അറബി അധ്യാപനത്തില്‍ 29 ആണ്ട്; ഗോപാലിക അന്തര്‍ജനം പടിയിറങ്ങുന്നു

വെട്ടത്തൂര്‍ (മലപ്പുറം): 29 വര്‍ഷം കുരുന്നുകള്‍ക്ക് അറബി ഭാഷയുടെ ആദ്യക്ഷരങ്ങള്‍ പകര്‍ന്നുനല്‍കിയ ഗോപാലിക അന്തര്‍ജനം ഒൗദ്യോഗിക ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നു. മലപ്പുറം മേലാറ്റൂര്‍ ഉപജില്ലയിലെ ചെമ്മാണിയോട് ജി.എല്‍.പി സ്കൂള്‍ അധ്യാപികയായ ഇവര്‍ക്ക് നാട്ടുകാരും സഹപ്രവര്‍ത്തകരും ഊഷ്മള യാത്രയയപ്പ് നല്‍കി. അറബിക് അധ്യാപികയായി ജോലിയില്‍ പ്രവേശിച്ച കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണ സ്ത്രീയായ ഗോപാലിക അന്തര്‍ജനം മാര്‍ച്ച് 31നാണ് വിരമിക്കുന്നത്. ജോലിക്കിടെ കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങളുണ്ടായ ഇവര്‍ക്ക് 1982ല്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്ടെ മാനേജ്മെന്‍റ് സ്കൂളിലാണ് ആദ്യനിയമനം ലഭിച്ചത്.

കുന്നംകുളം ഭട്ടി തെക്കേടത്ത് പരേതനായ നീലകണ്ഠന്‍െറയും ലീല അന്തര്‍ജനത്തിന്‍െറയും മകള്‍ക്ക് അന്ന് പക്ഷേ, അവിടെ ജോലി ചെയ്യാന്‍ സാധിച്ചത് ആറ് ദിവസം മാത്രമായിരുന്നു. ഒരു ബ്രാഹ്മണസ്ത്രീ അറബി പഠിപ്പിക്കുന്നുണ്ടെന്നറിഞ്ഞ് നാട്ടുകാരില്‍ ചിലര്‍ രംഗത്തു വന്നതാണ് പ്രശ്നമായത്. ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ സ്കൂളിലെ ജോലി അവസാനിപ്പിക്കാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടു.

ജീവിതത്തില്‍ ഏറെ ആഗ്രഹിച്ച ജോലിയുപേക്ഷിച്ച് സ്കൂളിന്‍െറ പടിയിറങ്ങുമ്പോള്‍ വെറുതെയിരിക്കാന്‍ തയാറായിരുന്നില്ല അവര്‍. അധ്യാപക ജോലിയില്‍തന്നെ തുടരണമെന്ന താല്‍പര്യത്തില്‍ നിയമത്തിന്‍െറ വഴിക്ക് തിരിഞ്ഞു. സംഭവം വാര്‍ത്തയാവുകയും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയാകുകയും ചെയ്തു. കോടതിയില്‍ സ്പെഷന്‍ കേസ് ഫയല്‍ ചെയ്ത് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നില്ല.

അനുകൂലവിധി പുറപ്പെടുവിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പി.എസ്.സി വഴി 1989ല്‍ വണ്ടൂരിനടുത്ത് തിരുവാലി ജി.എല്‍.പി സ്കൂളില്‍ നിയമനം ലഭിച്ചു. 10 വര്‍ഷമാണ് ഇവിടെ ജോലി ചെയ്തത്. ഇതിനുമുമ്പ് എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് വഴി എടപ്പറ്റ ജി.എല്‍.പി സ്കൂളിലും 1987ല്‍ പാലക്കാട് പെരിങ്ങോട് സ്കൂളിലും പത്തുമാസം ജോലി നോക്കിയിരുന്നു. തിരുവാലിയില്‍നിന്ന് ചെമ്മാണിയോട് സ്കൂളിലെത്തിയ ഗോപാലിക 17 വര്‍ഷത്തോളമായി കുട്ടികളുടെ പ്രിയ അധ്യാപികയാണ്. 

പുതിയൊരു ഭാഷ പഠിച്ച് ജോലി സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ അറബി പഠിക്കാന്‍ കുന്നംകുളത്തെ ട്യൂട്ടോറിയല്‍ കോളജില്‍ ചേരാന്‍ താല്‍പര്യം കാണിച്ചപ്പോള്‍ മാതാപിതാക്കള്‍ അനുവാദം നല്‍കിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. ഭര്‍ത്താവ് ചെമ്മാണിയോട് പനയൂര്‍മന നാരായണന്‍ നമ്പൂതിരി നല്‍കിയ ധൈര്യം പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായകമായി. കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ മേല്‍ശാന്തിക്കാരാണ് ടീച്ചറുടെ കുടുംബം. 1993ല്‍ പുറത്തിറങ്ങിയ 'നാരായം' സിനിമ ഇവരുടെ അധ്യാപനജീവിതത്തെ ആസ്പദമാക്കിയായിരുന്നു.

ലോക അറബി ഭാഷാദിനാചരണത്തിന്‍െറ ഭാഗമായി കഴിഞ്ഞവര്‍ഷം ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ 'ഫാക്വല്‍റ്റി ഓഫ് ലാംഗ്വേജ്' സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ ഇവരെ ആദരിച്ചിരുന്നു. മേലാറ്റൂര്‍ അക്കരക്കുളം ജി.എല്‍.പി സ്കൂള്‍ അധ്യാപകന്‍ സനില്‍കുമാര്‍, അനില (ബംഗളൂരു) എന്നിവരാണ് മക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.