അരയന് കടലില്‍ പോയാല്‍ അവനുവേണ്ടി കരയിൽ കണ്ണീരോടെ കടലമ്മയോട് പ്രാര്ഥിച്ചിരിക്കുന്ന അരയത്തി സ്ത്രീയെയാണ് മലയാളിക്ക് സിനിമയിലും സീരിയലിലും നോവലുകളിലും കഥകളിലുമെല്ലാം പരിചയം. അവളുടെ സ്വഭാവവും ശുദ്ധിയും ആശ്രയിച്ചാണ് അരയെൻറ ജീവനും ജീവിതോപാധിയുമെല്ലാം കടലമ്മ തിരിച്ചുതരുന്നതെന്ന വിശ്വാസമോ അന്ധവിശ്വാസമോ ആരെല്ലാമോ മലയാളിയുടെ ഉള്ളില്‍ കുത്തിനിറച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ഭര്‍ത്താവിൻെറ കൂടെ രാവും പകലും മഴയും വെയിലും കാറ്റും കോളുമൊന്നും നോക്കാതെ ബോട്ടുമായി കടലിലേക്ക് ഇറങ്ങുന്ന രേഖ ഇന്നും പലര്‍ക്കും അദ്ഭുതമാണ്. ചിലര്‍ക്കിപ്പോഴും ദഹിക്കാത്ത കാഴ്ചയാണ്. കാര്‍ത്തികേയന്റെ കൈപിടിച്ച് അവള് കടലിലേക്കിറങ്ങിയപ്പോള്‍ കടലമ്മ അവളെ ഇരുകൈയും നീട്ടി സ്വീകരിച്ചു. അതുവരെ നിലനിന്നിരുന്ന പല സങ്കല്പങ്ങളെയും ആഴക്കടലില്‍ മുക്കിയെറിഞ്ഞാണ് തൃശൂര്‍ ചേറ്റുവ കുണ്ടഴിയൂര്‍ സ്വദേശി കാരാട്ട് കെ.വി. കാര്‍ത്തികേയനും ഭാര്യ കെ.സി. രേഖയും തിരകളെ പിന്നിലാക്കി ഓരോ ദിവസത്തെയും അന്നം തേടി കടലിലേക്ക് പോകുന്നത്... കടലില്‍ ഒൗട്ട് ബോര്‍ഡ് വള്ളമുപയോഗിച്ച് മീന്‍പിടിക്കുന്ന രാജ്യത്തെ ആദ്യത്തെ വനിതയാണ് രേഖ. കടലില്‍ ഒരുമിച്ച് മത്സ്യബന്ധനത്തിനിറങ്ങുന്ന ഈ അപൂര്‍വ ദമ്പതികളെ കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രം ആദരിക്കുകയും ചെയ്തു.
