സ്റ്റേഷനിലിരിക്കുമ്പോൾ, മഴ പെയ്തേക്കുമെന്ന് തോന്നി. മഴക്കോളുകൾ കൊണ്ടാകാം, ഇരുട്ടിന് പതിവിലേറെ കനമുണ്ട്. വണ്ടി പുറപ്പെടാൻ ഇനിയും സമയമുണ്ട്. ചരിത്രം ഏറെയേറെ പറയാനുള്ള നിലമ്പൂരിലെ തേക്കുമരങ്ങൾക്കിടയിലെ പാളത്തിൽ അവരെയും കാത്ത് ‘രാജ്യറാണി’ നീണ്ടു നിവർന്ന് കിടക്കുന്നുണ്ട്. യാത്രക്കാർ എത്തിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ. നേരത്തേ എത്തിയവർ ട്രെയിനിലേക്ക് കയറാതെ പുറത്തെ സിമൻറു ബെഞ്ചുകളിൽ പലയിടങ്ങളിലായി ഇരിപ്പുണ്ട്. ചൂടിെൻറയും താണ്ടാനുള്ള രാത്രിയുടെയും വിങ്ങലിൽ വണ്ടിക്കകത്തും പുറത്തുമായി ചിലർ. ആളുകൾ പിന്നെയും വന്നുകൊണ്ടേയിരുന്നു. അപരിചിത മുഖങ്ങൾ, ഏതൊക്കെയോ ഇടങ്ങളിലേക്ക് എന്തൊക്കെയോ ലക്ഷ്യങ്ങൾ വെച്ച് പുറപ്പെട്ടുപോകുന്നവർ. ഇതിനിടെ, ചുവന്ന േഷാൾകൊണ്ട് തല മറച്ച പെൺകുട്ടിക്കൊപ്പം തൊട്ടടുത്ത ബെഞ്ചിലേക്ക് ഒരച്ഛനും അമ്മയും എത്തി.
പത്തുവയസ്സിന് താഴെയാകണം അവളുടെ പ്രായം, അതിെൻറ പ്രസരിപ്പൊന്നും ആ മുഖത്ത് കണ്ടില്ല. കാറുമൂടിയ ആകാശം പോലെ അച്ഛനമ്മമാരുടെ മുഖവും ഇരുണ്ടുകിടക്കുന്നു. ട്രെയിനിെൻറ ചൂളംവിളിക്കൊപ്പം പാറിയുയർന്ന കാറ്റിൽ പൊടുന്നനെ അവളുടെ തട്ടമൊന്നിളകി. അതിനുതാഴെ മുടിയൊട്ടുമില്ല. ചുറ്റുമുള്ള ആരെങ്കിലും കണ്ടോയെന്ന് സംശയിച്ച് അമ്മ തിടുക്കത്തിൽ തട്ടം അവളുടെ തലയിൽ ഉറപ്പിച്ചു. ട്രെയിൻ പുറപ്പെടാനുള്ള ചൂളം മുഴക്കി. ആളുകൾ തിരക്കിട്ട് വണ്ടിക്കകത്തേക്ക് കയറി. കൂട്ടത്തിൽ അവരുമുണ്ട്. യാത്രികരിൽ എമ്പാടും പേർ ഒരേ ഇടം തേടി പുറപ്പെടുന്നവരാണ്, ഒരു വേദന പങ്കുവെക്കുന്നവരാണ്, ഒരേ പ്രതീക്ഷകൾ മനസ്സേറ്റിയവരാണ്.
