????????? ?????????

ഇന്ത്യയുടെ വടക്കുകിഴക്കന്‍ ഫ്രോണ്ടിയറില്‍, അതിര്‍ത്തിക്കപ്പുറത്തു നിന്നും ഉള്ളില്‍നിന്നും ഒരുപോലെ ഭീഷണി രൂക്ഷമായ അറുപതുകളുടെ ഒടുവിലെ ഒരു പകല്‍. മിസോ കുന്നുകളില്‍ സൈന്യത്തിനു വേണ്ടി നടക്കുന്ന റോഡ് നിര്‍മാണത്തിനിടെ ഒരിടത്തു പണി തടസ്സപ്പെട്ടിരിക്കുകയാണ്. വെട്ടിയ പാതക്കു മുകളിലായി ആടിനില്‍ക്കുന്നുവെന്ന മട്ടില്‍ ഒരു പടുകൂറ്റന്‍ പാറ. വീഴുമെന്ന് ഉറപ്പുള്ള ഈ പാറ മാറ്റിയെങ്കില്‍ മാത്രമേ ഇനി പണി തുടര്‍ന്നിട്ടു ഫലമുള്ളൂ. നൂതന യന്ത്രസാമഗ്രികളൊന്നുമില്ലാത്തതിനാല്‍ പാറക്കു മുകളില്‍ കയറിനിന്ന് വേണം പൊട്ടിക്കലിന്‍റെ പ്രാരംഭ ജോലി ചെയ്യാന്‍. എന്നാല്‍, ഏതു നിമിഷവും വീഴാവുന്ന പാറയില്‍ കയറാന്‍ ജോലിക്കാര്‍ തയാറാവുന്നില്ല. ബേസ് ക്യാമ്പിലത്തെണമെങ്കിൽ പോലും രണ്ടുദിവസം വേണ്ടിവരുന്ന കൊടും കുന്നിന്‍മുകളില്‍ വെച്ച് അപകടം ക്ഷണിച്ചു വരുത്താന്‍ ആരും തയാറാവാത്തത് സ്വാഭാവികം.

എന്നാല്‍, ആയിടെ മാത്രം ജോലിക്കു കയറിയ പതിനെട്ടുകാരന്‍ ഓവര്‍സിയര്‍ പയ്യന് വിടാന്‍ ഭാവമില്ല. പാറക്കു ചുവട്ടില്‍ പോയി നിന്ന് തൊഴിലാളികളോട് പറഞ്ഞു: ‘നിങ്ങള്‍ ജോലി കഴിഞ്ഞ് ഇറങ്ങുന്നതുവരെ ഞാനിവിടെ നില്‍ക്കും. ഇതു വീണാല്‍ ആദ്യം തീരുക ഞാനായിരിക്കും. നിങ്ങള്‍ പോയി ജോലി ചെയ്യൂ.’ അതോടെ അവര്‍ പാറയില്‍ കയറി വെടിമരുന്നു വെക്കാന്‍ തുളകളിട്ടു. പണികള്‍ തീര്‍ത്ത് അവര്‍ ഇറങ്ങിവന്നിട്ടേ, മുഹമ്മദലിയെന്ന തൃശൂര്‍ തളിക്കുളത്തുകാരന്‍ ഓവര്‍സിയര്‍ പയ്യന്‍ പാറച്ചുവട്ടില്‍ നിന്ന് മാറിയുള്ളൂ. എന്നാല്‍, ചെയ്തത് അതിസാഹസമായിരുന്നുവെന്ന് അടുത്ത നിമിഷം സംഭവിച്ച ദുരന്തത്തിലൂടെ മുഹമ്മദലിക്ക് ബോധ്യപ്പെട്ടു. എല്ലാവരും മാറിയതിന്‍റെ തൊട്ടുടന്‍ പാറ ഒന്നാകെ നിലംപതിച്ച്, അപ്രതീക്ഷിതമായി ഉരുണ്ട് മൂന്നു പേരുടെ ജീവനെടുത്തു. 

