???????? ?????? ????

കാലം 1959. തലശ്ശേരിക്കാരന്‍ അബ്ദുല്‍ ഖാദര്‍ ബോംബെയില്‍നിന്ന് കപ്പല്‍ കയറി കറാച്ചി വഴി ദുബൈയിലേക്ക് യാത്ര പുറപ്പെട്ടു. ‘സര്‍ദാന’ എന്ന കപ്പലില്‍ ആറുദിവസത്തെ യാത്രക്കൊടുവില്‍ അറേബ്യന്‍ മണലാരണ്യം കണ്‍മുന്നില്‍ തെളിഞ്ഞു. കപ്പല്‍ തീരത്തടുത്തു. ഒരായിരം സ്വപ്നങ്ങളുമായി അബ്ദുല്‍ ഖാദര്‍ എന്ന 25കാരന്‍ മണല്‍ ഭൂമിയിലേക്ക് നടന്നുകയറി. ഗള്‍ഫ് എന്നാല്‍, ഇന്നത്തെപ്പോലെ സമ്പത്തിന്‍െറയും പ്രൗഢിയുടെയും പ്രതീകമായിരുന്നില്ല അന്ന്. അവികസിതമായ മരുപ്രദേശം. അംബരചുംബികളായ കെട്ടിടങ്ങളോ തിരക്കേറിയ നഗരവീഥികളോ ചീറിപ്പായുന്ന വാഹനങ്ങളോ ഇല്ലാത്ത ലോകം. അവിടവിടെയായി കാണുന്ന ഇരുനിലക്കെട്ടിടങ്ങള്‍, ടാറിടാത്ത, പൊടിക്കാറ്റ് വീശിയടിക്കുന്ന തെരുവുകള്‍, ഈന്തപ്പനക്കുടിലുകള്‍, അപൂര്‍വമായി മാത്രം കടന്നുപോകുന്ന ലാന്‍ഡ് റോവര്‍ ജീപ്പുകള്‍. തലശ്ശേരിക്കടുത്ത ചൊക്ലി മേക്കുന്നിലെ വീട്ടിലിരുന്ന് പുനത്തില്‍ അബ്ദുല്‍ ഖാദര്‍ ഹാജി എന്ന 82കാരന്‍ നാലുപതിറ്റാണ്ടിലേറെ നീണ്ട തന്‍െറ പ്രവാസജീവിതത്തിന്‍െറ നാളുകള്‍ ഓര്‍ത്തെടുത്തു.

പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ അറേബ്യ
അറേബ്യന്‍ മണ്ണിനെ പൊന്നാക്കി മാറ്റിയ എണ്ണ ഉല്‍പാദനത്തിന്‍െറ തുടക്കക്കാലമായിരുന്നു അത്. വാഹനങ്ങള്‍ അപൂര്‍വ കാഴ്ച മാത്രം. ടാറിട്ട റോഡുകളില്ല. വൈദ്യുതിയില്ല. കത്തുന്ന ചൂടിനെ സഹിക്കുക മാത്രമെ വഴിയുള്ളു. അപൂര്‍വം ചിലയിടങ്ങളില്‍ മണ്ണെണ്ണ കത്തിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഫ്രിഡ്ജ് ഉണ്ടായിരുന്നു. അബ്ദുല്‍ ഖാദറിന്‍െറ ജ്യേഷ്ഠന്‍ പരേതനായ പുനത്തില്‍ മൊയ്തുഹാജിക്ക് അബൂദബിയില്‍ ഹോട്ടല്‍ ഉണ്ടായിരുന്നു. അതിന്‍െറ ഭാഗമാകാന്‍ വേണ്ടിയാണ് അബ്ദുല്‍ ഖാദറും കപ്പല്‍ കയറിയത്. ബിസിനസിലേക്കിറങ്ങിയ അബ്ദുല്‍ ഖാദറിന് 1960 മുതല്‍ സ്വന്തമായി ട്രേഡ് ലൈസന്‍സ് ലഭിച്ചു. കഠിനപ്രയത്നവും ആത്മവിശ്വാസവുമായിരുന്നു ബിസിനസ്സില്‍ കൈമുതല്‍. 1959ല്‍ അബൂദബിയിലെത്തിയെങ്കിലും 1961ലാണ് പാസ്പോര്‍ട്ട് ലഭിക്കുന്നത്. അന്ന് അബൂദബിയില്‍ ഇന്ത്യന്‍ എംബസി ഉണ്ടായിരുന്നില്ല. മസ്കറ്റില്‍നിന്നായിരുന്നു പാസ്പോര്‍ട്ട് ഇഷ്യു ചെയ്തിരുന്നത്.

