നീണ്ട പതിനാലു വര്‍ഷങ്ങൾക്കിപ്പുറം മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയാണ് ദേശീയ പുരസ്കാരം സ്വന്തമാക്കി മലയാളിയുടെ അഭിമാനമായി മാറിയത്. മിന്നാമിനുങ്ങ് എന്ന സ്ത്രീപക്ഷ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചതിനാണ് സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. നാൽപതോളം സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുരഭി, പ്രേക്ഷകര്‍ക്ക് സുപരിചിതയായിത്തീര്‍ന്നത് മീഡിയവണ്‍ ടി.വിയിലെ എം80 മൂസ എന്ന ആക്ഷേപഹാസ്യ പരിപാടിയിലെ ‘പാത്തു’ എന്ന കോഴിക്കോടന്‍ കഥാപാത്രത്തിലൂടെയാണ്.
മിന്നാമിനുങ്ങിലെ മികവാര്‍ന്ന അഭിനയത്തിലൂടെ ചിത്രത്തെ ചുമലിലേറ്റിയ സുരഭി അര്‍ഹിക്കുന്ന അംഗീകാരമാണ് നേടിയതെന്ന് സിനിമലോകത്തെ പ്രമുഖര്‍ സാക്ഷ്യപ്പെടുത്തുന്നു. സുരഭി നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ ചിത്രം മാത്രമാണ് മിന്നാമിനുങ്ങ്. ഇനിയും തിയറ്ററുകളിലെത്തിയിട്ടില്ലാത്ത മിന്നാമിനുങ്ങ്, ദേശീയ അവാര്‍ഡ് നേടിയ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ പ്രേക്ഷകരിലേക്കെത്തുമെന്നാണ് സുരഭിയും സഹകലാകാരന്മാരും പ്രതീക്ഷിക്കുന്നത്. അവാര്‍ഡിെൻറ നിറവിലും നാട്യങ്ങളേതുമില്ലാതെ, സ്വതസിദ്ധമായ ശൈലിയില്‍ സരസഭാഷണങ്ങളുമായി, സലാലയിലെ ഹംദാന്‍ പ്ലാസ ഹോട്ടലിെൻറ പൂമുഖത്തിരുന്ന് അവർ ‘ചെപ്പി’നോട് മനസ്സു തുറന്നു.
ചെറുവേഷങ്ങളിൽ നിന്ന് ദേശീയ അവാർഡിലേക്ക്
മലയാളത്തിലെ പ്രമുഖരായ മിക്ക സംവിധായകരുടെയും സിനിമകളില്‍ ചെറിയ കഥാപാത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ച സുരഭി അറിയപ്പെട്ടത് ‘പാത്തു’ വിലൂടെയായതിനാല്‍ തേടിയെത്തിയ അവസരങ്ങളിലേറെയും സമാനസ്വഭാവത്തിലുള്ളതായിരുന്നു. അഭിനയത്തില്‍ വ്യത്യസ്തത പുലര്‍ത്താന്‍ ആഗ്രഹിച്ചിരുന്ന സുരഭി മികച്ച കഥാപാത്രങ്ങളെ ആഗ്രഹിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി മിന്നാമിനുങ്ങിലെ ശക്തമായ വേഷം തേടിയെത്തിയത്. ‘‘ആദ്യമായാണ് ഒരു സിനിമയുടേ സ്‌ക്രിപ്റ്റ് മുഴുവനായും വായിക്കുന്നത്. തുടര്‍ച്ചയായി ഹാസ്യ കഥാപാത്രമായി വേഷമിട്ട എനിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഗൗരവ സ്വഭാവത്തിലുള്ള മിന്നാമിനുങ്ങിലെ അമ്മവേഷം. തിരുവനന്തപുരം ശൈലിയിലുള്ള സംസാരമാണ് ഈ ചിത്രത്തില്‍. സിനിമ ചിത്രീകരണം ആരംഭിച്ച് നാലാം ദിവസമാണ് നോട്ട് നിരോധനം നിലവില്‍ വന്നത്.
