?????? ??????
‘‘ആള്‍ക്കൂട്ടത്തെ പിന്തുടരുന്ന ഒരു പെണ്‍കുട്ടി ആള്‍ക്കൂട്ടം സഞ്ചരിക്കുന്നതിനപ്പുറം പോവുന്നില്ല. ഒറ്റക്ക് നടക്കുന്ന പെണ്‍കുട്ടി ഇതുവരെ മറ്റാരും എത്തിച്ചേരാത്ത ഇടങ്ങള്‍ കണ്ടെത്തുന്നു’’ -ലോകം കണ്ട എക്കാലത്തെയും മികച്ച ശാസ്ത്രപ്രതിഭ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍േറതാണ് ഈ വാക്കുകള്‍.

ഇവിടെ നമുക്കു മുന്നിലും തനിച്ച് നടക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്. ഒറ്റക്ക് സഞ്ചരിച്ച് ഒരുപാട് ലോകം കണ്ട, ജീവിതത്തെ ഒരു ബുള്ളറ്റ്യാത്രയാക്കി മാറ്റിയ ഒരു ഏകാന്തപഥിക. പ്രവീണ വസന്ത് എന്നാണ് ഈ യാത്രക്കാരിയുടെ പേര്. പ്രിയപ്പെട്ടവര്‍ വീണ എന്നു വിളിക്കും. പ്രവീണയും ‘ബുള്ളൂട്ടന്‍’ എന്നു സ്നേഹത്തോടെ വിളിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 എന്ന തന്‍െറ ‘ജീവിതപങ്കാളി’യായ ബുള്ളറ്റും ഒരു നീണ്ടയാത്രയിലാണ്. ഇന്ത്യയിലുടനീളവും പിന്നീട് നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലുമായി നടത്തുന്ന 29,000 കി.മീ. ദൈര്‍ഘ്യമുള്ള യാത്ര. രണ്ടു മഹത്തായ ലക്ഷ്യങ്ങളാണ് പ്രവീണയുടെ സഞ്ചാരത്തിനുള്ളത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആസിഡ് ആക്രമണങ്ങള്‍ക്കെതിരെ ബോധവത്കരണവും കരസേന, വ്യോമസേന, നാവികസേന, അതിര്‍ത്തി രക്ഷാസേന തുടങ്ങിയ വിഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന പട്ടാളക്കാര്‍ക്ക് ഒരു ട്രിബ്യൂട്ട് ഒരുക്കലുമാണത്.

കശ്മീരിലെ നാഥാടോപ്പിലെ വ്യോമസേന ആസ്ഥാനത്തുനിന്ന് ഡിസംബര്‍ പത്തിന് പുറപ്പെട്ട പ്രവീണയുടെ യാത്ര ഇപ്പോള്‍ കേരളത്തിലെ ജില്ലകളിലൂടെയാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയാണ് യാത്രയിലെ ആദ്യഘട്ടം. ജമ്മു-കശ്മീര്‍, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയി ഒടുവില്‍, സ്വന്തം നാടായ കേരളത്തിലെത്തിയിരിക്കുന്നു. ഇതുവരെ ബൈക്കില്‍ താണ്ടിയത് 11,000ത്തിലേറെ കിലോമീറ്ററാണ്. യാത്രയില്‍ കാണുന്ന പട്ടാളക്കാര്‍ക്കെല്ലാം പ്രവീണ താങ്ക്യു കാര്‍ഡ് സമ്മാനിക്കും. ‘‘രാജ്യത്തിനുവേണ്ടി വിലമതിക്കാനാവാത്ത സേവനമാണ് അവര്‍ കാഴ്ചവെക്കുന്നത്. അവരോടുള്ള ആദര സൂചകമായി എനിക്ക് ചെയ്യാവുന്നത് ഞാന്‍ ചെയ്യുന്നു’’ -പ്രവീണയുടെ വാക്കുകള്‍. ഇതിനകം എഴുന്നൂറിലേറെ സൈനികര്‍ക്ക് താങ്ക്യു കാര്‍ഡ് കൈമാറി. യാത്രയുടെ ഉദ്ദേശ്യമറിയുന്ന എല്ലാവരും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായവരെയും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കാന്‍ യാത്രയില്‍ യഥേഷ്ടം സമയം കണ്ടെത്തുന്നുണ്ട് ഈ സോളോ റൈഡര്‍.

