ഒാർമകൾക്ക് ഉപമകൾ പലതാണ്. തീവണ്ടിപ്പാളംപോലെ നീണ്ടുകിടക്കുന്നതുമാണത്. നാലു പതിറ്റാണ്ടോളം ഇന്ത്യൻ റെയിൽവേയിൽ ജോലിേനാക്കി വിരമിച്ച 91കാരൻ വിക്ടർ നാപള്ളി തെൻറ തീവണ്ടിജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുേമ്പാൾ ആ സ്മരണകൾക്ക് ആവിയെൻജിെൻറ ഇരമ്പലാണ്. കറുത്തിരുണ്ട കൽക്കരിപ്പുകയുടെ മണം മാറാത്ത തീവണ്ടിയാപ്പീസുകളും എൻജിൻമുറിയും ആ ഒാർമയിലുണ്ട്. ആവിയെൻജിനുകളിൽ കൽക്കരി കത്തിക്കുന്ന ഫയർമാനായിട്ടായിരുന്നു വിക്ടർ നാപള്ളി എന്ന ബാബുവേട്ടെൻറ തീവണ്ടി ജീവിതം തുടങ്ങുന്നത്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ‘ഹിന്ദു’ പത്രത്തിലെ പരസ്യം കണ്ട് റെയിൽവേയിൽ ജോലിക്ക് അപേക്ഷിച്ചതു മുതൽ എല്ലാം കൃത്യമായി ഒാർമയിൽ സുക്ഷിക്കുന്നുണ്ട് ആ വയോധികൻ ഇന്നും. ഇന്ത്യൻ ക്രിസ്ത്യാനികൾക്കും ആംേഗ്ലാ^ഇന്ത്യൻസിനും മുൻഗണന നൽകിയ ആ പത്രപരസ്യത്തിൽ ബ്രാഹ്മണർ അപേക്ഷിക്കേണ്ടതില്ലെന്നും സൂചിപ്പിച്ചിരുന്നു. കഠിനമായ ശാരീരികാധ്വാനം ആവശ്യമായ ഫയർമാൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ മാംസാഹാരം കഴിക്കുന്നതും യോഗ്യതയാണെന്നത് വിചിത്രമായി തോന്നും ഇന്നത്തെ സാഹചര്യത്തിൽ. എൻജിൻ പ്രവർത്തിക്കാനുള്ള ആവി ഉൽപാദിപ്പിക്കണമെങ്കിൽ വലിയ കൽക്കരിക്കട്ടകൾ ഹാമറുപയോഗിച്ച് അടിച്ചുപൊടിച്ച് കത്തിക്കണം. പ്രത്യേക ഷവ്വൽ ഉപയോഗിച്ച് കൽക്കരി കോരിയെറിഞ്ഞ് കത്തിക്കുന്ന അപകടകരമായ ജോലിചെയ്യാൻ മാംസഭുക്കുകൾ വേണമെന്നായിരുന്നു.
ബ്രിട്ടീഷ് നിയമന വ്യവസ്ഥ
പത്താം ക്ലാസും കായികക്ഷമതയുമായിരുന്നു സെക്കൻഡ് ഫയർമാൻ തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. യൂറോപ്യൻ മാതൃകയിലുള്ള കഠിനമായ കായികക്ഷമത പരീക്ഷക്കൊപ്പം കാഴ്ചശക്തിയും പ്രധാനമായിരുന്നു. സതേൺ റെയിൽവേയുടെ തിരുച്ചിറപ്പള്ളിയിലെ ആസ്ഥാനത്തായിരുന്നു പരീക്ഷ. റെയിൽവേ ജോലിക്കിടെ പരിക്കേറ്റ് പിരിഞ്ഞ അമ്മാവെൻറ കത്തുമായി പരീക്ഷയും അഭിമുഖവും പൂർത്തിയാക്കിയപ്പോഴാണ് വിക്ടറിന് ജോലി ലഭിച്ചത്. 