'കാമറ എടുത്തപ്പോൾ അയാൾ എന്‍റെ നേർക്ക് തോക്ക് ചൂണ്ടി. അയാൾ ഷൂട്ട് ചെയ്യാതിരുന്നതിനാൽ എനിക്ക് അയാളെയും തോക്കിനെയും ഷൂട്ട് ചെയ്യാനായി'. എ.കെ 47 തോക്കുമായി തുറിച്ച് നോക്കുന്ന എത്യോപ്യക്കാരനെ മുഖാമുഖം കണ്ടപ്പോൾ മനസിൽ മുഴങ്ങിയ കാര്യങ്ങളാണ് കോഴിക്കോട് ആർട്ട് ഗാലറിയിൽ 'അൺ സ്ക്രിപ്റ്റഡ് ലൈവ്സ്' എന്ന ചിത്ര പ്രദർശനത്തിൽ തോക്കുമായി തുറിച്ച് നോക്കുന്ന എത്യോപ്യക്കാരനെ ചൂണ്ടി ഫോേട്ടാഗ്രഫർ ഷിജു എസ്. ബഷീർ വിശദീകരിച്ചത്. അധികമാർക്കും പരിചയമില്ലാത്തതും അർഥവത്തായ അനുഭവങ്ങൾ ഉൾക്കൊള്ളുന്നതുമാണ് ഷിജു പകർത്തിയ ഒരോ ചിത്രങ്ങളും.
കാൺപൂരിലേക്ക് പോകുന്നതിനിടക്ക് വീട്ടു ജനാലയിലൂടെ പുറത്തേക്ക് നോക്കി ദു:ഖം നിഴലിച്ച കണ്ണുമായി ഇരിക്കുന്ന വൃദ്ധനും നായയും. കാര്യം തിരക്കിയപ്പോൾ ജീവിതസഖി മരണപ്പെട്ടതിന്‍റെ ആഘാതത്തിലാണ് അദ്ദേഹമുള്ളത്. ജോധ്പൂരിലെ പ്രായമായ മുത്തശ്ശി തെൻറ ഫോട്ടോ എടുക്കുകയാണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, അല്ല. ആരും ഇതുവരെ അവരുടെ ഫോട്ടോ എടുത്തിട്ടില്ലെന്നും ഒരു ഫോട്ടോ എടുക്കുമോ എന്നും അവർ ചോദിച്ചു. അവരുടെ ഫോേട്ടാ എടുത്ത് പ്രിൻറും ഞാൻ നൽകി. രാത്രി അവർ എനിക്ക് ഭക്ഷണം നൽകുകയും താമസ സൗകര്യമൊരുക്കുകയും ചെയ്തു.
കാഠ്മണ്ഡുവിൽവെച്ച് മരിച്ചു പോയ ഭർത്താവിൻറെ ചിത്രം വീടിന് പുറത്ത് ഫ്രെയിം ചെയ്ത് വെച്ചിരിക്കുന്ന സ്ത്രീയെ കാണാനിടയായി. വീടിനകത്ത് വെക്കേണ്ട ചിത്രം എന്തുകൊണ്ട് പുറത്തുവെച്ചു എന്ന ചോദ്യത്തിന് തെൻറ ഭർത്താവിന് ചുറ്റുപാടുമുള്ള എല്ലാവരുമായും നല്ല ബന്ധമായിരുന്നു, അവരൊക്കെ എന്നും അദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിക്കില്ലേ എന്നായിരുന്നു മറുപടി.
ഭൂകമ്പം തകർത്ത നേപ്പാളിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്നവർ, ദുരന്തത്തിന് ശേഷവും മുമ്പുമുള്ള അവസ്ഥ നേപ്പാളിൽ വളരെ ഭിന്നമായിരുന്നു. പശുപതി ക്ഷേത്രക്കുളക്കരയിൽ ഭർത്താവിന്‍റെ മൃതദേഹം കിടത്തി സംസ്കാര ചടങ്ങിനായി തയാറെടുക്കുന്ന യുവതി, കുംഭമേളയിൽ പ്രാർഥനക്കെത്തിയ പ്രായമായ സ്ത്രീ, എത്യോപ്യയിലെ ഗോത്ര സംഘട്ടനങ്ങളുടെ നേർ പരിച്ഛേദമുണർത്തുന്ന അനുഭവ സാക്ഷ്യങ്ങൾ.
സുഹൃത്തിന്‍റെ സഹായത്തോടെ എത്യോപ്യയിലെ അപരിചിതമായ ഗോത്ര പ്രദേശങ്ങളിലേക്ക് കാടുകയറുമ്പോൾ എന്തും സംഭവിക്കാമായിരുന്നു. നേപ്പാളിലെ ഭൂകമ്പ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ വളരെ ബുദ്ധിമുട്ടും കഷ്ടപ്പാടുമാണ് അനുഭവിച്ചത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിറഞ്ഞുനിൽക്കുന്ന കെട്ടിടങ്ങൾക്കപ്പുറത്ത് അന്യദേശക്കാരുടെ ചിത്രങ്ങൾ മനസിൽ നിന്ന് മായുന്നില്ല. അവരുടെ യാഥാർഥ്യങ്ങൾ പുറം ലോകത്തെത്താൻ അനുവാദമില്ലാത്തതിനാൽ അധികമാരും കാണുന്നില്ലെന്നും ഷിജു പറഞ്ഞു.
കായംകുളം സ്വദേശിയായ ഷിജു എസ്. ബഷീർ തിരുവനന്തപുരം കഴക്കൂട്ടത്താണ് താമസിക്കുന്നത്. ചെറുപ്പത്തിൽ ഫോേട്ടാഗ്രഫിയിൽ താൽപര്യമുണ്ടായിരുന്ന ഇദ്ദേഹം 2005ൽ ജയിംസ് നാച്വെയുടെ 'വാർ ഫോേട്ടാഗ്രഫർ' എന്ന സിനിമ കണ്ടതോടെയാണ് ഇൗ മേഖലയിലേക്ക് തിരിയുന്നത്. പിന്നീട് ആരംഭിച്ച ഒറ്റക്കണ്ണ് എന്ന ഫോട്ടോ ബ്ലോഗ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെ ഇതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
ചിത്രങ്ങൾക്കായി നേപ്പാൾ, ഏത്യോപ്യ, വിയറ്റ്നാം തുടങ്ങി 17ഒാളം രാജ്യങ്ങൾ ഇദ്ദേഹം സന്ദർശിച്ചു. 2004 മുതൽ ദുബൈയിൽ ഫോേട്ടാ ജേർണലിസ്റ്റായും അഡ്വർടൈസിങ് ക്രിയേറ്റീവ് റൈറ്ററുമായും പ്രവർത്തിക്കുന്നു. തമിഴിൽ 'ബോയ്സ്', ഹിന്ദിയിൽ 'കോയി മിൽ ഗയ' എന്നീ സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം, ദുബൈ, കൊച്ചി ബിനാലെ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഭാവിയിൽ യൂറോപ്പിലേക്കും ഒരു പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.