???? ??????????

ഖത്തറിലെ തീച്ചൂടിലുരുകുന്ന ഒരു വൈകുന്നേരം സൂഖ് വാഖിഫിലെത്തപ്പെട്ടു. സൂഖ് വാഖിഫ് എന്നാല്‍ ദോഹയിലെ അതിപുരാതനമായ ഒരറബിച്ചന്ത. പോയ നൂറ്റാണ്ടുകളുടെ തനിമയില്‍ വാര്‍ത്തെടുക്കപ്പെട്ടതും അതിന്‍െറ അംശങ്ങള്‍ അതേരീതിയില്‍ നിലനില്‍ക്കുന്നതുമായ ഒരിടം. പ്രവേശകവാടത്തിന്‍െറ അടുത്ത് ഒരു ഇറാനിയായ വൃദ്ധനിരുന്ന് ഹുക്ക വലിക്കുന്നു. അയാളുടെ മേശപ്പുറത്ത് കപ്പിലെ ചായയില്‍നിന്ന് പുകയുയരുന്നുമുണ്ട്. എതിര്‍ദിശയില്‍നിന്നും ജോലി കഴിഞ്ഞ് വരുന്ന ഫിലിപ്പീന്‍സ് യുവതികള്‍ കോസ്മെറ്റിക് ഷോപ്പിന്‍െറ അകത്തേക്ക് കയറാനൊരുങ്ങുന്നു. പെട്ടെന്ന് മൂന്ന് കുതിരകളുടെ മേല്‍ പരമ്പരാഗത അറബിവേഷം ധരിച്ചവര്‍ പ്രൗഢിയോടെ കടന്നുവരുന്നു. ഖത്തറിലെ കുതിര പൊലീസുകാരാണവര്‍. സൂഖ് വാഖിഫില്‍ തിരക്കുണരുകയാണ്. കൗതുകത്തോടെ നടത്തം തുടരുമ്പോള്‍ ഒരു കടയുടെ മുന്നില്‍ വില്‍ക്കാനിട്ടിരിക്കുന്ന ചെമ്മരിയാടിന്‍െറ തോലുകള്‍. അതിന് അപ്പുറത്ത് ഒരു ചെമ്പുലിയുടെ തിളങ്ങുന്ന രോമക്കുപ്പായം. കൗതുകകരമായ കാഴ്ചകള്‍ കണ്ട് നടക്കുമ്പോഴാണ് പൗരാണികമായ ഒരു ബോര്‍ഡും ഷോപ്പും കണ്ണില്‍പെടുന്നത്. പരമ്പരാഗത മുത്ത് വാരല്‍ തൊഴിലാളി സഅദ് ഇസ്മായിലിന്‍െറ കട. സഅദ് ഇസ്മായിലിനെക്കുറിച്ച് എവിടെയോ വായിച്ചിരുന്നത് പെട്ടെന്ന് ഓര്‍ത്തു. ഖത്തറിലെ മുതിര്‍ന്ന മുത്തുവാരല്‍ തൊഴിലാളി എന്ന നിലയില്‍ പ്രശസ്തനായ, ഖത്തര്‍ ഗവണ്‍മെന്‍റിന്‍െറ ആദരവ് ഏറ്റുവാങ്ങാന്‍ ഭാഗ്യം സിദ്ധിച്ച ആള്‍.

