???????? ?????

പാലക്കാട് തൃത്താലയിലെ വടക്കുംപാല വീട്ടില്‍ അബ്ദുല്‍ അസീസ് തന്‍െറ 21ാം വയസ്സില്‍ പുറപ്പെട്ടു പോകുമ്പോള്‍ പത്താംക്ലാസ് വരെ പഠിച്ചതിന്‍െറ സര്‍ട്ടിഫിക്കറ്റ് മാത്രമായിരുന്നു കൈമുതല്‍. പക്ഷേ, കുടുംബത്തെ കരപറ്റിക്കാനായി ഏത് കടലും നീന്തിക്കയറാനുള്ള കരളുറപ്പും ഒപ്പമുണ്ടായിരുന്നു. 1986 ജൂണ്‍ 26ന്, തനിക്ക് താഴെയുള്ള അഞ്ച് സഹോദരങ്ങളുടെയും പിതാവ് മുഹമ്മദിന്‍െറയും ഉമ്മ ഫാതിമയുടെയും കൈകള്‍പിടിച്ച് നെഞ്ചോട് ചേര്‍ത്തുവെക്കുമ്പോള്‍ അവരെല്ലാം കരയുകയും പ്രാര്‍ഥിക്കുകയും ചെയ്തു. എന്നാല്‍, ചങ്കുപിടയുന്ന നേരമായിട്ടും അബ്ദുല്‍ അസീസ് വികാരാധീനനാകാതെ യാത്ര ചോദിച്ചു. എന്നാല്‍, അന്ന് കുടിയേറ്റത്തിന്‍െറ വഴിയിലേക്ക് ഇറങ്ങിത്തിരിച്ച അയാളെ ബോംബെയിലേക്ക് ട്രെയിന്‍ കയറ്റിവിടാന്‍ വന്ന സ്നേഹിതന്മാരെ പിരിയാന്‍നേരം അയാള്‍ക്ക് കരയാതിരിക്കാനായില്ല, ഒപ്പം സ്നേഹിതന്മാര്‍ക്കും. സുഹൃത്തുക്കളോടുള്ള ആത്മാര്‍ഥതയും തിരിച്ചൊന്നും പ്രതീക്ഷിക്കാതുള്ള സ്നേഹവുമായിരുന്നു എന്നും അബ്ദുല്‍ അസീസിന്‍െറ കൈമുതല്‍.

അങ്ങനെ അബ്ദുല്‍ അസീസ് ബോംബെയിലെത്തി, തുടര്‍ന്ന് ഖത്തറിലേക്ക് വിമാനം കയറി. റമദ ഹോട്ടലില്‍ ജീവനക്കാരനായി ചേര്‍ന്ന നാള്‍മുതല്‍ അസീസിന് തുണയായതും നിഷ്കളങ്കതയും സൗഹൃദബോധവും ആയിരുന്നു. സുഹൃത്തുക്കള്‍ക്കായി സ്വയം സമര്‍പ്പിക്കാനുള്ള ആ വ്യഗ്രതയില്‍ അയാള്‍ക്ക് പുതിയപുതിയ സൗഹൃദങ്ങള്‍ രൂപപ്പെട്ടു. പലതരം രാജ്യക്കാരും പല ജോലികള്‍ ചെയ്യുന്നവരും അയാളുടെ ചങ്ങാതികളായി. സുഹൃത്തുക്കളുടെ ഓരോ കാര്യങ്ങള്‍ക്കും അയാള്‍ അവരാവശ്യപ്പെടാതെ തന്നെ തന്നാലാവും വിധത്തിലുള്ളത് ചെയ്തു. അത് സൗഹൃദങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ടിരുന്നു. എന്നാല്‍, പുതിയ സൗഹൃദങ്ങള്‍ തന്നിലേക്ക് അടുക്കുമ്പോഴും പഴയസൗഹൃദങ്ങളെ അബ്ദുല്‍ അസീസ് കൈവിട്ടില്ല. ഗള്‍ഫില്‍ തിരക്കിനിടയിലും വീട്ടുകാര്‍ക്കൊപ്പം തന്‍െറ നാട്ടിലെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും കത്തുകളെഴുതി. അവരുടെ വിശേഷങ്ങള്‍ക്കായി, തൊഴിലന്വേഷണങ്ങള്‍ക്കായി, ഗള്‍ഫിലെ സാധ്യതകള്‍ക്കായി ഒക്കെ അസീസ് സമയം ചെലവിട്ടുകൊണ്ടിരുന്നു. ആ സൗഹൃദത്തിന്‍െറ ഫലമായി സുഹൃത്തുക്കളില്‍ ധാരാളംപേര്‍ പച്ചപ്പുകളിലേക്ക് എത്തപ്പെട്ടു.