കഷ്ടപ്പാടു കൊണ്ടാണ് കടലില്‍ പോകാന്‍ തീരുമാനിച്ചത്. അല്ലാതെ വിപ്ലവമുണ്ടാക്കാനോ പേരും അംഗീകാരവും നേടാനോ ഒന്നുമായിരുന്നില്ല. ഒന്നല്ല, ആറുവയറുകളെയാണ് ഊട്ടേണ്ടത്, കല്യാണം കഴിഞ്ഞിട്ട് 19 വര്‍ഷയായി. ആദ്യം ബോട്ടില്‍ പോകാന്‍ പണിക്കാരെ കിട്ടില്ലായിരുന്നു. ചിലപ്പോള്‍ മാസങ്ങളോളം പണിയില്ലാതെ ആവും. നേരാവണ്ണം ഭക്ഷണമില്ലാതെ പട്ടിണി കിടന്നിട്ടുണ്ട് പലപ്പോഴും. പണിക്കാരെ വെക്കാണെങ്കില്‍ അവര്‍ക്ക് കൂലി കൊടുക്കണം. കഷ്ടപ്പാടിെൻറ അങ്ങേയറ്റം എത്തിനിന്നപ്പോഴാണ് ഒരിക്കല്‍ രേഖ ഇങ്ങോട്ട് പറയുന്നത്, ഞാന്‍കൂടി കൂടെ വന്നാലോ എന്ന്. കേട്ടപ്പോള്‍ അമ്പരപ്പൊന്നും തോന്നിയില്ല. കാരണം, എൻെറ ഭാര്യ എപ്പോഴും കൂടെ ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ആളാണ് ഞാന്‍. പേടിയുണ്ടോ എന്ന് മാത്രമേ ഞാന്‍ തിരിച്ച് ചോദിച്ചൊള്ളൂ. അതൊന്നും സാരമിെല്ലന്നും അവള് പറഞ്ഞു. കല്യാണം കഴിഞ്ഞിട്ട് അന്നേക്ക് എട്ടു വര്ഷമായിക്കാണും. മൂത്ത മകള്‍ക്ക് അന്ന് അഞ്ചോ ആറോ വയസ്സും. അങ്ങനെയാണ് അവളെയും കൂട്ടി കടലിലേക്ക് പണിക്കിറങ്ങുന്നത് -കാര്ത്തികേയന് ഓര്‍ക്കുന്നു.
പെണ്ണിനെ കടലില്‍ കൊണ്ടുപോയാല്‍ അവള്‍ക്ക് മൂത്രമൊഴിക്കാന്‍ മുട്ടിയാല്‍ എന്തുചെയ്യും. ഏറ്റവും കൂടുതല്‍ നേരിട്ടത് ഈ ചോദ്യമാണെന്ന് കാര്ത്തികേയന് പറയുന്നു. ആളുകള്‍ക്ക് വേറെ എന്തൊക്കെ ചോദിക്കാനുണ്ട്. കഷ്ടപ്പാടിനെക്കുറിച്ചോ പണിയെക്കുറിച്ചോ ചോദിച്ചറിയുകയാണെങ്കില് എത്ര നന്നായിരുന്നു.അതൊന്നും ആളുകള്‍ക്ക് വിഷയമേ അല്ല. അവരൊട്ട് നമ്മളെ സഹായിക്കുകയുമില്ല, എന്നാല്‍ പരദൂഷണവും കുത്തുവാക്കുകളും പറഞ്ഞ് നടക്കുകയും ചെയ്യും. ഹാര്‍ബറിലേക്ക് അവളെയും കൂട്ടി പോകുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. പെണ്ണുങ്ങള് ഹാര്‍ബറില്‍ വരാൻ പാടിെല്ലന്നൊക്കെ ആദ്യമൊക്കെ ആള്ക്കാര് പറയുമായിരുന്നു. ഈ ലോകത്ത് സ്ത്രീകള്‍ എന്തെല്ലാം ജോലികള്‍ ചെയ്യുന്നുണ്ട്. പലരും പേരും പ്രശസ്തിയും നേടാനായി ആഴക്കടലില്‍ പോയി കല്യാണം കഴിക്കുന്നു. പണം വാരിയെറിഞ്ഞാണ് ഇതൊക്കെ ചെയ്യുന്നത്. എന്നാല്‍, പുരുഷനെപ്പോലെ കടലില്‍ പോയി മീന്‍ പിടിച്ചാല്‍ എന്താണ് കുഴപ്പം. പിടിച്ച മീനുമായി ഹാര്ബറിലെത്തിയാല് മാത്രമെന്താണ് പ്രശ്നം. അതാണ് എനിക്ക് മനസ്സിലാകാത്തത്. മീന്‍ കഴിക്കാതെ ആര്‍ക്കും ഭക്ഷണം ഇറങ്ങില്ല. എന്നാല്‍, മീന്‍പിടിക്കുന്നവരോട് പുച്ഛവുമാണ്. സ്ത്രീകള്‍ കടലില്‍ പോകാന്‍ പാടില്ല എന്ന് എവിടെയും ഒരു നിയമവും ഇല്ല. എെൻറ ഭാര്യ എെൻറ കൂടെയാണ് ജോലിക്ക് വരുന്നത്. കാര്‍ത്തികേയെൻറ കണ്ണില്‍ അഭിമാനത്തിെൻറ തിരയിളക്കം.