◆ ◆ ◆
ജനറൽ കോച്ചിലെ ഒറ്റതിരിഞ്ഞ സീറ്റിൽ ജാലകപ്പടിയിൽ കൈനിവർത്തിവെച്ചിരിക്കുകയാണ് മണികണ്ഠൻ. കൈ മുേട്ടാട് ചേർന്ന് വരിഞ്ഞുകെട്ടിയ ബാൻഡേജ്. റബർമരങ്ങൾക്കിടയിൽനിന്ന് പറന്നുവന്ന കോെട്ടരുമകൾ (വണ്ടുപോലുള്ള ഒരിനം ജീവി) ട്രെയിനിലെ വെളിച്ചത്തിന് ചുറ്റും കറുത്തകുത്തുകൾ തീർത്തിരിക്കുന്നു. വണ്ടിയുടെ കുലുക്കത്തിൽ അവ ഇടക്കിടെ മണികണ്ഠെൻറ നീട്ടിവെച്ച ൈകയിലേക്ക് വീഴുന്നു. ഒന്നിനെ പോലും കുടഞ്ഞുകളയാൻ അയാൾ ശ്രമിക്കുന്നില്ല. ഇതെന്ത് ഇരിപ്പാണ് എന്ന സംശയത്തിന് ഉത്തരം തന്നത് സഹോദരൻ സോമനാണ്. രണ്ടാം ഘട്ട കീമോതെറപ്പിക്കായി തിരുവനന്തപുരം റീജനൽ കാൻസർ സെൻററിലേക്കുള്ള യാത്രയിലാണ് മണികണ്ഠൻ. അറുപത് കഴിഞ്ഞെങ്കിലും കൃഷിയും വീട്ടുകാര്യങ്ങളും നോക്കി, തൊടിയിലും പറമ്പിലും വാഴത്തോട്ടത്തിലും ഒാടിനടന്നിരുന്ന മണികണ്ഠനെ ഇടക്കിടെയെത്തുന്ന തൊണ്ടവേദനയാണ് രാജ്യറാണിയിലെ ഇൗ സീറ്റിലേക്കെത്തിച്ചത്. രണ്ടാഴ്ചമുമ്പ് നാല് കീമോതെറപ്പി കഴിഞ്ഞു. നിലമ്പൂരിനടുത്ത വീട്ടിലെത്തി വിശ്രമശേഷം വീണ്ടും ആശുപത്രി മുറിയിലേക്കുള്ള യാത്രയാണ്. അർബുദം കീഴ്പ്പെടുത്തിയ ഭാഗത്തേക്ക് കൈമടക്കിൽ നിന്ന് റ്റ്യൂബിട്ട് മരുന്ന് നേരിട്ട് എത്തിക്കുകയായിരുന്നുവത്രെ. അതിെൻറ ശേഷിപ്പാണ് ആ ബാൻഡേജ്. വാണിയമ്പലം സ്റ്റേഷനിൽനിന്ന് ആളുകൾ കയറിയതോടെ വണ്ടിയിലെ തിരക്ക് ഇരട്ടിയായി.
‘‘മരുന്ന് കയറ്റലല്ല - എട്ടു മണിക്കൂറോളം നീളുന്ന ഇരിപ്പും കിടപ്പുമാണ് ദുരിതം, ശേഷമുള്ള ഓക്കാനവും ഛർദിയും, വിറച്ചാടുന്ന രൂപവും.’’ ആർ.സി.സിയിലെ കീമോ വാർഡിൽ മണികണ്ഠനിലും മറ്റു ചിലരിലുമായി കണ്ട കാഴ്ചകൾ മുഴുമിപ്പിക്കാൻ സോമൻ പ്രയാസപ്പെട്ടു. ‘‘രോഗമെന്താണന്ന് ചേട്ടനറിയുമായിരിക്കും. ഒന്നും ചോദിച്ചിട്ടില്ല, ഞങ്ങളൊട്ട് പറഞ്ഞിട്ടുമില്ല. പറഞ്ഞാലും അറിഞ്ഞാലും അനുഭവിക്കാനുള്ളത് അനുഭവിച്ചു തീർക്കേണ്ടേ? ഇഷ്ടങ്ങളോടെ പലതും ആവശ്യപ്പെടും, എന്നാൽ ചുണ്ടിനും തൊണ്ടക്കും ഇടയിൽ തടസ്സം തീർത്ത കോശങ്ങൾ മണികണ്ഠെൻറ ഇഷ്ടങ്ങളെയെല്ലാം അതിനിടയിൽ കുരുക്കിയിടും. രോഗം വേദനകേളാട് മാത്രമല്ല, ഇഷ്ടങ്ങളോടും കൂടിയാണല്ലോ പടവെട്ടുന്നത്! മടങ്ങിവരവ് എങ്ങനാണെന്ന് ആർക്കറിയാം’’ -സോമൻ പറഞ്ഞു നിർത്തുമ്പോൾ ജാലക കമ്പിയിൽ മുഖംചേർത്ത് മണികണ്ഠൻ ഉറക്കം തുടങ്ങിയിരുന്നു. അപ്പോഴും വലതു കൈ അയാൾ നിവർത്തിപ്പിടിച്ചിട്ടുണ്ട്. -അതിെൻറ അങ്ങേത്തലക്കലിനുമപ്പുറം പെരുകുന്ന കോശങ്ങൾ ഈ നീറ്റൽ അറിയുന്നുണ്ടാകുമോ ?