ഖത്തര്‍ ജപ്പാന്‍ എംബസിയുടെ മുന്‍ അംബാസഡര്‍ കിറ്റാസുമി, ഭാര്യ ഹിറോക്കോ, മുന്‍ അംബാസഡര്‍ സുധയുടെ പത്നി ഷിങ്കോയൂറി എന്നിവര്‍ തൃത്താലയില്‍ വിവാഹചടങ്ങില്‍ വധൂവരന്മാര്‍ക്കൊപ്പം
 

ഗള്‍ഫില്‍ വന്ന് ഒരു പതിറ്റാണ്ടിനു ശേഷമാണ് അബ്ദുല്‍ അസീസിന്‍െറ ജീവിതത്തില്‍ ഒരു വഴിത്തിരിവുണ്ടാകുന്നത്. സുഹൃത്തുക്കള്‍ വഴി പറഞ്ഞറിഞ്ഞ് അപേക്ഷിച്ചപ്രകാരം പുതിയ ജോലി ലഭിച്ചു. ഖത്തറിലെ ജപ്പാന്‍ എംബസിയില്‍ പാചക ജോലിയിലെ സഹായിയും പിന്നെ ഭക്ഷണം വിളമ്പലും. അബ്ദുല്‍ അസീസിന് വ്യാകുലതകള്‍ നിരവധിയുണ്ടായിരുന്നു. ജപ്പാന്‍കാരുമായി ഇതിനുമുമ്പ് അടുത്തിടപഴകിയിട്ടില്ല. ഭാഷയോ അവരുടെ രീതികളോ അറിയില്ല. രുചികളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ധാരണകളില്ല. എന്നാല്‍, എളുപ്പത്തില്‍ മഞ്ഞുരുകി. ജപ്പാന്‍ എംബസിയിലെ മലയാളി സാന്നിധ്യം ഏവരും ഇഷ്ടപ്പെട്ടുതുടങ്ങി. സദാസന്നദ്ധനായി നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കുന്ന, മറ്റുള്ളവരുടെ മനസ്സറിഞ്ഞ് പെരുമാറുന്ന അസീസിനെ എംബസിയിലുള്ളവര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു തുടങ്ങി. അങ്ങനെ ആണ്ടുകള്‍ കഴിഞ്ഞു. ഇതിനിടയില്‍ മറ്റുചില നല്ല ജോലികള്‍ തന്നെ തേടിവന്നിട്ടും അസീസ് ജപ്പാന്‍കാരെ വിട്ടുപോയില്ല. 2008ല്‍ പുതുതായിവന്ന അംബാസഡര്‍ കിറ്റാസുമി, അബ്ദുല്‍ അസീസിന്‍െറ ഏറ്റവുംവലിയ സുഹൃത്തായി മാറി. ഒരു അംബാസഡറും കുശിനിക്കാരനും തമ്മിലുള്ള സൗഹൃദം എംബസിയിലുള്ള ആരെയും കൗതുകപ്പെടുത്തിയില്ല. കാരണം, അബ്ദുല്‍ അസീസിനെ അറിയുന്ന ആര്‍ക്കും അതില്‍ അതിശയം തോന്നിയില്ല.

