ആഹാരത്തെകുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ ആദ്യം കിനിയുന്നത് മുലപ്പാലിൻെറ രുചി. പിറന്നുവീണ് കരയുമ്പോൾ ജീവിതത്തിൽ ഒരിക്കലും എന്‍റെ കുഞ്ഞ് പട്ടിണിയാകരുതേയെന്ന പ്രാർഥനയോടെ അമ്മ ചുരത്തി നൽകുന്ന സ്നേഹം. പുണ്യം. എനിക്ക് താഴെ രണ്ടു കുട്ടികൾ ഉണ്ടായപ്പോഴും ഞാൻ അമ്മയുടെ മുലപ്പാൽ കുടിച്ചിരുന്നെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് സത്യമാണെങ്കിൽ ഈ 72ാം വയസ്സിലും എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം അതുതന്നെയാണ്.
മൂകാംബികയിലെ ലളിത ഭക്ഷണത്തിന്‍റെ ഓർമ മനസിലേക്ക് കയറിവരുന്നു. എല്ലാ പിറന്നാൾ ദിനത്തിലും മുടങ്ങാതെയുള്ള യാത്ര. അവിടെ സംഗീതാർച്ചന നടത്തി ലളിത ഭക്ഷണം കഴിച്ച് പുൽപ്പായയിൽ കിടന്ന് ഉറങ്ങും. ഇന്നും അതിന് മാറ്റമില്ല. നല്ല ഭക്ഷണശീലം സംഗീതം പോലെ ഒരു സാധനയാണ്. ശരീരത്തിനു വേണ്ടിയെന്നതിനേക്കാൾ ശാരീരത്തിനു വേണ്ടിയുള്ള ആഹാരശീലമാണ് എന്‍റേത്. നാവിന്‍റെ രുചിയേക്കാൾ നാദത്തിന്‍റെ രുചിക്കാണ് പ്രാധാന്യം. നാദം ശ്രുതി മധുരമാകുന്നതിന് തടസം നിൽക്കുന്നവയെല്ലാം എന്‍റെ ജീവിതത്തിന്‍റെ അപശ്രുതിയാണ്. തൊണ്ടയിൽ കൊഴുപ്പടിയുന്നത് ശബ്ദത്തെ ബാധിക്കും. അതുകൊണ്ട് തണുത്തതൊന്നും കഴിക്കില്ല. ശരീരത്തെ ചൂടാക്കി നിർത്തുന്നതിനാൽ കോഴിയിറച്ചി കഴിക്കും. ചായ കുടിക്കുന്ന ശീലം പണ്ടേയില്ല. കാപ്പി കുടിച്ചിരുന്നു. അടുത്തിടെ അത് നിർത്തി. അതുകൊണ്ട് നല്ല ഉറക്കം ലഭിക്കുന്നുണ്ട്.
എന്‍റെ ഭക്ഷണ രീതിയെകുറിച്ച് പുസ്തകമെഴുതണമെന്ന് പലരും ആവശ്യപ്പെടാറുണ്ട്. ശീലങ്ങളിൽ കാലത്തിനനുസരിച്ച് മാറ്റം വരുത്തുന്നതാണ് എന്‍റെ രീതി. മികച്ച രീതി കണ്ടാൽ ഞാൻ അതിലേക്ക് മാറും. എന്‍റെ പുസ്തകം വായിച്ച് ഭക്ഷണക്രമം ഉണ്ടാക്കിയവരോട് ചെയ്യുന്ന അനീതിയാകും അത്. അടുത്തിടെ ഉച്ചസ്ഥായിയിൽ പാടുമ്പോൾ ചില പ്രശ്നങ്ങൾ കണ്ടിരുന്നു. കഴിച്ചു കൊണ്ടിരുന്ന ചിലതായിരുന്നു പ്രശ്നക്കാർ. അപ്പോൾ തന്നെ അതിനോട് സുല്ലിട്ടു. പുസ്തകമെഴുതിയാൽ തുടരെത്തുടരെ പരിഷ്കരിക്കേണ്ടി വരും. അതെല്ലാം പ്രയാസമാണ്. ഞാൻ എന്ത് കഴിക്കുന്നു എന്നതിനേക്കാൾ ആരോഗ്യ ജീവിതത്തിന് എന്താണ് കഴിക്കേണ്ടത് എന്ന് പറയുന്നതാണ് ഉചിതം.