യൗവനകാല ചിത്രം
 


കടല്‍മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങള്‍ നിറഞ്ഞ ആ കടയിലേക്ക് പ്രവേശിക്കുമ്പോള്‍ അദ്ഭുതം തോന്നി. കടല്‍മുത്തുകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ട ഒരിടം. മാലകള്‍, വിവിധ ആഭരണങ്ങള്‍. എന്താണ് വേണ്ടതെന്ന് ജീവനക്കാരന്‍ ചോദിച്ചു. കടയുടമയെ പരിചയപ്പെടുകയാണ് ഉദ്ദേശ്യമെന്നും ഇന്ത്യയില്‍നിന്നുള്ള പത്രപ്രവര്‍ത്തകനാണെന്നും പറഞ്ഞപ്പോള്‍ കടയിലുണ്ടായിരുന്ന യുവാവ് ചിരിച്ചു കൊണ്ട് താന്‍ അസം സ്വദേശിയാണെന്ന് പറഞ്ഞ് കൈനീട്ടി. ഒരു വലിയ ബ്ലാക് ആന്‍ഡ് വൈറ്റ് രേഖാചിത്രത്തിന് താഴെയിരിക്കുകയായിരുന്ന സഅദ് ഇസ്മായില്‍ ആതിഥ്യ മര്യാദയോടെ ഇരിപ്പിടം ചൂണ്ടിക്കാണിച്ച് തന്നു. വിവിധ രാജ്യങ്ങളില്‍നിന്ന് ഖത്തറിലെത്തുന്ന ധാരാളം വിദേശ പത്രലേഖകരും ചാനല്‍ക്കാരും തന്നെ കാണാന്‍ വരാറുണ്ടെന്നും എന്നാല്‍, പ്രസിദ്ധീകരിച്ച പത്ര, മാഗസിനുകളോ, ഷൂട്ട് ചെയ്ത ചാനല്‍ പ്രോഗ്രാമുകളോ പലപ്പോഴും തനിക്ക് കിട്ടാറില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍െറ ആദ്യ പ്രതികരണം. തുടര്‍ന്ന് അദ്ദേഹം തന്നെക്കുറിച്ച് വന്ന പത്രമാഗസിനുകളും മറ്റും കാണിച്ചുതന്നു. അതില്‍ ആ ജീവിതത്തിന്‍െറ അസാധാരണത്വം അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. 81 വയസ് കഴിഞ്ഞ സഅദ് ഇസ്മായില്‍ എന്ന ഖത്തറിന്‍െറ തഴക്കമുള്ള തൊഴിലാളിയുടെ കഥ കേട്ടു തുടങ്ങിയപ്പോള്‍, അതിനും അറബിക്കഥയുടെ ചൂടും ചൂരും ഉണ്ടായിരുന്നു.

കടലില്‍ മുങ്ങി മുത്തെടുത്ത്

ഖത്തര്‍ മണലാരണ്യത്തില്‍നിന്ന് എണ്ണ കണ്ടെടുക്കും മുമ്പുള്ള കാലത്ത് ജീവിതം തുടങ്ങിയ തലമുറയില്‍പെട്ടയാളാണ് സഅദ് ഇസ്മായില്‍. അദ്ദേഹത്തിന്‍െറ ഉള്‍പ്പെടെയുള്ള അന്നത്തെ കുടുംബങ്ങളും ദേശക്കാരുമൊക്കെ അന്ന് വിവിധ പരമ്പരാഗത തൊഴിലുകള്‍ ചെയ്ത് ജീവിച്ചവരാണ്. കാര്‍ഷിക ജീവിതവും ആടുവളര്‍ത്തലും ഒക്കെയായുള്ള ജീവിതകാലം. ഇതില്‍ നല്ലൊരു പങ്ക് ജനങ്ങളും മുത്തുവാരിയും മത്സ്യബന്ധനം നടത്തിയുമാണ് മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നതും. അത്തരത്തിലുള്ളയാളായിരുന്നു അദ്ദേഹവും. കുട്ടിക്കാലം മുതല്‍ക്കെ കടലിലേക്ക് ഊളിയിട്ട് ആഴങ്ങളില്‍ മുങ്ങിത്തപ്പുക ഇദ്ദേഹത്തിന്‍െറ ശീലമായിരുന്നു. അനേകം തൊഴിലാളികള്‍ക്കൊപ്പം ചിപ്പികള്‍ പെറുക്കിയെടുത്ത് അവയുടെ ഉള്ളിലെ മുത്തുകള്‍ ശേഖരിക്കുക അദ്ദേഹത്തിന് വിനോദവും തൊഴിലുമായി  മാറി. കടല്‍മുത്തുകളുടെ ഭംഗിയും മേന്മയും ഒന്നുവേറെയാണ്. ആ മുത്തുകളില്‍ ഏറെ വിലപിടിപ്പുള്ളവയുമുണ്ട്. ആദ്യകാലത്ത് തോണിയിലും പിന്നീട് ബോട്ടിലും ഒക്കെയായാണ് സംഘമായി മുത്തുവാരാനായി കടലിലേക്ക് പോയിരുന്നത്.

