുന്നു. എന്‍ഡോമെട്രിയല്‍ സിസ്റ്റിനൊപ്പം തൈറോയിഡ് പ്രശ്നവും ശോഭക്കുണ്ടെന്ന് പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ശോഭയുടെ അസുഖങ്ങളോടൊപ്പം ഉണ്ണികൃഷ്ണന്‍റെ ബീജങ്ങളുടെ എണ്ണത്തിലുള്ള കുറവും ഒരു കുഞ്ഞെന്ന സ്വപ്നത്തിന് തടസം നിന്നു. 

ഉണ്ണികൃഷ്ണനും ശോഭയും
 

‘വന്ധ്യതാ നിവാരണ ചികിത്സയില്‍ കേരളത്തിലെ ഏറ്റവും മിച്ചതെന്ന് അവകാശപ്പെടുന്ന ആശുപത്രിയിലാണ് ശോഭയെ ചികിത്സിച്ചിരുന്നത്. അതിനാല്‍ വന്ധ്യതാ ചികിത്സയും അവിടെതന്നെ നടത്താന്‍ തീരുമാനിച്ചു. ഇവിടെയുള്ള പ്രമുഖരായ ഡോക്ടര്‍മാരുടെ കീഴില്‍ മാസങ്ങളോളം ചികിത്സ നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ശോഭയുടെ അസുഖം പ്രസവത്തോടെ കുറയുമെന്ന് അവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും, ഗര്‍ഭധാരണം നടന്നില്ല. പിന്നീട് കൂട്ടുകാരുടെയും ബന്ധുക്കളുടെയും നിര്‍ദേശ പ്രകാരം കൊടുങ്ങല്ലൂരിലുള്ള മറ്റൊരു ക്ലിനിക്കിലെത്തി. പരിശോധനകള്‍ക്ക് ശേഷം അവര്‍ പോസിറ്റീവായ മറുപടിയാണ് നല്‍കിയത്. എന്നാല്‍, ശോഭയുടെ അണ്ഡം വേണ്ടത്ര ഗുണമുള്ളതല്ലെന്നും നല്ല അണ്ഡങ്ങളുണ്ടായാല്‍ മാത്രമേ ഐ.വി.എഫ് വിജയിക്കയുള്ളൂ എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആദ്യഘട്ട ചികിത്സ നല്ല അണ്ഡം ലഭിക്കനുള്ളതായിരുന്നു.

പല തവണകളായി രണ്ടു ലക്ഷം രൂപയോളം വില വരുന്ന മരുന്നുകളാണ് ശോഭക്ക് കുത്തിവെച്ചത്. വിചാരിച്ചതിലേറെ കാശ് ചെലവഴിച്ചു. കുഞ്ഞിനു വേണ്ടിയായതിനാല്‍  അതൊരു ബാധ്യതയായി തോന്നിയതേയില്ല. വിശദമായ പരിശോധനക്കു ശേഷം ശോഭയില്‍ ഗുണമുള്ള അണ്ഡോല്‍പാദം നടക്കുന്നുണ്ടെന്നും ബീജത്തില്‍ മതിയായ കൗണ്ട് ഉണ്ടെന്നും അറിയിക്കുകയും ഐ.വി.എഫ് നടത്തുകയും ചെയ്തു. ബീജ സങ്കലനത്തിലൂടെ ഏഴ് ഭ്രൂണങ്ങളാണ് ഫ്രീസ് ചെയ്തത്. എന്നാല്‍, അത് ഗര്‍ഭപാത്രത്തിലേക്ക് മാറ്റിസ്ഥാപിക്കേണ്ട ദിവസമാപ്പോഴേക്കും അഞ്ചും മോശമായിരുന്നു. അതുകൊണ്ട് രണ്ടു ഭ്രൂണങ്ങളാണ് ചികിത്സക്കായി ഉപയോഗിച്ചത്. ഞങ്ങള്‍ക്ക് നൂറു ശതമാനം പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, ഒമ്പതു ദിവസത്തിനു ശേഷം നടത്തിയ ടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. മൂന്നു വര്‍ഷത്തെ ചികിത്സക്കായി അതുവരെയുള്ള സമ്പാദ്യമെല്ലാം തീര്‍ത്തു. ശോഭയും ഞാനും മാനസികമായും തളര്‍ന്നിരുന്നു.’’- കുഞ്ഞുടുപ്പിട്ട് സ്വപ്നം കണ്ടുറങ്ങുന്ന മകളെ നോക്കി ഉണ്ണികൃഷ്ണന്‍ പുഞ്ചിരിച്ചു. 