അബ്ദുല്‍ ഖാദര്‍ ദുബൈയില്‍ ആദ്യ ഹോട്ടലായ തൗഫീഖ് ഹോട്ടല്‍ ആരംഭിച്ചപ്പോള്‍ പലരും സംശയം പ്രകടിപ്പിച്ചു. വിശാലമായ മൈതാനത്തിന്‍െറ അരികിലായിരുന്നു ഹോട്ടല്‍. പാകിസ്താന്‍കാരനായ ഒരാള്‍ ജനറേറ്റര്‍ വാടകക്ക് നല്‍കുമായിരുന്നു. ഒരു രാത്രി ഒരു ട്യൂബ് ലൈറ്റ് കത്തിക്കാന്‍ ഒരു രൂപ വാടക നല്‍കണം. ആദ്യകാലത്ത് കാര്യമായ കച്ചവടമുണ്ടായില്ല. പിന്നീടാണ് വികസന കാലഘട്ടം കടന്നുവരുന്നത്. അതോടെ ഹോട്ടലിന്‍െറ തലവര മാറി. തിരക്കേറി വന്നു. ഇന്ത്യയില്‍നിന്ന് അബൂദബിയില്‍ ആരുവന്നാലും ഹോട്ടലിലെത്തി അബ്ദുല്‍ ഖാദറിനെ കാണുമായിരുന്നു. താമസത്തിനും ഭക്ഷണത്തിനുമൊക്കെയായി പലരും സഹായം തേടി. അദ്ദേഹം ആരെയും കൈവിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അബൂദബിയിലെ മൂന്ന് പ്രധാന ഹോട്ടലുകളുടെ ഉടമയായി മാറി. അബൂദബിയിലെ ശൈഖ് ഹംദാന്‍ റോഡില്‍ ഹോട്ടല്‍ അംബാസഡര്‍, ഖാലിദിയയില്‍ ഹോട്ടല്‍ ഫെയ്മസ്, എയര്‍പോര്‍ട്ട് റോഡില്‍ ഹോട്ടല്‍ കോണ്‍കോഡ്. അബ്ദുല്‍ ഖാദറിന് കീഴില്‍ എത്രയോ ജോലിക്കാര്‍ വന്നു. നാട്ടില്‍നിന്ന് ജീവിതത്തിന്‍െറ മറുകര തേടി കപ്പല്‍ കയറിയവര്‍ക്ക് അബ്ദുല്‍ ഖാദര്‍ അത്താണിയായി. ഹോട്ടല്‍ അംബാസഡര്‍ അബൂദബിയിലെ മലയാളികളുടെ കേന്ദ്രമായി മാറി. ബിസിനസിന്‍െറ തുടക്കത്തില്‍ ചൊക്ലി പയ്യന്‍റവിട മഹ്മൂദ് ഹാജി പങ്കാളിയായിരുന്നു. പിന്നെ, അബ്ദുല്‍ ഖാദര്‍ സ്വന്തമായി ഏറ്റെടുത്തു.

അബൂദബിയിലെ അംബാസഡര്‍ ഹോട്ടലിന് മുന്നില്‍ അബ്ദുല്‍ ഖാദറും (നടുവില്‍) സുഹൃത്തുക്കളും
 