സഅദ് ഇസ്മായില്‍ സൂഖ് വാഖിഫിലെ കടയിൽ
 


ഇളകി മറിയുന്ന സമുദ്രത്തിലേക്ക് തോണിയില്‍ കോര്‍ത്ത കയറു കൊണ്ട് സ്വയം ബന്ധിച്ച് കടലിലേക്ക് ഊളിയിട്ടാല്‍ ചിപ്പികളുമായേ പൊങ്ങിവരാറുള്ളൂ. ജീവനോടെയുള്ളതും നല്ല ഭാരമുള്ളതുമായ ചിപ്പികള്‍ കോരിയെടുക്കാനും അവയുമായി കടലിന്‍െറ ഉപരിഭാഗത്തേക്ക് പൊങ്ങിവരാനും ഏറെ വൈദഗ്ധ്യം വേണം. ഈ തഴക്കവും പരിചയവുമാണ് സഅദ് ഇസ്മായിലിനെ ഏറെ പേരുകേട്ട മുങ്ങല്‍ തൊഴിലാളിയാക്കി തീര്‍ത്തത്.  കടലിലേക്കുള്ള യാത്രകള്‍ എല്ലാം സാഹസികമായിരുന്നു. ചിലപ്പോള്‍ ശാന്തമായിരിക്കുന്ന കടല്‍ അപ്രതീക്ഷീതമായി ഭാവം മാറും. പ്രശാന്തത പ്രക്ഷുബ്ധതയിലേക്ക് നയിക്കപ്പെടും. കാറ്റും അലകളും ചേര്‍ന്ന് രൗദ്രത സൃഷ്ടിക്കുകയും ചെയ്യും. പക്ഷേ, കടലിന്‍െറ ഉള്ളറകളില്‍നിന്ന് ഉണ്ടാകുന്ന ഏതേത് കലഹത്തിനോടും മല്ലടിച്ച് വിജയിച്ച കഥകളാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. കരയിലേക്ക് മടങ്ങി വരുമ്പോള്‍ മടിശ്ശീലയില്‍ നിറയെ മുത്തുകളും പവിഴങ്ങളും ആയിരുന്നു. ചാരുതയാര്‍ന്നതും തിളങ്ങുന്നവയും സുഗന്ധം പരത്തുന്നവയും ഒക്കെ അവയില്‍ ഉണ്ടായിരുന്നു. ഓരോ മുത്തിനും ഓരോരോ നിറങ്ങളും.

എതിരാളികളെ മലര്‍ത്തിയടിച്ച  ഫയല്‍വാന്‍

ഖത്തറിലെ ആദ്യകാലത്തെ ഫയല്‍വാന്‍ കൂടിയാണ് ഇദ്ദേഹം. എതിരാളികളെ മലര്‍ത്തിയടിച്ച് സഅദ് ഇസ്മായില്‍ നേടിയ വിജയ കിരീടങ്ങള്‍ ഏറെയായിരുന്നു. കടല്‍ച്ചൊരുക്കിനെ അതിജീവിച്ച് ആഴങ്ങളില്‍ മുത്തമിട്ട ആ ശരീരം കരിയീട്ടിക്ക് തുല്യമായ കരുത്തായും പേശീബലമായും മാറി. അറിയപ്പെടുന്ന ഫയല്‍വാന്മാരെ മല്‍പിടിത്തത്തിലൂടെ നിലംപരിശാക്കി പ്രശസ്തി നേടുകയും ചെയ്തു. അതിനൊപ്പം അതിശയിപ്പിക്കുന്ന അഭ്യാസങ്ങളിലൂടെയും ഏവരെയും അദ്ദേഹം അതിശയിപ്പിച്ചു. അതിലൊന്നായിരുന്നു ആണിയടിച്ച പലകമേല്‍ കിടന്നുള്ള പ്രകടനം. വലിയ ആണികള്‍ തറച്ച് അതിന്‍െറ കൂര്‍ത്ത മുനയില്‍ കിടന്നശേഷം തന്‍െറ ശരീരത്തിന് മുകളില്‍ മറ്റൊരു പലക വെച്ചശേഷം അതില്‍ ഭാരം കയറ്റിവെക്കുകയും പ്രധാന പ്രകടനമാണ്. ഇങ്ങനെയുള്ള ‘ശരശയ്യ’യില്‍ കിടന്നു കൊണ്ട് തന്‍െറ ശരീരത്തിന് മേലെ പലകവെച്ച് അതില്‍ കല്ലുകള്‍ നിരത്തിവെച്ച് മറ്റൊരാളെ കൊണ്ട് കൂടം കൊണ്ട് അടിച്ച് പൊട്ടിക്കുകയും ചെയ്ത് കാഴ്ചക്കാരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട് അദ്ദേഹം. ഈ പ്രായത്തിലും വേണമെങ്കില്‍ ഒരു കൈ നോക്കാന്‍ താന്‍ തയാറാണ് എന്ന ഭാവമാണ് അദ്ദേഹത്തിനുള്ളത്. തന്‍െറ കടയുടെ പേരുപോലും ഫയല്‍വാന്‍ (pahlwan) എന്നാണ്. ആ ശരീരത്തിലെ ദൃഢമായ പേശികള്‍ ഇപ്പോഴും ഒരു യുവാവിന്‍െറ പോലെ തോന്നിക്കുകയും ചെയ്യുന്നു.