രേഖ കണ്ട കടല്‍
തൃശൂര്‍ കുറുക്കഞ്ചേരിയാണ് രേഖ ജനിച്ചുവളര്‍ന്നത്. അവിടെ കടല്‍ പോയിട്ട് നല്ല കുളങ്ങള്പോലുമില്ല. ആകെ രണ്ടു ചെറിയ കുളങ്ങളുണ്ടായിരുന്നു. അതില്‍തന്നെ കാലെടുത്തുവെക്കാന്‍ പേടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അമ്മാവെൻറ വീട് ചേറ്റുവയായിരുന്നു. അവിടെ വരുമ്പോള്‍ കടലും അഴിമുഖവുമെല്ലാം കാണാന്‍ പോകും. നീന്തല്‍ അന്നും ഇന്നും അറിയില്ല. കാര്‍ത്തികേയെൻറ ജീവിതത്തിലേക്ക് കടന്നുവരുന്നതിന് തൊട്ടുമുമ്പുവരെ രേഖയും കടലുമായുള്ള ബന്ധം ഇത്രമാത്രമായിരുന്നു. എന്നാല്‍, ഇന്ന് ആഴക്കടലില്‍ വീശിയടിക്കുന്ന തിരമാലകളെ കവച്ചുവെച്ച് ഏത് പാതിരാക്കും ഫൈബര്‍വള്ളം ഓടിക്കാനും വലയിട്ട് മീന്‍പിടിക്കാനും രേഖക്ക് സാധിക്കും. ആത്മാര്‍ഥമായി പ്രാര്‍ഥിച്ചാല്‍ കടലമ്മ കൈവിടിെല്ലന്ന് രേഖ പറയുന്നു. 10 വര്‍ഷത്തെ കടലുമായുള്ള സഹവാസത്തില്‍നിന്ന് പഠിച്ചതാണിത്. കടലിനെ അമ്മയായാണ് കാണുന്നത്. അമ്മയുടെ അടുത്തേക്ക് മക്കള്‍ വരുമ്പോള്‍ അവിടെ അപകടം ഉണ്ടാകില്ല.
കടലില്‍ കുറച്ച് ദൂരം പിന്നിട്ടാല്പിന്നെ ശക്തമായ തിരമാലകളാണ്. വള്ളം ആടിയുലയുമ്പോള്‍ തെറിച്ചുവീഴാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍, ഇന്നുവരെ അങ്ങനെ ഒരു അപകടം പറ്റിയിട്ടില്ല. ഛർദിച്ച് ഛർദിച്ച് കുടല്‍വരെ പുറത്തുപോകുന്ന അവസ്ഥയായിരുന്നു ആദ്യത്തെ മൂന്നുനാല് ദിവസം. ചോരയൊക്കെ ഛര്‍ദിച്ചിട്ടുണ്ട്. പിന്നെ അതൊക്കെ പതിയെ പതിയെ മാറി. കടലിനോട് ഞാനും പൊരുത്തപ്പെട്ടുതുടങ്ങി. ഭര്‍ത്താവ് തരുന്ന ആത്മവിശ്വാസവും കടലമ്മയുടെ കരുതലും കൊണ്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു പോകുന്നു. ആര്‍ത്തവമുള്ള നാളില്‍ കടലില്‍ പോകാതിരിക്കും. അല്ലാത്ത ദിവസങ്ങളിലെല്ലാം പോയിട്ടുണ്ട്. ഒരുപാട് ലോണൊക്കെ അടച്ചുതീര്‍ക്കാനുണ്ട്. അടവ് തെറ്റുമ്പോള്‍ കടലമ്മയെ വിളിച്ച് പ്രാര്‍ഥിക്കും. അമ്മ മരിച്ചതില്പിന്നെ അമ്മയോട് പറയാനുള്ളതെല്ലാം കടലമ്മയോട് പറയും. സങ്കടങ്ങളും സന്തോഷങ്ങളും എല്ലാം. കടല്‍ ഒരു അദ്ഭുത ലോകമാണ്. അത് കണ്ടാല്‍ അറിയില്ല, അനുഭവിച്ചറിയണം. രേഖയുടെ സാക്ഷ്യം.
