‘‘കേഡവർ റൂമിന്റെ വാതിലിലൂടെ അവൻ എത്തിനോക്കി. കത്തിയുടെ വായ്ത്തല ആദ്യമായി ആ ദേഹത്തിൽ വീഴുന്നത് അവൻ കണ്ടു. മാറിനിടയിലൂടെ ഒരൊറ്റ വര. ‘കിർർ’ എന്നു കത്തി പാഞ്ഞ ശബ്ദം അവന്റെ തലയിലേക്ക് ഉൗളിയിട്ട് കയറി. മാറിന്റെ ഇരുഭാഗത്തുനിന്നും തോലുകൾ പറിച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്. മാംസക്കഷണങ്ങൾ അരിഞ്ഞ് മേശപ്പുറത്ത് വീണുകൊണ്ടിരുന്നു. അവസാനം ആ ദിവസം വന്നു. അന്ന് ശവത്തിന്റെ തലയോട് മുറിക്കുന്ന ദിവസമായിരുന്നു. അത് കാണരുതെന്ന് കരുതി അവൻ പുറത്തേക്ക് മാറിനിൽക്കുകയായിരുന്നു. അപ്പോൾ കുട്ടികളിൽ ഒരാൾവന്ന് അവനെ വിളിച്ചു. ഉളിയും ചുറ്റികയും അവന്റെ ൈകയിൽ കൊടുത്തിട്ട് കുട്ടികൾ പറഞ്ഞു; സോനാ, ഇൗ തലയോട് മുറിക്ക്. ഞങ്ങൾക്ക് മുറിക്കാൻ കഴിയുന്നില്ല. അവന് ഒന്നും പറയാൻ കഴിഞ്ഞില്ല. ഉളിയും ൈകയിൽപിടിച്ച് ചില സെക്കൻഡുകൾ അവൻ നിന്നു. കുട്ടികൾ തിരക്കുകൂട്ടി; വേഗം നോക്ക്, സമയമില്ല. തലയോടിൽ ഉളിവെച്ച് അവൻ ചുറ്റികകൊണ്ട് അടിച്ചുതുടങ്ങി. എത്ര നേരം അടിച്ചുവെന്ന് അവന് ഒാർമയില്ല. തലയോട് പിളർന്നു. അപ്പോൾ അവൻ കണ്ടു. വെളുത്ത, അല്ല ഇളം മഞ്ഞ നിറമുള്ള നിരവധി ചുളിവുള്ള തലച്ചോറ്. തന്നെപ്പറ്റി അവൾ പലപ്പോഴും ഒാർത്ത അദ്ഭുതം നിറഞ്ഞ തലച്ചോറ്.’’ –പുനത്തിൽ കുഞ്ഞബ്ദുള്ള (ജീവച്ഛവങ്ങൾ)
ജീവിച്ചിരിക്കുേമ്പാൾ ഒന്നിനും സമയമില്ലാത്തവർ ഒരു തിരക്കുമില്ലാതെ, കൈകൾ രണ്ടും നിവർത്തിപ്പിടിച്ച് മോർച്ചറിയിലെ ടേബിളിൽ മലർന്നുകിടന്ന് വിശ്രമിക്കുേമ്പാൾ, ഒന്നു തൊടാനാവാതെ ഉറ്റവർപോലും പുഴുവരിച്ച മരവിച്ച ദേഹങ്ങളിലേക്ക് നോക്കി മൂക്കുപൊത്തുേമ്പാൾ, ചിന്നിപ്പിഞ്ഞിയ ദേഹങ്ങൾ നെഞ്ചോട് ചേർത്തുപിടിച്ച് ശ്മശാനങ്ങളിലെത്തിച്ച് സംസ്കരിക്കാൻ തയാറായിവരുന്ന ചില മനുഷ്യജന്മങ്ങളുണ്ട്. സ്മാരകങ്ങൾക്കു മാത്രമല്ല, ശ്മശാനങ്ങളിലെ അജ്ഞാതരായ പരേതർക്കും ചിലത് പറയാനുണ്ടെന്ന് അവർ നമ്മോട് പറയും.