കുളി കഴിഞ്ഞ് 45 മിനിറ്റിന് ശേഷം ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വായ നന്നായി അടച്ച്, ചവച്ചരച്ച് വേണം കഴിക്കാൻ. ഇതിനൊക്കെ ശാസ്ത്രീയ പിൻബലമുണ്ട്. വായ തുറന്ന് കഴിച്ചാൽ ആഹാരവും ഉമിനീരും ചേരുന്നതിനിടക്ക് വായു നിറഞ്ഞ് അവയെ തമ്മിൽ യോജിപ്പിക്കില്ല. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുതെന്ന് പറയുന്നത് അതുകൊണ്ടാണ്. നന്നായി ചവച്ചരച്ച ശേഷം ആമാശയത്തിലെത്തുന്ന ഭക്ഷണം കൃത്യമായി എത്തേണ്ടിടത്ത് എത്തും. ഇങ്ങനെ കഴിക്കാൻ അൽപം സമയമെടുക്കും. അതിനാൽ, ഭക്ഷണത്തിന്‍റെ അളവ് കുറയും. അമിത ഭക്ഷണമാണ് പല രോഗങ്ങളുടെയും കാരണം.
ധാരാളം വെള്ളം കുടിക്കുന്നതാണ് മറ്റൊരു ശീലം. പാടുന്നവരും പ്രസംഗിക്കുന്നവരും നന്നായി വെള്ളം കുടിക്കണം. അല്ലെങ്കിൽ മൂത്രാശയകല്ലിന് സാധ്യതയേറെയാണ്. തുടർച്ചയായി സംസാരിക്കുകയോ പാടുകയോ ചെയ്യുമ്പോൾ ശരീരത്തിലെ ഓക്സിജൻ കുറയും. അപ്പോൾ ശ്വാസകോശം ഓക്സിജൻ ആവശ്യപ്പെടും. കിഡ്നി ശേഖരിച്ചുവെച്ച ഓക്സിജൻ വിട്ടുകൊടുക്കും. ആ പ്രവൃത്തിയിൽ ഏർപ്പെടുന്നതിനാൽ നമ്മൾ കഴിച്ച ആഹാരം വേർതിരിക്കുന്നതിൽ ശ്രദ്ധിക്കാൻ കിഡ്നിക്ക് കഴിയില്ല. അതിന് തടസം വരുമ്പോഴാണ് മൂത്രാശയകല്ല് ഉണ്ടാകുന്നത് –ആരോഗ്യവിദഗ്ധനെപ്പോലെയായി ദാസട്ടേന്‍റെ സംസാരം.
‘ഈറ്റ് റൈറ്റ് ഫോർ യുവർ ടൈപ്പ്’ എന്ന ഡയറ്റ് പുസ്തകം ആയിരുന്നു പിന്തുടർന്നിരുന്നത്. അടുത്തിടെ, പ്രമുഖ ഡയറ്റീഷ്യൻ ശങ്കറിന്‍റെ പ്രഭാഷണം കേൾക്കാനിടയായി. അഞ്ചു മണിക്കൂർ നീണ്ട ആ പ്രഭാഷണം ഭക്ഷണശീലം മാറ്റാൻ പ്രേരിപ്പിച്ചു. എന്തു കഴിച്ചാലും അതിനെ നമ്മുടെ ശരീരം സ്വീകരിക്കും. എന്നു കരുതി എന്തും കഴിക്കുന്നത് ശരിയല്ല. കൃത്രിമ ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഹാനികരമാണ്. തമിഴ്നാട്ടിലൊക്കെ ബ്രാഹ്മണ വീടുകൾക്കു മുന്നിൽ അരിപ്പൊടി കൊണ്ട് കോലമെഴുതുന്ന പതിവുണ്ട്. ഉറുമ്പ്, മറ്റ് കീടങ്ങൾ എന്നിവക്കുള്ള ആഹാരമാണിത്. അവ ഇത് കഴിച്ച് മടങ്ങും. വീടിനുള്ളിൽ കടന്ന് ശല്യമുണ്ടാക്കില്ല. ആ ശീലം മാറ്റിയാൽ അവ വീടിനുള്ളിലെത്തും. ഭക്ഷണത്തിന്‍റെ കാര്യത്തിലും അങ്ങനെയാണ്. നല്ല ശീലങ്ങൾ ഒഴിവാക്കിയാൽ അസുഖങ്ങൾ ശരീരത്തിനുള്ളിൽ കയറിപ്പറ്റും –ദാസേട്ടൻ പറഞ്ഞു നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.