??????????????? ????? ????

മൈലാഞ്ചിക്കാറ്റായി വന്ന പാട്ടു ജീവിതം 

നിലമ്പൂര്‍ കോവിലകത്തിന്‍റെ സംഗീത ലോകത്ത് വിരുന്നുകാരിയായി വന്ന ഒരു കൊച്ചു ബാലിക പാട്ടിന്‍റെ വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയതിന്‍റെ കഥയാണ് രഹ്നയുടെ പാട്ടുജീവിതം. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ താമസിക്കുന്ന രഹ്നയുടെ ചെറുപ്പം തന്‍റെ വീടിനടുത്ത്  വിളിപ്പാടകലെയുള്ള കോവിലകത്തിന്‍റെ സംഗീതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കോവിലകത്ത്  കുട്ടികള്‍ സംഗീതം പഠിക്കുമ്പോള്‍ അത് കേള്‍ക്കാന്‍ വന്നിരിക്കുന്ന അയല്‍പക്കത്തെ കുട്ടിയായിരുന്നു രഹ്ന. ആ കേള്‍വി പിന്നീട് സംഗീത പഠനത്തിലേക്കും തുടര്‍ന്ന് സ്കൂള്‍ വേദികളിലേക്കും നീണ്ടു.

ഈ കൊച്ചുഗായികയുടെ ഉള്ളില്‍ ഒളിച്ചിരിക്കുന്ന സ്വരമാധുരി തിരിച്ചറിഞ്ഞ സംഗീതപ്രേമികള്‍ പ്രോത്സാഹനവുമായി രംഗത്ത് വന്നു. അങ്ങനെയാണ് ഒരിക്കലും മതിവരാത്ത മധുരഗാനങ്ങളുടെ മൈലാഞ്ചിയണിഞ്ഞ മാപ്പിളപ്പാട്ടുമായി വന്ന രഹ്ന ഈ രംഗത്തെ പ്രിയഗായികയായി മാറിയത്. ഈ പാട്ടു ജീവിതം കോര്‍ത്തിണക്കിയ ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ ചേര്‍ത്തുവെച്ച ഒരു പുതിയ സംഗീത പരിപാടിക്കു വേണ്ടിയുള്ള പണിപ്പുരയിലാണ് രഹ്ന ഇപ്പോള്‍. കേരളത്തില്‍ അവര്‍ ചേര്‍ന്നു പാടിയ പാട്ടുകളും പാട്ടുകാരും സ്റ്റേജിലെ വീഡിയോ വാളുകളിലും അരങ്ങത്തുമായി അണിനിരക്കുന്ന ഒരു പരിപാടിയാണ് ഇവര്‍ ഒരുക്കുന്നത്. 

മാപ്പിളപ്പാട്ട് ഗായിക രഹ്ന റെക്കോഡിങ് സ്റ്റുഡിയോയിൽ
 

പാട്ടുകാര്‍ ഏറെയുള്ള മാപ്പിളപ്പാട്ട് വേദികളില്‍ സംഗീതത്തിന്‍റെ ശ്രുതിതാളങ്ങള്‍ പഠിച്ചു പാടാന്‍ വന്നവര്‍ ഏറെയില്ലാത്ത ഒരു കാലത്താണ് പഠനംതന്നെ സംഗീതമാക്കി ഒരു മാപ്പിളപ്പെണ്ണ് കര്‍ണാടക സംഗീതം പഠിക്കാന്‍ ഇറങ്ങിത്തിരിച്ചത്. നാടന്‍ ശീലുകളില്‍ മാപ്പിളപ്പാട്ടുകള്‍ പാടിത്തിമിര്‍ക്കുന്ന ഗായക സംഘത്തിനിടയില്‍ രഹ്നയുടെ സംഗീതസാന്ദ്രമായ ശബ്ദം വേറിട്ടുനിന്നു. ചിറ്റൂര്‍ കോളജിലെ രഹ്നയുടെ ബിരുദപഠനം സംഗീതമായി മാറിയതിന് പിറകില്‍ ഉപ്പയുടെ കലാമനസായിരുന്നു. പാട്ടിനെയും സിനിമയെയും സ്നേഹിച്ച പിതാവ് ഷൗക്കത്തലിയുടെ സുഹൃത്തായിരുന്നു കോഴിക്കോടിന്‍റെ എക്കാലത്തെയും പ്രിയഗായയന്‍ എം.എസ്. ബാബുരാജ്. ബാബുരാജുമായുള്ള സ്നേഹ സൗഹൃദത്തിൽ നിന്നാണ്, മകള്‍ക്ക് ഈ കലാമനസ് പിതാവ് കൈമാറിയത്. പിതാവിന്‍റെ ഈ പിന്തുണയാണ് രഹ്നയെ കര്‍ണാട്ടിക് സംഗീതത്തിന്‍റെ നാദസ്വരങ്ങളില്‍ എത്തിച്ചത്. ‘ഓളവും തീരവും’ എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയായിരുന്നു പിതാവ് ഷൗക്കത്തലി. 