തുവ്വൂർ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് സീറ്റിൽ ഇരുകാലുകളും ഉയർത്തിവെച്ച് തല കാൽമുട്ടിലേക്ക് ചേർത്തുവെച്ചിരിക്കുന്ന ആയിശുമ്മയെ കണ്ടത്. വിലകുറഞ്ഞ കോട്ടൻ സാരിയിൽ വിളറി ഉണങ്ങി ഉടലോടൊട്ടിയ രൂപം. തീവണ്ടിക്കുലുക്കത്തിൽ ഇടക്ക് തലയുയർത്തി ആഴത്തിലൊരു ശ്വാസം വലിച്ച് വീണ്ടും പഴയപടി ഇരിക്കും. അവർ തലയുയർത്തുമ്പോഴെല്ലാം അടുത്തിരിക്കുന്ന ചെറുപ്പക്കാരൻ തടവിക്കൊടുക്കുന്നു, മകനാകണം. ആയിശുമ്മയുടെ ലക്ഷണങ്ങളിൽനിന്നും സീറ്റിനരികിൽ ചേർത്തുവെച്ച കവറിലെ കടലാസുകളിൽനിന്നും ഇവരും ആർ.സി.സിയിലേക്കുള്ള യാത്രയാണെന്ന് ഉറപ്പ്. ചെറുപ്പക്കാരൻ ഇടക്കിടക്ക് ആരെയോ ഫോണിൽ വിളിക്കാനൊരുങ്ങുന്നു. കണക്ടാകാത്തതിനാലാകാം ചെറുവെപ്രാളമുണ്ട്. ‘ഉമ്മയെ കൊണ്ട് തിരുവനന്തപുരം ആശുപത്രിയിൽ പോകാ, അവിടെ എല്ലാം ഏർപ്പാടാക്കിയ ആളെ കിട്ടുന്നില്ല’ -ഏറെ നേരമായി ശ്രദ്ധിക്കുന്നത് കൊണ്ടാകാം ചെറുപ്പക്കാരൻ പറഞ്ഞു. ഏറെ നേരത്തിനുശേഷം ഫോൺ കണക്ടായി. ട്രെയിൻ എത്തിയാൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം വിളിച്ചയാൾ പറഞ്ഞു കാണണം. തല ഉയർത്തിയപ്പോൾ മകൻ അത് ഉമ്മയോട് പറയുന്നതും അവർ ആശ്വാസത്തോടെ തലയാട്ടുന്നതും കണ്ടു.