പോസ്റ്റ് ബോക്സ് നമ്പര്‍ 29
അബ്ദുല്‍ ഖാദറിനും നൂറുകണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള അബൂദബിയിലെ ഇന്ത്യക്കാര്‍ക്കും മറക്കാനാവാത്തതാണ് പോസ്റ്റ് ബോക്സ് നമ്പര്‍ 29. കരകാണാത്ത കടലിനക്കരെ കിടക്കുന്ന സ്വന്തം നാടിന്‍െറയും പ്രിയപ്പെട്ടവരുടെയും തുടിക്കുന്ന ഓര്‍മകളാണതില്‍. അബ്ദുല്‍ ഖാദര്‍ എത്തിയതിന് ശേഷമാണ് അബൂദബിയില്‍ പോസ്റ്റ് ബോക്സ് നമ്പര്‍ നിലവില്‍വരുന്നത്. 29ാമത്തെ പോസ്റ്റ് ബോക്സാണ് അബ്ദുല്‍ ഖാദറിന് കിട്ടിയത്. അന്ന് പ്രമുഖര്‍ക്ക് മാത്രമാണ് പോസ്റ്റ് ബോക്സ് ഉണ്ടായിരുന്നത്. അതിന് മുമ്പ് ബഹ്റൈനില്‍നിന്നായിരുന്നു കത്തുകള്‍ വന്നിരുന്നത്. അബ്ദുല്‍ ഖാദറിന് പോസ്റ്റ് ബോക്സ് കിട്ടിയതോടെ മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളുടെ വിലാസമായി അത്. ചക്രവാളങ്ങള്‍ക്കപ്പുറത്ത് നിന്ന് തേടി വന്ന എഴുത്തു വായിച്ച് നിര്‍വൃതികൊണ്ടവര്‍ അബ്ദുല്‍ ഖാദറിന് നന്ദി പറഞ്ഞു. എന്നാല്‍, പിന്നീട് 100 വരെയുള്ള പോസ്റ്റ് ബോക്സുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിട്ടു. 29 നമ്പര്‍ പോസ്റ്റ് ബോക്സ് വിട്ടുകൊടുക്കാന്‍ അബ്ദുല്‍ ഖാദറിന് മനസ്സുവന്നില്ല. അറബികള്‍ പലപ്പോഴായി അത് താഴിട്ട് പൂട്ടി. അബ്ദുല്‍ ഖാദര്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒരിക്കല്‍ ഭരണാധികാരി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അന്നഹ്യാന്‍ വന്നപ്പോള്‍ അദ്ദേഹത്തോട് കാര്യം പറഞ്ഞു. പോസ്റ്റ് ബോക്സ് മടക്കിനല്‍കാന്‍ ശൈഖ് സായിദ് നിര്‍ദേശിച്ചു. അങ്ങനെ തന്‍െറ പേരിനോട് ചേര്‍ന്ന പോസ്റ്റ് ബോക്സ് നമ്പര്‍ 29 അബ്ദുല്‍ ഖാദര്‍ ഗവണ്‍മെന്‍റിന് തിരിച്ചുനല്‍കി.

മറക്കാനാവാത്ത ഓര്‍മകള്‍
പ്രവാസി ജീവിതത്തിനിടെ മറക്കാന്‍ പറ്റാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് അബ്ദുല്‍ ഖാദര്‍. അതിലൊന്നാണ് ഡാറ കപ്പല്‍ ദുരന്തം. 1961 ഏപ്രില്‍ എട്ടിനാണ് 238 പേരുടെ മരണത്തിനിടയാക്കിയ കപ്പല്‍ ദുരന്തമുണ്ടായത്. ബോംബൈയില്‍നിന്ന് 819 പേരുമായി വരുകയായിരുന്നു ബ്രിട്ടീഷ് ഇന്ത്യ നാവിഗേഷന്‍ കമ്പനിയുടെ കപ്പല്‍. ശക്തമായ കാറ്റില്‍പ്പെട്ട കപ്പലില്‍ പൊട്ടിത്തെറിയുണ്ടാവുകയും പേര്‍ഷ്യന്‍ കടലിടുക്കില്‍ മുങ്ങുകയുമായിരുന്നു. മരിച്ചവരില്‍ മലയാളികളും ഉണ്ടായിരുന്നു. സുഹൃത്തും അബൂദബിയില്‍ ഇമിഗ്രേഷന്‍ വകുപ്പ് ഓഫിസറുമായിരുന്ന ടി.കെ.സി അബുവിന്‍െറ മരണം അബ്ദുല്‍ ഖാദര്‍ വേദനയോടെ ഓര്‍ക്കുന്നു.