ഇതിനിടയില്‍ 2010ല്‍ അംബാസഡര്‍ക്ക് ഖത്തര്‍ എംബസിയില്‍നിന്ന് സ്ഥലംമാറ്റമായി. യാത്രപറച്ചില്‍ രണ്ടുപേര്‍ക്കും വിഷമകരമായിരുന്നു. മടങ്ങിയെങ്കിലും സൗഹൃദം മെയില്‍ വഴിയും ഫോണ്‍ വഴിയും തുടര്‍ന്നു. ഇടക്കിടെ ജപ്പാനില്‍നിന്ന് അസീസിനെ തേടി കിറ്റാസുമിയുടെ ഫോണ്‍ വരും. ഒപ്പം കിറ്റാസുമി തന്‍െറ നാട് സന്ദര്‍ശിക്കാന്‍ അബ്ദുല്‍ അസീസിനെ ക്ഷണിച്ചുകൊണ്ടിരുന്നു. നിര്‍ബന്ധം കൂടിവന്നപ്പോള്‍  ജപ്പാനിലേക്ക് പോകാനുള്ള ക്ഷണം അസീസ് സ്വീകരിച്ചു. 2012 ഒക്ടോബറിലായിരുന്നു ആ യാത്ര. 12 ദിവസങ്ങളില്‍ അംബാസഡറുടെയും കുടുംബത്തിന്‍െറയും സ്നേഹം അനുഭവിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.

അബ്ദുല്‍ അസീസ് ജപ്പാന്‍ സന്ദര്‍ശനവേളയില്‍
 

ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന ദീപ ഗോപാല്‍ വാധ്വ ഖത്തറില്‍നിന്ന് മാറി ജപ്പാനിലെ അംബാഡറായി പ്രവര്‍ത്തിക്കുന്ന കാലമായിരുന്നു അത്. ഖത്തറില്‍വെച്ചുള്ള സൗഹൃദം കാരണം അസീസ്, ദീപ ഗോപാല്‍ വാധ്വയോട് താന്‍ ജപ്പാനില്‍ വരുന്നുണ്ടെന്ന കാര്യം അറിയിച്ചു. തന്‍െറ വീട്ടിലേക്ക് വരണമെന്ന് അവരുടെ സ്നേഹപൂര്‍വമായ മറുപടി വന്നു. ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ഒരുദിവസം രാവിലെ  അസീസ് വധുവയുടെ വീട്ടില്‍ പോയി. സൗഹൃദ സംഭാഷണങ്ങള്‍ക്കു ശേഷം പ്രഭാതഭക്ഷണവും കഴിഞ്ഞാണ് മടങ്ങിയത്. ജപ്പാന്‍െറ ഭൂമികയിലൂടെയുള്ള ഓട്ടപ്പാച്ചിലില്‍ ഓരോ കാഴ്ചയും തൃത്താലക്കാരനെ അതിശയിപ്പിച്ചു. കഠിനാധ്വാനത്തില്‍ കൂടി കരിഞ്ഞുപോയ സ്വപ്നങ്ങളെ പടുത്തുയര്‍ത്തിയ മഹാജനതയുടെ കാഴ്ചകള്‍.