‘‘പ്രകൃതി ജീവനത്തെ കുറിച്ച് ഒരറിവുണ്ടായിരുന്നു. മാനസികമായും ശാരീരികമായും ഉന്മേഷം വേണമെന്നു തോന്നിയപ്പോഴാണ് തിരൂരിലെ ഗാന്ധിയന്‍ പ്രകൃതി ജീവന കേന്ദ്രത്തില്‍ പോയി പ്രകൃതി ജീവനം ക്ലാസില്‍ പങ്കെടുത്തത്. മരുന്നുകളെയും മാനസിക സംഘര്‍ഷങ്ങളെയും മാറ്റി നിര്‍ത്തുകയാണ് ആദ്യം ചെയ്തത്. ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാറ്റം വരുത്തി. 2014 ഫെബ്രുവരിയില്‍ ശോഭ ഗര്‍ഭിണിയാണെന്നറിഞ്ഞു. ഞങ്ങളുടെ സ്വപ്ന സാക്ഷാത്കാരം, അതിനായി ഏറ്റവും നല്ല മാര്‍ഗത്തിലൂടെ മുന്നോട്ടു പോകണമെന്നും അന്നുതന്നെ തീരുമാനിച്ചിരുന്നു.’’

മകളുമായി ശോഭയും ഉണ്ണികൃഷ്ണനും
 


പ്രകൃതിയിലലിഞ്ഞ് ഗര്‍ഭകാലം

ഇരുമ്പുസത്ത് ഗുളികകളോ, വൈറ്റമിന്‍ പൗഡറുകളോ ഇല്ലാത്ത ഗര്‍ഭകാലമായിരുന്നു ശോഭയുടേത്. മാസന്തോറുമുള്ള പരിശോധനകളും സ്കാനിങ്ങും ഒഴിവാക്കി. തികച്ചും പ്രകൃതിയെ കൂട്ടുപിടിച്ച ഗര്‍ഭകാലം.‘‘ ഗര്‍ഭമുണ്ടെന്നറിഞ്ഞതു മുതല്‍ രണ്ടു പേര്‍ക്കുള്ള ഭക്ഷണം കഴിപ്പിക്കുന്ന പതിവാണല്ലോ ഉള്ളത്. അത് ഒഴിവാക്കുകയാണ് ആദ്യം ചെയ്തത്. തവിടുകളയാത്ത അരിയും ജൈവ പച്ചക്കറികളും പഴങ്ങളുമാണ് ഭക്ഷണത്തിനായി തെരഞ്ഞെടുത്തത്. ബേക്കറി പലഹാരങ്ങളും കളര്‍ ചേര്‍ത്തതും എണ്ണയില്‍ പൊരിച്ചതുമായ ഭക്ഷണങ്ങളെല്ലാം തന്നെ ഉപേക്ഷിച്ചിരുന്നു. ക്ഷീണം തോന്നുമ്പോള്‍ മാത്രം വിശ്രമിക്കുകയും അല്ലാത്ത ദിവസം ജോലിക്ക് പോവുകയും ചെയ്തു. ശാരീരികമായി ബുദ്ധിമുട്ടുള്ള ദിവസങ്ങളില്‍ ഭക്ഷണമൊഴിവാക്കി ഇളനീര്  മാത്രം കുടിച്ചു. അവസാന മാസങ്ങളില്‍ വേവിച്ച ഭക്ഷണം പൂര്‍ണമായും ഒഴിവാക്കി, പഴങ്ങളും ഇളനീരും മാത്രമാണ് കഴിച്ചത്.  ഭക്ഷണ ക്രമീകരണം മൂലം ചിലപ്പോഴെക്കെ ബുദ്ധിമുട്ടുണ്ടായി. എന്നാലും അതില്‍ തന്നെ ഉറച്ചു നിന്നു. ഒമ്പതാം മാസമാണ് പ്രസവാവധി എടുത്ത് വിശ്രമിക്കാന്‍ തുടങ്ങിയത്. കുഞ്ഞുമായി ഞങ്ങള്‍ അത്രയും ആത്മബന്ധത്തിലായതിനാല്‍ ഒരുവിധത്തിലുള്ള ആശങ്കയുമുണ്ടായിരുന്നില്ല. എന്നാല്‍, ബന്ധുക്കള്‍ക്ക് പേടിയായിരുന്നു. ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനു പിന്നില്‍ ആലപ്പുഴക്കാരായ ഹിലാല്‍-ബിജി ദമ്പതികളുടെ മാനസിക പിന്തുണയായിരുന്നു. ജൈവ കര്‍ഷകനായ ഹിലാലിന്‍റെ ഭാര്യ ബിജി നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചത് വീട്ടില്‍വെച്ചായിരുന്നു. പ്രസവസമയത്തും ബിജി ചേച്ചിയാണ് സഹായത്തിനെത്തിയത്’’... ശോഭയുടെ വാക്കുകള്‍.