1944 ഒക്ടോബർ 23ന് ഷൊർണൂരിൽ ജോലിയിൽ പ്രവേശിച്ച വിക്ടർ 1985 ജൂലൈ 31 വരെയുള്ള 41 വർഷം ഇന്ത്യൻ റെയിൽവേക്കുവേണ്ടി സേവനമനുഷ്ഠിച്ചു. ഇൗേറാഡ്^ഷൊർണൂർ^കോഴിക്കോട് റൂട്ടിലും ബ്ലൂ മൗെണ്ടയ്ൻ^ നീലഗിരി എക്സ്പ്രസിലും മലബാർ കൊച്ചിൻ എക്സ്പ്രസിലുമായിരുന്നു ആദ്യകാലെത്ത ജോലി. കൽക്കരിയോടൊപ്പം തീയിൽ വീണ ഡെറ്റനൈറ്റസ് എന്ന ലോഹം പൊട്ടിെത്തറിച്ച് തീപ്പൊരി കണ്ണിലേക്കു തെറിച്ച് കാഴ്ച കുറഞ്ഞു. അതോടെ 17 വർഷത്തോളം എൻജിൻ ഡ്രൈവറായിരുന്ന അദ്ദേഹത്തിന് ആ ജോലി തുടരാനായില്ല. ഏറെക്കാലത്തെ ചികിത്സക്കുശേഷം പിന്നീട് അസി. ലോക്കോ ഫോർമാൻ (റണ്ണിങ്) എന്ന തസ്തികയിലേക്ക് മാറിയതോടെ ഫയർമാൻമാർക്കുള്ള പരിശീലനമായി തൊഴിൽ. പോത്തന്നൂരിലെയും ഷൊർണൂരിലെയും പവർ ട്രെയിനിങ് സ്കൂൾ അധ്യാപകനായിരുന്നു. ബംഗളൂരുവിലെ സിസ്റ്റം ടെക്നിക്കൽ ട്രെയിനിങ് സ്കൂളിലും അധ്യാപകനായി.
ട്രെയിനുകളിലെ ഒാരോ സ്റ്റേഷനിലും നടക്കുന്ന താക്കോൽ മാറലിനെക്കുറിച്ച് പലർക്കും കൃത്യമായി അറിയില്ല. വലിയ ചൂരൽ വളയത്തിലെ പ്രത്യേക തോൽ കവറുകളിൽ സൂക്ഷിക്കുന്ന ജർമൻ സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച താക്കോൽ കൈമാറ്റമാണത്. ഒാരോ സ്റ്റേഷനിലെത്തുേമ്പാഴും അവിടത്തെ സ്റ്റേഷൻ മാസ്റ്റർക്കത് നൽകണം. എങ്കിൽ മാത്രമേ ട്രെയിൻ മുന്നോട്ടുപോകാൻ അനുമതി ലഭിക്കൂ. ലൈൻ ശരിയാണെന്നതാണ് ഇൗ താക്കോൽ മാറ്റം നൽകുന്ന സന്ദേശം. ഇത് ലഭിച്ചുകഴിഞ്ഞാൽ തൊട്ടടുത്ത സ്റ്റേഷനിലേക്ക് സന്ദേശം പോകും. സ്റ്റേഷൻ കോഡ് മാത്രമെഴുതിയ ആ തോലുറ തുറന്ന് ആ താക്കോൽ കാബിനിൽ തൂക്കിയിടും. അടുത്ത സ്റ്റേഷനിൽനിന്ന് മറ്റൊന്ന് കിട്ടും. വിവരസാേങ്കതിക വിദ്യ ഇത്രയൊന്നും വികസിച്ചിട്ടില്ലാത്ത കാലത്തെ ഏറ്റവും അപകടകരമായ റെയിൽ എന്ന പൊതുഗതാഗത സംവിധാനം അപകടരഹിതമാക്കാനുള്ള ലളിതവും അതേസമയം വളരെ ആയാസകരവുമായ ജോലിയായിരുന്നു അതെന്ന് വിക്ടർ പറയുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ ട്രെയിൻ സർവിസ് നിരവധി വിപ്ലവകരമായ പുരോഗതി കൈവരിച്ചെങ്കിലും കൽക്കരി മാറി ഡീസലിലും വൈദ്യുതിയിലും ട്രെയിനുകൾ ഒാടുന്നത് കണ്ടെങ്കിലും ബാബുവിന് പഴയ കൽക്കരി എൻജിനുകളോടാണ് പ്രിയം.