ആയിശുമ്മക്ക് എത്ര പ്രായം വരും? ശോഷിച്ച ആ ശരീരത്തിൽനിന്ന് പ്രായം ഗണിച്ചെടുക്കുക പ്രയാസകരം. മകന് 30 നടുത്ത് ആയിക്കാണും. എന്താണ് രോഗമെന്നോ, എവിടേക്കാണീ യാത്രയെന്നോ ആ ഉമ്മക്കറിയില്ല. അയൽക്കാരുടെ അടുക്കളകളിലും പിന്നാമ്പുറങ്ങളിലുമായി ആ ജീവിതം മുന്നോട്ടു നീങ്ങുകയായിരുന്നു. അതിനിടയിലാണ് അകമേ ചില കൊളുത്തിവലിക്കലുകൾ തുടങ്ങിയത്. പലയിടങ്ങളിൽ പോയി, മരുന്നുകൾ പലതു കഴിച്ചു, എങ്കിലും വേദനയുടെ കടിച്ചുപറിക്കലിന് കുറവുവന്നില്ല. നാട്ടുകാർ പിരിവെടുത്തും ചില സംഘടനകളുടെ കാരുണ്യം പ്രതീക്ഷിച്ചുമാണ് ഈ യാത്ര. ആയിശുമ്മയുടെ മടങ്ങിവരവ് പ്രതീക്ഷിച്ച് വീട്ടിൽ കിടപ്പിലായ ഭർത്താവും രണ്ടു പെൺകുട്ടികളും കാത്തിരിപ്പുണ്ട്. വീടിന് ചാരെ നീളത്തിലോടുന്ന തീവണ്ടി കണ്ടുകൊണ്ടാണ് ആയിശുമ്മയുടെ പകലിരവുകൾ അവസാനിച്ചിരുന്നത്. അതിൽ കയറി ദൂരങ്ങളിലേക്ക് പോകാൻ കൊതിയേറെയായിരുന്നു. വീടിെൻറ പരിസരങ്ങൾക്കപ്പുറം ആരുമില്ലാത്തതിനാൽ ഒരിക്കലും തീവണ്ടി കയറില്ല. ആദ്യ യാത്ര പക്ഷേ, ആശുപത്രിയിലേക്കായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചുമില്ല. ശ്വാസം ഒന്നു കൂടെ ആഞ്ഞുവലിച്ച്, ഒരുറക്കം കൊതിച്ച് ആയിശുമ്മ മുഖം വീണ്ടും കാൽമുട്ടുകൾക്കിടയിലേക്ക് പൂഴ്ത്തി.
◆ ◆ ◆
ഒറ്റവരിപ്പാളത്തിലൂടെ രാജ്യറാണി ഒാടിക്കൊണ്ടിരിക്കുകയാണ്, വണ്ടിയുടെ വേഗത്തിനൊപ്പം മരങ്ങളും കുന്നുകളും കറുത്ത നിഴലുകളായി പിന്നിേലക്ക് മറഞ്ഞൊഴിഞ്ഞു. പൊടുന്നനെ ഒാർമ ചുവന്ന തട്ടമിട്ട പെൺകുട്ടിയിലേക്കും രക്ഷിതാക്കളിലേക്കുമെത്തി. അവരും ഇതേ ആശുപത്രിയിലേക്കുള്ള യാത്രയിലാണോ! ആകാതിരിക്കാൻ വഴിയില്ല, കീമോതെറപ്പിക്കു ശേഷം കൊഴിഞ്ഞ മുടിയുമായി എത്രയോ പേരെ മലപ്പുറത്തെ പാലിയേറ്റിവ് ക്ലിനിക്കുകളിൽ കണ്ടതാണ്... രണ്ടു കോച്ചുകൾക്കപ്പുറം ജാലകത്തിനരികിലെ സീറ്റിൽ പെൺകുട്ടിയെ കണ്ടു. താഴ്ത്തിയിട്ട ചില്ലുജാലകത്തിൽ കണ്ണാടിയെന്നറിയാതെ പുറത്തേക്ക് കുതിക്കാനൊരുങ്ങുന്ന തുമ്പിയെ കൗതുകത്തോടെ നോക്കിയിരിക്കുകയാണ് പെൺകുട്ടി.
