???????? ??????????? ????????????? ???

നാടകം കുട്ടിക്കളിയല്ലെന്ന് അഭിനയത്തിന്‍െറ മാസ്മരികത കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍, അവരില്‍ രണ്ടുപേര്‍ സംസ്ഥാനത്തെ തന്നെ മികച്ച നടനും നടിയുമായിരിക്കുന്നു. അതെ, അവര്‍ നാടകം കളിച്ച് ജീവിതം പഠിച്ച വിദ്യാര്‍ഥികളാണ്. ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ട കെ.ആര്‍. ഗോകുലും കാവ്യ പി. പ്രകാശും കൂട്ടുകാരും ‘നഗ്നനായ തമ്പുരാന്‍’ എന്ന നാടകത്തിന് അഭിനയത്തിന്‍െറ ചിറകുകള്‍കൊണ്ട് ജീവന്‍ നല്‍കുകയായിരുന്നു. കോഴിക്കോട് സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഈ നാടകാവതരണംകൊണ്ട് ശ്രദ്ധേയരായത്. 

അവര്‍ അരങ്ങില്‍ ഏറ്റവും നന്നായി നാടകം കളിച്ചു. നാടകത്തിനുള്ള പണം കണ്ടത്തൊന്‍ കൊല്ലങ്ങളായി കരുതിവെച്ച പണക്കുടുക്ക വരെ ഉടച്ചു. റിഹേഴ്സല്‍ ക്യാമ്പില്‍ ഭക്ഷണം കഴിക്കാതെ കഴിച്ചുകൂട്ടി. പലരില്‍ നിന്നും അപമാനങ്ങളേറ്റു. ചിലരുടെ ശരീരത്തില്‍ മൂന്നു ദിവസത്തോളം ഒരേ വസ്ത്രം കിടന്നു. നാടകത്തിനുപിന്നിലെ ഈ വിദ്യാര്‍ഥികളുടെ അനുഭവങ്ങള്‍ ആരെയും അമ്പരപ്പിക്കും. അഭിനയ പരിചയങ്ങളൊന്നുമില്ലാതെ നാടകക്യാമ്പിലെത്തിയ ഇവര്‍ നാടകത്തെ വിശ്വാസത്തിലെടുത്തു. സ്വന്തം വീട്ടുകാര്‍ക്കു പോലുമില്ലാത്ത ആ വിശ്വാസത്തിന്‍െറയും കൂട്ടായ്മയുടെയും വിജയമായിരുന്നു വിദ്യാര്‍ഥികളെ തേടിയത്തെിയത്. അഞ്ചുശതമാനം മാത്രം വസ്ത്രം ധരിച്ചെത്തുന്ന നാടകത്തിലെ മുഖ്യ കഥാപാത്രമായ തമ്പുരാനെ അവതരിപ്പിച്ച കെ.ആര്‍. ഗോകുല്‍ മികച്ച നടനായതിനു പിന്നില്‍ ഓരോ കഥാപാത്രത്തിനും പങ്കുണ്ടായിരുന്നു. 
 

‘നഗ്നനായ തമ്പുരാന്‍’ നാടകം വേദിയില്‍
 

നാടകത്തിലെ വേഷങ്ങള്‍ എടുക്കാന്‍ സാധാരണ കുട്ടികളാരും തയാറാകാത്തപ്പോഴാണ് കാവ്യയും ഗോകുലും ആ വേഷങ്ങളണിഞ്ഞ് മികച്ച അഭിനയം കൊണ്ട് ശ്രദ്ധേയരായത്. നാടകവിഷയം അശ്ലീലതയിലേക്ക് വഴുതാതിരിക്കാന്‍ പതിനഞ്ചു ദിവസത്തെ സഹവാസത്തിനും പരസ്പര തിരിച്ചറിവിനും ശേഷമാണ് വിദ്യാര്‍ഥികളെ നാടകം പഠിപ്പിച്ചത്. എം. മുകുന്ദന്‍െറ ചെറുകഥയെ അധികരിച്ച് പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച നാടകം വേദിയിലെത്തിക്കാന്‍ ഒരുപാടുപേരുടെ സഹായം വേണ്ടിവന്നു. അമ്പതുരൂപമുതല്‍ ആയിരം രൂപവരെ, ചോദിക്കാതെതന്നെ സംഭാവന നല്‍കിയവരുടെ പേരുകളടങ്ങിയ വെള്ളക്കടലാസ് നാടകത്തിന്‍െറ ജന്മസര്‍ട്ടിഫിക്കറ്റു പോലെ അധ്യാപകന്‍ ഹരീന്ദ്രനാഥ് കൊണ്ടുനടക്കുന്നു.

