‘വല്ലഭന് പുല്ലും ആയുധ’മെന്ന ചൊല്ല് തൃശൂർ സ്വദേശി അയ്യപ്പനിലെത്തുമ്പോൾ അൽപമൊന്നു മാറും -അയ്യപ്പന് കോറപ്പുല്ലും ആയുധമെന്നാകും പുതിയ ചൊല്ല്. കോറപ്പുല്ല് നാലായി ചീന്തി നാരുകളാക്കി അടുക്കിവെച്ച്, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലും ഡിസൈനിലും അയ്യപ്പൻ പുൽപ്പായ് നെയ്തെടുക്കുന്നത് നേരിട്ടുതന്നെ കാണണം, പഴഞ്ചൊല്ല് വെറുമൊരു ചൊല്ല് മാത്രമല്ലെന്ന് വേർതിരിച്ചറിയാൻ. മാഞ്ചി എന്നറിയപ്പെടുന്ന കോറപ്പുല്ല് കൊണ്ട് പാരമ്പര്യരീതിയിൽ ഇൗ ‘വല്ലഭൻ’ വർഷങ്ങളായി നിർമിച്ചു കൊണ്ടിരിക്കുന്ന പുൽപ്പായ് ഇന്ന് അന്താരാഷ്ട്ര തലത്തിലും പ്രശസ്തമാണ്.
ലോകത്തെ 200ൽപരം രാജ്യങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ധരെ പിന്തള്ളി, പാരമ്പര്യത്തൊഴിലായ പുൽപ്പായ് നിർമാണത്തിന് അന്താരാഷ്ട്ര എക്സലൻസ് അവാർഡ് സ്വന്തമാക്കാനായതിെൻറ സന്തോഷത്തിലാണ് 76കാരനായ ചേലക്കര കിള്ളമംഗലം സ്വദേശി എൻ.സി. അയ്യപ്പൻ. 11 രാജ്യങ്ങളിൽ നിന്നുള്ള ജൂറിമാരാണ് പകരംവെക്കാനില്ലാത്ത ഇൗ ഉൽപന്നത്തെ വിലയിരുത്തിയതെന്ന് അറിയുമ്പോഴാണ് അയ്യപ്പെൻറ കരവിരുത് നമ്മെ ഏറെ അതിശയിപ്പിക്കുക. ഇത്തവണത്തെ സംസ്ഥാന സർക്കാറിെൻറ ഗ്രാൻഡ് കേരള ടൂറിസം അവാർഡും ഇൗ കലാകാരെൻറ കൈകളിൽ ഭദ്രമായതും കോറപ്പുല്ലിൽ കലയുടെ ൈകയൊപ്പ് ചാർത്തിയതിനാലാണ്.
പഠനം പാതിവഴിയിലാക്കി പായ്നെയ്ത്തിലേക്ക്
ചേലക്കര നാലുപുരക്കൽ വീട്ടിൽ സൂര്യെൻറയും വള്ളിയുടെയും മകനായി അയ്യപ്പൻ പിറന്നുവീണത് തന്നെ കോറ പുൽപ്പായയിലാണെന്ന് പറഞ്ഞാൽ അധികമാവില്ല. അപ്പനപ്പൂപ്പന്മാർ മുതൽക്കുതന്നെ നാലുപുരക്കൽ തറവാട്ടുകാർ കോറപ്പായ് നെയ്ത്തുകാരായിരുന്നു. മുട്ടിലിഴഞ്ഞതും നീന്തിനടന്നതുമെല്ലാം അമ്മയും അച്ഛനും നെയ്തുകൊണ്ടിരുന്ന പായയിലായതിനാൽ അന്നേ കൂടെ കൂടിയതാണ് കോറപ്പുല്ലും കോറപ്പായയുമെന്ന് അയ്യപ്പൻ. എന്നാൽ, പഠനം പാതിവഴിയിലായതോടെ 18ാം വയസ്സിലാണ് അയ്യപ്പൻ പായ്നെയ്ത്ത് ജോലിയിൽ സജീവമാകുന്നത്. കഴിഞ്ഞ 58 വർഷമായി ജീവശ്വാസംപോലെ നെയ്ത്ത് കൂടെ കൊണ്ടുനടക്കുന്ന അയ്യപ്പൻ കഴിഞ്ഞ ആറുവർഷമായി കോഴിക്കോട് ഇരിങ്ങലിലെ ക്രാഫ്റ്റ് വില്ലേജിലുണ്ട്, കോറപ്പായ് നിർമാണവും നെയ്ത്ത് പരിശീലിപ്പിക്കലുമായി.