കോൾ ഇൗസ് േഗാൾഡ്
കൽക്കരി സ്വർണമാണെന്നാണ് (കോൾ ഇൗസ് േഗാൾഡ്) അദ്ദേഹത്തിന്റെ പ്രയോഗം. ആവിയെൻജിനുകളിൽ ജോലിക്കായി ഉപയോഗിച്ച ലൈറ്റും മറ്റു നിരവധി വസ്തുക്കൾ ഇപ്പോഴും അദ്ദേഹം സൂക്ഷിക്കുന്നുണ്ട്, മ്യൂസിയം സൂക്ഷിപ്പുകാരനെപ്പോലെ. അപകടകരമായ ചൂടിൽ കൽക്കരി കത്തിച്ച് വെള്ളം തിളപ്പിച്ചുണ്ടാക്കുന്ന നീരാവിയിൽനിന്നാണ് എൻജിൻ നീങ്ങുന്നത്. അതിനാവശ്യമായ കൽക്കരി കത്തിച്ചുണ്ടാക്കുക ശ്രമകരവും അപകടകരവുമായിരുന്നു.150 ഡിഗ്രി സമ്മർദത്തിലായാൽ മാത്രമേ എൻജിൻ പ്രവർത്തിക്കൂ. പതിനാറു മുതൽ പതിനെട്ട് വരെ ഷവ്വൽ കൽക്കരിയുണ്ടെങ്കിലേ എൻജിൻ ഇളകൂ. ആവി നഷ്ടമാകാത്തവിധം 220 ഡിഗ്രിയിൽ സമ്മർദം നിലനിർത്തണം. വൈസ്രോയിയുടെ പ്രത്യേക ഉത്തരവോടെയാണ് ഇംഗ്ലണ്ടിൽനിന്ന് കൽക്കരി എത്തുക. സൂക്ഷ്മതയോടെ മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ. ഇന്നത്തെ ട്രെയിനുകൾ 24 ഗാരേജ് (കമ്പാർട്മെൻറ്) ആയിരുന്നെങ്കിൽ കൽക്കരി എൻജിനുകൾക്ക് 14 ഗാരേജാണുണ്ടായിരുന്നത്. ബെർമിങ്ഹാമിൽനിന്ന് കപ്പൽ വഴി ഹാർബറിലെത്തുന്ന എൻജിനുകൾ ഇലക്ട്രിക് മാഗ്നറ്റിക് ക്രെയിനുകൾ ഉപയോഗിച്ച് ഇറക്കുന്നത് സാഹസികമായിരുന്നു. എൻജിൻ ഹാർബറിലെത്തിയാൽ റെയിൽവേ പൊലീസിനെ വിവരമറിയിക്കുേമ്പാൾ അവരത് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ഇൻജക്ടർ, ഫൂട്ട് ലൈറ്റർ, ചിമ്മിണി, ബോയിലർ, റെഗുലേറ്റർ തുടങ്ങിയവയായിരുന്നു ആവിയെൻജിനുകളിലെ പ്രധാന ഉപകരണങ്ങൾ.
ബാബുവേട്ടന്റെ ജീവിതത്തിലെ എല്ലാ പുലർകാലവും ഒരുപോലെയാണ്. പുലർച്ചെ നാലോടെ എഴുന്നേൽക്കും. രാവിലെ ആറിന് മാർക്കറ്റിൽ പോയി അന്നത്തേക്കുള്ള വീട്ടുസാധനങ്ങൾ വാങ്ങും. ദിവസം അഞ്ച് കിലോമീറ്റർ നടത്തം. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ വലിയങ്ങാടി, സെൻട്രൽ മാർക്കറ്റ് തുടങ്ങി എല്ലായിടങ്ങളിലും ആ നിത്യസന്ദർശകൻ എത്തുന്നു. വെള്ളയിൽ ആറാം ഗേറ്റിലെ ചലനം അയൽപക്ക വേദിയിലെ 123ാം നമ്പർ വീട്ടിൽനിന്ന് വിക്ടർ നാപള്ളി എന്ന ബാബുവേട്ടൻ 91 വയസ്സിന്റെ അവശതകളൊന്നുമില്ലാതെയുള്ള യാത്ര ഇന്നും തുടരുകയാണ്. ജൂലൈ 19 ന് 92ാം പിറന്നാൾ ആഘോഷിക്കാനിരിക്കുേമ്പാൾ ഒാർമകൾ ഒരു തീവണ്ടിയിരമ്പൽപോലെ ആ മനസ്സിലുണ്ട്.