സഹപ്രവര്‍ത്തകരുടെ മരണം സമ്മാനിച്ച ആഘാതത്തിനിടയിലും പയ്യന് അന്നൊരു കാര്യം സ്വയം ബോധ്യപ്പെട്ടു. എന്തെങ്കിലും നിശ്ചയിച്ചുറപ്പിച്ചാല്‍ പിന്നെ ഒരു തടസ്സവും തന്നെ പിന്നോട്ടുവലിക്കില്ലെന്നും അത് നേടിയെടുക്കാന്‍ മനസ്സും ശരീരവും എവിടെവരെയും സഞ്ചരിക്കുമെന്നും അവന്‍ അല്‍പം അമ്പരപ്പോടെ തിരിച്ചറിഞ്ഞു. പിന്നീട് ആ തിരിച്ചറിവിനു ശേഷം, സൂര്‍ എന്ന ഒമാന്‍ പ്രദേശത്തെ മരുഭൂമിയില്‍ ദിശയും പേരുമറിയാത്ത കണ്‍സ്ട്രക്ഷന്‍ സൈറ്റ് തേടി അലഞ്ഞ് ബോധമറ്റുവീണിട്ടും പിന്‍മടങ്ങാതെ അത് കണ്ടെത്തിയപ്പോഴോ നിര്‍മാണകമ്പനി ആരംഭിച്ച് കുറച്ചു നാളുകള്‍ക്കകം, പാര്‍ട്ണറായ അറബി നിയമക്കുരുക്കില്‍പെട്ട് പിന്മാറേണ്ടി വന്നിട്ടും തളരാതെ തന്‍റെ സ്ഥാപനത്തെ ഒമാനിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി വളര്‍ത്തിയെടുത്തപ്പോഴോ ആ ചെറുപ്പക്കാരന്‍ സ്വയം അമ്പരന്നില്ല. ഇന്നിപ്പോള്‍, ഗള്‍ഫാര്‍ മുഹമ്മദലിയെന്ന ബില്യണ്‍ ഡോളര്‍ പേരിന്‍റെ ഉടമയായ ആ തളിക്കുളത്തുകാരന്‍റെ വിസ്മയനേട്ടങ്ങളില്‍ അതിശയപ്പെടുന്നത് ഒമാനും ഗള്‍ഫുനാടുകളും ഇന്ത്യയും ഒപ്പം നാമൊക്കെയുമാണ്.

‘‘അധ്വാനിക്കാതിരിക്കല്‍ എന്ന അവസ്ഥയെ ഒഴികെ ഒന്നിനോടും ഒരിക്കലും എനിക്ക് ഭയം തോന്നിയിരുന്നില്ല. അതിര്‍ത്തി റോഡ് നിര്‍മാണ പദ്ധതിയിലേക്ക് നിയമനം നടക്കുന്ന, ഇന്നത്തെ ഉത്തരാഖണ്ഡിലെ റൂര്‍ക്കി സൈനിക കേന്ദ്രത്തിലേക്ക് ഒരു പോളി ഡിപ്ലോമയുമായി 18ാം വയസ്സില്‍ ഒറ്റക്കായിരുന്നു എന്‍റെ ആദ്യ പ്രവാസ യാത്ര. മിസോ കുന്നുകളില്‍നിന്ന് മൂന്നു വര്‍ഷം കൊണ്ട് കിട്ടിയ അനുഭവപാഠങ്ങള്‍ എന്നെ ഗള്‍ഫ് മരുഭൂമിയില്‍ വഴിനടത്തി. ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലുമുണ്ടായ അനുഭവങ്ങളും പാഠങ്ങളുമാണ് വീണുപോകാതെ മുന്നോട്ടുനയിക്കാന്‍ സഹായിച്ചതും ഇപ്പോഴും സഹായിക്കുന്നതും’’ -തളിക്കുളത്തെ തറവാടുവീടായ ‘ചന്ദനപ്പറമ്പിലി’ന്‍റെ വിശാലമായ വരാന്തയിലിരുന്ന് ഗള്‍ഫാര്‍ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ അഥവാ തളിക്കുളം ഗ്രാമവാസികളുടെ മുഹമ്മദലി സാര്‍ പറയുന്നു.

