ഒത്തിരി പേരുടെ ചോദ്യങ്ങൾക്കുള്ള ഒരൊറ്റ മറുപടി. കുമളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ മായയുടെ യു.എ.ഇ യാത്രയെ അങ്ങനെയും വിശേഷിപ്പിക്കാം. ദൃശ്യങ്ങളെ സ്വീകരിക്കാത്ത കണ്ണുള്ള ഒരാൾ കാഴ്ചകളുടെ കൂടാരമായ നിരവധി നഗരങ്ങളുള്ള യു.എ.ഇയിൽ പോയിെട്ടന്തു കാര്യം എന്നായിരുന്നു വിമാനം കയറുവോളം മായ നേരിട്ട ചോദ്യം. എന്നാൽ, വിമാനമിറങ്ങി ദിവസങ്ങൾക്കകം ആ ചോദ്യങ്ങൾക്ക് പിറകിലുള്ള ധാരണകളെ മായ തിരുത്തിയിരിക്കുന്നു. ഏത് ദൃശ്യങ്ങളുടെയും പൊരുളിലേക്ക് ഇറങ്ങിച്ചെല്ലാനും അതിനെ ചുറ്റിയൊരുക്കുന്ന അനുഭവലോകം പണിയാനും കണ്ണിലെ വെളിച്ചത്തേക്കാൾ പ്രധാനം മനസ്സിെൻറ തെളിച്ചമാണെന്ന പാഠമാണ് ഇൗ യാത്രയിൽ ഇൗ അധ്യാപിക നമുക്കായി ബാക്കിവെക്കുന്നത്.
എമിഗ്രേഷനിലും അതേ ചോദ്യം
മേയ് ഒന്നിനാണ് കേരളത്തിൽനിന്ന് മായ അബൂദബിയിലേക്ക് പറന്നത്. ആലുവ യു.സി കോളജിലെ സഹപാഠിയും മലപ്പുറം തിരൂർ സ്വദേശിനിയുമായ ഷൈമയുടെ സഹോദരിയുണ്ടായിരുന്നു കൂടെ. ജീവിതത്തിലെ ആദ്യ വിദേശയാത്രയുടെയും വിമാന യാത്രയുടെയും ആവേശത്തിലേക്ക് പ്രവേശിക്കുേമ്പാഴും മായ സമാന ചോദ്യം നേരിട്ടു. കാഴ്ചയില്ലാത്തയാൾ അബൂദബിയിലും ദുബൈയിലും പോയിെട്ടന്ത് എന്നാണ് എമിഗ്രേഷനിൽനിന്ന് ചോദിച്ചത്. പക്ഷേ, തെൻറ ലക്ഷ്യത്തെക്കുറിച്ചും സ്വന്തമാക്കാനിരിക്കുന്ന അനുഭവത്തെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ടായിരുന്നതിനാൽ മായയുടെ മുഖത്ത് എേപ്പാഴും പുഷ്പിച്ച് നിൽക്കുന്ന പുഞ്ചിരിയെ മായ്ക്കാൻ ആ ചോദ്യങ്ങൾക്കൊന്നും സാധിച്ചില്ല. അബൂദബിയിലെത്തിയ മായ കൂട്ടുകാരി ഷൈമ, ഷൈമയുടെ ഭർത്താവ് അബിൻ, അവരുടെ കുടുംബം എന്നിവർക്കൊപ്പം ചേർന്നു. ഷൈമക്കും അബിനുമൊപ്പമാണ് മായയുടെ യു.എ.ഇ യാത്രകൾ.
സ്വാശ്രയത്വമാണ് തത്ത്വം
പരിമിതിയുണ്ടെങ്കിലും മറ്റാരെയും ആശ്രയിക്കാതെ ജീവിക്കുക എന്നതാണ് മായയുടെ തത്ത്വം. കടന്നുപോന്ന കാലങ്ങൾ പരിശോധിച്ചാൽ ഇൗ തത്ത്വത്തോട് അങ്ങേയറ്റത്തെ നീതി പുലർത്തിയാണ് അവർ ജീവിച്ചത് എന്ന് ബോധ്യമാകും. ഇടുക്കി തൊടുപുഴ വണ്ണപ്പുറം മുണ്ടൻമുടിയിൽ പാവപ്പെട്ട കുടുംബത്തിലായിരുന്നു ജനനമെങ്കിലും സ്വപ്രയത്നത്തിലൂടെ മലയാള ഭാഷയിൽ ബിരുദവും ബി.എഡും കരസ്ഥമാക്കി. ജോലി തേടി സ്പെഷൽ സ്കൂളുകളെയല്ല മായ സമീപിച്ചത്. സാധാരണ സ്കൂളിലെ കുട്ടികളെ തന്നെ മികച്ച രീതിയിൽ പഠിപ്പിക്കാൻ തനിക്ക് സാധിക്കുമെന്ന ഉത്തമബോധ്യം അവർക്കുണ്ടായിരുന്നു. ബ്രയിൽ ലിപിയും ഒാഡിയോകളുമാണ് മായ അധ്യാപനത്തിന് അവലംബമാക്കുന്നത്. പാചകവും അലക്കലും ഉൾപ്പെടെ തെൻറ എല്ലാ കാര്യവും മായ സ്വയം നിർവഹിക്കും. ഇൻഡക്ഷൻ കുക്കറും ഗ്യാസ് അടുപ്പും ഉപയോഗിച്ചാണ് പാചകം.
