??????????

വരികളിലൂടെ വര്‍ണമുള്ള ജീവിതം തേടിയാണ് സുകുമാരന്‍ യാത്രയാരംഭിച്ചത്. ആദിവാസികള്‍ക്ക് കവികളില്ലെങ്കിലും കവിതകളുണ്ട്. ഗായകരില്ളെങ്കിലും പാട്ടുകളുണ്ട്. ഈ കവിതകളും പാട്ടുകളുമാണ് സുകുമാരന്‍ എന്ന റാവുള യുവാവിന്‍െറ ലോകം. ചുറ്റുപാടുകളില്‍ പട്ടിണിയിലും ലഹരിയിലും തച്ചുതകര്‍ക്കപ്പെട്ട ജീവിതങ്ങള്‍ വെന്തുനീറുമ്പോള്‍ കവിതയിലൂടെ ജീവിതത്തിന് മഴവില്‍നിറം വീശുകയാണ് സുകുമാരന്‍. കലയും സാഹിത്യവും ആദിവാസിക്ക് ഭൂഷണമായ ഉടയാടയല്ല. കവിതയെഴുതിയാല്‍, പാട്ടുപാടിയാല്‍ ഊരിലെ പഞ്ഞം മാറുമോ എന്ന ചോദ്യത്തിനുമുന്നില്‍ ആശ്വാസം പകരാന്‍ തക്ക മറുപടിയില്ല. പഠിച്ചിട്ട് പട്ടിണിമാറ്റാനാവുമോ എന്ന ചോദ്യങ്ങള്‍ക്ക് നടുവിലാണ് സുകുമാരന്‍െറ കവിത വളര്‍ന്നത്. പഠിക്കാനുള്ള സുകുമാരന്‍െറ മോഹങ്ങള്‍ക്കുമേല്‍ ചോദ്യങ്ങള്‍ ശല്യമായപ്പോള്‍ പുസ്തകം പാതിവഴിയില്‍ അടച്ചുവെച്ചു. കാരണം അച്ഛനമ്മമാരുടെ മുന്നില്‍ അവനും ഒരു നല്ലകുട്ടിയാവണമായിരുന്നു.

പഠിക്കാതെ വളരാനുള്ള ഊരിലെ ശാഠ്യങ്ങള്‍ക്കുമുന്നില്‍ തോറ്റുകൊടുക്കുന്നതിന്‍െറ അപകടത്തെക്കുറിച്ചൊന്നും ആലോചിച്ചില്ല. എന്നാലും കവിതയുടെ കുഞ്ഞുചിറകുകള്‍ക്ക് കുതറിപ്പറക്കാനുള്ള പുതിയ ആകാശങ്ങള്‍ സൃഷ്ടിക്കാന്‍ കഠിനപ്രയത്നം ചെയ്തു.  അങ്ങനെ എഴുതിക്കൂട്ടിയത് നൂറുകണക്കിന് കവിതകള്‍. വാമൊഴിയായി പകര്‍ന്നുകിട്ടിയ പാട്ടുകളിലൂടെയും കവിതകളിലൂടെയുമാണ് സുകുമാരന്‍ കവിതയുടെ പുതിയ ചക്രവാളങ്ങള്‍ തേടിപ്പോയത്. കുഞ്ഞുനാളില്‍ കേട്ട താരാട്ടുപാട്ടുകള്‍ മനസ്സിന്‍െറ കോണില്‍ മായാതെ കിടക്കുന്നുണ്ടായിരുന്നു. ആദിവാസി ഭാഷയില്‍തന്നെ രൂപംകൊണ്ട ആ പാട്ടുകളാണ് തന്നിലെ കവിയെ ഊതിക്കാച്ചിയെടുത്തതെന്ന് കുറുവ ദ്വീപിന് സമീപത്തെ ചാലിഗദ്ധ സ്വദേശിയായ സുകുമാരന്‍. റാവുള ഭാഷയിലെ ആ താരാട്ട് പാട്ടുപാടി നല്ലൊരു ഗായകന്‍ കൂടിയായ സുകുമാരന്‍ പറഞ്ഞുതുടങ്ങി.