പത്നി റസിയക്കൊപ്പം ഗള്‍ഫാര്‍ മുഹമ്മദലി
 


ഗള്‍ഫ് നാടുകളിലും ഇന്ത്യയിലുമുള്ള അനുബന്ധ കമ്പനികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം തൊഴിലാളികളുള്ള ഗള്‍ഫാര്‍ ഗ്രൂപ്പിന്‍റെ മാതൃസ്ഥാപനം ഒമാന്‍ ആസ്ഥാനമായ ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. 1972ല്‍  ഒമാനിലാണ് തുടക്കം. എണ്ണ, പ്രകൃതിവാതകം, റോഡ്, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കിയ കമ്പനിയുടെ വരുമാനം ഒരു ബില്യണ്‍ യു.എസ് ഡോളര്‍ വരും. കഠിനാധ്വാനത്തിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും പ്രതീകമായി നമ്മുടെ മുന്നിലുള്ള ഗള്‍ഫാര്‍ ഗ്രൂപ് പടുത്തുയര്‍ത്താന്‍ തനിക്ക് ദിശാബോധം തന്നത് ജീവിതത്തിന്‍റെ വിവിധ സന്ദര്‍ഭങ്ങളിലായി പഠിച്ചെടുത്ത ചില പാഠങ്ങളാണെന്ന് മുഹമ്മദലി പറയുന്നു. ആ തിരിച്ചറിവുകളില്‍നിന്ന് പുതിയ തലമുറക്ക് എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമെങ്കില്‍ സന്തോഷമേയുള്ളൂ എന്നും പറഞ്ഞു കൊണ്ട്, താന്‍ പഠിച്ചെടുത്ത പാഠങ്ങള്‍ ‘മാധ്യമം കുടുംബ’വുമായി അദ്ദേഹം പങ്കുവെക്കുന്നു. 

പാഠം ഒന്ന്: അധ്വാനം, കഠിനമായ അധ്വാനം
1967ല്‍, പോളി ഡിപ്ലോമയുമായി വടക്കുകിഴക്കന്‍ ഇന്ത്യയുടെ മലനിരകളിലേക്ക് കയറിച്ചെന്നപ്പോള്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം എത്ര വേണമെങ്കിലും അധ്വാനിക്കാന്‍ തയാറുള്ള മനസ്സും തനിക്കുണ്ടായിരുന്നെന്ന് മുഹമ്മദലി പറയുന്നു. സാമാന്യം സാമ്പത്തിക ചുറ്റുപാടുള്ള ചന്ദനപ്പറമ്പില്‍ വീട്ടില്‍നിന്ന് അത്രയും ദൂരം സഞ്ചരിച്ച്, പ്രതികൂല സാഹചര്യങ്ങള്‍ ഏറെയുള്ള ഒരു പ്രദേശത്ത് ജോലിക്ക് ചേരാന്‍ പ്രേരണയായതും അധ്വാനിക്കാനുള്ള മനസ്സായിരുന്നു. പൗരപ്രമുഖനായ പിതാവ് സെയ്തുമുഹമ്മദ് ഹാജി മകന്‍റെ ആഗ്രഹങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തു. ‘പാലക്കാടുനിന്ന് തീവണ്ടി കയറി ദിവസങ്ങളെടുത്ത് ഡല്‍ഹിയിലേക്കും അവിടെനിന്ന് റൂര്‍ക്കിയിലേക്കും പോയി. കോഴ്സ് കഴിഞ്ഞിറങ്ങിയ ഒരു പതിനെട്ടുകാരന്‍റെ ആകാംക്ഷയല്ലാതെ ഭാഷ അറിയില്ലെന്നോ എങ്ങോട്ടാണ് പോവുന്നതെന്നോ ഉള്ള ഒരു ആശങ്കയും ഉണ്ടായിരുന്നില്ല. ഞാന്‍ വരുന്ന വിവരം, റൂര്‍ക്കിയിലുള്ള ഒരു പരിചയക്കാരനെ ബാപ്പ ടെലിഗ്രാം വഴി അറിയിച്ചിരുന്നു. എന്നാല്‍, ഞാന്‍ അവിടെ എത്തിയ ശേഷമാണ് ആ ടെലിഗ്രാം അവിടെ എത്തിയത്. എങ്കിലും വലിയ ബുദ്ധിമുട്ടുകളില്ലാതെ ബോര്‍ഡര്‍ റോഡ്സ് വിഭാഗത്തിന്‍റെ റിക്രൂട്ട്മെന്‍റ് കേന്ദ്രത്തില്‍ എത്തി നിയമനം നേടാന്‍ കഴിഞ്ഞു. അവിടെനിന്ന് ഞങ്ങള്‍ പുതിയ റിക്രൂട്ടുകളെ മിസോ താഴ്വരയിലെ ക്യാമ്പില്‍ എത്തിച്ചു.  

