പാത മുന്നില്‍ നീണ്ടുകിടക്കുകയാണ്. ലഡാക്കാണ് ലക്ഷ്യം. യാത്ര ആവേശമായപ്പോള്‍ മുതല്‍ മനസ്സില്‍ കടന്നുകൂടിയ ആഗ്രഹം. തനിച്ചാണെങ്കിലും തളരാതെ മുന്നോട്ടു നയിക്കുന്നത് ഈ ആവേശമാണ്. പാതയില്‍ ഒരിളം കാറ്റായി 22കാരന്‍ അഖിലും ഹോണ്ട സി.ബി.ആര്‍ 250 ബൈക്കും മാത്രം. ‘‘തനിച്ചായിരുന്നില്ല ഞാന്‍. ദൈവമുണ്ടായിരുന്നു കൂടെ; അമ്മയുടെ പ്രാര്‍ഥനയുടെ രൂപത്തില്‍’’. ഒറ്റക്ക് ബൈക്കില്‍ യാത്ര ചെയ്ത് 47 ദിവസംകൊണ്ട് ലഡാക്കിലെത്തി തിരികെ വന്നതിന്‍െറ ആഹ്ലാദം ഇനിയും വിട്ടുമാറിയിട്ടില്ല, തിരുവനന്തപുരം വേട്ടമുക്ക് ‘ഗീതാഭവന്‍’ വീട്ടില്‍ അഖില്‍ പി. നായര്‍ക്ക്.
21 സംസ്ഥാനങ്ങളും അഞ്ചു കേന്ദ്രഭരണ പ്രദേശങ്ങളും കടന്ന സ്വപ്നസമാനമായൊരു യാത്ര. 13,000 കിലോമീറ്ററിലധികം പിന്നിട്ട യാത്ര 2016 ആഗസ്റ്റ് 13ന് കന്യാകുമാരിയില്‍നിന്ന് സൂര്യോദയം കണ്ടാണ് തുടങ്ങിയത്. രാമേശ്വരം, ധനുഷ്കോടി, തഞ്ചാവൂര്‍, ബംഗളൂരു, ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട കോട്ട, ഇന്ത്യന്‍ നയാഗ്ര എന്നറിയപ്പെടുന്ന ഛത്തിസ്ഗഢിലെ ചിത്രകോട്ടെ വെള്ളച്ചാട്ടം, വിശാഖപട്ടണം, കൈലാസഗിരി, കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, കൊല്‍ക്കത്ത, ആഗ്ര, ഡല്‍ഹി, ഋഷികേശ്, ഹരിദ്വാര്‍, കാര്‍ഗില്‍, പാന്‍ഗോങ് തടാകം.... പോയ വഴിയിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം പാദമുദ്ര പതിപ്പിച്ചു.
വണ്ടിയോടിച്ചു പോകാവുന്ന ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പോയന്‍റായ 18,380 അടി ഉയരത്തിലുള്ള ലഡാക്കിലെ ഖര്‍ദുഗ്ല ടോപ്പില്‍ എത്തിയപ്പോള്‍ അഖില്‍ ആദ്യം ചെയ്തത് ‘പിണങ്ങാതെ’ ഒപ്പം യാത്ര ചെയ്ത ബൈക്കിനെ ചുംബിക്കുകയായിരുന്നു. അമൃത്സര്‍, ജയ്പുര്‍, അഹ്മദാബാദ്, ഇന്ദോര്‍, ദാമന്‍-ദിയു, മുംബൈ, ഗോവ, ഹംപി, ബംഗളൂരു വഴിയായിരുന്നു മടക്കയാത്ര.
അണ്ടര്‍ സെക്രട്ടറിയായി വിരമിച്ച പരേതനായ പരമേശ്വരന്‍ നായരുടെയും ഗീതകുമാരിയുടെയും ഏക മകനായ അഖിലിന് ചെറുപ്പം മുതലേ യാത്ര ഹരമാണ്. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമുള്ള വിനോദ യാത്രകളിലൂടെയായിരുന്നു തുടക്കം. ബൈക്ക് സ്വന്തമാക്കിയപ്പോള്‍ തനിച്ചുള്ള യാത്രകളോടായി ഹരം. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഒറ്റക്ക് ബൈക്ക് ഓടിച്ചു പോകുന്നതിന് ശക്തമായ എതിര്‍പ്പായിരുന്നു വീട്ടില്‍.