രാജസ്ഥാനിലെ ജോധ്പൂരില്‍വെച്ച് കരസേനയിലെ ഉന്നതോദ്യോഗസ്ഥരെ കണ്ടതും അവര്‍ നല്‍കിയ പിന്തുണയും പ്രവീണക്ക് യാത്രക്കുള്ള ഊര്‍ജമാണ്. അവര്‍ മാത്രമല്ല, ഓരോയിടത്തും കണ്ടുമുട്ടുന്ന പുതിയ പുതിയ ആളുകളാണ് മുന്നോട്ടുള്ള യാത്രക്ക് ഉള്ളില്‍ ഇന്ധനം നിറക്കുന്നത്. മധ്യഭാരതം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെത്തി, തിരിച്ച് കാര്‍ഗില്‍ വഴി ലഡാക്കിലെ ഖര്‍ദുംഗ്ല ടോപ്പില്‍ യാത്ര പര്യവസാനിപ്പിക്കുകയാണ് പ്രവീണയുടെ ലക്ഷ്യം.

യാത്രയാണ് എല്ലാം...
ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളുണ്ടാവും. ഇഷ്ടങ്ങളുടെ തോത് വര്‍ധിച്ച് ഉന്മാദങ്ങളും അത്യാസക്തികളുമാവും. പ്രവീണക്ക് യാത്രയെന്നാല്‍ ഇത്തരം ഉന്മാദങ്ങളാണ്. ഇതിനുമുമ്പും ഒറ്റക്ക് മൂന്നു തവണ ദേശീയ പര്യടനം നടത്തിയിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പ് തലക്കുപിടിച്ച യാത്രക്കമ്പം ഇതിനിടയില്‍ പ്രവീണയെ ‘ചുറ്റിച്ചത്’ 94,000 കിലോമീറ്ററാണ്. തുടക്കത്തില്‍ മറ്റു മിക്ക കുടുംബങ്ങളിലുമെന്ന പോലെ എതിര്‍പ്പിന്‍െറ ഒരു വലിയ പര്‍വതം പ്രവീണക്കു മുന്നില്‍ ഉയര്‍ന്നുനിന്നു. ഉറച്ചുപോയ ആ പര്‍വതത്തെ മഞ്ഞുമലയാക്കി മാറ്റിയതും പിന്നീട് എതിര്‍പ്പിന്‍െറ മഞ്ഞ് പതിയെ ഉരുകിയൊലിച്ചതും പ്രവീണയിലെ റൈഡര്‍ക്ക് ആവേശം പകര്‍ന്നു.