പ്രസവം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് രാത്രി ഇടനോവ് വന്നു. ബിജി ചേച്ചിയെ വിളിച്ചെങ്കിലും അത് പ്രസവ ലക്ഷണമല്ലെന്നായിരുന്നു മറുപടി. നവംബര്‍ 10ാം തീയതി ചൊവ്വാഴ്ച രാത്രിയാണ് പ്രസവവേദന തുടങ്ങിയത്. ഉടന്‍ ബിജി ചേച്ചിയെ വിളിച്ചു. അന്ന് രാത്രി മുഴുവന്‍ വേദനയുണ്ടായിരുന്നു. മുതിര്‍ന്ന സഹോദരി കൂടെയുണ്ടായിരുന്നു.  ബുധനാഴ്ച രാവിലെ 11.30ഓടെ പ്രസവം നടന്നു. അമിനോട്ടിക് ഫ്ലൂയിഡ് കുറവായതിനാല്‍ കുഞ്ഞ് ഇറങ്ങിവരാനൊക്കൊ കുറച്ച് സമയമെടുത്തു. പൊക്കിള്‍കൊടിയും നീളക്കുറവായിരുന്നു. എന്നാലും പേടി തോന്നിയില്ല. അവള്‍ മിടുക്കിയായിരുന്നു. പ്രസവത്തോടെ നല്ല രക്തസ്രാവമുണ്ടായി. കുഞ്ഞ് വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മറുപിള്ള പുറത്തേക്കു വന്നില്ല. ഭര്‍ത്താവിന് പേടി തോന്നിയിരുന്നു. രാത്രിയിലെ ഉറക്കചടവും രക്തസ്രാവവും മൂലം ശരീരം ക്ഷീണിച്ചിരുന്നു. അറിയാതെ ഞാന്‍ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോഴേക്കും രക്തസ്രാവം കുറഞ്ഞിരുന്നു. എന്നാല്‍, പ്രസവം കഴിഞ്ഞ് 11 മണിക്കൂറിന് ശേഷമാണ് മറുപിള്ള പുറത്തുവന്നത്. എല്ലാം പ്രകൃതിദത്തമായി തന്നെ നടന്നു. പ്രസവ ശുശ്രൂഷക്കും പ്രാധാന്യം നല്‍കുന്നില്ല. ലീവുള്ളതിനാല്‍ കുറച്ചു മാസം ഇനി മോളോടൊപ്പം ചെലവഴിക്കണം. ഞങ്ങളുടെ സന്തോഷം എത്രയാണെന്നറിയിക്കാന്‍ വയ്യ.’’ മകളെ അണച്ചുപിടിച്ച് ശോഭ പറഞ്ഞു നിര്‍ത്തി. ഇനിയും ഉറക്കം വരുന്നെന്ന മട്ടില്‍ അവള്‍ കോട്ടുവായിട്ടു, കൈകാലുകള്‍ നിവര്‍ത്തി കുഞ്ഞു ശബ്ദത്തില്‍ കരഞ്ഞു. 

ഗര്‍ഭധാരണം മുതല്‍ പ്രസവവും തുടര്‍ന്നുള്ള മാസങ്ങളും ആശുപത്രിയെയും ഡോക്ടര്‍മാരെയും ശരണം പ്രാപിക്കുന്ന വര്‍ത്തമാനകാല സമൂഹം ഒരു പക്ഷെ ഈ സംഭവത്തെ ഇനിയും സംശയത്തോടെ നോക്കാതിരിക്കില്ല. തന്‍െറ ഭാര്യയുടെ/മകളുടെ പ്രസവം ഏറ്റവും മുന്തിയ ആശുപത്രിയിലാവണമെന്നും വിദഗ്ധനായ ഡോക്ടര്‍ തന്നെ കൈകാര്യം ചെയ്യേണമെന്നും അറിയാതെയാണെങ്കിലും വാശിപിടിക്കുന്ന നാം അറിയുന്നുണ്ടോ... ഈ ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങള്‍ ഇത്തരം പൊങ്ങച്ചങ്ങളൊന്നുമില്ലാതെയാണ് പ്രത്യുല്‍പാദനം നടത്തുന്നതെന്ന്...? 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.