????? ????????????????? ????????

അക്ഷരനഗരിയായ, മാധ്യമങ്ങളുടെ ഈറ്റില്ലമായ കോട്ടയത്തിന്‍ന്‍റെ ഫോട്ടോഗ്രഫി ചരിത്രത്തിനൊപ്പം എഴുതിചേര്‍ത്ത പേരുക ളില്‍ ഒന്നാണ് ചിത്ര കൃഷ്ണന്‍കുട്ടി എന്ന 72-കാരന്‍റേത്. ഫിലിമില്ലാത്ത ഡിജിറ്റല്‍ കാലത്തിനും മുമ്പ് പകര്‍ത്തിയ ബ്ലാക്ക് ആന്‍റ് വൈറ്റിന്‍റെ ദൃശ്യഭംഗി  ഇദ്ദേഹത്തിന്‍റെ ഓരോ ചിത്രങ്ങളിലും പതിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല.

19ാം വയസിലാണ് കൃഷ്ണന്‍കുട്ടിയും കാമറയും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് കുടമാളൂരുള്ള അമ്മ വീടിനടുത്തുള്ള ശങ്കരന്‍കുട്ടിയുടെ ശിഷ്യനായി തുടക്കം. കോട്ടയത്തെ ‘എന്‍.എം എബ്രഹാം സ്റ്റുഡിയോ’യില്‍ ഫോട്ടോഗ്രാഫറായിരുന്നു അക്കാലത്ത് ശങ്കരന്‍കുട്ടി. അദ്ദേഹത്തില്‍ നിന്ന് അഭ്യസിച്ച ബാലപാഠങ്ങളുമായി കോട്ടയം കെ.എസ്.ആര്‍.റ്റി.സി ബസ്റ്റാന്‍റിനു സമീപമുള്ള  ‘ഫോട്ടോപാലസി’ല്‍. പാലസ് ഉടമ കുഞ്ഞുണ്ണി മാഷിനൊപ്പം നിന്ന് ഡാര്‍ക്ക്റൂമിലെ പണിയും ഫോട്ടോ റീടച്ചുമെല്ലാം പഠിച്ചു. പിന്നീട് നിരവധി സംഭവങ്ങളുടെ ചിത്രമെടുത്ത് രംഗത്തേക്ക്. എം.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത 'കോട്ടയം കൊലക്കേസ്' എന്ന സിനിമക്കു വേണ്ടി ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്ഷണം ലഭിച്ചതാണ് വഴിത്തിരിവായത്.  

നടൻ ദുല്‍ക്കര്‍ സൽമാനും സഹോദരിയും (ചിത്ര കൃഷ്ണന്‍കുട്ടിയുടെ ഫോട്ടോ ശേഖരം)
 


സിനിമാ പ്രസിദ്ധീകരണമായ ചിത്രരമക്കുവേണ്ടി പ്രവര്‍ത്തിച്ചത് കൃഷ്ണന്‍കുട്ടിയെ മലയാള സിനിമാ രംഗത്തെ സജീവ സാന്നിദ്ധ്യമാക്കി മാറ്റി. ആദ്യകാല മലയാള സിനിമാ മേഖലയിലെ പ്രഗത്ഭരുമായി അടുത്തിടപഴകാനും, വ്യക്തി ബന്ധങ്ങള്‍ സ്ഥാപിക്കാനും ഇതു വഴിയൊരുക്കി. മോഹന്‍ലാല്‍, മമ്മൂട്ടി, മണിയന്‍പിള്ള രാജു, മുകേഷ്, നെടുമുടി വേണു, ബാലചന്ദ്രമേനോന്‍, സത്യന്‍, ഷീല, എം.ജി. രാമകൃഷ്ണന്‍, നസീര്‍, ജയഭാരതി, എസ്.പി. പിള്ള, വയലാര്‍ രാമവര്‍മ്മ, തിക്കുറിശ്ശി, കടുവാക്കുളം, തോപ്പില്‍ ഭാസി, യേശുദാസ്, വേണു നാഗവള്ളി, സുധീര്‍, രാഘവന്‍, ശങ്കര്‍, എം.ജി. സോമന്‍, ഐ.വി. ശശി, സീമ , കെ.പി. ഉമ്മര്‍, ബാലന്‍ കെ.നായര്‍, അടൂര്‍ ഭവാനി, മേനകാ സുരേഷ് എന്നിങ്ങനെ നിരവധി പേര്‍.