‘‘ മലെന്‍റങ്കുടു മല്ലിഗെ പൂവു
കാളിഭിരാണാത്തി
ചിക്കെയ്കിരെഞ്ചെങ്കു ചീനിക്കുപോന്ന
കാളിഭിരാണാത്തി
പെണ്ണുകിരെഞ്ചെങ്കു പൂവുക്കുപോന്ന
കാളിഭിരാണാത്തി’’
(മലക്കപ്പുറത്ത് മല്ലിക പൂവുണ്ട് അതു പറിക്കാന്‍ പോകാലോ നമുക്ക്. മോന് പീപ്പി വാങ്ങാന്‍ പോയിട്ടുണ്ട്  അച്ചന്‍, മോളേ നീയും കരയണ്ട നിനക്ക് പൂ മേടിക്കാന്‍ അച്ഛന്‍ പോയിട്ടുണ്ട്). മകനെയും മകളെയും ഉറക്കിക്കിടത്തി ആദിവാസി സ്ത്രീകള്‍ കാലങ്ങളായി ഉരുവിടുന്ന ഈ താരാട്ടുപാട്ട് കുഞ്ഞുനാളില്‍ എന്‍െറ ചെവിയിലും പലതവണ മുഴങ്ങിയിട്ടുണ്ട്. മനസ്സിന്‍െറ കോണില്‍കിടന്ന അത്തരം പാട്ടുശീലുകളിലാണ് പുതിയ വരികള്‍ വരഞ്ഞുവെക്കാന്‍ സഹായിച്ചത്. വയസ്സ് തികയുംമുമ്പ് തന്നെ പാല്‍വെളിച്ചം സ്കൂളില്‍ ചേര്‍ത്തതാണ് എന്നെ. പരമാവധി അഞ്ചുവരെയൊക്കെയേ അന്ന് പഠിക്കാന്‍ പോകാറുള്ളൂ ഞങ്ങടെ ആള്‍ക്കാര്‍. സ്കൂളില്‍നിന്നുകിട്ടുന്ന കഞ്ഞിയും പയറും തന്നെ അന്നത്തെ വലിയ ആകര്‍ഷണം. കുടിയില്‍ കിഴങ്ങുകളൊക്കെയാണല്ലോ പ്രധാനഭക്ഷണം. സ്കൂളില്‍ ഭാഷയായിരുന്നു വലിയ പ്രശ്നം. റാവുള ഭാഷയാണ് ഞങ്ങളുടേത്. വീട്ടിലും കോളനികളിലും റാവുളയിലായിരുന്നു സംസാരം. എന്‍െറ റാവുളകലര്‍ന്ന മലയാളം കേട്ട് ക്ലാസിലെ കുട്ടികള്‍ കൂട്ടത്തോടെ ചിരിക്കും. ഞാന്‍ കറുപ്പായതിന്‍െറ പ്രശ്നവുമുണ്ടായിരുന്നിരിക്കണം. അവരുടെ കളിയാക്കലുകള്‍ വല്ലാതെ ചമ്മലുണ്ടാക്കിയിരുന്നു. പിന്നെ അത് മറികടക്കാനുള്ള ബോധപൂര്‍വമുള്ള പരിശ്രമങ്ങള്‍ നടത്തി. സ്പോര്‍ട്സിലാണ് തുടക്കത്തില്‍ താല്‍പര്യം കാണിച്ചത്. മത്സരങ്ങളിലൊക്കെ പങ്കെടുത്തു. എട്ടാം ക്ലാസില്‍ കാട്ടിക്കുളം സ്കൂളില്‍ പോയി. അവിടെവെച്ച് സ്കൂള്‍ ചാമ്പ്യനായി. ഇതോടെ കുട്ടികളൊക്കെ സാധാരണക്കാരനെപ്പോലെ കാണാന്‍ തുടങ്ങി.

സ്കൂളിലെ മലയാളപഠനം കാവ്യജീവിതത്തില്‍ വല്ലാതെ ഉപകാരപ്പെട്ടു. റാവുള ഭാഷക്കൊപ്പം മലയാളത്തിലും എഴുതാനത് തുണയായി. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ എഴുത്തിലേക്ക് തിരിഞ്ഞു. മലയാളത്തില്‍ ധാരാളം കഥകളും കവിതകളും വായിച്ചുകൊണ്ടിരുന്നു. വീട്ടിലെ സാഹചര്യങ്ങള്‍കൊണ്ട് പ്ലസ് ടുവില്‍ പഠനം നിര്‍ത്താന്‍ തീരുമാനിച്ചു. ജോലിതേടി ബംഗളൂരുവിലേക്ക് വണ്ടികയറി. പക്ഷേ അപ്പോഴും ഫോട്ടോഗ്രഫി, കാമറ എന്നിവയൊക്കെ പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. ജോലിക്കിടെ അതിനും സമയം കണ്ടെത്തി. അവിടെവെച്ച് കുട്ടികള്‍ കോളജിലും സ്കൂളിലുമൊക്കെ പോകുന്നതു കണ്ടപ്പോള്‍ പഠിക്കാനുള്ള ആഗ്രഹം വീണ്ടും മനസ്സില്‍ മൊട്ടിട്ടു. അങ്ങനെ തിരിച്ചുവന്ന് നളന്ദ ആര്‍ട്സ് കോളജില്‍ പ്ലസ് ടു തുടര്‍ന്നു. ആ സമയത്ത് കോളജില്‍ കവിതാരചനക്ക് ഒന്നാം സ്ഥാനം കിട്ടി. പക്ഷേ, വീട്ടിലെ പ്രശ്നങ്ങള്‍ കാരണം വീണ്ടും പഠനമുപേക്ഷിക്കേണ്ടി വന്നു. അതില്‍പിന്നെ എന്തെങ്കിലും പണിക്ക് പോവണമെന്ന് തീരുമാനിച്ചു. അതായിരുന്നു അപ്പനും അമ്മക്കുമൊക്കെ വലിയ സന്തോഷം.