റെബല്‍ ശല്യവും അയല്‍രാജ്യവുമായുള്ള സംഘര്‍ഷവും നിലനില്‍ക്കുന്ന മിസോ കുന്നുകളില്‍ റോഡ് നിര്‍മാണ പ്രവൃത്തിയില്‍ ഓവര്‍സിയര്‍ ജോലിയാണ്. 302 രൂപയാണ് ശമ്പളം. അതിദുര്‍ഘടമായ പ്രദേശവും കാലാവസ്ഥയുമെല്ലാം മടുപ്പിക്കുമെങ്കിലും പിന്നോട്ടുനിന്നില്ല. ചെങ്കുത്തായ മലകളില്‍ റോഡ് വെട്ടി ഞങ്ങള്‍ മുന്നേറി. ഏല്‍പിക്കുന്ന ഏതു ജോലിയും ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. മുഹമ്മദലിയെ ഏല്‍പിച്ചാല്‍ ആ ഭാഗം ഓകെ എന്ന് മേലധികാരികള്‍ അഭിനന്ദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. അവരുടെ പ്രോത്സാഹനവും അഭിനന്ദനവും കൂടുതല്‍ ആവേശം നല്‍കി. ഏല്‍പിച്ച ജോലി മേലധികാരിയുടെ പ്രതീക്ഷയെക്കാള്‍ കവിഞ്ഞ എന്തെങ്കിലും ഒരു നേട്ടത്തോടെ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. വര്‍ഷാവസാനം നാട്ടില്‍ വന്നെങ്കിലും വീണ്ടും തിരിച്ചുപോയി. സൈറ്റില്‍നിന്ന് ഹെലികോപ്ടറില്‍ ബേസ് ക്യാമ്പിലേക്ക് പറന്നതാണ് എന്‍റെ ആദ്യ ആകാശയാത്ര. മൂന്നുവര്‍ഷം ജോലിയില്‍ തുടര്‍ന്ന ശേഷം ഒരിക്കല്‍ ബാപ്പയുടെ കത്ത് കിട്ടി. വിസ ശരിയാകാന്‍ പോകുന്നു, ഉടന്‍ വരുക എന്ന്. അങ്ങനെ, കഠിനാധ്വാനത്തിന് പകരംവെക്കാന്‍ മറ്റൊന്നില്ല എന്ന് എന്നെ പഠിപ്പിച്ച മിസോ കുന്നുകളോട് വിടപറഞ്ഞു. കൂടുതല്‍ സാധ്യതകളുള്ള, അഥവാ കൂടുതല്‍ അധ്വാനം ആവശ്യമുള്ള മരുഭൂമിയിലേക്ക് പറിച്ചു നടാനായിരുന്നു ആ തിരിച്ചുവരവ്. 

പാഠം രണ്ട്: ടേണിങ് പോയന്‍റിലെ തീരുമാനം
എഴുപതിന്‍റെ തുടക്കത്തില്‍ തൃശൂരിന്‍റെ തീരദേശങ്ങളില്‍നിന്ന് പ്രവാസം ആരംഭിച്ച കാലത്ത് ബാപ്പ എടുത്ത തീരുമാനമായിരുന്നു എന്നെയും കടല്‍കടത്താം എന്നത്. ആദ്യ ചുവട് പിതാവില്‍ നിന്നായിരുന്നുവെങ്കിലും ജോലി അവസാനിപ്പിച്ച് തിരിച്ചുവരാനുള്ള തീരുമാനം എന്‍റേതായിരുന്നു. വലിയ ജോലികള്‍, വലിയ പദ്ധതികള്‍ എന്നിവയെല്ലാം സ്വന്തം നിലയില്‍ ചെയ്യണമെന്ന് ആഗ്രഹിച്ചു നില്‍ക്കുകയായിരുന്ന ഞാന്‍ ഗള്‍ഫ് ജോലിയില്‍ അത്തരം ഒരു അവസരം കൈവരുമെന്നുതന്നെ ചിന്തിച്ചിരുന്നു. ജോലിയില്‍നിന്ന് വിടുതല്‍ വാങ്ങല്‍ എളുപ്പമല്ലാതിരുന്നിട്ടും ഞാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഒടുവില്‍, എന്നെ ഏറെ കാര്യമായിരുന്ന സുപ്പീരിയര്‍ ഓഫിസര്‍ സഹായിച്ചതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി. 4000 രൂപ കമീഷന്‍ നല്‍കി സംഘടിപ്പിച്ച ദുബൈ വിസയില്‍ അങ്ങനെ ഞാനും ഗള്‍ഫിലേക്ക്. 1970 ഡിസംബറില്‍ ബോംബെയില്‍നിന്ന് ‘സിര്‍ദാന’ എന്ന കപ്പലില്‍ ആദ്യ അറേബ്യന്‍ യാത്ര. നിര്‍മാണം പൂര്‍ത്തിയായ ദുബൈ പോര്‍ട്ടില്‍ ആദ്യം അടുക്കുന്ന കപ്പലായ സിര്‍ദാനയില്‍നിന്ന് ഗള്‍ഫിന്‍റെ മണ്ണിലേക്ക് ഇറങ്ങുമ്പോള്‍ എന്തു ജോലി എന്നൊന്നും വ്യക്തതയുണ്ടായിരുന്നില്ല.

