കാവില്‍ എന്ന ദേശം കേരളത്തില്‍ ഖാന്‍ കാവിലൂടെ അടയാളപെട്ടു. കാവില്‍ ഇന്ന് നാടകങ്ങളുടെ സ്വന്തം ദേശമാണ്. നാടകത്തെ സ്വപ്നം കണ്ട്, സ്നേഹിച്ച്, കളിച്ചും കണ്ടും നടന്നവരുടെ ഒരു ചെറിയ നാട്ടു ഗ്രാമം. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിലെ കാവുന്തറ കാവില്‍ ദേശപ്പെരുമ ഇന്ന് മലയാള നാടകത്തിന്‍റെ നെറുകില്‍ കൊത്തിവെച്ചത് രണ്ട് പേരാണ്. പ്രദീപ്കുമാര്‍ കാവിലും രമേശ് കാവിലും.
കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ രണ്ട് മികച്ച പുരസ്കാരങ്ങള്‍ കാവില്‍ ദേശത്തെ തേടിയത്തെി. മികച്ച നാടക രചനക്ക് പ്രദീപ്കുമാര്‍ കാവുന്തറയും മികച്ച ഗാന രചനക്ക് രമേശ് കാവിലും പുരസ്കാരത്തിന് അര്‍ഹരായത് കാവില്‍ ദേശത്തിന്‍റെ നാടക പ്പെരുമയുടെ മാറ്റ് കൂട്ടുന്നു. ഇത് ആദ്യമായി അല്ല ഇവരെ തേടി പുരസ്കാരങ്ങള്‍ എത്തുന്നത്. നാടന്‍ പ്പാട്ടുകള്‍ പാടി നടന്ന ഊട് വഴികളില്‍,ഐതിഹ്യങ്ങള്‍ ചേര്‍ത്ത് പിടിക്കുന്ന ഗ്രാമ ഓര്‍മകളില്‍, ആദിമപ്പാട്ടിന്‍റെ ഈണങ്ങളില്‍ മുത്തശ്ശി കഥകളുടെ പഴമയില്‍ ഇവിടെ നാടകങ്ങള്‍ നിറഞ്ഞു,പിറന്നു. നാട്ടുകാര്‍ പ്രാണനെ പോലെ പാട്ടിനെയും നാടകത്തെയും തൊട്ടനുഭവിച്ചു. നാടക അരങ്ങുകള്‍ നാടിന്‍റെ കഥ പറഞ്ഞു. ജീവിതത്തെ അരങ്ങില്‍ തീര്‍ത്തുകൊണ്ട് ഇവിടെ ഒരുപാട് കലാകാരന്‍മാര്‍ അരങ്ങൊഴിഞ്ഞു.
ഒരു കൂട്ടിലെ ഒരേ പക്ഷികള്‍ ആയിരുന്നു പ്രദീപ്കുമാര്‍ കാവുന്തറയും രമേശ് കാവിലും. നാടകത്തെ ഉള്ളറിഞ്ഞ് ജീവിതം അരങ്ങിനും പാട്ടിനും മാറ്റിവെച്ചവര്‍. ഒരേ സമയം നാടകത്തിലേക്ക് കടന്നു വന്നവര്‍. ഒരേ അരങ്ങില്‍ തീക്ഷ്ണ വേദനകള്‍ക്ക് എഴുതിയും പാടിയും കാണികളുടെ മനം കവര്‍ന്നവര്‍. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ നാടകത്തിലേക്ക് അടുപ്പിച്ചവര്‍. കാവില്‍ ദേശം ഇവര്‍ക്കൊപ്പം നാടകം കണ്ടു. അറിഞ്ഞു.