ബി.എഡ് കോളജുകളില്‍ ആദിവാസികളെക്കുറിച്ച് ക്ലാസെടുക്കാന്‍ പോകാറുണ്ട്. ആദിവാസിജീവിതത്തെക്കുറിച്ച് അറിയാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ഇപ്പോഴും കൗതുകമാണ് കാട്ടിലെ ജീവിതം. കാടു തരുന്നതാണ് ആദിവാസിയുടെ ഭക്ഷണം. വനവിഭവങ്ങളാണ് ആദിവാസി ജീവിതത്തിന് ഉശിരും ഉണര്‍വും പകര്‍ന്നിരുന്നത്. ഭക്ഷണം കാട്ടില്‍നിന്ന് തന്നെ കിട്ടും. കിഴങ്ങുകള്‍ കിട്ടും. നാരക്കിഴങ്ങ്, ബണ്ണി ഇതൊക്കെയാണ് ഭക്ഷണങ്ങള്‍. ഇവ വെള്ളത്തിലിട്ട് പുഴുങ്ങിയെടുത്താല്‍ അതേപോലെ തിന്നാം. വേറൊന്നും ചേര്‍ക്കണ്ട. ഒരു ചുവട് പറിച്ചാല്‍ തന്നെ ഇഷ്ടംപോലെ കിഴങ്ങുണ്ടാവും. പക്ഷേ, ഇപ്പോള്‍ നാട്ടിന്‍പുറത്തെ ഭക്ഷ്യവിഭവങ്ങളോടാണ് ആദിവാസിക്കും പ്രിയം. വെറ്റിലമുറുക്കും മദ്യപാനവും വ്യാപിച്ചിട്ടുണ്ട്. എന്‍െറ വല്യമ്മ പറയും ഞങ്ങളുടെ തലമുറയില്‍ കള്ളുകുടിക്കുന്നവരുണ്ടായിരുന്നില്ലെന്ന്. ഇപ്പോള്‍ മദ്യപാനവും വ്യാപകമാണ്. പണ്ട് ജോലികഴിഞ്ഞ് വീട്ടിലെത്തി ക്ഷീണമകറ്റാന്‍ സ്ത്രീകളൊക്കെ കൂടിയിരുന്ന് പാട്ടുകളൊക്കെ പാടും. രസകരമായ പാട്ടുകളുണ്ടതില്‍. അതില്‍നിന്നൊക്കെ ഞാന്‍ എന്‍െറ പാട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഞാന്‍ രചിച്ച ധാരാളം പാട്ടുകള്‍ക്ക് സുഹൃത്തുക്കള്‍ മ്യൂസിക് നല്‍കിയിട്ടുണ്ട്. എഫ്.എം റേഡിയോയിലും മറ്റും അവ ആലപിക്കപ്പെട്ടിട്ടുമുണ്ട്. വയനാട്ടിലെ വിവിധ മുണ്ടാകും.