മറ്റൊരു മറക്കാനാവാത്ത ഓര്‍മയാണ് 1966ല്‍ ശൈഖ് ഷഖ്ബൂത് ബിന്‍ സുല്‍ത്താന്‍ അന്നഹ്യാനില്‍നിന്ന് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അന്നഹ്യാന്‍ അധികാരം ഏറ്റെടുത്തത്. അതിന്‍െറ സന്തോഷസൂചകമായി അബൂദബിയിലെ മുഴുവന്‍ ജനങ്ങള്‍ക്കും 500 രൂപ വീതം നല്‍കാന്‍ ഉത്തരവിട്ടു. അബ്ദുല്‍ ഖാദറിന്‍െറ തൗഫീഖ് ഹോട്ടലിന് മുന്നിലായിരുന്നു സര്‍ക്കാര്‍ ഓഫിസും പൊലീസ് സ്റ്റേഷനും. ഓഫിസില്‍നിന്ന് പാരിതോഷികം വാങ്ങുന്ന ജനം നേരെ ഭക്ഷണം കഴിക്കാന്‍ തൗഫീഖ് ഹോട്ടലിലേക്ക് കയറും. അന്ന് ഹോട്ടലില്‍ വന്‍ തിരക്കായി. ആളുകള്‍ നിറഞ്ഞു കവിഞ്ഞതിനെ തുടര്‍ന്ന് ഇടക്കിടക്ക് ഹോട്ടല്‍ അകത്തുനിന്ന് പൂട്ടേണ്ടിവന്നു. ശൈഖ് സായിദിന്‍െറ ഭരണത്തിനുകീഴിലാണ് ഏഴ് എമിറേറ്റ്സുകള്‍ ചേര്‍ന്ന് യു.എ.ഇ ആയി മാറിയതും വികസന വിപ്ലവത്തിന് തുടക്കമിട്ടതും, അബ്ദുല്‍ ഖാദര്‍ ഓര്‍ക്കുന്നു.

1990ലെ ഗള്‍ഫ് യുദ്ധമാണ് മറ്റൊരു ഓര്‍മ. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഗള്‍ഫ് മേഖലയിലാകെ അനിശ്ചിതത്വമായി. അബ്ദുല്‍  ഖാദര്‍ നാട്ടില്‍ വിമാനമിറങ്ങിയതിന്‍െറ തൊട്ടടുത്ത ദിവസമാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അടുത്ത ഏതാനും ദിവസത്തേക്ക് ഗള്‍ഫില്‍നിന്നുള്ള വിമാന സര്‍വിസുകള്‍ നിലച്ചു. പണ്ടുകാലത്ത് വിമാനത്തില്‍ കൊണ്ടുവരുന്ന ഏതാണ്ടെല്ലാ സാധനങ്ങള്‍ക്കും ഡ്യൂട്ടി അടക്കണം. ഒരിക്കല്‍ ബോംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയ അബ്ദുല്‍ ഖാദറിന് 10 മണിക്കൂറോളം കസ്റ്റംസ് പരിശോധന കഴിയാന്‍ കാത്തുനില്‍ക്കേണ്ടിവന്നു. അക്കാലത്തെ പൊതുവായ അനുഭവമായിരുന്നു അതെന്ന് അദ്ദേഹം പറയുന്നു. ലോഞ്ചുകളില്‍ നിരവധി പേര്‍ ഗള്‍ഫിലേക്കെത്തിയിരുന്നു. വിജനമായ തീരങ്ങളിലെത്തിയാണ് ഇവര്‍ കരയിലേക്ക് കടക്കുക. ഇപ്പോള്‍ ഷാര്‍ജയുടെ ഭാഗമായ ഖോര്‍ഫുക്കാന്‍ മലഞ്ചരിവായിരുന്നു ഇങ്ങനെയെത്തുന്നവരുടെ പ്രധാനകേന്ദ്രം. അവിടെനിന്ന് പിന്നെ ലോറിയിലോ മറ്റോ വിവിധയിടങ്ങളിലേക്ക് കടക്കും.