മാതാവിനൊപ്പം ഗള്‍ഫാര്‍ മുഹമ്മദലി
 


വിദ്യാഭ്യാസയോഗ്യതാ സര്‍ട്ടിഫിക്കറ്റും ബോര്‍ഡര്‍ റോഡ്സില്‍ ജോലി ചെയ്തതിന്‍റെ പരിചയവുമായിരുന്നു എന്‍റെ ആയുധങ്ങള്‍. പോര്‍ട്ടിനരികില്‍ ഒരിടത്തായിരുന്നു ഞങ്ങള്‍ തൊഴിലന്വേഷകരുടെ താമസം. മൂന്നാംദിനം ജോലി ലഭിച്ചു, ബാങ്കില്‍. എന്‍റെ അതേ തസ്തികയിലുള്ള മറ്റ് സ്റ്റാഫിനെക്കാള്‍ കുറഞ്ഞ ശമ്പളമായിരുന്നുവെങ്കിലും ആ ജോലി തന്നെ തെരഞ്ഞെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍, അല്‍പകാലം കൊണ്ടുതന്നെ മറ്റുള്ളവരുടെ അതേ ശമ്പളം എനിക്കും അനുവദിക്കപ്പെട്ടു. ഏല്‍പിച്ച ജോലി മികച്ച രൂപത്തില്‍ ചെയ്യാന്‍ ബോധപൂര്‍വം ശ്രമിച്ചതിന്‍റെ ഫലമായിരുന്നു ആ ശമ്പളക്കയറ്റമെന്ന് എനിക്ക് തോന്നുന്നു. ഒരു വര്‍ഷം ബാങ്ക് ജോലിയുമായി മുന്നോട്ടു പോയെങ്കിലും ഞാനാഗ്രഹിച്ച മേഖലയില്‍ എത്തിയിട്ടില്ല എന്ന തോന്നല്‍ ശക്തമായി. ഈ തോന്നല്‍ ഒടുവില്‍ എന്നെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍തന്നെ എത്തിച്ചു. ഇതിനിടയിലാണ്, ഒമാനില്‍ നിര്‍മാണ മേഖലയില്‍ ധാരാളം സാധ്യതകള്‍ ഉയര്‍ന്നുവരുന്നതായി അറിഞ്ഞത്. അങ്ങനെയാണ്, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍നിന്നുള്ള മൂന്നുപേരെയും ഒമാന്‍ സ്വദേശിയെയും ഉള്‍പ്പെടുത്തി ഒമാനില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് തുടക്കമിട്ടത്.

മികച്ച തുടക്കമായിരുന്നില്ലെങ്കിലും ഞങ്ങള്‍ കഠിനമായി അധ്വാനിച്ചു. എന്നാല്‍, ഇതിനിടയില്‍ ഒമാനിയായ പാര്‍ട്ണര്‍ നിയമക്കുരുക്കില്‍പെട്ടതോടെ ഞാന്‍ നടുക്കടലില്‍ പെട്ടപോലെയായി. കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ എല്ലാ റിസ്ക്കും ഏറ്റെടുത്ത് മുന്നോട്ടു പോവുകയോ വേണമെന്ന് തീരുമാനിക്കണം. 25ാം വയസ്സിന്‍റെ ആവേശത്തില്‍ ആ റിസ്ക് ഏറ്റെടുക്കാന്‍തന്നെ ഒരുങ്ങി. ആ തീരുമാനമാണ് ഗള്‍ഫാര്‍ എന്ന പ്രസ്ഥാനം യാഥാര്‍ഥ്യമാക്കിയത്. പതിയെ വികസിച്ചുവരുന്ന മസ്കത്തിലും കെട്ടിടങ്ങളൊന്നും ഉയര്‍ന്നിട്ടില്ലാത്ത വിദൂര മരുഭൂമികളിലുമെല്ലാം അലഞ്ഞ് പ്രവൃത്തികള്‍ നടത്തി ഞങ്ങള്‍ കമ്പനിയെ മുന്നോട്ടു കൊണ്ടുപോയി. ഇന്നിപ്പോള്‍ ഗള്‍ഫാറും അനുബന്ധ കമ്പനികളും ജി.സി.സികളിലും ഇന്ത്യയിലുമെല്ലാം മുദ്ര പതിപ്പിക്കാന്‍ നിമിത്തമായത് ദൈവാനുഗ്രഹവും പിന്നെ ഇരുപത്തിയഞ്ചാം വയസ്സില്‍ എടുത്ത റിസ്ക് ഏറിയ ഒരു തീരുമാനവുമായിരുന്നു. 