ഇപ്പോള്‍ ആനയെക്കുറിച്ച് ഒരു ഡോക്യുമെന്‍ററി ചെയ്യുന്നുണ്ട്. അതുസംബന്ധിച്ച ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് ഞാനെഴുതിയ ഒരുപാട്ട് ഇങ്ങനെയാണ്.
‘‘കൊയ്യാനും വിട്ടില്ല പുട തിന്നാനും വിട്ടില്ല
കാട്ടിലെ മതയാനേ എന്താശങ്ക...
ഇത്രാ വല്യാ വയറിന് തിന്നാ കനിയില്ലാ...
മെല്ളെ നടന്നങ്ങ് ഞാനൊന്ന് വീണെ..
കുടിക്കാനും വിട്ടില്ല പുഴ നീരൊട്ടും തൊട്ടില്ല
മെല്ലെ നടന്നങ്ങ് ഞാനൊന്ന് വീണെ...
ഏഴു മലയും പുഴയോളം ചാടി...
പുഞ്ചയ്ക്ക് പൂക്കണ നെല്ലൊന്ന് കുത്തി...
മെല്ളെ നടന്നങ്ങ് ഞാനൊന്ന് വീണെ...’’
കാടിനുസമീപത്ത് ജീവിച്ചിട്ടും പഴയകാലത്ത് ആനകളെ ഞങ്ങള്‍ നേരിട്ട് കണ്ടിട്ടില്ല. സ്വപ്നങ്ങളില്‍ മാത്രമാണ് ആനയെ കണ്ടിരുന്നത്. വഴിയിലൊക്കെ വല്ലപ്പോഴും ആനയുടെ കാലടികള്‍ മാത്രമാണ് കാണുക. അതും വര്‍ഷങ്ങള്‍ ഇടവിട്ടാണുണ്ടാവുക. ഇന്ന് ആനകള്‍ കാടും നാടുമെന്ന് വ്യത്യാസമില്ലാതെ കഴിയുകയാണ്. കാട്ടില്‍ ഭക്ഷണമില്ലെന്നതു തന്നെ കാരണം. കാടുമുഴുവന്‍ കൈയേറി അതിന്‍െറ സ്വാഭാവികത മുഴുവന്‍ നശിപ്പിച്ചതാണ് അതിന്‍െറ കാരണം. സര്‍ക്കാര്‍ അനുമതിയോടെ നട്ടുപിടിപ്പിച്ച തേക്കും യൂക്കാലിയും കാടിന്‍െറ നനവുകളെല്ലാം വലിച്ചെടുത്തു. യഥാര്‍ഥത്തില്‍ നാചുറല്‍ ഫോറസ്റ്റിന്‍െറ വിത്തുകള്‍ ധാരാളമുണ്ട് കാട്ടില്‍. പക്ഷേ, കൃത്രിമ വനവത്കരണം അവയെ നശിപ്പിക്കുകയാണ് ചെയ്തത്. പിന്നെ കാടിന്‍െറ മക്കള്‍ എവിടെപ്പോകും? അതിനാല്‍ അവ പുറത്തിറങ്ങുന്നു. കണ്ണില്‍കണ്ടതെല്ലാം തിന്നുന്നു. പച്ചക്കറി, വയല്‍ കൃഷികള്‍ തിന്നുകയും ബാക്കി നശിപ്പിക്കുകയും ചെയ്യുന്നു. അവരുടെ വീട് നമ്മള്‍ കൈയേറിയാല്‍ പിന്നെ അവരെന്ത് ചെയ്യും?
----------------
‘‘എവുടെളാന്നുയെന്‍െറചന്തകീന്‍െറക്കാടു
നാന്നും ബന്‍േറയ്...
അച്ചെയ്പ്പാണാപ്പാട്ടുന്‍െറാരു ചന്ദ...
ഇത്തിപ്പാണാ പാട്ടുന്‍െറാരു ചന്ദ...
പാട്ടുകേട്ടിന്തിച്ചുലവാ കാടുകിരന്‍േറാ...
(എന്‍െറ ചന്ദമുള്ള കാട് എവിടെ, ഞാനും വരുന്നു. എന്‍െറ അച്ചന്‍ പാടിയ പാട്ടിന്‍െറ രസങ്ങള്‍, അമ്മ പാടിയ പാട്ടിന്‍െറ രസങ്ങള്‍, ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്‍െറ കാടുവരെ ഇന്ന് കരഞ്ഞുപോവുന്നു).
ആദിവാസിയുടെ സമൃദ്ധമായ ആ ജീവിതത്തിലേക്കുള്ള യാത്രയാണ് ഈ കവിതകള്‍. ആദിവാസി ജീവിതത്തിന്‍െറ വിവിധ ബിംബങ്ങളാണിവയിലുള്ളത്. മദ്യപാനത്തെക്കുറിച്ച് 150ഓളം എപ്പിസോഡുകളിലായി റേഡിയോ മാറ്റൊലിക്കുവേണ്ടി സുകുമാരന്‍ ഓഡിയോ ഡോക്യുമെന്‍ററി ചെയ്തിരുന്നു. പിന്നീട് ആ തൊഴിലും നഷ്ടപ്പെട്ടു. കൂട്ടുകാരുമൊത്ത് ചില ഡോക്യുമെന്‍ററികളുടെ പണിപ്പുരയിലാണിപ്പോള്‍ അദ്ദേഹം.

Tags:    
News Summary - tribal poet sukumaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.