ഒരു കോളജ് അധ്യാപികയായി ജോലിക്കു വേണ്ടി സംഗീതം പഠിക്കാനായിരുന്നു രഹ്നയുടെ ആഗ്രഹം. പക്ഷെ, പഠനം കഴിഞ്ഞപ്പോഴേക്കും നല്ലൊരു പാട്ടുകാരിയായി മാറുകയായിരുന്നു ഇവര്‍. അങ്ങനെ കര്‍ണാട്ടിക് സംഗീതത്തില്‍ എം.എ. ബിരുദമെടുത്ത മാപ്പിളപ്പാട്ടിലെ പ്രഥമ ഗായികമായി രഹ്ന അറിയപ്പെട്ടു. ഈ ഒരു പരിഗണനയായിരുന്നു മലയാളത്തില്‍ ആദ്യമായി ആരംഭിച്ച ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ ജൂറിയായി രഹ്നക്ക് ലഭിച്ച അവസരം. മാപ്പിളപ്പാട്ട് രംഗത്ത് ഒരുഘട്ടം കഴിയുമ്പോള്‍ പുതിയ തലമുറകള്‍ വരികയും പോവുകയും ചെയ്യും. ചിലര്‍ ഗ്രൂപ്പുകളായും ഒറ്റക്കും രംഗത്ത് പിടിച്ചുനില്‍ക്കും. ഇവരൊക്കെ മാപ്പിളപ്പാട്ട് ഗായകര്‍ മാത്രമാവും. എന്നാല്‍, രഹ്നയുടെ സ്വരസാന്നിധ്യം മലയാളത്തിനും മാപ്പിളപ്പാട്ടിനും പുറമെ ഹിന്ദി, തമിഴ് ഭാഷകളിലുള്ള ഗാങ്ങൾ കൊണ്ട് എത്രയോ വേദികളെ രസിപ്പിച്ചിട്ടുണ്ട്. ഇതിനകം രണ്ടായിരത്തിലേറെ പാട്ടുകള്‍ ഓഡയോ ആല്‍ബങ്ങള്‍ക്കു വേണ്ടി വിവിധ ഭാഷകളില്‍ രഹ്ന പാടിയിട്ടുണ്ട്. ‘പ്രണയ നിലാവ്’, ‘ദൈവനാമത്തില്‍’ എന്നീ സിനിമകളിലും രഹ്ന പാടിയിട്ടുണ്ട്.

രഹ്ന മീഡിയ വണിന്‍റെ പതിനാലാം രാവ് പരിപാടിയിൽ
 

രാഘവന്‍ മാസ്റ്റര്‍, ദേവരാജന്‍, എം.കെ. അര്‍ജുനന്‍, ദക്ഷിണാമൂര്‍ത്തി, ബേണി ഇഗ്നേഷ്യസ്, കൈതപ്രം തുടങ്ങി മുന്‍നിരയിലെ സംഗീത സംവിധായകരുടെ കരസ്പര്‍ശമേറ്റ ഗാനങ്ങളും ഈ ഗായികയിലൂടെ മലയാളിയെ ഹരം കൊള്ളിച്ചിട്ടുണ്ട്. മാപ്പിളപ്പാട്ട് എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്ത ബാപ്പു വെള്ളിപറമ്പ്, പീര്‍ മുഹമ്മദ് എന്നിവരുടെ കൂടെയാണ് വളര്‍ച്ചയുടെ പടവുകള്‍ കയറിയത്. പാട്ടിന്‍റെ വഴികളില്‍ രഹ്നയെ കൈപിടിച്ചു നടത്തിയവര്‍ ഏറെയുണ്ട്. മഞ്ചേരി അഷ്റഫ്, കെ.വി. അബുട്ടി, കണ്ണൂര്‍ നൗഷാദ്, മുഹ്സിന്‍ കുരിക്കള്‍, കെ.എം. മഞ്ചേരി, ഒ.എം. കരുവാരക്കുണ്ട് ഇവരൊക്കെ ഗുരുതുല്യരായി രഹ്നക്ക് അവസരങ്ങള്‍ ഒരുക്കി.