രാത്രി വണ്ടിയുടെ വേഗത്തെയും ശബ്ദത്തെയും മുറിച്ചുകടന്ന് ഇൗ ജാലകത്തിനരികിൽ തുമ്പി എങ്ങനെയെത്തി! പെൺകുട്ടിയെ രസിപ്പിക്കാൻ അകലെ എവിടെയോനിന്ന് പറന്നുവന്നതാകാം. മറ്റു യാത്രാ വണ്ടികളിലേതിന് സമാനമായ ബഹളങ്ങളോ, ഉച്ചത്തിലുള്ള പാേട്ടാ, സംസാരങ്ങളോ രാജ്യറാണിയിലില്ല. മരണത്തെയും ജീവിതത്തെയും ഓർത്തിെട്ടന്നപോലെ ഒരുപാടുപേർ. പ്രതീക്ഷകളിലേക്കും സ്വപ്നങ്ങളിലേക്കും യാത്രതിരിക്കുന്നവർ. അടുത്ത സീറ്റുകളിലുള്ളവരെല്ലാം ഉറക്കം തുടങ്ങിയിരിക്കുന്നു. പെൺകുട്ടിയെ ചേർത്തുപിടിച്ച് അമ്മമാത്രം കണ്ണുതുറന്ന് അടുത്തിരിപ്പുണ്ട്. അവരോട് ഒന്നും ചോദിക്കാൻ തോന്നിയില്ല, അവരൊന്നും പറഞ്ഞതുമില്ല. ആ തുമ്പിയപ്പോഴും ചില്ലുജാലകത്തിൽ ചിറകിട്ടടിക്കുന്നുണ്ട്.
◆ ◆ ◆
വിവിധ രൂപത്തിലും ഭാവത്തിലും പിന്നെയും കുറേയേറെ പേർ. സീറ്റുകൾക്കിടയിൽ ഉറങ്ങാതെ മുഖം നോക്കിയിരിക്കുന്ന ഉമ്മയും മകനും, മൂത്ര ട്യൂബുമായി താഴെ ബർത്തിൽ ഉറങ്ങുന്ന വയോധികൻ, കപ്പും, ബക്കറ്റുമായി ഇടക്കിടെ ടോയ്ലറ്റിലേക്കോടുന്ന ഉമ്മ, ചൂട് പുകയുന്ന രാത്രിയിലും പനിയുള്ളപോൽ മൂടിപ്പുതച്ചിരിക്കുന്ന യുവതി. ഇവർക്കെല്ലാമൊപ്പം ഉറങ്ങിയും ഉണർന്നും കാവലിരിക്കുന്ന ഒരുപാടുപേർ പിന്നെയും. രാജ്യറാണിയെ കാൻസർ വണ്ടിയെന്ന് വിളിച്ചാൽ തെറ്റില്ലെന്ന് തോന്നി. ഒാരോ ബോഗിയിലും ആർ.സി.സിയിലേക്കുള്ള അഞ്ചുപേരെങ്കിലുമുണ്ട്്. ഇൗ വണ്ടിമുഴുവൻ അപ്പോൾ എത്രപേരുണ്ടായിരിക്കും! ഒാരോ രാത്രിയും രാജ്യറാണി തിരുവനന്തപുരത്തേക്കും തിരിച്ച് നിലമ്പൂർ വരെയും കൊണ്ട് വിടുന്നവരുടെ വേദനകൾ ആരെയും ഞെട്ടിക്കാത്തതെന്താണ്? ശരാശരി ആയിരം കേസുകളാണ് മലപ്പുറത്തുനിന്ന് വർഷവും ആർ.സി.സിയിലെത്തുന്നത്. ആർ.സി.സിയുടെ വാർഷിക റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന ജില്ല മലപ്പുറമാണ്. എന്തുകൊണ്ടായിരിക്കും മലപ്പുറം ജില്ലയെ കാൻസർ ഇമ്മട്ടിൽ വിഴുങ്ങുന്നത്?