യാത്രക്ക് ഒരുവര്‍ഷം മുമ്പുതന്നെ തയാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. രാത്രിയാത്ര ഒഴിവാക്കിയതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും നേരിടേണ്ടിവന്നുമില്ല. എങ്കിലും, ചില പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ജി.പി.എസിന്‍െറ സഹായത്തോടെയായിരുന്നു യാത്ര. ജി.പി.എസ് നോക്കി ഹൈദരാബാദില്‍നിന്ന് ഛത്തിസ്ഗഢിലേക്ക് പോകുമ്പോള്‍ റോഡ് തീര്‍ന്നു. പിന്നീട് പുഴ കടക്കണം. ചെറിയൊരു ചങ്ങാടമാണ് അതിനുള്ളത്. നാട്ടുകാര്‍ എല്ലാവരും സഹായിച്ച് ബൈക്ക് പൊക്കി ചങ്ങാടത്തില്‍ കയറ്റി അക്കരെ കടത്തുകയായിരുന്നു.
ഡല്‍ഹിയില്‍വെച്ച് ഗോ പ്രോ കാമറ നഷ്ടപ്പെട്ടതും ചണ്ഡിഗഢില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റതും ദുരനുഭവമായി. ഉറക്കമില്ലായ്മയും ക്ഷീണവുംമൂലം മണാലിക്കുള്ള യാത്രക്കിടെ തലകറങ്ങി. ഒരുനിമിഷം ബോധം പോയെങ്കിലും ബൈക്കിന്‍െറ നിയന്ത്രണം നഷ്ടപ്പെടാഞ്ഞതിനാല്‍ മറിഞ്ഞില്ല. ലഡാക്കില്‍വെച്ചും സമാന അനുഭവമുണ്ടായി.30 വയസ്സിനുള്ളില്‍ എവറസ്റ്റ് കയറണമെന്നാണ് അഖിലിന്‍െറ ആഗ്രഹം. ഇതിനായി 25ാം വയസ്സു മുതല്‍ ശ്രമം തുടങ്ങാനാണ് തീരുമാനം. ലക്ഷ്യമുണ്ട്; പാത മുന്നില്‍ നീണ്ടുകിടക്കുകയാണ്...
കേരളത്തില്‍തന്നെ യാത്രചെയ്യാന്‍ നിരവധി സ്ഥലങ്ങളുണ്ട്. ഒരുപക്ഷേ, മിക്ക മലയാളികള്‍ക്കും ചിന്തിക്കാന്‍പോലും പറ്റാത്തത്ര മനോഹരമായ സ്ഥലങ്ങള്‍. ആരും പക്ഷേ, അത്തരത്തിലുള്ള സ്ഥലങ്ങളൊന്നും തിരഞ്ഞു പോകാതെ കേരളത്തിനു പുറത്തേക്കു മാത്രം യാത്ര ചെയ്യാനാണ് നോക്കുന്നത്. ആദ്യം ഇവിടെയുള്ള കാഴ്ചകള്‍ കണ്ട് ആസ്വദിക്കേണ്ടേ. എന്നാലല്ലേ ഇതിനെക്കാള്‍ മനോഹരമാണോ അല്ലയോ മറ്റു സ്ഥലങ്ങളെന്ന് മനസ്സിലാവൂ. എല്ലാവരും ആദ്യം നമ്മള്‍ കാണാത്ത നമ്മുടെ നാട്ടിലൂടെയുള്ള യാത്രകള്‍ സംഘടിപ്പിക്കണമെന്നാണ് അഖിലിന്‍െറ ഉപദേശം. സുരക്ഷ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള യാത്രയാകണം എപ്പോഴും എന്നത് നിര്‍ബന്ധം. ആ ആശയം പരമാവധി ആളുകളിലേക്ക് പകര്‍ന്നു നല്‍കുക എന്നതാണ് യാത്രകളിലെല്ലാം അഖില്‍ മുന്നില്‍ കാണുന്ന ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.