ആറാമത് തവണയാണ് പ്രദീപ്കുമാറിനെ തേടി സംഗീത നാടക അക്കാദമി അവാര്‍ഡ് എത്തുന്നത്. ഖാന്‍ കാവില്‍ നിലയത്തിന്‍റെ ‘ഉത്തരവാദപ്പെട്ട ഉത്തമന്‍’, കോഴിക്കോട് സംഗമത്തിന്‍റെ ‘അരവിന്ദന്‍ സാക്ഷി’, ഖാന്‍ കാവില്‍ നിലയത്തിന്‍റെ ‘കരിങ്കുരങ്ങ്’, ഇരിങ്ങാലക്കുട ദര്‍ശന്‍ കമ്മ്യൂണിക്കേഷന്‍്റെ ‘അച്ഛന്‍ മികച്ച നടന്‍’, ഖാന്‍ കാവില്‍ നിലയത്തിന്‍റെ തന്നെ ‘കരളേ മാപ്പ്’ തുടങ്ങിയവയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച രചനക്ക് പുരസ്കാരം ലഭിച്ച നാടകങ്ങള്‍. ഈ വര്‍ഷം കൊല്ലം ആവിഷ്ക്കാരയുടെ ‘കുഴിയാനകള്‍’ എന്ന നാടകത്തിന്‍െറ രചനക്കാണ് അവാര്‍ഡ്. സിനിമകള്‍ക്കും പ്രദീപ്കുമാര്‍ തിരക്കഥ എഴുതി. ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് കുടുംബം, പുതുമുകങ്ങള്‍ എന്നിവക്ക് തിരക്കഥ എഴുതി. ‘അയാള്‍ ഞാനല്ല’ എന്ന സിനിമയുടെ സംഭാഷണം എഴുതിയതും പ്രദീപാണ്. ആകാശവാണി നാടകോല്‍സവങ്ങളില്‍ നാടകങ്ങള്‍ ചെയ്തു. സംസ്ഥാന കലോത്സവങ്ങളില്‍ നിരവധി തവണ പ്രദീപ് കുമാറിന്‍റെ നാടകങ്ങള്‍ സമ്മാനം നേടി.
സ്കൂള്‍ സമയത്ത് തന്നെ നാടകം കളിച്ചും എഴുതിയും തുടങ്ങിയിരുന്നു പ്രദീപ്. വാകയാട് ഒന്‍പതില്‍ പഠിക്കുമ്പോള്‍ നടുവണ്ണൂര്‍ സ്കൂളില്‍ നാടകം പഠിപ്പിച്ചു. അന്ന് മുതലേ നാട്ടിന്‍പുറത്തെ നാടകങ്ങള്‍ കണ്ടും ഇഷ്ടപ്പെട്ടും വളര്‍ന്നു. അന്ന് തുടങ്ങിയ നാടകയാത്ര ഇപ്പോഴും തുടരുന്നു. സത്യന്‍ നടുവണ്ണൂര്‍ ആണ് നാടകത്തില്‍ കൊണ്ട് വന്നത്. അക്കാലത്ത് കാവില്‍ പി. മാധവന്‍റെ നാടകത്തിലും അഭിനയിച്ചു. നോവേറുന്ന കാഴ്ചകളാണ് പ്രദീപ് അരങ്ങിലത്തെിക്കുന്നത്. നാടന്‍ കഥാപാത്രങ്ങള്‍ അരങ്ങില്‍ നിറയുമ്പോള്‍ നാടിന്‍റെ ഹൃദയം നാടകത്തോടൊപ്പം സഞ്ചരിക്കും എന്ന് പ്രദീപ് പറയുന്നു. ഏറ്റവും പുതിയ ‘കുഴിയാന’കളില്‍ പരമ്പരാഗതമായി മലയാളി തുടര്‍ന്ന് പോന്ന എല്ലാ കുടുംബ ബന്ധങ്ങളെയും പൊളിക്കുന്ന സീരിയല്‍ കഥകളെ തുറന്ന് കാട്ടുകയാണ് ചെയ്യുന്നത്. റേറ്റിംഗ് കൂട്ടാന്‍ കഥയില്‍ മാറ്റം വരുത്തി കുടുംബം എന്ന സങ്കല്പത്തെ തന്നെ അട്ടിമറിക്കുന്ന അവിഹിത ബന്ധങ്ങളുടെ പരമ്പരകളില്‍ മലയാളി വീടകങ്ങളില്‍ വീണ്ടുംവീണ്ടും സംശയ രോഗി ആവുന്നു. സീരിയല്‍ കണ്ടു കണ്ട് സ്ത്രീകള്‍ അവരോട് താദാത്മ്യം പ്രാപിക്കുന്നു എന്ന ആശങ്കയും നാടകം പങ്കുവെക്കുന്നു. എന്നും കാലിക വിഷയങ്ങള്‍ ആണ് പ്രദീപ് തന്‍റെ നാടകങ്ങളിലൂടെ മുന്നോട്ട് വെക്കുന്നത്.
സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ഇത് നാലാമത് തവണയാണ് രമേശ് കാവിലിനെ പാട്ടിലൂടെ തേടിയത്തെുന്നത്. 2004 ല്‍ ഇന്നലെകളെ മറക്കരുത്, 2006 ല്‍ അച്ഛന്‍ മികച്ച നടന്‍ , 2012 ല്‍ വിവിധ നാടകങ്ങലിലെ ഗാന രചനകളെ പരിഗണിച്ച് എന്നിങ്ങനെയായിരുന്നു അവാര്‍ഡ്. ഇക്കുറി മാമാങ്കം എന്ന നാടകത്തിലെ ഗാനരചനക്ക് ആണ് പുരസ്കാരം. കോഴിക്കൊട് ജില്ലാ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ മികച്ച നാടകമായി തെരെഞ്ഞുടുക്കപ്പെട്ട ഇവിടെ ഒരു പുഴ ഉണ്ടായിരുന്നുവോ എന്ന നാടകത്തിന്‍റെ രചന നിര്‍വഹിച്ചതും രമേശ് കാവിലാണ്. ഈ നാടകം സംസ്ഥാനത്തും സമ്മാനം നേടിയിരുന്നു. നിരവധി നാടകങ്ങള്‍ കലോത്സവങ്ങള്‍ക്കായി ചെയ്തു. 1986 മുതല്‍ ആകാശവാണിയില്‍ പാട്ടുകള്‍ എഴുതി വരുന്നു. ആകാശവാണിയുടെ അറുപതാം വാര്‍ഷിക ആഘോഷത്തില്‍ നാലു പാട്ടുകള്‍ രമേശ് കാവില്‍ ചെയ്തു. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്വാഗത ഗാനം,മംഗള ഗാനം എന്നിവ ചെയ്തു.സിനിമകളിലും പാട്ടുകള്‍ എഴുതി. സൂപര്‍ ഹിറ്റായ മാണിക്യകല്ല്, ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് കുടുംബം, ഡ്യൂപ്ലിക്കേറ്റ്, മൈ ഗോഡ് തുടങ്ങിയ സിനിമകള്‍ക്കും പാട്ടുകള്‍ എഴുതി. തന്‍റെ 1600 ഓളം പാട്ടുകള്‍ ‘സ്പന്ദന വീണ’ എന്ന പേരില്‍ പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് രമേശ് കാവില്‍. മായാ മാധവം എന്ന ആല്‍ബത്തിലും ഗാന രചന നിര്‍വഹിച്ചു.
ചെറുതും വലുതുമായ 25 ഓളം നാടകങ്ങള്‍ രചിച്ചു. നാട്ടിലെ നാടോടി ശീലുകളും പാട്ടുകളും മുത്തശ്ശി കഥകളുമാണ് തന്നെ നാടകത്തിലേക്കും പാട്ടിലേക്കും പിച്ചനടത്തിച്ചതെന്ന് അദ്ദേഹത്തിന്‍റെ വാക്കുകള്‍. കുട്ടിക്കാലത്ത് വീട്ടില്‍ വരാറുള്ള മതുവമ്മ പാടിയ നാടന്‍ പാട്ടുകള്‍ കൈ പിടിച്ചാണ് പാട്ട് വഴിയെ നടന്നത്. ഓര്‍മകളില്‍ നാട്ടിന്‍ പുറത്തു നിറഞ്ഞ വേദിയില്‍ കളിച്ച ‘കുഞ്ഞാലി മരക്കാര്‍’ എന്ന നാടകം ഇപ്പോഴും ഉണ്ട്. നാട്ടിന്‍പുറവും പച്ചയായ മനുഷ്യരും ആണ് തന്നെ അരങ്ങിലേക്ക് കൈ മാടി വിളിച്ചത്. കെ.ബി പണിക്കര്‍ നാടകത്തിലേക്കും തൊട്ടപ്പുറത്ത് ദാമോദരന്‍ മാസ്റ്റര്‍ പാട്ടിലേക്കും പ്രഭാഷണതിലെക്കും തന്നെ കൈ പിടിച്ച് ഉയര്‍ത്തി. ഇന്നു നിരവധി പ്രഭാഷണ വേദികളില്‍ രമേശ് കാവില്‍ നിറ സാനിധ്യമാണ്.
ഒരു ദേശം ഇവരെ നെഞ്ചേറ്റി. പ്രദീപ് കുമാറിന്‍റെ അവാര്‍ഡ് നാടകങ്ങളില്‍ രമേശ് കാവില്‍ ആണ് ഗാന രചന നിര്‍വഹിച്ചത്. ഇത് തീക്ഷ്ണമായ ഒരു കൂട്ടിന്‍്റെ അടയാളപ്പെടലാണ്. ഒരേ സമയം നാടകത്തില്‍, ഇപ്പോഴും നാടകത്തില്‍ നിറഞ്ഞ് നില്‍ക്കുന്നവര്‍. മനോഹരമായ ഒരു പാട്ടിന്‍റെ ഈരടികള്‍ പോലെ ഇവരുടെ പുരസ്കാര വാര്‍ത്ത കേട്ട് പുളകമണിയുകയാണ് ഒരു ദേശം. ഗ്രാമത്തിന്‍െറ എല്ലാ നന്മകളും ഉള്ള നാടക ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.