◆ ◆ ◆
മലപ്പുറത്തെ പെയിൻ ആൻഡ് പാലിേയറ്റിവ് ക്ലിനിക്കുകളുടെ എണ്ണം നൂറിനടുത്തുവരും. ദേശത്തിെൻറ കാരുണ്യമുഖമായി ഇവയെ അവതരിപ്പിക്കുേമ്പാൾ അതിനുമപ്പുറത്തുള്ള യാഥാർഥ്യങ്ങൾക്ക് ചികിത്സ ഇല്ലാതെ പോകുന്നു. കൊട്ടിഘോഷിച്ച മലപ്പുറം കാൻസർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനത്തിൽ ഒതുങ്ങി. താങ്ങാവുന്ന വിദഗ്ധ ചികിത്സ ലഭിക്കാൻ ഇന്നാട്ടുകാർക്ക് ട്രെയിനിൽ ഒരു രാത്രിയുടെ ദുരിതം താണ്ടണം. ആരാണ് ഉത്തരവാദികൾ? സഹനം ശീലമാക്കി കാരുണ്യ പുകഴ്ത്തലിൽ മയങ്ങുന്ന സമൂഹമോ, വാഗ്ദാനങ്ങൾ തന്നുപോകുന്ന ജനപ്രതിനിധികളോ, അതോ ഉദ്യോഗസ്ഥ പ്രഭുക്കളോ? ഉത്തരമില്ല! വേദനകൾ, നഷ്ടങ്ങൾ... അനുഭവിക്കുന്നവർക്ക് മാത്രം ഉള്ളുപൊള്ളുന്നവയാണോ ഇവയെല്ലാം. രാജ്യറാണി ഷൊർണൂർ സ്റ്റേഷൻ പിന്നിട്ടിരിക്കുന്നു. പാലക്കാട് നിന്നെത്തിയ അമൃതയും കൂടെ ചേർന്നതോടെ െട്രയിനിന് നീളം കൂടി. ഒരു പക്ഷേ, േവദനകൊണ്ട് ഒരു രാത്രിയെ മറികടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണവും കൂടിയിരിക്കാം. ഓരോ സ്റ്റേഷനിലും ചിലർ ഇറങ്ങുന്നു, ചിലർ കയറുന്നു, അവർക്കൊക്കെ എത്രയെത്ര കഥകൾ പറയാനുണ്ടാകും... പുലരാൻ ഇനിയും സമയമുണ്ട്.
◆ ◆ ◆
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തൂണുകളെ ചുറ്റിയും ചാരുപടികളിലുമായി കുറെ പേരുണ്ട്. പ്രിയപ്പെട്ടവരെയോ, ബസിെൻറ സമയത്തിനായോ കാത്തിരിക്കുന്നവരാകണം. അവർക്കിടയിലേക്ക് രാജ്യറാണിയിലെ സഹയാത്രികരും ചേർന്നു. സ്റ്റേഷനുമുന്നിൽ ആർ.സി.സിയെന്ന് ബോർഡ് വെച്ച ബസുകളും ആംബുലൻസും യാത്രക്കാരെ കാത്തിരിക്കുന്നു. പലയിടങ്ങളിലായി വീൽചെയറുകളും. നിലമ്പൂർ സ്റ്റേഷനിലും വീൽചെയറുകൾ ഉണ്ടായിരുന്നുവല്ലോ... യാത്രക്കിടെ കണ്ടുമുട്ടിയ മുഖങ്ങൾ പല ബസുകളിലായി കയറി മാഞ്ഞു. ഒരു നിമിഷത്തേക്കെങ്കിലുമുള്ള വേദന കുറക്കാനാണീ യാത്ര, മടക്കമോ... അറിയില്ല. ഒരു പക്ഷേ, നാളെ നമ്മളും ഇതേ വാഹനത്തിലെ യാത്രികരാകാം. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ അപ്പോഴും രാജ്യറാണി എക്സ്പ്രസ് വെളിച്ചംകെടാതെ കിടപ്പുണ്ട്. നീളം കൂടിയ, ദീർഘദൂരം സഞ്ചരിക്കുന്ന ഒരാംബുലൻസല്ലേ ആ വണ്ടിയെന്ന് തോന്നി. അതിെൻറ നീണ്ട ഇടനാഴികകളിൽ മരണം മണം പിടിച്ചു പതുങ്ങി നടപ്പുണ്ടോ! പുറത്ത് വെളിച്ചം പരന്നുതുടങ്ങിയിട്ടില്ല.
◆ ◆ ◆
(രാജ്യറാണി എക്സ്പ്രസിൽ നിലമ്പൂരിൽ നിന്ന് തിരുവനന്തപുരം വരെയുള്ള യാത്രയാണ് ലേഖനത്തിനാധാരം. ലേഖനത്തിൽ ഉപയോഗിച്ച പേരുകൾ യഥാർഥമല്ല)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.