കേരള വനം വകുപ്പിന് അഭിമാനമായി ആറളത്തിെൻറ വന സംരക്ഷകൻ. കണ്ണൂരിെൻറ മലയോര വനാതിർത്തി മേഖലകളിലെ മനുഷ്യരുടെയും ഒപ്പം വന്യജീവികളുടെയും നൊമ്പരങ്ങൾ തന്‍റേത് കൂടിയാക്കി ആറളം വന്യജീവി സങ്കേതത്തിലെ വനസംരക്ഷകൻ നാടിനും മാതൃകയാവുന്നു. വർഷങ്ങളായി ആറളം വന്യജീവി സങ്കേതത്തിൽ അസിസ്റ്റന്‍റ് വാർഡനായി സേവനമനുഷ്ടിക്കുന്ന കൂത്തുപറമ്പ് സ്വദേശി വി. മധുസൂദനനാണ് ഈ അപൂർവ സവിശേഷതകളുള്ള വനം-വന്യജീവി സംരക്ഷകൻ.
സ്വസ്ഥമായി ഉണ്ടുറങ്ങാനാവാത്ത അവസ്ഥയാണ് ആറളം പ്രദേശത്തുള്ളതെങ്കിലും പ്രശ്നപരിഹാരത്തിനായി നെട്ടോട്ടത്തിലാണ് എപ്പോഴും അദ്ദേഹം. സംസ്ഥാനത്ത് ജനവാസ കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ വനജീവി അക്രമങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ള ആറളം മേഖലയിൽ സഹനത്തിന്‍റെ പര്യായമാണ് ഈ വനപാലകൻ. വന്യജീവി ആക്രമണത്തിൽ വനാതിർത്തി പ്രദേശങ്ങളിൽ പരിക്കേൽക്കുന്നവരുമായി ഏതറ്റം വരെയും ചികിൽസക്കായി കുതിക്കുകയും ചികിൽസ പൂർത്തിയാവും വരെ ആശുപത്രികളിൽ തങ്ങുകയും ചെയ്യുന്നത് സാധാരണമാണ്.
ഒപ്പം വനത്തിനും വന്യജീവികൾക്കും സുരക്ഷയൊരുക്കുന്നതിലും വിട്ടുവീഴ്ചയില്ല. കഴിഞ്ഞ മാസം ആറളം ഫാമിലെ കോട്ടപ്പാറയിൽ കാട്ടാന അക്രമത്തിൽ കൊല്ലപ്പെട്ട വീട്ടമ്മയുടെ മൃതദേഹം പ്രതിഷേധ സൂചകമായി മണിക്കൂറുകൾ പ്രദേശവാസികൾ തടഞ്ഞപ്പോൾ, തന്നെ പിടിച്ചുവെച്ചിട്ടായാൽ പോലും മൃതദേഹം സംസ്കരിക്കാൻ വിട്ടുനൽകണമെന്ന റേഞ്ച് ഓഫീസറുടെ വാക്ക് ആൾകൂട്ടത്തിന്‍റെ ഉള്ളിൽ തട്ടുന്നതായിരുന്നു. മുഖ്യ വനപാലകനെ ഉൾപ്പെടെ തടഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധമുണ്ടായത്.
കഴിഞ്ഞ ദിവസം ആറളം ഫാമിൽ ശല്യക്കാരനായ കൊലയാളിയാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിന് മയക്കുവെടി വിദഗ്ധനെ സഹായിക്കുന്നതിനും പിടികൂടേണ്ട ആനയെ സാഹസികമായി കണ്ടെത്തി തിരിച്ചറിയുകയും ചെയ്തത് മധുസൂദനന്‍റെ നേതൃത്യത്തിലുള്ള സംഘമായിരുന്നു. പതിനഞ്ച് മണിക്കൂർ നീണ്ട തീവ്രശ്രമത്തിലൂടെയാണ് ആറളത്തിന്‍റെ ഭീതിയായ ചുള്ളിക്കൊമ്പനെ കൂട്ടിലാക്കാനായത്.
വന്യജീവി അക്രമത്തിലുണ്ടാവുന്ന കൃഷി നാശങ്ങൾക്ക് ധനസഹായമെത്തിക്കുന്നതിലും പരിക്കേൽകുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനും സർക്കാർ സഹായമെത്തിക്കുന്നതിലും പരിസ്ഥിതി, ജലസംരക്ഷണ പ്രവർത്തനങ്ങളിലും പുലർത്തുന്ന മധുസൂദനന്‍റെ ജാഗ്രതയും ശ്രദ്ധേയമാണ്. ആറളം വനത്തിൽ സന്ദർശനത്തിനെത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രകൃതി പഠനസംഘങ്ങൾക്കും മിത്രം കൂടിയാണ് ഈ ഫോറസ്റ്റ് റേഞ്ചർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.