ഒരിക്കല്‍ ഇങ്ങനെയെത്തിയ 25ഓളം പേരെ ദുബൈ പൊലീസ് പിടികൂടി. പൊലീസ് സ്റ്റേഷന്‍ കാന്‍റീനില്‍ ചമ്പാട് സ്വദേശിയായ ഒരു പസിനി ഹാജി ഉണ്ടായിരുന്നു. അദ്ദേഹത്തെ കാണാനത്തെിയതായിരുന്നു അബ്ദുല്‍  ഖാദര്‍. പരിചയമുള്ള ആരെങ്കിലും അക്കൂട്ടത്തില്‍ ഉണ്ടോ എന്ന് നോക്കാന്‍ പൊലീസുകാരന്‍ പറഞ്ഞു. ആരുമുണ്ടായിരുന്നില്ല. 20 പേരെ പുറത്തുനിന്ന് ആളുകളെത്തി ഇറക്കിക്കൊണ്ടുപോയി. അഞ്ചുപേര്‍ ബാക്കിയായി. മലപ്പുറത്തുകാരായിരുന്നു അതില്‍ മൂന്നു പേര്‍. അവരെ അബ്ദുല്‍ ഖാദറിന്‍െറ കൂടെ വിട്ടു. അങ്ങനെ പുറത്തിറങ്ങിയവര്‍ ചെറിയ ജോലികളുമൊക്കെയായി കഴിഞ്ഞുകൂടി. പിന്നെ അവരെ കണ്ടിട്ടില്ല. രക്ഷപ്പെട്ടു പോയിട്ടുണ്ടാവുമെന്ന് അബ്ദുല്‍  ഖാദര്‍ ആശ്വസിക്കുന്നു. നിരവധി ഉദ്യോഗസ്ഥര്‍ അബ്ദുല്‍  ഖാദറിന്‍െറ സ്നേഹിതരായി ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന ഖസര്‍ജി, ദുബൈയിലെ ചീഫ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആയിരുന്ന മാഹി സ്വദേശി മനോളി അബ്ദുല്‍ ഖാദര്‍, 1977ലെ മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായിരുന്ന രവീന്ദ്ര വര്‍മ, ഇബ്രാഹിം സുലൈമാന്‍ സേഠ് അങ്ങനെ നിരവധി പേര്‍.
 

ഗള്‍ഫ് റുപീ കാലം
1959 വരെ അബൂദബിയില്‍ ഇന്ത്യന്‍ കറന്‍സിയാണ് വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മറ്റ് പല രാജ്യങ്ങളിലേക്കും ഇന്ത്യയില്‍നിന്നാണ് കറന്‍സി എത്തിയിരുന്നത്. അന്ന് 600 രൂപ കൊടുത്താല്‍ 10 തോല സ്വര്‍ണം (100 ഗ്രാം) ലഭിക്കുമായിരുന്നു. അത് ഇന്ത്യയില്‍ വിറ്റാല്‍ 2500 രൂപ ലഭിക്കും. ഒരു രൂപ നല്‍കിയാല്‍ ഹവായ് ചെരിപ്പ് കിട്ടുമായിരുന്നു. അത് ബോംബെയില്‍ വിറ്റാല്‍ 10 രൂപ കിട്ടും. 1959ല്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കായി പ്രത്യേക കറന്‍സി അടിച്ചു. അതാണ് ഗള്‍ഫ് റുപീ. ഒരു രൂപയുടെയും  അഞ്ചു രൂപയുടെയും 10 രൂപയുടെയും  100 രൂപയുടെയും നോട്ടുകള്‍ ഗള്‍ഫിലേക്കായി അടിച്ചു.

ചുവപ്പും ഓറഞ്ചും പച്ചയും നിറങ്ങളിലുള്ള നോട്ടുകള്‍. 1966 വരെ റുപീ പ്രചാരത്തിലുണ്ടായി. വിപുലമായ കറന്‍സി ശേഖരത്തിനുടമയാണ് അബ്ദുല്‍ ഖാദര്‍. വിവിധ രാജ്യങ്ങളുടെ നോട്ടുകളും നാണയങ്ങളും കൈയില്‍ ഭദ്രമായി സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഗള്‍ഫിലേക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ അടിച്ച പേര്‍ഷ്യന്‍ റുപീയും ശേഖരത്തിലുണ്ട്. ഇവയൊന്നും പ്രത്യേക ഉദ്ദേശ്യത്തോടെ ശേഖരിച്ചതല്ല. ഹോട്ടലുകളില്‍ വിവിധ രാജ്യക്കാര്‍ വരും. പലരും അവരവരുടെ രാജ്യത്തെ കറന്‍സിയാവും നല്‍കുക. അങ്ങനെ കൈയിലെത്തിയതാണ് ഈ നോട്ടുകളും നാണയങ്ങളും.