പാഠം മൂന്ന്: തിരിച്ചടിയിലും അനുഗ്രഹമുണ്ട്
മിസോ കുന്നുകളിലെ വഴുതിവീഴുന്ന പാതകളുമായി നടത്തിയ മല്‍പിടിത്തം അന്ന് തിരിച്ചടിയായി തോന്നിയിരുന്നെങ്കിലും അതിന്‍റെ ഫലം ഒമാനിലെ മരുഭൂമികളിലാണ് ഞാന്‍ കണ്ടെത്തിയത്. ഒരിക്കല്‍ ഒമാനിലെ സൂര്‍ എന്ന സ്ഥലത്ത്  ഒരു കണ്‍സ്ട്രക്ഷന്‍ സൈറ്റ് തേടി പോകവെ വഴിതെറ്റി മരുഭൂമിയില്‍ കുറെ മണിക്കൂറുകള്‍ അലഞ്ഞു ബോധംകെട്ട് വീണുപോയി. ഭാഗ്യത്തിന് അതുവഴിവന്ന ഏതാനും ഗ്രാമീണര്‍ എന്നെ കണ്ടെത്തുകയായിരുന്നു. ബേസ് ക്യാമ്പില്‍നിന്ന് മൈലുകള്‍ അകലെ മണിക്കൂറുകള്‍ വിശപ്പും ദാഹവും അടക്കി ജോലി ചെയ്തതിന്‍റെ പരിചയമാവാം അന്ന് മരുഭൂമിയില്‍ എനിക്ക് രക്ഷയായതെന്ന് ഞാന്‍ കരുതുന്നു. പിന്നെ ഈ അടുത്ത കാലത്ത്, ഞാന്‍ പങ്കാളിയാകാത്ത ഒരു കുറ്റത്തിന്, കമ്പനിമേധാവി എന്നനിലയില്‍ നിയമക്കുരുക്കില്‍പെട്ടു. തെറ്റൊന്നും ചെയ്തിട്ടില്ലാത്തതിനാല്‍ മനസ്സില്‍പോലും നിരാശനായില്ല.

25ാം വയസ്സില്‍ ബിസിനസ് പാര്‍ട്ണര്‍ പോയപ്പോള്‍ എനിക്കു തോന്നിയ ഒറ്റപ്പെടല്‍ ഫീല്‍ എന്‍റെ സഹപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉണ്ടാവുമോ എന്നായിരുന്നു എന്‍റെ ആശങ്ക. കമ്പനി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നത് ഒടുവില്‍ എനിക്കും കമ്പനിക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം വേറൊരു രീതിയില്‍ അനുഗ്രഹമായി മാറി. എങ്ങനെയെന്നാല്‍, കമ്പനിയുടെ ദൈനംദിന നടത്തിപ്പ് ഞാനില്ലെങ്കിലും എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്ന് എന്‍റെ മകനും മറ്റ് സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം എനിക്കു തന്നെ പറഞ്ഞുകൊടുക്കാന്‍ സാധിച്ചു. അനിവാര്യ സന്ദര്‍ഭമല്ലായിരുന്നെങ്കില്‍ നമ്മുടെ തിരക്കും മറ്റു ബദ്ധിമുട്ടുകളും കാരണം ഇതുപോലെ പഠിപ്പിച്ചു നല്‍കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ കാര്‍മേഘമെല്ലാം നീങ്ങിയപ്പോള്‍ ഈ തിരിച്ചടിയും അനുഗ്രഹമായി മാറിയത് ഞാന്‍ കാണുന്നു. 