വികസനവും ശുചിത്വവും സാങ്കേതികതയും തലയുയര്‍ത്തി നില്‍ക്കുന്ന നഗരത്തിലൂടെ കിറ്റാസുമിയും പത്നിയും തങ്ങളുടെ അതിഥിയെ കൈപിടിച്ച് നടത്തിച്ചു. ടോക്യോ എന്നാല്‍, വൃത്തിയും വെടിപ്പുമുള്ള നഗരമെന്നാണ് അസീസ് പറയുന്നത്. എവിടെയും മാലിന്യം കാണാനില്ല. ജനവും ഭരണാധികാരികളും അക്കാര്യത്തില്‍ ശ്രദ്ധിക്കുന്നു. തന്നെ കൂടുതല്‍ അതിശയിപ്പിച്ച കാഴ്ചയെ കുറിച്ച് അസീസ് പറഞ്ഞത് ഇപ്രകാരമാണ്. ഒരു സ്ത്രീ ടോക്യോവില്‍കൂടി നായയെ കൊണ്ടുപോകുന്നത് കണ്ടു. പെട്ടെന്ന് നായ പാതയോരത്ത് വിസര്‍ജിച്ചു. സ്ത്രീ പെട്ടെന്ന് ബാഗില്‍നിന്ന് ടിഷ്യൂപേപ്പര്‍ എടുത്ത് അത് പൊതിഞ്ഞ് വേസ്റ്റ് ബോക്സ് തിരക്കിനടക്കാന്‍ തുടങ്ങി. അത്രക്കും ജനങ്ങളുടെ ഇടയില്‍ ബോധ്യമുള്ളതാണ് ജപ്പാനിലെ വേസ്റ്റ് മാനേജ്മെന്‍റിനെ കുറിച്ചുള്ള ധാരണ. പിന്നെ കാക്കകളുടെ ആധിക്യമാണ് ജപ്പാനില്‍ കണ്ട മറ്റൊരു  കൗതുകം.

കിറ്റാസുമിയും ഭാര്യ ഹിറോക്കോയും
 

ടോക്യോവില്‍ ഒരു മലയാളിയെയും കണ്ടുമുട്ടി, തലശ്ശേരിക്കാരനായ ഒരു കച്ചവടക്കാരനെ. സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന ഒരു മധ്യവയസ്കന്‍. 10 വര്‍ഷത്തോളമായി കുടുംബമായി താമസിക്കുകയാണ് അയാള്‍. മലയാളിയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം അബ്ദുല്‍ അസീസിനോട് നാട്ടിലെ വിശേഷങ്ങളൊക്കെ ചോദിച്ചു സല്‍ക്കരിച്ചു. പിരിയാന്‍നേരം അദ്ദേഹവും അസീസിന്‍െറ സുഹൃത്തായിക്കഴിഞ്ഞിരുന്നു. നാട്ടില്‍ വരുമ്പോള്‍ കാണാമെന്നുപറഞ്ഞ് ഫോണ്‍ നമ്പറും വിലാസവുമൊക്കെ കൈമാറിയായിരുന്നു യാത്രപറച്ചില്‍. തന്‍െറ മകന്‍ മുഹമ്മദ് അനീസിന്‍െറയും മകള്‍ സഫ അബ്ദുല്‍ അസീസിന്‍െറയും വിവാഹം എല്ലാവരുടെയും സൗകര്യപ്രകാരം ഒരേദിവസം നടത്താന്‍ തീരുമാനിച്ചപ്പോള്‍ അസീസ് ക്ഷണപത്രം ജപ്പാനിലേക്കും അയച്ചു. മറുപടി വന്നു, ഞങ്ങള്‍ വരുന്നുവെന്ന്. മുന്‍ അംബാസഡര്‍ കിറ്റാസുമി, ഭാര്യ ഹിറോക്കോ, 2012 മുതല്‍ ഖത്തറിലെ ജപ്പാന്‍ എംബസിയിലെ അംബാസഡര്‍ സുധയുടെ പത്നി ഷിങ്കോയൂറി എന്നിങ്ങനെ മൂന്നുപേര്‍.