മയ്യഴിയിലെത്തിയ ഫ്രഞ്ച് പട്ടാളം
അബ്ദുല്‍ ഖാദറിന്‍െറ ഓര്‍മകള്‍ക്ക് പ്രായമേറെയുണ്ടെങ്കിലും തെളിച്ചക്കുറവില്ല. സ്വാതന്ത്ര്യസമര പോരാട്ടങ്ങളും സ്വാതന്ത്ര്യലബ്ധിയുമെല്ലാം കണ്‍മുന്നിലൂടെയാണ് കടന്നുപോയത്. കുട്ടിക്കാലത്തെ ഓര്‍മകളിലൊന്നാണ് മയ്യഴിയിലിറങ്ങിയ ഫ്രഞ്ച് പട്ടാളം. 1947ല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴി സ്വതന്ത്രമായില്ല. 1948ലാണ് മയ്യഴി വിമോചന സമരനായകന്‍ ഐ.കെ. കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രക്ഷോഭകാരികള്‍ മാഹിയിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലെ ഫ്രഞ്ച് പതാക അഴിച്ച് ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. മയ്യഴിയുടെ ഭരണം ഏറ്റെടുത്തതായി പ്രക്ഷോഭകാരികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഫ്രഞ്ച് പട്ടാളം എത്തിയത്. അന്ന് ഫ്രഞ്ച് പട്ടാളം തീരത്ത് വന്നിറങ്ങുന്നത് മയ്യഴി എം.എം ഹൈസ്കൂളിലെ എട്ടാം ക്ളാസുകാരനായ അബ്ദുല്‍  ഖാദര്‍ കണ്ടുനിന്നു. പിന്നീട് 1954 ജൂലൈ 16ന് മയ്യഴി സ്വതന്ത്രമായി.

ജീവിതസായാഹ്നം
മേക്കുന്ന് പുനത്തില്‍ കുഞ്ഞുമൂസ ഹാജിയുടെയും അലീമയുടെയും ആറ് മക്കളില്‍ നാലാമനായി 1934ലാണ് ജനിച്ചത്. അബ്ദുല്‍  ഖാദറിന് നാല് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമുണ്ട്. ആണ്‍മക്കളെല്ലാം വിദേശത്ത് ബിസിനസ് നടത്തുന്നു. 2001ഓടെ അബ്ദുല്‍ ഖാദര്‍ ബിസിനസ് രംഗത്തുനിന്നും പിന്‍വാങ്ങി. അബൂദബിയിലും ദുബൈയിലുമായി ഉണ്ടായിരുന്ന ഹോട്ടലുകള്‍ വിറ്റു. അവയില്‍ അബൂദബിയിലെ ഹോട്ടല്‍ അംബാസഡര്‍ ഇന്നുമുണ്ട്. തൃശ്ശൂര്‍ സ്വദേശികളാണ് ഹോട്ടല്‍ നടത്തുന്നത്. ദുബൈയിലെ ഡീലക്സ് ഹോട്ടല്‍ 1960ല്‍ അബ്ദുല്‍ ഖാദര്‍ നിര്‍മിച്ചതാണ്. അത് പിന്നീട് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ചൊവ്വയിലെ സി.എച്ച്. അബുവിന് വിറ്റു.  

പോയകാലത്തെ ഓര്‍മകളിലേക്ക് മനസ്സുപായുമ്പോള്‍ അബ്ദുല്‍ ഖാദര്‍ ഹാജിക്ക് നിറഞ്ഞ സംതൃപ്തി മാത്രം. ഇപ്പോഴും പഴയ കാലത്തെയും പുതിയ കാലത്തെയും സ്നേഹിതര്‍ കാണാനത്തെും. തന്‍െറ കൈപിടിച്ച് തന്നെക്കാള്‍ ഉയരങ്ങളിലെത്തിയവരെ കാണുമ്പോള്‍ ഇദ്ദേഹത്തിന്് സന്തോഷം. ജീവിക്കാന്‍ ഏറെ നല്ല നാടാണ് ഗള്‍ഫ് രാഷ്ട്രങ്ങളെന്ന് അബ്ദുല്‍ ഖാദര്‍ അടിവരയിട്ട് പറയുമ്പോള്‍ ഒന്നുമില്ലായ്മയില്‍നിന്ന് ആരംഭിച്ച് ആകാശം മുട്ടെ ഉയര്‍ന്ന ഒരു ലോകത്തിന്‍െറ വികാസ പരിണാമങ്ങള്‍ മുഴുവന്‍ നോക്കിക്കണ്ട കാരണവരുടെ ഭാവം.

Tags:    
News Summary - dubai memmories of nri punathil abdul kadar haji, abu dhabi ambassador hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.