പാഠം നാല്: നമ്മുടെ ധനം നമ്മുടെ മാത്രമല്ല
നമ്മെ രൂപപ്പെടുത്തിയ സമൂഹത്തിന് എന്തെങ്കിലും നല്ലത് തിരികെ നല്‍കുന്നത് നമ്മുടെ കാഴ്ചപ്പാടുകളെത്തന്നെ ഉയര്‍ത്തുമെന്ന് ഗള്‍ഫാര്‍ പറയുന്നു. ജന്മനാടിന്‍റെ സമഗ്രവികസനത്തിനുള്ള ബൃഹത്പദ്ധതിയായ തളിക്കുളം വികാസ് ട്രസ്റ്റില്‍ തുടങ്ങി പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നതിക്കായി ആവിഷ്കരിച്ച വ്യവസ്ഥാപിത പദ്ധതികള്‍ വരെ ഇദ്ദേഹത്തിന്‍റെ ചിന്താഗതിയുടെ ദൃഷ്ടാന്തങ്ങളാണ്. അനേകം പേര്‍ക്ക് വിദ്യാഭ്യാസത്തിലൂടെ ജീവിതവിജയം നല്‍കിയ പി.എം ഫൗണ്ടേഷന്‍ ഇപ്പോള്‍ കേരളവും വിട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കു വരെ പ്രവര്‍ത്തനം വ്യാപിപ്പിച്ച്, അനേകം ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. ‘‘ധാരാളം പണം ചെലവഴിക്കുക എന്നതിലുപരി കൃത്യമായ ആസൂത്രണത്തോടെയും തുടര്‍ച്ചയോടെയും വേണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍.  അങ്ങനെചെയ്താല്‍ ഫലം കാണുമെന്നതിന്‍റെ ഉദാഹരണമാണ് പി.എം ഫൗണ്ടേഷന്‍. ഉദ്ദേശ്യം നല്ലതായാല്‍ സമൂഹത്തിലും നമ്മില്‍തന്നെയും അതിന്‍റെ ഫലം കാണാം. എന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നെ പഠിപ്പിച്ചത് അതാണ്’’ -ഗള്‍ഫാര്‍ വിവരിക്കുന്നു. 

ഗള്‍ഫാര്‍ മുഹമ്മദലി
 


പാഠം അഞ്ച്: മറക്കരുത് നാടും വീടും
തളിക്കുളത്തെ തറവാടുവീട്ടില്‍ ഞങ്ങള്‍ എത്തിയപ്പോള്‍, ചെറിയൊരു നേത്രശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ഗള്‍ഫാര്‍ മുഹമ്മദലി. ഒരു ബില്യണ്‍ ഡോളര്‍ കമ്പനിയുടെ മേധാവിക്ക് ജര്‍മനിയിലോ യു.കെയിലോ ഉള്ള ലോകോത്തര നേത്രചികിത്സ കേന്ദ്രങ്ങളില്‍ ചികിത്സ തേടാമായിരുന്നിട്ടും തൃശൂരില്‍ വെച്ചാണ് അദ്ദേഹം ശസ്ത്രക്രിയക്കു വിധേയനായത്. ‘ഇവിടെയാകുമ്പോള്‍ ചികിത്സയും നടക്കും ഉമ്മയുടെ കൂടെ വീട്ടില്‍ കഴിയുകയും ചെയ്യാം. ഒരാഴ്ചയിലേറെയായി, കണ്ണിന് വിശ്രമം നല്‍കിയിരിക്കുകയായിരുന്നു. ഇപ്പോള്‍ ശരിയായി. പണ്ട് നോര്‍ത്ത് ഈസ്റ്റില്‍ ജോലിക്കു പോകാന്‍ യാത്രയയച്ച അതേ ടെന്‍ഷനോടെയാണ് ഉമ്മ ഇന്നും എന്നെ യാത്രയയക്കാറ്. വരുമ്പോഴും അന്നത്തെ അതേ സന്തോഷം ആ മുഖത്തു കാണാം’ -മുഹമ്മദലിയെന്ന മകന്‍ പറയുന്നു. ഒമാനിലെ ആദ്യകാല ജീവിതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങിയപ്പോള്‍ അരികിലിരിക്കുന്ന ഭാര്യ റസിയ പതിയെ പുഞ്ചിരിച്ചു. ‘അവള്‍ക്കും അതേക്കുറിച്ച് കുറെ രസകരമായ ഓര്‍മകളുണ്ടാകും’ . മുഹമ്മദലി പറഞ്ഞു നിര്‍ത്തിയപ്പോള്‍ പത്നി സംസാരിച്ചു തുടങ്ങി.