വീട്ടമ്മയായ അമ്മ സ്നേഹപ്രഭയായിരുന്നു കൂടുതല്‍ എതിര്‍പ്പ് കാണിച്ചത്. അമ്മയോടു തന്നെയാണ് ഈ ലോകത്ത്് ഏറ്റവും പ്രിയവും.  പ്രവീണയുടെ ട്രാവല്‍ ജാക്കറ്റിന്‍െറ പിറകില്‍ ‘ഡോട്ടര്‍ ഓഫ് സ്നേഹപ്രഭ’ എന്നെഴുതിയത് കാണാം. അച്ഛന്‍ തിരുവനന്തപുരം ആര്‍.ബി.ഐയില്‍ ഉദ്യോഗസ്ഥനായ വസന്ത്കുമാര്‍. ചേച്ചി പ്രവിത ഭര്‍ത്താവ് ബാലാജിയും മകള്‍ ദേവാന്‍ഷിയുമൊത്ത് ദുബൈയില്‍ താമസം.  ആദ്യകാലങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച അമ്മയാണ് ഇപ്പോള്‍ ഏറ്റവുമധികം പിന്തുണയും പ്രോത്സാഹനവുമായി മകള്‍ക്കൊപ്പം നില്‍ക്കുന്നത്. തനിക്കൊരിക്കലും പെണ്‍കുട്ടിയെന്ന ‘പരിമിതി’ അനുഭവപ്പെട്ടിട്ടില്ളെന്ന് പ്രവീണ പറയുന്നു. ‘‘സ്വാതന്ത്ര്യമെന്നാല്‍ നമ്മുടെ ചോയിസ് ആണ്. എന്നെ ഒരിക്കലും അച്ഛനമ്മമാര്‍ അവരുടെ വഴിക്ക് നയിച്ചിട്ടില്ല. ഒരു യാത്ര പുറപ്പെടുമ്പോള്‍ ഒരിക്കലും ഞാന്‍ പൊയ്ക്കോട്ടെ എന്ന് ചോദിക്കാറില്ല. മറിച്ച്, പോകുകയാണ് എന്ന് പറയാറേയുള്ളൂ’’ -പ്രവീണയുടെ വാക്കുകള്‍. ചണ്ഡിഗഢിലെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയായ ഇവര്‍ അവധിയെടുത്താണ് ആസിഡ് ഇരകള്‍ക്കും അതിര്‍ത്തി കാക്കുന്നവര്‍ക്കും വേണ്ടി യാത്രക്കൊരുങ്ങിയത്. കോഴിക്കോട് ചാത്തമംഗലം വെള്ളന്നൂരാണ് പ്രവീണയുടെ സ്വദേശം.

കേരളം സഞ്ചാരി സൗഹൃദമല്ല
എന്നും ഒറ്റക്ക് യാത്രചെയ്യാനാണ് പ്രവീണക്കിഷ്ടം. തന്‍െറ യാത്രകളെക്കുറിച്ച് ആത്മ വിശ്വാസത്തോടെ സംസാരിക്കുന്നവള്‍. എന്നാല്‍, കേരളത്തിലിന്നേവരെ ഒരു നല്ല സോളോ റൈഡിങ് സംസ്കാരം രൂപപ്പെട്ടിട്ടില്ളെന്ന് പ്രവീണ പറയുന്നു. റൈഡിങ്ങില്‍ പ്രധാനം സുരക്ഷിതത്വമാണ്. ഇന്ത്യയിലെ റോഡുകള്‍ മത്സരിക്കാന്‍ പറ്റിയവയല്ല. മറിച്ച്, റൈഡ് ചെയ്യാനുള്ളവയാണ്. വേഗത്തില്‍ പോകുന്നതിനെ ഒരു ശതമാനം പോലും ഈ സഞ്ചാരിപ്പെണ്‍കൊടി അനുകൂലിക്കുന്നില്ല. ‘‘സ്ഥലങ്ങള്‍ കാണാനും ആസ്വദിക്കാനുമെല്ലാം ഒരു ചുരുങ്ങിയ വേഗത്തില്‍ പോകുന്നതാണ് നല്ലത്. സ്പീഡ് 80ല്‍ ഇട്ടുകഴിഞ്ഞ് പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വന്നാല്‍ ചുരുങ്ങിയത് 12 മീറ്റര്‍ കഴിഞ്ഞേ വണ്ടിനില്‍ക്കൂ. ആ 12 മീറ്ററായിരിക്കും നിങ്ങളുടെ മരണത്തിലേക്കുള്ള ദൂരം’’ -സാഹസികതയുടെ അപകടത്തെക്കുറിച്ച് പ്രവീണ ഓര്‍മപ്പെടുത്തുന്നു.