ദുബൈ എന്ന സുഹൃത്ത്
200ലധികം രാജ്യക്കാർക്ക് സൗഹൃദക്കൂടൊരുക്കിയ നഗരമാണ് ദുബൈ എന്ന് മായക്ക് നേരത്തേ അറിയാം. എന്നാൽ, ദുബൈയിലൂടെ സഞ്ചരിച്ച ശേഷം മായ പറയുന്നത് സൗഹൃദത്തിെൻറയും സൗമനസ്യത്തിെൻറയും നഗരം എന്നതിനപ്പുറം ദുബൈ ഒരു സുഹൃത്തുതന്നെയാണ് എന്നാണ്. അബൂദബിയിൽനിന്ന് ബസ് മാർഗം ഇബ്നു ബത്തൂത്ത മെട്രോ സ്റ്റേഷനിൽ എത്തിയ അവർക്ക് സ്റ്റേഷനിലെ സംവിധാനങ്ങൾ അദ്ഭുതങ്ങളായിരുന്നു. ടിക്കറ്റ് കൗണ്ടറിൽനിന്ന് സ്വൈപിങ് യന്ത്രത്തിലേക്കും അവിടെനിന്ന് ലിഫ്റ്റിലേക്കും ലിഫ്റ്റിറങ്ങി പ്ലാറ്റ്ഫോമിലൂടെ ട്രെയിനിലേക്കുമുള്ള നടത്തം അതീവ സുഗമമായിരുന്നു.
തറയിൽ പതിച്ച സ്റ്റീൽ സ്റ്റഡുകളിലൂടെ മുന്നോട്ട് നീങ്ങി ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നത് പുതിയ ഒരനുഭവം നൽകി. ലിഫ്റ്റിലെ ബ്രയിൽ ലിപിയിലുള്ള ബട്ടണുകളും കാര്യങ്ങൾ എളുപ്പത്തിലാക്കി. സ്റ്റേഷനുകളിൽനിന്ന് പുറപ്പെടുേമ്പാഴും സ്റ്റേഷനുകളിലേക്ക് എത്തുേമ്പാഴും മെട്രോ ട്രെയിനിലെ അറിയിപ്പുകളും ഏറെ സഹായകരമെന്ന് മായ. ചുരുക്കത്തിൽ, ദുബൈയിലൂടെ നടക്കുേമ്പാൾ നഗരം വന്ന് കൈപിടിക്കുന്നു, കൂടെ നടന്ന് സംസാരിക്കുന്നു. ബുർജ് ഖലീഫ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ, പാർക്കുകൾ, മാളുകൾ, ബീച്ചുകൾ... ഒാരോ സന്ദർശനങ്ങളും മായാത്ത ദൃശ്യങ്ങളാക്കി മായ മനസ്സിൽ സൂക്ഷിച്ചിരിക്കുന്നു.
ഷൈമയും അബിനും പഠിച്ചത്
മായയോടൊപ്പമുള്ള യാത്രയിൽ നിരവധി കാര്യങ്ങൾ പഠിക്കാൻ സാധിച്ചതായി ഷൈമയും അബിനും പറയുന്നു. പ്രധാനമായും കാഴ്ചയുടെ പരിമിതികളാണ് ബോധ്യപ്പെട്ടത്. ദുബൈ അബ്രയിലേക്ക് പോകുേമ്പാൾ റോഡിെൻറ ഏതു വശത്തേക്ക് തിരിയണമെന്ന് അറിയാതെ അബിൻ കാറിെൻറ സ്റ്റിയറിങ്ങും പിടിച്ചിരിക്കുേമ്പാൾ ഒരു വശത്തേക്ക് ചൂണ്ടി മായ പറയുന്നു, ‘അങ്ങോട്ട് തിരിക്കൂ, കടലിെൻറ മണം അവിടെനിന്നാണ് വരുന്നത്.’ ആ ദിശ കൃത്യമായിരുന്നുവെന്ന് അബിനും ഷൈമയും പറയുന്നു. ദുബൈ ജുമൈറ ബീച്ചിൽ ഇരിക്കുേമ്പാൾ പൊടിക്കാറ്റിനെക്കുറിച്ച് മായ മുന്നറിയിപ്പ് നൽകി ഏതാനും മിനിറ്റുകൾക്ക് ശേഷം പൊടിക്കാറ്റുണ്ടായതായും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
യാത്രകൾ അവസാനിക്കുന്നില്ല
മേയ് 18ന് മായ നാട്ടിലേക്ക് മടങ്ങുകയാണ്. സൗകര്യപ്പെട്ടാൽ ഇനിയും യു.എ.ഇയിൽ വരുമെന്ന് അവർ പറയുന്നു. സ്വിറ്റ്സർലൻഡ് സന്ദർശിക്കണമെന്നാണ് മറ്റൊരു ആഗ്രഹം. സ്വിറ്റ്സർലൻഡിലേക്ക് അച്ഛൻ മുരളിയെയും കൊണ്ടു പോകണമെന്നുണ്ട്. കാഴ്ചശക്തിയില്ലാത്തവർക്ക് സ്വിറ്റ്സർലൻഡ് അതി സൗഹൃദ രാജ്യമാണെന്ന അറിവാണ് അവിടെ സന്ദർശിക്കാൻ പ്രചോദനമാകുന്നത്. ഇന്ത്യയിലും കേരളത്തിലും വിവിധ േദശങ്ങളിലൂടെ സഞ്ചരിക്കാനുള്ള ആഗ്രഹവും മായ പങ്കുവെക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.