ശരീരത്തിൽ പ്രായം തീർക്കുന്ന അവശതകളുണ്ടെങ്കിലും പായ്നെയ്ത്ത് അയ്യപ്പന് പ്രാർഥനപോലെ പുണ്യമായതിനാൽ ഓടത്തിൽ പുല്ലുനാര് കോർത്ത് കഴിഞ്ഞാൽ ക്ഷീണമെല്ലാം പമ്പകടക്കും. പുല്ലുനാരുകൾ മഗിലൂടെ ഇഴചേർത്തുവെച്ച് അച്ചുകൊണ്ട് ഉറപ്പിക്കുമ്പോൾ ചുക്കിച്ചുളിഞ്ഞ കൈകളിൽ വിടരുന്ന ചടുലതയുടെ താളബോധം കണ്ടു നിൽക്കാവുന്ന കാഴ്ചയാണ്. “അന്നൊക്കെ നാട്ടിൽ നിറയെ പായ്നെയ്ത്തുകാരായിരുന്നു. 200ലധികം അംഗങ്ങളുള്ള സൊസൈറ്റികൾ വരെയുണ്ടായിരുന്നു. കാലം കടന്നുപോകുന്നതിനിടെ പലരും പലയിടങ്ങളിലേക്ക് മാറിയതോടെ നെയ്ത്ത് കുറഞ്ഞു. ലാഭകരമല്ലെന്നു പറഞ്ഞ് പുതിയ ചെറുപ്പക്കാരും മുഖംതിരിച്ചതോടെ പായ്നെയ്ത്ത് പേരിന് മാത്രമായി. എന്നാൽ, അങ്ങനെ വിടാനുള്ള മനസ്സില്ലാത്തതിനാൽ ഞാനിന്നും തുടരുന്നു” ^പാരമ്പര്യ കുലത്തൊഴിൽ നെഞ്ചോട് ചേർത്തു പിടിച്ച് സംരക്ഷിക്കുന്ന അയ്യപ്പൻ ഓർമകളെ ചീന്തിയെടുത്തത് ഇങ്ങനെയാണ്.
കോറപ്പായ് വെറുമൊരു പായ് അല്ല
പുല്ലുെകാണ്ട് നിർമിക്കുന്ന പുൽപ്പായകൾ സാധാരണയാണെങ്കിലും കോറപ്പുല്ലിനാൽ നെയ്തെടുക്കുന്ന കോറപ്പായക്ക് സവിശേഷതകളേറെയാണ്. കോറപ്പുല്ലിൽ ഔഷധ ഗുണമടങ്ങിയിട്ടുള്ളതിനാൽ ഔഷധപ്പായ് എന്നപേരിലും ഇതറിയപ്പെടുന്നു. പായക്ക് ഭംഗി പകരാൻ പ്രകൃതിദത്ത നിറങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ദിവസം ഉണക്കിയശേഷം പതിമുകം, പടിക്കാരം, കാശാവ്, മറ്റ് ചില ഔഷധക്കൂട്ടുകൾ എന്നിവ ചേർത്ത് ചെമ്പിലിട്ട് മൂന്ന് മണിക്കൂർ വേവിക്കും. അപ്പോൾ പുല്ലുകൾ ചുവന്ന നിറമാകും. ഈ ചുവന്ന നിറത്തിലുള്ള പുല്ല് ചളിയിൽ പുതച്ചശേഷം കഴുകിയെടുത്ത് വീണ്ടും ചാരത്തിൽ പൂഴ്ത്തിവെച്ച് പിന്നീടത് കഴുകിയെടുത്താൽ തിളങ്ങുന്ന കറുപ്പ് നിറമായി. പച്ച നിറത്തിനാണെങ്കിൽ വെറ്റിലയും കാശാവും ചേർത്ത് വേവിച്ചെടുക്കുന്നതാണ് രീതി. വേവിക്കുമ്പോൾ പതിമുകം കുറച്ച് പടിക്കാരം അധികം ചേർത്താൽ ലഭിക്കുന്നത് ഓറഞ്ച് നിറമായിരിക്കും.