ബൈക്കില്‍ സുരക്ഷിതയായിരിക്കാന്‍ ഫുള്‍സൈസ് ഹെല്‍മറ്റ്, ഗ്ലൗസ്, കീ ഗാര്‍ഡ്, ജാക്കറ്റ്/ ആമര്‍ എന്നിവ നിര്‍ബന്ധമാക്കണമെന്നാണ് ഈ അനുഭവസമ്പന്നയായ യാത്രക്കാരിയുടെ ഉപദേശം. കശ്മീരിലെ യാത്രക്കിടെ കാര്‍ ഇടിച്ചുതെറിപ്പിച്ച പ്രവീണയെ രക്ഷിച്ചതും ഈ സുരക്ഷാ സന്നാഹങ്ങള്‍ തന്നെയാണ്. അന്ന് ഒരു ദിവസം മാത്രം പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കേണ്ടിവന്നു. കേരളത്തിലെ പെണ്‍കുട്ടികള്‍ ഇതുവരെയും ബൈക്ക് റൈഡിനെ ഗൗരവമായി കണ്ടിട്ടില്ലെന്നാണ് പ്രവീണയുടെ നിരീക്ഷണം. പലരും സമയം കളയാനോ മറ്റും ബൈക്കെടുത്ത് പത്തോ അമ്പതോ കിലോമീറ്ററുകള്‍ കറങ്ങുന്നവരാണ്. റൈഡിങ്ങിനെ ആത്മാര്‍ഥമായി സമീപിക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍,  യാത്രയെ ഗൗരവത്തില്‍ കാണുന്ന ഒരുപാട് പേരുടെ സൗഹൃദവലയം പ്രവീണക്കുണ്ട്. എവിടെ ചെന്നാലും ഒരുപാട് പേര്‍ തിരിച്ചറിയുന്നു, പരിഗണിക്കുന്നു. ഫേസ്ബുക്കില്‍ 79,000ത്തിലേറെ ഫോളോവേഴ്സ് ഇവര്‍ക്കുണ്ട്.


എന്നാല്‍, അതുപോലെത്തന്നെ എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരുമുണ്ട്. ഒരു പെണ്‍കുട്ടിയോടുള്ള പുരുഷാധിപത്യ സമീപനത്തിനും വ്യക്തിഹത്യക്കും പലതവണ ഇരയായിട്ടുണ്ട് പ്രവീണ. കേരളത്തില്‍ താന്‍ യാത്ര ചെയ്യുമ്പോള്‍ തൊട്ടപ്പുറത്ത് ബൈക്കോടിക്കുന്ന യുവാവ് താനൊരു പെണ്‍കുട്ടിയാണെന്നു മനസ്സിലാക്കിയാല്‍ മത്സരയോട്ടത്തിനു വരുന്നത് പതിവാണ്. ‘ഓ, പെണ്ണായിരുന്നോ!’ എന്ന മനോഭാവമാണ് പലര്‍ക്കും. എന്നാല്‍, ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമേയല്ലെന്ന് പ്രവീണ. ‘എത്രത്തോളം സോളോ റൈഡ് നടത്തുന്നോ അത്രത്തോളം ശത്രുക്കളെ സമ്പാദിക്കാം’ എന്നതാണ് അവരുടെ ലൈന്‍. ഫേസ്ബുക്കിലും സജീവമായി തന്‍െറ അഭിപ്രായങ്ങള്‍ പങ്കുവെക്കാറുണ്ട് ഇവര്‍. പലപ്പോഴും ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