അക്കാലത്തെ മിക്ക പത്രങ്ങള്‍ക്കും ചിത്രമെടുത്തിരുന്നത് ഇദ്ദേഹമായിരുന്നു. രാഷ്ട്രീയ നേതാക്കളും, സിനിമാ നടന്‍മാരും അടക്കം ആയിരക്കണക്കിനു പേരാണ് കൃഷ്ണന്‍കുട്ടിയുടെ കാമറക്ക് മുന്നില്‍ പോസ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ കേരളത്തിലെ പല നിര്‍ണ്ണായക നിമിഷങ്ങളും ജനങ്ങള്‍ക്ക് ഫോട്ടോയിലൂടെ വരച്ചുകാട്ടി തന്നതും കൃഷ്ണന്‍കുട്ടി തന്നെ. ഇ.എം.എസും നായനാരും എം.ജി.ആറും ഇന്ദിരാ ഗാന്ധിയും കരുണാകരനും അങ്ങനെ പോകുന്നു പ്രശസ്തരുടെ ലിസ്റ്റുകള്‍. അക്കാലത്ത് വാഹന സൗകര്യങ്ങള്‍ കുറവായതിനാല്‍ ചിത്രമെടുക്കാന്‍ തലേദിവസം പോകേണ്ടതുണ്ടായിരുന്നു. എടുത്ത ചിത്രത്തില്‍ ആദ്യം ഓര്‍മ്മ വരുന്നത് ഏതെന്ന് ചോദിച്ചാല്‍ കൃഷ്ണന്‍കുട്ടി കണ്ണുമടച്ച് പറയും സിനിമാ മാസികക്ക് വേണ്ടി പകര്‍ത്തിയ എം.ജി.ആര്‍ ചിത്രം എന്ന്.

നസീര്‍ കുടുംബത്തോടൊപ്പം (ചിത്ര കൃഷ്ണന്‍കുട്ടിയുടെ ഫോട്ടോ ശേഖരം)
 

റോളി കോഡിന്‍റെയും മാമിയായുടെയും കാമറകളാണ് ഫോട്ടോഗ്രാഫര്‍മാര്‍ അന്ന് ഉപയോഗിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് അവിചാരിതമായിട്ട് അക്കാലത്ത് ഒരു ലക്ഷം രൂപ വിലയുള്ള ഹസല്‍ബ്ലാഡിന്‍റെ കാമറ സൗജന്യമായി ലഭിക്കുന്നത്. ഇതിനിടയില്‍ ചില അവാര്‍ഡുകളും തേടിയെത്തിയതോടെ തിരക്കുള്ള ഫോട്ടോഗ്രാഫറുടെ ഗണത്തിലേക്ക് ഉയര്‍ന്നു. സിനിമക്കായി എടുത്ത ചിത്രങ്ങളേക്കാള്‍ കൂടുതലും ഷൂട്ടിങ്ങിലെ ഇടവേളകളിലെ രസകാഴ്ചകളുടെ കൗതുകകരമായ ചിത്രങ്ങളാണ് കൃഷ്ണന്‍കുട്ടിയുടെ പക്കലുള്ളത്. കല്യാണങ്ങളും മറ്റും എടുത്താല്‍ പിറ്റേദിവസം തന്നെ അത് ആല്‍ബമായി കൊടുക്കുന്ന സവിശേഷത ഇദ്ദേഹത്തെ ഏവരുടേയും പ്രിയങ്കരനാക്കുകയും ചെയ്തു. ഇത് പിന്നീട് കൃഷ്ണന്‍കുട്ടി സ്റ്റൈലായി പോലും അറിയപ്പെട്ടു.

മമ്മൂട്ടിയും കുടുംബവും (ചിത്ര കൃഷ്ണന്‍കുട്ടിയുടെ ഫോട്ടോ ശേഖരം)
 


ഇതോടെ ദൂരസ്ഥലത്ത് നിന്നും പോലും ആളുകള്‍ ചിത്രമെടുക്കാന്‍ തേടിയെത്തി തുടങ്ങി.  ഇതിനൊപ്പം ഇടം നേടിയതായിരുന്നു ചിത്രാ കൃഷ്ണന്‍കുട്ടി എന്ന പേരും. പിന്നീട് സ്വന്തമായി ‘ലേഖ സ്റ്റുഡിയോ’ തുടങ്ങി. 1972ലാണ് കെട്ടിട ഉടമ കെ.എസ് കേശവ അയ്യരുമായി ചേര്‍ന്ന് തിരുനക്കരക്ക് സമീപം ചിത്രാ സ്റ്റുഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് കൃഷി മേഖലയിലും അദ്ദേഹം കൈവെച്ചു. അങ്ങനെ 1978ല്‍ ഇടുക്കി ആറ്റുപാറയില്‍ ഏലം പ്ലാന്‍റേഷന്‍ ആരംഭിച്ചു. നിലവില്‍ കാര്‍ഡമം ഗ്രോവേഴ്സ് അസോസിയേഷന്‍ എക്സീക്യൂട്ടീവ് അംഗമാണ്. ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍, കേരളാ കളര്‍ ലാബ് അസോസിയേഷന്‍ പ്രസിഡന്‍റ് എന്നീ പദവികള്‍ അദ്ദേഹത്തെ കലാ സാംസ്ക്കാരിക മേഖലയിലെ നിറസാന്നിദ്ധ്യമാക്കി. ഭാര്യ ലീലാമണി. എറണാകുളത്ത് വിവാഹിതരായ ദീപ കൃഷ്ണകുമാര്‍, പ്രഭാ കൃഷ്ണകുമാര്‍ എന്നിവരാണ് മക്കള്‍.

Tags:    
News Summary - memories of chitra krishnankutty, chitra studio kottayam his photography carrier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.