മറുപടികേട്ട് ആദ്യമൊന്ന് അമ്പരന്നുവെങ്കിലും പിന്നീട് കല്യാണത്തിന്‍െറ ഒരുക്കങ്ങളേക്കാള്‍ കൂടുതല്‍ ജപ്പാന്‍ അതിഥികളെ സ്വീകരിക്കാനുള്ള ഒരുക്കമായിരുന്നു നടന്നത്. തൃത്താലയിലെ കല്യാണവീട്ടിലേക്ക് ജപ്പാനില്‍നിന്നുള്ള വി.ഐ.പികള്‍ വരുന്നുവെന്ന വാര്‍ത്ത നാട്ടിലും വലിയ വിശേഷമായി. അതൊരു സംഭവം തന്നെയായി. അങ്ങനെ കല്യാണത്തിന് ജപ്പാന്‍ വി.ഐ.പികള്‍ വന്നു. സ്വന്തം വസ്ത്രമായ കീമോണ അണിഞ്ഞെത്തിയ ജപ്പാന്‍ അതിഥികളെ കാണാനും പരിചയപ്പെടാനും തൃത്താലയില്‍ ബഹളമായിരുന്നു. കല്യാണത്തിനും മൈലാഞ്ചിയിടാനുമൊക്കെ അവരെല്ലാം ഉത്സാഹിച്ചു. വിവാഹത്തിന് മണവാളനും മണവാട്ടിക്കും ഒപ്പംനിന്ന് ചിത്രങ്ങളെടുക്കാനുള്ള തിരക്കിനേക്കാളും കൂടുതലായിരുന്നു ജപ്പാന്‍കാര്‍ക്കൊപ്പമുള്ള ചിത്രമെടുക്കാനുള്ള തിരക്ക്. സെല്‍ഫികളുടെ പ്രളയവും. കാതങ്ങള്‍ അകലെനിന്ന് ഇത്രയേറെ കാശ് ചെലവാക്കി തന്‍െറ മക്കള്‍ക്ക് കല്യാണസമ്മാനങ്ങളുമായി വന്ന അവര്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ അസീസ് ശ്രദ്ധിച്ചു. കല്യാണത്തിരക്കിനിടയില്‍ തങ്ങളുടെ പിന്നാലെ ഒരു പരിചാരകനെപ്പോലെ നടക്കുന്ന ആത്മസ്നേഹിതനെ അവര്‍ വഴക്കുപറഞ്ഞോടിക്കാന്‍ ശ്രമിച്ചു. പോയി മക്കളുടെ കല്യാണം നടത്തൂ, എന്നിട്ടാകാം ഞങ്ങളുടെ സുഖവിവരങ്ങള്‍ നോക്കിനടത്തല്‍ എന്നായിരുന്നു അവരുടെ ഉപദേശം.


കല്യാണം കഴിഞ്ഞശേഷം കൊച്ചിയും മൂന്നാറും ആലപ്പുഴയിലെ ഹൗസ്ബോട്ടുമൊക്കെ ചുറ്റിക്കറങ്ങി അഞ്ചാംനാള്‍ അവര്‍ മൂവരും മടങ്ങി. അന്ന് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് കണ്ടു. ‘‘എന്‍െറ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതന്‍െറ മക്കളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഞാന്‍ കേരളത്തില്‍നിന്ന് മടങ്ങുന്നു. വരാതിരുന്നെങ്കില്‍ നഷ്ടമായെനെ’’. അതുകണ്ട് അബ്ദുല്‍ അസീസിന്‍െറ മിഴികള്‍ നനഞ്ഞു. എന്നാല്‍, അബ്ദുല്‍ അസീസിനെ അറിയുന്നവര്‍ ആരും അംബാസഡറുടെ പോസ്റ്റില്‍ അതിശയിച്ചില്ല. അസീസിന്‍െറ സൗഹൃദവും ആതിഥ്യവും നഷ്ടപ്പെടുകയെന്നാല്‍ അത് നഷ്ടം തന്നെയാണെന്ന് അയാളുടെ സുഹൃത്തുക്കളില്‍ ആര്‍ക്കാണറിയാത്തത്.

Tags:    
News Summary - abdul azeez in trithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.