ഒരുനാൾ രാവിലെ വീട്ടിൽനിന്ന് ഇറങ്ങി സമീപത്തെ റെയിൽപാളത്തിന് അരികിലെത്തിയപ്പോൾ ആൾക്കൂട്ടം പറയുന്നത് കേട്ടു: ‘‘ആരോ വണ്ടിക്ക് തലവെച്ചു, ചിന്നിച്ചിതറിയ ശരീരത്തിൽ ഒരു കാലില്ല, അറ്റുപോയ കാലിനുവേണ്ടി പൊലീസ് വെസ്റ്റ്ഹിൽഭാഗത്തേക്ക് പോയിട്ടുണ്ട്.’’ ആ വാർത്തയിൽനിന്ന് 91കാരനായ വിക്ടറിന്റെ ഓർമകൾ ചെന്നെത്തിയത് വർഷങ്ങൾക്കുമുമ്പ് റെയിൽവേയിൽ ജോലിക്കാരനായിരുന്നപ്പോൾ, പാളങ്ങളിൽനിന്ന് ബക്കറ്റിലേക്ക് വാരിയെടുത്ത ശരീരഭാഗങ്ങളിലേക്കായിരുന്നു. ജോലിയിൽ പ്രവേശിച്ച് 52ാം ദിവസം. മംഗലാപുരത്തേക്കുള്ള ചരക്കുവണ്ടിയിലായിരുന്നു ഡ്യൂട്ടി. ബ്രിട്ടീഷ് ഇന്ത്യയിൽ ആകമാനം സ്വാതന്ത്ര്യത്തിനുള്ള മുറവിളി. മദ്രാസ് പ്രവിശ്യയിലുൾപ്പെടെ ശക്തമായ സമരമുറകളുമായി സ്വാതന്ത്ര്യസമര സേനാനികൾ. വാഗൺ ട്രാജഡി ഉൾപ്പെടെ കറുത്ത അധ്യായങ്ങൾ മലബാറിലും സ്വാതന്ത്ര്യസമരത്തിന്റെ രോഷാഗ്നി ആളിക്കത്തിച്ചു. സ്വാതന്ത്ര്യസമര പ്രവർത്തനങ്ങൾ സജീവമായതിനാൽ മലബാറിൽ പലയിടത്തും സൈനിക നിരീക്ഷണം ശക്തമായിരുന്നു.
ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പായി സഹപ്രവർത്തകരോടൊപ്പം എൻജിൻമുറിയിലേക്ക് കയറുേമ്പാൾ വണ്ടിയിൽ ഹിന്ദിക്കാരായ ഏതാനും സൈനികർ. അവരെ കണ്ടപ്പോൾ ആദ്യം ഉള്ളിലൊരു കാളൽ. സമരത്തിന്റെ ഭാഗമായി ട്രെയിൻ അട്ടിമറിയോ മറ്റോ ഉണ്ടാകുമോ എന്ന് നിരീക്ഷിക്കാനാണ് ബ്രിട്ടീഷ് സർക്കാർ പട്ടാളക്കാരെ വിന്യസിച്ചത്. കൊച്ചിൻ ഹാർബർ ടെർമിനൽസിൽനിന്ന് പുറപ്പെട്ട ട്രെയിനിലെ ബോയിലറിൽ ആലുവ സ്റ്റേഷനിൽനിന്ന് ആവശ്യമായ വെള്ളം ശേഖരിച്ചു. തൃശൂരിൽനിന്ന് ഭക്ഷണം കഴിച്ച് വീണ്ടും പുറപ്പെട്ട് പുതുക്കാട് എത്തിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന ആ കാഴ്ച. അസഹ്യമായ ചൂട് സഹിക്കാത്തതിനാലാവണം കറുത്ത കുടയുടെ മുകളിൽ വെളുത്ത ശീല ചുറ്റിയ വൃദ്ധൻ റെയിലിന്റെ നടുവിൽ. ട്രെയിനിൽനിന്ന് ഉച്ചത്തിൽ ഹോണടിച്ചിട്ടും അയാൾ മാറിയില്ല. വാക്വം ബ്രേക് ഉപയോഗിച്ചിട്ടുപോലും കൂകിപ്പായുന്ന 14 വാഗണുള്ള ചരക്കുവണ്ടി നിന്നില്ല. എൻജിൻ ഡ്രൈവറും രണ്ട് ഫയർമാൻമാരും ഒരുമിച്ച് ഉച്ചത്തിൽ ദൈവത്തെ വിളിച്ചുപോയി. പുകതുപ്പി കൂകിവിളിച്ച് ചീറിപ്പായുന്ന ട്രെയിൻ ആ വൃദ്ധശരീരത്തിലൂടെ കയറിയിറങ്ങിയ കാഴ്ച അന്നത്തെ സെക്കൻഡ് ഫയർമാൻ മാരാമ്പടിപറമ്പ് വിക്ടർ നാപള്ളിയുടെ ഹൃദയത്തിലാണ് മുറിവേൽപിച്ചത്.