കടല്‍ ചതിച്ചിട്ടില്ല... ചതിക്കുകയുമില്ല
അപകടങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാലും പരിക്കൊന്നുംപറ്റാതെ രക്ഷപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു വള്ളം ഇടിക്കാനായി വന്നു. ആദ്യം കരുതിയത് എന്തെങ്കിലും ചോദിക്കാനായി ഞങ്ങളുടെ അടുത്തേക്ക് വള്ളം അടുക്കുകയാണെന്നാണ്. പിന്നെയാണ് അപകടം മണത്തത്. രേഖ ഉറക്കെ ശബ്ദമുണ്ടാക്കി. അതിലെ ആള് ഉറങ്ങിപ്പോയതായിരുന്നു. ശബ്ദം കേട്ട് അയാള്‍ തക്ക സമയത്ത് എണീറ്റതിനാല്‍ ബോട്ട് രണ്ടായി പിളരാതെ രക്ഷപ്പെട്ടു. പിന്നൊരിക്കല്‍ ശക്തമായ കാറ്റിലും കോളിലും പെട്ടിട്ടുണ്ട്. വള്ളത്തിലെ ഓയില്‍ പാത്രങ്ങളും മറ്റും തെറിച്ചുപോയി. ഭാഗ്യത്തിന് അത് ബോട്ടില്‍തന്നെ വന്നുവീണു. അന്ന് ശരിക്കും പേടിച്ചുപോയിട്ടുണ്ട്. കടലമ്മയുടെ കനിവിനാല്‍ രക്ഷപ്പെട്ടു എന്നുമാത്രം. രേഖയെ കൂട്ടിപ്പോകുമ്പോള്‍ 20 കിലോമീറ്റര്‍ വരെ പോകാറുണ്ട്. കാര്ത്തികേയന് തനിച്ചാണ് പോകുന്നതെങ്കില്‍ 70 കിലോമീറ്റര്‍ ദൂരം വരെ പോകും.
ആദരം, അംഗീകാരം
കുറച്ച് നാള് മുമ്പ് കടലില്‍പോയി വന്ന് മീന്‍ ഹാര്‍ബറില്‍ കൊണ്ടുപോയി വിറ്റ് തിരിച്ചു വരുകയായിരുന്നു. വള്ളത്തില്‍ കുറച്ച് മീന്‍കൂടി ബാക്കിയുണ്ട്. അപ്പോഴാണ് കുറച്ച് പേരെ കാണുന്നത്. കണ്ടാല്‍തന്നെ അറിയാം വലിയ ഉേദ്യാഗസ്ഥരാണെന്ന്. അവരെ കണ്ടപ്പോള്‍ രേഖയാണ് പറഞ്ഞത്. നിങ്ങള്‍ അവരോട് മീന്‍ വേണോന്ന് ചോദിച്ച് നോക്ക്. ചെലപ്പോ നല്ല പൈസയും കിട്ടും എന്ന്. മടിച്ചുമടിച്ചാണെങ്കിലും പോയി ചോദിച്ചു. സംസാരിച്ച് കുറെ കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. കേന്ദ്ര മത്സ്യഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണെന്ന്. എന്തോ റിസര്‍ച്ചുമായി ബന്ധപ്പെട്ട് വന്നതായിരുന്നു. ഞങ്ങളെക്കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു. ശരിക്കു പറഞ്ഞാല്‍ ഇന്ന് കിട്ടിയ ഈ അംഗീകാരങ്ങള്‍ക്കെല്ലാം കാരണം അന്നത്തെ ആ അവിചാരിതമായ കണ്ടുമുട്ടലായിരുന്നു. കടലില്‍ പോണ ആദ്യത്തെ പെണ്ണ് നീയാട്ടോ... എന്നൊക്കെ തമാശക്ക് ആള്ക്കാര് പറയണത് കേട്ടിട്ടുണ്ട്. അന്നൊന്നും അതൊന്നും കാര്യമായി എടുത്തിട്ടില്ല. സി.എം.എഫ്.ആര്.ഐ ഉേദ്യാഗസ്ഥര്‍ പറയുമ്പോഴാണ് ശരിക്കും വിശ്വാസമായതെന്ന് രേഖ പറയുന്നു.