ആദ്യ വേഷം നാലാം വയസ്സിൽ
‘‘എന്നിലെ കലാകാരിയെ വളര്‍ത്തിയതും വികസിപ്പിച്ചതും കാലടിയായിരുന്നു. നാലാം വയസ്സില്‍ ആദ്യമായി നാട്ടിലെ ഒരു ക്ലബില്‍ കൃഷ്ണെൻറ വേഷം കെട്ടി തുടങ്ങിയ ഞാൻ കുട്ടിക്കാലത്ത് ദൈവങ്ങളുടെ വേഷത്തിലായിരുന്നു ഏറെയും അഭിനയിച്ചത് (പൊട്ടിച്ചിരിക്കുന്നു). കുട്ടിക്കാലത്ത് പറമ്പിലെ കശുവണ്ടി പെറുക്കിക്കൂട്ടിയും നാളികേരം എണ്ണിക്കൊടുത്ത് കൂലിയായി ലഭിച്ച നാളികേരം വിറ്റും സിനിമ കാണാനായി പണം കണ്ടെത്തിയിരുന്നു. അന്നത്തെ പ്രധാന ആരാധനാപാത്രങ്ങളിൽ ഒരാളായിരുന്ന അക്ഷയ് കുമാറിനൊപ്പം ദേശീയ അവാര്‍ഡ് ലഭിച്ചത് ഏറെ ആഹ്ലാദകരമായ അനുഭവമാണ്.
കുട്ടിക്കാലത്തേ വീട്ടില്‍നിന്നും ലഭിച്ചിരുന്ന പിന്തുണയും പ്രോത്സാഹനവും എന്നിലെ കലാകാരിയെ വളര്‍ത്തുന്നതില്‍ ഏറെ പങ്കു വഹിച്ചിട്ടുണ്ട്. കഥാപാത്രങ്ങളെ െതരഞ്ഞെടുത്ത് അഭിനയിക്കുവാനുള്ള അവസരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കിട്ടിയ വേഷങ്ങളിൽ, ചെറു കഥാപാത്രങ്ങളെയാണ് ഏറെയും അവതരിപ്പിച്ചിരുന്നത്. ചെറതൊണെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ഇനിയും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ അവാര്‍ഡ് ലഭിച്ചതു കൊണ്ട് കിട്ടിക്കൊണ്ടിരിക്കുന്ന അവസരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും കൂടുതല്‍ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുവാനും അവസരം കിട്ടാൻ പ്രാർഥിക്കുകയാണിപ്പോൾ’’ -സുരഭി ലക്ഷ്മി പറഞ്ഞു.
ഭരതനാട്യത്തില്‍ ഒന്നാം റാങ്കുകാരിയെങ്കിലും അഭിനയത്തോടാണ് സുരഭിക്ക് ഏറെ താൽപര്യം. ‘‘കോമഡി റോളുകള്‍ ഏറെ റിലാക്‌സ് ചെയ്ത് ചെയ്യുവാന്‍ സാധിക്കും. കഥാപാത്രം ഏതായാലും അതിൽ മുഴുകി കഴിയുമ്പോള്‍ സ്വാഭാവികതയോടെ അഭിനയിക്കുവാന്‍ കഴിയും. അവാര്‍ഡ് ലഭിക്കുക എന്നത് ഒരു നടിയെന്ന നിലക്ക് എന്നത്തേയും വലിയ ആഗ്രഹമാണ്. അവാര്‍ഡ് തന്നെ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ട്. എന്നാൽ, ഇതിലൂടെ എല്ലാമായി എന്ന തോന്നല്‍ ഒരിക്കലുമില്ല’’ -മീഡിയവണ്‍ ടി.വിയിലെ ജനപ്രിയ ഹാസ്യപരമ്പരയായ എം80 മൂസയുമായി ഇനിയും മുന്നോട്ട് പോകണമെന്നാഗ്രഹിക്കുന്ന സുരഭി തന്നെ പ്രേക്ഷകശ്രദ്ധയില്‍ കൊണ്ടുവന്ന മീഡിയവണ്ണിനും കൂടെ നിൽക്കുകയും പിന്തുണക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍ക്കും നന്ദി പറയുവാന്‍ മടിക്കുന്നില്ല. 2010 ലും 2016 ലും മികച്ച നാടക അഭിനയത്തിനുള്ള സംഗീത -നാടക അക്കാദമി അവാര്‍ഡ് ലഭിച്ച സുരഭി ലക്ഷ്മി കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.