‘‘അദ്ദേഹത്തിനൊപ്പം ഒമാനിലേക്കു പോകുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിരുന്നു. അക്കാലത്ത് ടൗണ്‍ഷിപ്പൊന്നും ആയിട്ടില്ലാത്ത സൂര്‍ എന്ന പ്രദേശത്തെ കണ്‍സ്ട്രക്ഷന്‍ സൈറ്റിനരികിലെ ഒരു ഒറ്റപ്പെട്ട കെട്ടിടത്തിലായിരുന്നു താമസം. വൈദ്യുതി കണക്ഷനൊന്നും ഇല്ലാത്ത ഒരു കെട്ടിടം. രാത്രിയില്‍ മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ഒരു ജനറേറ്ററുണ്ട്. എനിക്കാണെങ്കില്‍ അത് പ്രവര്‍ത്തിപ്പിക്കാന്‍ അറിയില്ല. ഇരുട്ടുവീണാല്‍ പിന്നെ ഞാന്‍ അടുക്കളയില്‍ കയറി ഒറ്റ ഇരിപ്പാണ്. രാത്രി എട്ടിനു ശേഷം അദ്ദേഹം എത്തി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതുവരെ ആ ഇരുത്തം നീളും. എങ്കിലും ഭയമൊന്നും തോന്നിയിരുന്നില്ല. കൊടും വെയിലില്‍ അധ്വാനിച്ചു ക്ഷീണിച്ചുവന്ന ഭര്‍ത്താവിനോട് പരാതി പറയാനും നില്‍ക്കാറില്ല. നമ്മള്‍ നല്‍കുന്ന പിന്തുണയാണല്ലോ അവരുടെ ആശ്വാസം’’ -ഭര്‍ത്താവിന്‍റെ മനസ്സറിഞ്ഞ റസിയ വിവരിക്കുന്നു. നാലു മക്കളാണ് മുഹമ്മദലി-റസിയ ദമ്പതിമാര്‍ക്ക്. മൂത്തമകള്‍ ഫാത്തിമത്ത് സുഹ്റ ബംഗളൂരുവിലും രണ്ടാമത്തെ മകള്‍ ഖദീജ സീനത്ത് ഹൈദരാബാദിലും മൂന്നാമത്തെയാള്‍ ആമിന മുഹമ്മദലി ദുബൈയിലുമാണ്. ഏറ്റവും ഇളയ ആള്‍ മുഹ് യുദ്ദീന്‍ മസ്കത്തില്‍ പിതാവിന്‍റെ കൂടെ കമ്പനിയുടെ പ്രധാന ചുമതലയിലാണ്.

‘‘ജീവിതത്തിന്‍റെ സായന്തനത്തില്‍ സ്വന്തം നാട്ടില്‍തന്നെ തിരിച്ചെത്തണമെന്ന് എനിക്കും ആഗ്രഹമുണ്ട്. തിരിച്ചുചെല്ലാന്‍ ഒരു നാടും സ്വീകരിക്കാന്‍ ഒരും വീടും ഉണ്ട് എന്ന ഉറപ്പ്, വിദൂരനാടുകളില്‍ പല പ്രതിസന്ധി ഘട്ടങ്ങളിലും എനിക്ക് ഒരുപാട് ധൈര്യം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാ ഗള്‍ഫ് നാടുകളിലും പുതിയതരം പ്രവാസികളുണ്ട്. അവര്‍ ഒരേസമയം പ്രവാസികളും അവിടത്തുകാരുമാണ്. ഗള്‍ഫ് നാടുകളില്‍ ജനിച്ചുവളര്‍ന്ന, പഴയ പ്രവാസികളുടെ മക്കളും അവരുടെ മക്കളുമാണവര്‍. അവര്‍ പുതിയ സാഹചര്യങ്ങളോട് ഇണങ്ങി മിടുക്കരായി വളരുന്നുണ്ട്. അവരോടും എനിക്ക് പറയാനുള്ളത് സ്വന്തം നാട് ഇവിടെ കാത്തിരിക്കുന്നുണ്ട് എന്നാണ്. നമ്മുടെ കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് പഴികേട്ട തൊണ്ണൂറുകളിലാണ് കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്‍റര്‍ എന്ന ആശയം കൊണ്ടുവരാന്‍ കഴിഞ്ഞത്. പ്രവാസി നിക്ഷേപത്തിന്‍റെ ആദ്യ മാതൃകയായി അതു മാറുകയും ചെയ്തു.’’

Tags:    
News Summary - Life of Galfar Muhammad Ali, Galfar group chairman -lifestyle news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.