മൈലാഞ്ചി പൂക്കുന്ന നറുമണം ചൊരിയുന്ന മൊഞ്ചുള്ള പാട്ടുകള്‍ കേള്‍ക്കാനാണ് ഏഴാം കടലിനക്കരെയുള്ള രഹ്നയുടെ സദസുകളിലേക്ക് ഇന്ന് മലയാളി ഓടിയെത്തുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിക്കുന്ന പരിപാടികള്‍ രഹ്നക്കുള്ള അംഗീകാരമാണ്. സംഗീത യാത്രയുടെ തിരക്കിനിടയിലും മീഡിയ വണ്ണിലെ പതിനാലാം രാവിന്‍റെ തുടക്കം മുതല്‍ ജൂറിയായി രഹ്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്.

രഹ്ന മീഡിയ വണിന്‍റെ പതിനാലാം രാവ് പരിപാടിയിൽ
 

മാപ്പിളപ്പാട്ട് മാത്രമല്ല, വിരഹത്തിന്‍റെയും പ്രണയത്തിന്‍റെയും നിലാവുകള്‍ പെയ്തിറങ്ങുന്ന രാവില്‍ കാത്തിരിക്കുന്ന കാമുകിയുടെ ദുഃഖസാന്ദ്രമായ ഈണങ്ങളുമായി വരുന്ന ഗസലുകളും രഹ്നയുടെ സ്വരമാധുരിയിലൂടെ മലയാളി കേട്ടിട്ടുണ്ട്.
ബാപ്പു വെള്ളിപ്പറമ്പ് രചിച്ച 
‘പൂങ്കരളാണെന്‍റെ ബദറുല്‍ മുനീര്‍ 
പൂങ്കനവില്‍ വിരുന്നൂട്ടും നിധി...
എന്ന ഗാനം വിരഹത്തിന്‍റെ ഈണമായി പാടിയത് നിരവധി വേദികളിലാണ്.

ദൂരദര്‍ശനിലും ആകാശവാണിയിലും ലളിതഗാനവും മാപ്പിളപ്പാട്ടും പാടിയതും ഒരു അംഗീകാരമായി രഹ്ന ഓര്‍ക്കുന്നു. നീണ്ട ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ നില്‍ക്കാതെ പെയ്ത സ്വരമഴയില്‍ നിറഞ്ഞ നദിയായി രഹ്ന പാട്ടുമായി ഒഴുകി. ഒരു ആയുസിന്‍റെ കാലഗണനയില്‍ ഇതൊരു നീണ്ട വര്‍ഷമായി. പക്ഷ, പാട്ടിന്‍റെ നിലക്കാത്ത പ്രവാഹവുമായി ഒരു മാപ്പിളപ്പാട്ട് ഗായിക രംഗത്ത് ഇന്നും നിറഞ്ഞു നില്‍ക്കുന്നത് അത്ര ചെറിയ കാര്യമല്ല. മുസ് ലിം കുടുംബ പശ്ചാത്തലത്തിൽ നിന്നും ശാസ്ത്രീയ സംഗീതവുമായി കടന്നുവന്ന ഒരു ഗായികക്ക് മലയാളി നല്‍കിയ അംഗീകാരമായിരുന്നു അവരുടെ പാട്ട് ജീവിതം. ഈ പാട്ടു ജീവിതത്തിന്‍റെ പുതിയ ഒരു അധ്യായം തുടരുകയാണ് ‘മൈലാഞ്ചി കാറ്റ്’ എന്ന പരിപാടിയിലൂടെ. ഈ പരിപാടിയുടെ ആദ്യ സ്റ്റേജ് ഷോ ഡിസംബര്‍ 27ന് പെരിന്തല്‍മണ്ണയിലെ മാധ്യമം നടത്തിയ ഗ്രാന്‍റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ ഗ്രൗണ്ടില്‍ അരങ്ങേറി. ഭര്‍ത്താവ് നവാസിന്‍റെ പിന്തുണയും രഹ്നക്കുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.