നമ്മുടെ സർക്കാർ ആശുപത്രികളിൽ മോർച്ചറികൾ ഉണ്ടാകുക ശ്മശാനങ്ങളേക്കാൾ ഭയപ്പെടുത്തുന്ന ഇടങ്ങളിലായിരിക്കും. കാടുമൂടിയ ഇരുണ്ടുദ്രവിച്ച ഭിത്തികളുള്ള ആ കെട്ടിടങ്ങളുടെയും മതിലിന്റെയും അരികുകളിൽ ദിനവും ചിലരെ കാണാം. അന്നന്നത്തെ അന്നത്തിനുള്ള വരവ് പ്രതീക്ഷിച്ച് കാത്തുനിൽക്കുന്നവരാണ് അവർ. തെരുവിലും റെയിൽവേ ട്രാക്കിലും പുഴകളിലും പൊലിയുന്ന ശരീരങ്ങളെ നീതിയുടെ കട്ടിലിൽകിടത്തി പരിശോധിച്ച് പിഞ്ഞിക്കെട്ടിയ ശരീരങ്ങളെ വീട്ടുകാർക്ക് പൊതിഞ്ഞുെകാടുക്കുേമ്പാൾ അവർ െകാടുക്കുന്ന തുട്ടുകളാണ് ഇവരുടെ ജീവിതാശ്രയം. തിരിച്ചറിയപ്പെടാത്ത ശരീരങ്ങൾ മറവ് ചെയ്യുന്നതിന് സർക്കാറും ഒരു തുക നൽകും. ബന്ധുക്കളെത്തി ആവശ്യപ്പെട്ടാൽ വീണ്ടും തുരന്ന് എടുത്ത് നൽകും. ഇൗ തൊഴിലെടുത്ത് ജീവിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. സമൂഹം ഉൾഭയത്തോടെ മാത്രം നോക്കിക്കാണുന്ന ഇവരുടെ ജീവിതം ആരും പോസ്റ്റ്േമാർട്ടത്തിന് വിധേയമാക്കിയിട്ടില്ല.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ മോർച്ചറിക്ക് സമീപമുള്ള പഴയ കെട്ടിടത്തിന്റെ വരാന്തയിൽ ഇരുന്ന് സുതൻ അതിനെക്കുറിച്ചൊക്കെ പറഞ്ഞുതുടങ്ങി. ആലപ്പുഴ, ചുങ്കം പുത്തൻചിറയിൽ സുതന് 40 വർഷമായി മരവിച്ച ശരീരങ്ങൾ മാത്രമാണ് കൂട്ടിനുള്ളത്. ആലപ്പുഴ മെഡിക്കൽ കോളജിലെ മോർച്ചറിയുമായി ചുറ്റിപ്പറ്റിയാണ് സുതൻ ജീവിക്കുന്നത്. പണ്ട് അജ്ഞാത ശരീരങ്ങളുടെ കാവലാൾ മാത്രമായിരുന്നില്ല. ഡിസക്ഷൻ ടേബ്ളിന് സമീപം വൈദ്യപഠനത്തിന് നിരന്നുനിൽക്കുന്ന വിദ്യാർഥികൾക്ക് മുന്നിൽ അവരുടെ പാഠപുസ്തകമായ മനുഷ്യശരീരത്തെ തുറന്നുവെക്കുന്ന ജോലിയും സുതൻ ചെയ്തിട്ടുണ്ട്. ഒാരോ ശരീരവും െവെദ്യപഠന വിദ്യാർഥികൾക്കു മാത്രമല്ല, സുതനും ഒാരോ പാഠപുസ്തകമാണ്.