ചിപ്പിയില്‍ നിന്ന് മുത്ത് വേര്‍തിരിച്ചെടുക്കുന്നു
 

ഖത്തറിന്‍െറ വി.ഐ.പി

സഅദ് ഇസ്മായിലിന്‍െറ മുത്തുവാരലും പാരമ്പര്യ തൊഴിലിനോടുള്ള താല്‍പര്യവും കണ്ട് ഖത്തര്‍ ഗവണ്‍മെന്‍റ് സൂഖ് വാഖിഫിന്‍െറ കവാടത്തില്‍തന്നെ അദ്ദേഹത്തിന് ഒരു ഷോപ് സൗജന്യമായി അനുവദിച്ച് നല്‍കി. മറ്റ് ഷോപ്പുകള്‍ ഇവിടെ ഗവണ്‍മെന്‍റ് ഉയര്‍ന്ന വാടകക്കാണ് നല്‍കിയിരിക്കുന്നത് എന്നിരിക്കെ മാസംതോറും ഒരു തുക ഇദ്ദേഹത്തിന് ഗവണ്‍മെന്‍റ് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. ഖത്തറിന്‍െറ സാംസ്കാരികതയുടെയും പാരമ്പര്യതൊഴില്‍ എന്ന മഹത്ത്വത്തിന്‍െറയും പ്രതീകമായ ഈ പൗരനോടുള്ള രാജ്യത്തിന്‍െറ ബഹുമാനം കൂടിയാണിത്. അതിനൊപ്പം രാജ്യത്ത് എത്തുന്ന വിശിഷ്ടാതിഥികളെ തങ്ങളുടെ സൂഖ് വാഖിഫ് എന്ന പൗരാണിക ഇടം സന്ദര്‍ശനത്തിനായി ക്ഷണിക്കുകയും അതിനൊപ്പം സഅദ് ഇസ്മായിലിനെ കാണാനുള്ള അവസരമുണ്ടാക്കുകയും ചെയ്യുന്നു. താന്‍ കടലില്‍നിന്ന് കോരിയെടുത്ത മുത്തുകളുടെ ലോകം അദ്ദേഹം വിസ്മയിച്ചിരിക്കുന്ന അതിഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കും. കൈവിരല്‍കൊണ്ട് തിരുമ്മിയാല്‍ കസ്തൂരിയെ തോല്‍പിക്കുന്ന മണമുള്ള അത്യപൂര്‍വമായ അംബര്‍ എന്ന മുത്തുകള്‍വരെ അദ്ദേഹത്തിന്‍െറ കൈയിലുണ്ട്. വര്‍ത്തമാനം പറഞ്ഞിരിക്കെ കുറച്ച് വിദേശികള്‍ കടയിലേക്ക് കയറിവന്നു. അവര്‍ തങ്ങളുടെ ആവശ്യം പറഞ്ഞു. കടല്‍മുത്തുകള്‍ വാരിയെടുക്കുന്ന സഅദ് ഇസ്മായില്‍ എന്ന വയോധികനെ പരിചയപ്പെടണം. അവര്‍ക്ക് മുന്നില്‍ പുഞ്ചിരിച്ചും കൈകള്‍ നീട്ടിക്കൊണ്ടും ആ മനുഷ്യന്‍ സ്നേഹപൂര്‍വം മുന്നോട്ടു വന്നു. പിന്നെ താന്‍ മുങ്ങിയെടുത്ത മുത്തുകളുടെ കഥകള്‍ പറഞ്ഞ് തുടങ്ങി. കടല്‍ ആഴങ്ങളെ തൊട്ടതിന്‍െറയും മുത്തുകള്‍ കോര്‍ത്തെടുത്തതിന്‍െറയും രസിപ്പിക്കുന്ന കഥകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.