 കൗപീനം ധരിച്ചെത്തിയ കഥാപാത്രങ്ങളെ കൂകിയകറ്റാതെ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയായിരുന്നു കാണികള്‍. നഗ്നനായ തമ്പുരാനില്‍ കാവ്യയും ഗോകുലും പരസ്പരം മത്സരിക്കുകയായിരുന്നു. തനിക്ക് നല്ല നടന്‍ ബഹുമതി കിട്ടിയത് കാവ്യയുടെ മികവു കൊണ്ടാണെന്നും മികച്ച നടിയാകേണ്ടിയിരുന്ന കാവ്യക്ക് റവന്യൂ ജില്ലയില്‍ അത് നഷ്ടമായത് തന്‍െറ അഭിനയക്കുറവു കൊണ്ടാണെന്നും പറഞ്ഞ ഗോകുല്‍ സംസ്ഥാന മത്സരത്തില്‍ പകരം വീട്ടുകയായിരുന്നു. നാടകത്തില്‍ അഭിനയിക്കുന്നതിന് കുഞ്ഞുകുറുമ്പുകള്‍ കാണിച്ചിരുന്ന വിദ്യാര്‍ഥികള്‍ നാടകത്തിലൂടെ അധ്യാപകരുടെ ഇരുത്തംവന്ന പ്രിയപ്പെട്ടകുട്ടികളായി മാറിയിരിക്കുന്നു. വിദ്യാര്‍ഥികളില്‍ ചിലരെ നാടകത്തില്‍ ഉള്‍പ്പെടുത്തണോ എന്ന് നാടകപരിശീലനം ആരംഭിക്കുന്നതിന് മുമ്പ് ചോദിച്ച അധ്യാപകര്‍ പോലും നാടകം കണ്ടതിനുശേഷം അവരുടെ കവിളില്‍ മുത്തമിടുകയായിരുന്നു. അതുകൊണ്ടൊക്കെ തന്നെ, നാടകം കളിച്ചപ്പോള്‍ ഇവര്‍ക്കുകിട്ടിയ ഏറ്റവും വലിയ സമ്മാനം ജീവിതത്തെ തിരിച്ചു പിടിക്കാനുള്ള കരുതലാണ്. 

 
മികച്ച നടി കാവ്യയും മികച്ച നടന്‍ ഗോകുലും
 


‘നഗ്നനായ തമ്പുരാന്‍’ നാടകത്തിന്‍െറ വിജയത്തിനു പിന്നിലെ വിദ്യാര്‍ഥികളുടെ അര്‍പ്പണബോധവും കഠിനാധ്വാനവും കാണാതിരിക്കാനാവില്ല. കണ്ണൂരില്‍ സംസ്ഥാന കലോത്സവവേദിയില്‍ നാടകം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ തലക്കേറ്റ മുറിവില്‍നിന്ന് ചോരവാര്‍ന്ന് പോകുന്നത് മറ്റുള്ളവര്‍ ശ്രദ്ധിച്ചെങ്കിലും ഗോകുല്‍ അറിഞ്ഞതേയില്ല. തന്‍െറ റോള്‍ ഭംഗിയായി തീര്‍ത്തതിനുശേഷമാണ് ഗോകുല്‍ തളര്‍ന്നുവീണ് അബോധാവസ്ഥയിലായത്. അത്രമാത്രം സമര്‍പ്പണമായിരുന്നു നാടകത്തോട്. റിഹേഴ്സലിനിടയില്‍ ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയില്‍ വേഷം ലഭിച്ചിട്ടും താന്‍ കാരണം നാടകം മുടങ്ങുമെന്ന് കരുതി ഗോകുല്‍ പോയില്ല. തങ്ങളെ അനുമോദിച്ചു കൊണ്ട് അങ്ങാടികളില്‍ പൊങ്ങിയ ഫ്ളക്സുകള്‍ കാണുമ്പോള്‍ സന്തോഷമാണെന്ന് മികച്ച നടനും നടിയും പറയുന്നു. 

കുരുത്തക്കേടുകളില്‍നിന്ന് ഉത്തരവാദിത്തമേറ്റെടുക്കലുകളിലേക്കും നല്ല ശീലങ്ങളിലേക്കും കുട്ടികളെ മാറ്റിയത് നാടകമാണെന്നും നാടകത്തിനു മാത്രമേ ഇങ്ങനെയൊരു പരിവര്‍ത്തനത്തിന് പറ്റൂവെന്നുമാണ് നാടകത്തിന്‍െറ സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്. നാടകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഉണ്ടാകാവുന്ന നന്മയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ കുട്ടികള്‍ എന്ന് നാടകത്തിന്‍െറ കോഓഡിനേറ്ററായ അധ്യാപകന്‍ ഹരീന്ദ്രനാഥ് പറയുന്നു. കുട്ടികളുടെ ഏറ്റവും നല്ല എനര്‍ജി പിരീഡില്‍ ക്ളാസ് ബെഞ്ചുകളിലേക്ക് ഒതുക്കുന്ന പ്രവണത മാറിയാല്‍ വിദ്യാഭ്യാസം മൂല്യമുള്ളതാകുമെന്നാണ് അദ്ദേഹത്തിന്‍െറ അഭിപ്രായം.
 

നാടകത്തിന്‍െറ തുടക്കത്തില്‍ തന്നെ അഞ്ചടിയോളം ഉയരമുള്ള തട്ടകത്തില്‍ നിന്ന് ബാലന്‍സ് തെറ്റി നടന്മാരായ അര്‍ജുനും അശ്വതിയും തലമറിഞ്ഞു വീണപ്പോള്‍ അവര്‍ക്ക് വേദനയറിഞ്ഞില്ല, കരയാന്‍ തോന്നിയില്ല. കാരണം നാടക ക്യാമ്പില്‍ അവര്‍ അതിനേക്കാള്‍ വലിയ വേദനകളെ അനുഭവിച്ചു കഴിഞ്ഞിരുന്നു. അര്‍ജുനിന്‍െറ മുന്‍വരിയിലെ പല്ലുപൊട്ടി, അശ്വതിയുടെ അരക്കെട്ടിന് ചതവുപറ്റി ചികിത്സയിലാണിപ്പോള്‍. വിഷ്ണുപ്രിയ, വിഷ്ണു അനില്‍കുമാര്‍, പി.ഡി. അര്‍ജുന്‍, ഇര്‍ഫാന്‍, സുബിന്‍ തുടങ്ങിയവരാണ് നാടകത്തിന്‍െറ ജീവന്‍ നല്‍കിയ മറ്റുതാരങ്ങള്‍. 

Tags:    
News Summary - best actor gokul and best actress kavya in state school kalolsavam 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.