മനസ്സുലച്ച മരണങ്ങൾ
ചുങ്കത്ത് ഭാര്യയുടെ അടുത്ത ഒരു സുഹൃത്ത് ഉണ്ടായിരുന്നു. എപ്പോൾ കണ്ടാലും സന്തോഷത്തോടെ മാത്രം സംസാരിക്കുന്ന സ്ത്രീ. എന്റെ മകളുടെ പ്രായമുള്ള ഒരു മകൾ അവർക്കും ഉണ്ടായിരുന്നു. കുട്ടിയുമായി ഒരു ദിവസം അവർ ആശുപത്രിയിൽ വന്നു. അമ്മയുടെ കൈയിൽ തൂങ്ങിയൊട്ടി മടങ്ങിയ ആ കുഞ്ഞിന്റെയും അമ്മയുടെയും ചേതനയറ്റ ദേഹങ്ങൾ അടുത്ത മണിക്കൂറിൽ എന്റെ മുന്നിലെത്തി. ആ കുരുന്ന് മുഖം ഇന്നും നൊമ്പരപ്പെടുത്തുന്ന ഒാർമയാണ്. മാസങ്ങൾക്കുമുമ്പ് തകഴിയിൽ അമ്മയും വല്യമ്മയും ചേർന്ന് കൊന്ന് കുഴിച്ചിട്ട പിഞ്ചുശരീരം പുറത്തെടുക്കാൻ പൊലീസ് വിളിച്ചു.
പൊക്കിൾക്കൊടി വിട്ടുമാറാത്ത ആ ഇളംമേനി മണ്ണിൽമൂടിയ സ്ഥലം യാതൊരു ഭാവഭേദവും കൂടാതെ ആ അമ്മ ചൂണ്ടിക്കാട്ടിത്തന്നു. ചോരമണമുള്ള ആ ദേഹം അപ്പോഴും മണ്ണ് കാത്തുവെച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനായി ആ ദേഹം ആലപ്പുഴ മെഡിക്കൽകോളജിലേക്ക് കൊണ്ടുപോയപ്പോൾ കൂടെവന്ന പൊലീസുകാരൻ കുറ്റക്കാരിയുടെ അച്ഛേനാട് പറഞ്ഞു. അവനെന്തെങ്കിലും കൊടുക്കൂ. 18 രൂപ എടുത്ത് കൈയിൽതന്നിട്ട് അയാൾ പറഞ്ഞു; എന്റെ കൈയിൽ ഇതേയുള്ളൂ. ക്ഷമിക്കണം. മരണത്തിന്റെ മരവിപ്പുകൾക്കുപോലും ഇത്തരം നിമിഷങ്ങളെ അതിജയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
മരവിച്ച ശരീരങ്ങളുടെ കൂട്ടുകാരായി ഇൗ നാട്ടിൽ സുതൻ മാത്രമല്ല ഉള്ളത്. ഇതൊരു സുതന്റെ മാത്രം കഥയുമല്ല. ചീർത്തുവീർത്ത ഒാരോ അജ്ഞാതശവങ്ങളും പൂരിപ്പിക്കുന്നത് സുതന്മാരുടെ കുടുംബത്തിന്റെ ഒാരോ ദിനങ്ങളെയാണ്. നമുക്കറിയാത്ത കാഴ്ചകളുടെ ആഴവും പരപ്പുമറിഞ്ഞ ജന്മങ്ങൾ. ആരാലും അറിയപ്പെടാത്ത, അങ്ങോളമിങ്ങോളമുള്ള സുതന്മാർക്കുവേണ്ടിയാണീ കുറിപ്പ്. ഒടുക്കം സുതന്മാരെ മാത്രം കൂട്ടിന് കിട്ടിയ തിരിച്ചറിയാത്ത പരകോടി പരേതർക്കും...
‘‘മൃതദേഹങ്ങൾക്കിടയിൽ നിന്ന്
എണീറ്റ് കാഴ്ചകൾ
കാണാൻ വന്നവനോട്
പൊറുക്കുക.
അയാൾ കാലത്തിൽ നിന്നും
സ്വയം രക്ഷപ്പെട്ടവനാണ്.’’
–സൽമഖദ്ര ജയൂസി (ഫലസ്തീൻ കവയിത്രി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.