പിന്നിടാനുണ്ട് ഇനിയും
നാലു പെണ്‍കുട്ടികളാണ്. മൂത്തമകള്‍ മായ പ്ലസ് ടുവിനാണ് പഠിക്കുന്നത്. അഞ്ജലി ഒമ്പതിലും ദേവപ്രിയ അഞ്ചിലും ലക്ഷ്മിപ്രിയ മൂന്നിലുമാണ് പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കരാണ്. മൂത്തവളെ പൊലീസ് ആക്കാനാണ് കാര്ത്തികേയന് താല്പര്യം. മറ്റൊരാള്‍ക്ക് ടീച്ചറാകണം. ഏറ്റവും ഇളയ ആളാവട്ടെ കരാേട്ടയിലെല്ലാം സമ്മാനം വാങ്ങിയിട്ടുണ്ട്. അവരെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കണമെന്നുതന്നെയാണ് രേഖയുടെയും കാര്‍ത്തികേയെൻറയും ആഗ്രഹം. മൂന്ന് സെൻറ് സ്ഥലത്തില്‍ ചെറിയൊരു വീടാണുള്ളത്. അതും കടലെടുത്തു കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പാത്രങ്ങളും വീട്ടുസാധനങ്ങളും വലകളുമെല്ലാം പലപ്പോഴായി കൊണ്ടുപോയിട്ടുണ്ട്. പ്രണയ വിവാഹമായതിനാല്‍ കുടുംബക്കാരുമായൊന്നും വലിയ അടുപ്പമുണ്ടായിരുന്നില്ല. ആരും സഹായിക്കാനും വരാറില്ലായിരുന്നു. രേഖയുടെ അമ്മയുണ്ടായിരുന്നു കൂടെ. മക്കളെ അമ്മയെ ഏൽപിച്ചാണ് കടലില്‍ പോകാറ്. ആറു മാസം മുമ്പ് അമ്മ മരിച്ചു. അര്‍ബുദ ബാധിതയായിരുന്നു. അതില്‍പ്പിന്നെ ഞങ്ങള്‍ കടലില്‍ പോയാല്‍ മക്കള്‍ ഒറ്റക്കാണ്. കടലില്‍ പോകുമ്പോള്‍ രേഖയുടെയും കാര്‍ത്തികേയെൻറയും ഉള്ളുനിറയെ ഈ ആധിയാണ്. കുറച്ച് കടങ്ങളൊക്കെ വീട്ടാനുണ്ട്. 20 വര്‍ഷം പഴക്കമുള്ള എന്‍ജിനുമായിട്ടാണ് കടലില്‍ പോകുന്നത്. അതിനെക്കുറിച്ച് പേടിയുണ്ട്. മക്കളെ തനിച്ചാക്കിപ്പോകാന്‍ അടച്ചുറപ്പുള്ള വീട്. അവരുടെ വിദ്യാഭ്യാസം. കാര്‍ത്തികേയനും രേഖക്കും വിശ്രമിക്കാന്‍ ഒട്ടും നേരമില്ല. കടലവരെ വിളിക്കുന്നുണ്ട്, വഞ്ചിനിറയെ മീനുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.