പ്രിയപ്പെട്ട ബുള്ളൂട്ടന്‍
അമ്മ കഴിഞ്ഞാല്‍ ഏറ്റവും പ്രിയം ബുള്ളൂട്ടനോടാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പുതിയ ബുള്ളറ്റ് സ്വന്തമാക്കിയത്. അന്നുതൊട്ടിന്നുവരെ ഒരു ദിവസംപോലും ഇതില്‍ കയറാതിരുന്നിട്ടില്ല. തന്‍െറ ജീവിതപങ്കാളിയായി തന്നെയാണ് ഈ ഇരുചക്രവാഹനത്തെ പ്രവീണ കാണുന്നത്. ഇക്കഴിഞ്ഞ യാത്രക്കിടെ അപകടംപറ്റി വിശ്രമിച്ച അന്നുപോലും ബുള്ളറ്റില്‍ വലിഞ്ഞുകേറിയിരുന്നു. ഇതിനുമുമ്പ് ആര്‍ വണ്‍ഫൈവ്, പള്‍സര്‍, ആര്‍.എസ്, ഡ്യൂക്ക് തുടങ്ങിയ ബൈക്കുകൾ ഉപയോഗിച്ചെങ്കിലും ബുള്ളറ്റ് തരുന്ന സംതൃപ്തി വേറൊന്നു തന്നെയാണ്.

മറ്റു ബൈക്കുകള്‍ അറിയാതെ സ്പീഡ് കൂടുമെങ്കിലും ബുള്ളറ്റ് സ്വയം വേഗനിയന്ത്രിതമാണ്. മൂന്നു വര്‍ഷംമുമ്പ് ലഡാക്കിലേക്ക് നടത്തിയ യാത്ര പക്ഷേ, ബൈക്കിലായിരുന്നില്ല. മറിച്ച് ട്രക്കിലും ബസിലുമായിരുന്നു. പിന്നീട്, ഒരു പള്‍സര്‍ 150 സ്വന്തമാക്കി. ഇപ്പോള്‍ ബുള്ളറ്റും. യാത്രകള്‍ ഏറെയും നീണ്ട യാത്രകളാണ്. ഓരോ യാത്രയുടെ ഇടവേളകളിലും ചിത്രങ്ങളും വിവരണങ്ങളുമായി ഫേസ്ബുക്കില്‍ അപ്ഡേറ്റ് ചെയ്യും. രാജ്യം മുഴുവന്‍ സഞ്ചാരപ്രേമികളായ സുഹൃത്തുക്കളെ സ്വന്തമാക്കിയിട്ടുണ്ട്. വലിയ യാത്രകള്‍ക്കെല്ലാം സ്പോണ്‍സര്‍മാരെ കിട്ടും. രാജ്യത്തെവിടെ ചെന്നാലും സഹായത്തിനായി കൂട്ടുകാര്‍ തയാറാണ്.

അടുത്തതായി പ്രിയപ്പെട്ട 58 രാജ്യങ്ങളില്‍ സോളോ ബൈക്ക് റൈഡ് നടത്തുകയാണ് ഈ യാത്രക്കാരിയുടെ ലക്ഷ്യം. ഇതിനായി സ്പോണ്‍സര്‍ ഒന്നും റെഡിയായിട്ടില്ലെങ്കിലും സ്വപ്നം സഫലമാവുമെന്ന ഉറച്ച വിശ്വാസത്തിലാണ്. യാത്രകളെ സ്നേഹിക്കുന്നവരോടും ഗൗരവമായി യാത്രകള്‍ ചെയ്യുന്നവരോടും ഈ ഏകാന്തയാത്രികക്ക് ഒന്നേ പറയാനുള്ളൂ: ‘‘സുരക്ഷിതമായി റൈഡ് ചെയ്യുക. കാഴ്ചകള്‍ കാണാനുള്ളതാണ്. ജീവിതം നിങ്ങളോരോരുത്തരുടേതുമാണ്. ധിറുതിപിടിച്ച്, അതിസാഹസികത കാണിച്ചാല്‍ യാത്ര ആസ്വദിക്കാന്‍ കഴിയില്ല എന്നതിനപ്പുറം നിങ്ങള്‍ക്ക് സ്വയം വലിയ നഷ്ടമാണ് അത് വരുത്തിവെക്കുക’’.

Tags:    
News Summary - Bike Rider Praveena Vasanth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.