വാളയാറിൽ നിന്നാണ് പായ് നിർമാണത്തിനുള്ള കോറപ്പുല്ല് ഇപ്പോൾ എത്തിക്കുന്നത്. പുല്ല് നാലായി ചീന്തി ഉള്ളിലെ ചോറ് കളഞ്ഞ് ഉണക്കും. വെള്ളത്തിലിട്ട് കറയും നീക്കും. ഈ വിധത്തിൽ സംസ്കരിച്ചെടുക്കുന്ന പുല്ലുകൾ നന്നായി ഉണക്കിയെടുക്കും. ഈ പുല്ലുകൾ നെയ്ത്ത് തറിയിൽ പാവ് ഇട്ട്, ഡിസൈൻ ചുറ്റിയാണ് പിന്നീട് പായയാക്കി മാറ്റുന്നത്. കോറയിൽ തീർത്ത പുൽപ്പായ് 30 വർഷം വരെ ഇൗടുനിൽക്കും. 1000 രൂപ മുതലാണ് വില. ഒരു പായ് നെയ്തെടുക്കാൻ ചുരുങ്ങിയത് മൂന്ന് ദിവസം വേണം. കൂടുതൽ ഡിസൈനുകളുണ്ടെങ്കിൽ അതിലുമേറെ സമയം ആവശ്യമാണ്. അധ്വാനമേറെയുള്ള ജോലിയാണിത്. ഔഷധക്കൂട്ടുകൾ നേരിട്ടുപയോഗിക്കുന്നതിനാൽ ഈ പായകൾക്ക് വില അൽപം കൂടുതലാണ്.
അതേസമയം, ഇതിെൻറ ഗുണങ്ങളറിയുന്നവർക്കിടയിൽ വലിയ ഡിമാൻഡാണ്. അയ്യപ്പെൻറ കരവിരുതിൽ മെനഞ്ഞ പുൽപ്പായകൾക്കെല്ലാം കടൽകടക്കാനുള്ള സൗഭാഗ്യം ലഭിച്ചിരുന്നു ആദ്യഘട്ടത്തിൽ. കേരളത്തിൽ ആയുർവേദ ചികിത്സക്കെത്തുന്ന വിദേശികളായിരുന്നു ഉപഭോക്താക്കൾ. ഇപ്പോൾ അഹ്മദാബാദ്, മുംബൈ, ബംഗളൂരു തുടങ്ങിയ ഇടങ്ങളിലേക്കാണ് ഇവിടെനിന്ന് ഔഷധപ്പായകൾ കൂടുതലും പോകുന്നത്. കഴുത്ത് വേദനയും നടുവേദനയുമകറ്റാൻ ഏറെ ഫലപ്രദമാണ് കോറപ്പായ്. അലർജി, ആസ്ത്മ, ത്വഗ്രോഗങ്ങൾക്കും ശമനത്തിന് കോറപ്പായിൽ കിടന്നാൽ മതിയെന്ന് അയ്യപ്പൻ ഉറപ്പുതരുന്നു.
പ്രായത്തെ അതിന്റെ പാട്ടിന് വിടാം
പഠിക്കാൻ പ്രായം പ്രശ്നമാക്കേണ്ടതില്ലെന്ന് ആളുകൾ പറയുന്നത് അയ്യപ്പൻ കേട്ടിട്ടുണ്ട്. എന്നാൽ, പഠിപ്പിക്കാനും പ്രായം നോക്കേണ്ടതില്ലെന്ന പക്ഷക്കാരനാണ് വയോധികനായ ഇൗ കലാകാരൻ. കുറ്റിയറ്റു പോയേക്കാവുന്ന ഇൗ പാരമ്പര്യകലയെ പുതുതലമുറയിലൂടെ ഉറപ്പിച്ചുനിർത്താൻ പരിശീലകെൻറ വേഷവുമണിയുകയാണ് അയ്യപ്പൻ. ഇതിനകം നിരവധി പേരെ കോറപ്പായ് നെയ്ത്ത് പരിശീലിപ്പിച്ച അയ്യപ്പന് ക്രാഫ്റ്റ് വില്ലേജിൽ രണ്ട് വിദ്യാർഥികളാണുള്ളത്, വടകര സ്വദേശികളായ രാധയും ദീപയും. ഇരുവരും മൂന്നു മാസം കൊണ്ട് പായ്നെയ്ത്ത് പഠിച്ചു കഴിഞ്ഞുവെന്ന് അയ്യപ്പൻ. താൽപര്യമുള്ള ആർക്കും അയ്യപ്പനരികിലേക്ക് എത്താം. പൂർണമായും പഠിച്ചുതീരുംവരെ കൂടെയുണ്ടാകുമെന്ന് അയ്യപ്പൻ ഉറപ്പുനൽകുന്നു. ക്രാഫ്റ്റ് വില്ലേജിലെത്തിയതും അതിനുവേണ്ടിയാണ്. അന്യം നിന്നു പോകുന്ന കലാരൂപത്തെ കരുപ്പിടിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് പ്രായത്തിനുപോലും പരാജയപ്പെടുത്താനാവാത്ത ആത്മവിശ്വാസത്തോടെ അയ്യപ്പൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.