ജോലിക്കാലത്ത് കണ്ണൂർ, ഏഴിമല, പയ്യന്നൂർ, എടക്കാട് എന്നിവിടങ്ങളിലെ പാളങ്ങളിൽനിന്ന് പിന്നീട് പലതവണകളായി ചിന്നിച്ചിതറിയ മൃതദേഹം വാരേണ്ടിവന്നിട്ടുണ്ട് ബാബുവിന്. പിന്നീട് രക്തംപുരണ്ട മാംസാവശിഷ്ടങ്ങൾ ആ തൊഴിലിന്റെയും ജീവിതത്തിന്റെയും ഭാഗമായതോടെ ഭയവും ആധിയും അസ്തമിച്ചു. ശവങ്ങൾ ചാക്കിൽ പൊതിഞ്ഞുകെട്ടി ട്രെയിൻ വരുേമ്പാൾ ട്രാക്കിൽ കൊണ്ടിടുന്നതും ഉത്തരകേരളത്തിലെ പലയിടങ്ങളിലും പതിവായിരുന്നു. രാത്രിസമയങ്ങളിൽ ട്രെയിനുകളിലെ ചിമ്മിണി (മണ്ണെണ്ണ) വിളക്കിന്റെ വെളിച്ചത്തിൽ മൃതദേഹം കൊണ്ടിടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇങ്ങനെ വലിച്ചെറിയുന്ന മൃതദേഹങ്ങളിൽ രക്തം ഉണ്ടാകില്ല. പകലെപ്പോഴോ കൊന്ന് രക്തംവറ്റിയ ശേഷമായിരിക്കും കാത്തിരുന്ന് ട്രെയിനിനു മുന്നിലേക്ക് എറിയുന്നത്.
ഒരു ദിവസം രാത്രി ഒന്നരയോടെ വണ്ടി പയ്യന്നൂരിലെത്തിയപ്പോൾ ട്രാക്കിൽ സ്ത്രീയുടെ ജഡം. കണ്ണൂരിലെ പ്രമുഖ ഇടതുപക്ഷ എം.എൽ.എയുടെ ഭാര്യയുടെ സഹോദരിയായിരുന്നു അത്. ടൂറിങ് ടാക്കീസ് ഒാപറേറ്ററിൽനിന്ന് ഗർഭിണിയായ അവർ വണ്ടിക്ക് തലവെച്ച് മരിക്കുകയായിരുന്നെന്ന് ബാബു ഏട്ടൻ. കോരപ്പുഴയിലും മാഹി പുഴയിലേക്കുമായി തലയറ്റുപോയ എത്രയെത്ര ശവശരീരങ്ങൾ തെറിച്ചുവീണിട്ടുണ്ടെന്നതും ആ നരകയറിയ ഒാർമയിൽ മായാതെകിടക്കുന്നു. നാലു പതിറ്റാണ്ടുകാലം റെയിൽവേയിൽ ജോലിചെയ്ത് വിരമിച്ച വിക്ടറിന്റെ ജീവിതം ചൂളംവിളിയോ കിതപ്പോ ഇല്ലാതെ പച്ച സിഗ്നൽ ലഭിച്ച തീവണ്ടിപോലെ ഇേപ്പാഴും മുന്നോട്ടുനീങ്ങുന്നു. കഴിഞ്ഞ ആഗസ്റ്റിൽ മരിക്കുന്നതുവരെ സഹധർമിണി മേരി മൂർക്കോത്ത് കൂട്ടുണ്ടായിരുന്നു എല്ലാ യാത്രകൾക്കും. രണ്ട് ആൺമക്കളും നാലു െപൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.